https://maktoobmedia.com/

കാശ്മീരിൽ വീണ്ടും പെല്ലറ്റ് ആക്രമണം. കണ്ടുനിൽക്കാനാവുന്നില്ലെന്നു ഡോക്ടർമാർ

Five year-old Zohra Zahoor, who has pellet wounds in her legs, forehead and abdomen, admitted a hospital in srinagar. The death toll has reached 37 as an injured scumbed at SMHS. More than 1300 people have been injured since Friday night.Express Photo by Shuaib Masoodi 14-07-2016

 

വ്യാപകമായ പ്രതിഷേധങ്ങൾക്കു ശേഷവും കാശ്മീരികൾക്കു നേരെ മാരകമായ പെല്ലറ്റ് വെടിയുണ്ടകൾ ഉപയോഗിക്കുന്ന ഇന്ത്യൻ സൈന്യത്തിനെതിരെ കാശ്മീരിലെ ഡോക്ടർമാരും. ശ്രീനഗറിലെ എസ് എം എച് എസ് ഹോസ്പിറ്റലിൽ മാത്രം വെള്ളിഴാഴ്ച ദിവസം പെല്ലറ്റ് വെടിയേറ്റ് പ്രവേശിപ്പിച്ചത് ഇരുന്നൂറിനടുത്ത് പേരെയാണ്. ഒരു ദിവസത്തിനുള്ളിൽ അഡ്മിറ്റ് ചെയ്തത് 70 പേരെ. ” ഇത്തരം ഒരു അവസ്ഥ തങ്ങളുടെ മെഡിക്കൽ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഒരു ദിവസത്തിനുള്ളിൽ അറുപത് പേരുടെ നേത്ര ശസ്‌ത്രക്രിയകളാണ് ഇവിടെ നടന്നത് ” എസ് എം എച് എസ് ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ പറയുന്നു.

പലരുടെയും കാഴ്ച ശക്തി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതൽ പേരെ അഡ്മിറ്റ് ചെയ്യുമ്പോളുള്ള പ്രയാസങ്ങൾ രോഗികളും അനുഭവിക്കാൻ തുടങ്ങുന്നത് ഏറെ വേദനാജനകമാണെന്നും ഡോക്ടർമാർ പറഞ്ഞു. ”അവരെ തുടർന്ന് പരിശോധിക്കാൻ പ്രയാസപ്പെടുകയാണ്. എങ്കിലും ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. തിയേറ്റര്‍ രോഗാണു മുക്തമാക്കേണ്ടതിനാല്‍ രോഗികളെ മുഴുവനായും ചികിത്സിക്കാന്‍ സാധിച്ചിട്ടില്ല.” ഡോക്ടർ കൂട്ടിച്ചേർത്തു.

ഹോസ്പിറ്റലിലെ ഒരു സർജൻ ഫേസ്‌ബുക്കിൽ കുറിച്ച അനുഭവം കാശ്‌മീരിലെ അവസ്ഥയെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട് . സർജൻ എഴുതുന്നു :- ” പരുക്കേറ്റെത്തിയ കുപ്‌വാര സ്വദേശിയുടെ ശസ്ത്രക്രിയയാണ് രാവിലെ നടത്തിയത്. അയാളുടെ രണ്ട് കണ്ണിലും പെല്ലറ്റ് തറച്ചിട്ടുണ്ട്. കാഴ്ച്ച തിരികെ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഞാന്‍ ഓപ്പറേഷന് വിധേയരാക്കിയ ഭൂരിഭാഗം പേരുടേയും കണ്ണുകളില്‍ ആഴത്തില്‍ പെല്ലറ്റ് തറച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വളരെ അടുത്ത് നിന്നാണ് പെല്ലറ്റ് ഏറ്റിരിക്കുന്നതെന്നാണ് എന്റെ അനുമാനം. തിയേറ്ററിലെ വികാരാധീനമായ കാഴ്ച്ചകളില്‍ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിച്ച് സര്‍ജറി വകുപ്പിലെ ട്രോമ തിയേറ്ററിലെത്തിയപ്പോഴേക്കും അവിടെ കണ്ട കാഴ്ച്ച എന്റെ മിഴികള്‍ നിറച്ചു. ശരീരമാസകലം ബുള്ളറ്റുകള്‍ തറച്ച 24കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സര്‍ജന്‍മാര്‍ ശ്രമിക്കുന്ന കാഴ്ച്ച. എന്നാല്‍ മരണത്തെ അതീജിവിക്കാന്‍ ആ യുവാവിന് കഴിഞ്ഞില്ല. അവന്‍ മരിച്ചു. ആ കാഴ്ച്ച കണ്ട് എനിക്ക് കണ്ണീര്‍ അടക്കാനായില്ല.”

പെല്ലറ്റ് പ്രയോഗം അവസാനിപ്പിക്കണമെന്ന് കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂഹ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും സൈന്യം പെല്ലറ്റ് പ്രയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ച്ചക്കാലമായി കശ്മീരില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് 6000 പെല്ലറ്റ് കാട്രിജുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് രേഖകളില്‍ പറയുന്നു. പെല്ലറ്റില്‍ ഗണ്ണില്‍ നിന്നുള്ള ഒറ്റ ഷോട്ടില്‍ നൂറിലധികം പെല്ലറ്റുകളാണ് വര്‍ഷിക്കപ്പെടുകയെന്ന് വിദഗ്ധര്‍ പറയുന്നു

 

ഫോട്ടോ – ഇന്ത്യൻ എക്സ്പ്രസ്സ്

Be the first to comment on "കാശ്മീരിൽ വീണ്ടും പെല്ലറ്റ് ആക്രമണം. കണ്ടുനിൽക്കാനാവുന്നില്ലെന്നു ഡോക്ടർമാർ"

Leave a comment

Your email address will not be published.


*