https://maktoobmedia.com/

ഇന്ത്യ, പാകിസ്ഥാൻ, കശ്മീർ ..മൂന്നു രാഷ്ട്രങ്ങളും സമാധാനത്തോടെ ജീവിക്കുന്നിടത്താണ് വിജയം- ബുർഹാൻ വാനിയുടെ പിതാവ്

കാശ്മീരിൽ സൈന്യം ഇരുപത്തൊന്നുകാരൻ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ വധിച്ചതിൽ ജനം പ്രതിഷേധിക്കുകയും തുടർന്ന് സൈന്യം പെല്ലറ്റ് വെടിയുണ്ടകൾ അടക്കം ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയും ചെയ്തപ്പോളാണ് കഴിഞ്ഞ ഒരുമാസമായി തീരാത്ത അരക്ഷിതാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്.

ബുർഹാൻ വാനിയുടെ പിതാവ് മുസഫർ വാനിയുമായി ” സ്ക്രോൾ.ഇൻ ” നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം. പൂർണരൂപം ”സ്ക്രോൾ.ഇൻ ” വെബ്‌സൈറ്റിൽ ലഭ്യമാണ്

” രണ്ടായിരത്തിപത്തിൽ നൂറ്റിഇരുപതോളം കൊലപാതകങ്ങൾ കണ്ടതിനു ശേഷമാണ് ബുർഹാൻ വാനി സ്റ്റേറ്റ് അടിച്ചമർത്തലിനെതിരെ പൊരുതാൻ തീരുമാനിച്ചത് , എന്നാൽ ഈ അരക്ഷിതാവസ്ഥ 2010 ൽ തുടങ്ങിയതല്ല , 1947 മുതൽ കശ്മീർ ഇങ്ങനെയാണ്. ഇവിടെയുള്ളവർക്ക് അവർക്കു വേണ്ടത് പറയാനുള്ള അവസരം ലഭിക്കുന്നില്ല. നമ്മുക്ക് സമാധാനത്തിലേക്കെത്തേണ്ടതുണ്ട്. ഇന്ത്യക്കാർ നമ്മുടെ സഹോദരങ്ങളാണ്. പാകിസ്ഥാനികളും. കുറച്ചു കാലമായി ” മയക്കത്തിലായിരുന്ന” കാശ്മീർ ജനതയുടെ മനസ്സുകളെ ബുർഹാന്റെ മരണം ഉണർത്തുകയായിരുന്നു എന്ന് പറയാം. ബുർഹാൻ കൊല്ലപ്പെടാനുള്ള കാരണത്തെ കുറിച്ച് അവർ ബോധവാന്മാരാവുന്നു. അത് നമ്മുക്ക് ഇന്ത്യയിൽ നിന്നും സ്വാതന്ത്രം ലഭിക്കണം എന്നാണ്. അതിനാണ് ഇവിടെ കാശ്മീരികൾ പ്രതിഷേധം തുടരുന്നത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും കാശ്മീരിലെയും നേതാക്കൾ സംയുക്തമായി ഒരു തീരുമാനത്തിലെത്തുന്നത് വരെ പോരാട്ടം തുടർന്നെന്നിരിക്കാം.

പത്തും പന്ത്രണ്ടും വയസ്സുള്ള പുതിയ തലമുറ ഈ പോരാട്ടത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഞങ്ങളുടെ തലമുറ കുറെയൊക്കെ ഭീരുക്കളായിരുന്നു. ഞങ്ങൾ സമാധാനപരമായ അവസ്ഥയിൽ ജനിക്കുകയും പിന്നീട് വെടിയുണ്ടകൾ കാണുമ്പോൾ ഭയന്നുപോവുകയും ചെയ്തവരായിരുന്നു. എന്നാൽ പുതിയ കുട്ടികൾ വെടിയുണ്ടകളുടെ ഒച്ചകൾ കേട്ടിട്ടാണ് ജനിക്കുന്നത് ,അവർ അനാഥരാവുന്നതും തങ്ങളുടെ ഉമ്മമാർ വിധവകളാവുന്നതും അവർ ചെറുപ്പം മുതലേ കാണുകയാണ്. നമ്മുടെ കുട്ടികൾ നിരപരാധികളാണ്. അവർ എന്ത് നിക്ഷകളങ്കരാണ്? എന്നിട്ടും നിങ്ങൾ നോക്കൂ ? അവരുടെ കാഴ്ചകൾ നഷ്ടപ്പെടുന്നു. കയ്യും കാലും നഷ്ടപ്പെടുന്നു. ഉപ്പമാർ കൊല്ലപ്പെടുന്നു.ഉമ്മമാർക്കു പരിക്കേൽക്കുന്നു… നോക്കൂ.. കുട്ടികളുടെ സഹനശേഷി വളരെ കുറവാണ്.അവർക്ക് ഇതൊന്നും താങ്ങാൻ ആവില്ല. അതുകൊണ്ടുതന്നെയാണ് ഒരുപാട് കുട്ടികൾ ഇപ്പോൾ സമരത്തിൽ പങ്കെടുക്കുന്നത്.

സ്വതന്ത്ര രാഷ്ട്രമാവാനാണ് ഞങ്ങളുടെ ആഗ്രഹം. ഇസ്ലാമികമായ ആദർശത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഭരണം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ ഹിന്ദു , സിഖ് , ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഇപ്പോൾ ഈ ഭരണത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ സുരക്ഷയും സ്വാതന്ത്ര്യവും നൽകാൻ അതിനു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ദൈവത്തിന്റെ ഭൂമിയാണ്. ഇസ്ലാമിക നിയമങ്ങൾ ഭീകരതയല്ല എന്ന് ലോകത്തെ കാണിച്ചുകൊടുക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു ഞങ്ങൾക്ക് ലോകത്തെ അറിയിക്കണം. ഇന്ത്യൻ ഭരണഘടന കാശ്മീരി മുസ്ലിംകൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവകാശം തരുന്നില്ല. ഞങ്ങളെ അപമാനിക്കുകയാണ്.

പാകിസ്ഥാൻ പിടിച്ചടക്കിയ കാശ്മീരും കാശ്മീരെന്ന ഞങ്ങളുടെ സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാഗമാക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. കശ്മീർ പാകിസ്താനികളേതുമല്ല. എന്നാൽ അവർ തങ്ങളുടെ മേൽ ബുള്ളറ്റുകൾ വർഷിക്കുന്നില്ല. സമാധാനമാണ് പരിഹാരം. സായുധ പ്രതിരോധവുമല്ല. ഇനി സമാധാനപരമായ ചർച്ചകൾ വേണ്ടതുണ്ട്. കാശ്മീർ സമാധാനമുള്ള നാടാവേണ്ടതുണ്ട്.

റോഡുകളും നാടുകളും വികസിപ്പിച്ചും ബിൽഡിങ്ങുകൾ ഉണ്ടാക്കിയും ” ആസാദി” ലഭിച്ചു എന്ന് കരുതുന്നത് മണ്ടത്തരമാണ്. തങ്ങൾ ഉയർത്തുന്നത് ഇന്ത്യയിൽ നിന്നും ” ആസാദി” ലഭിക്കണമെന്നാണ്. എല്ലാവരും ഇവിടെ ഞങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന ഗവൺമെന്റും ഞങ്ങളുടെ പ്രതിനിധികളാണ്. ഗീലാനി സാഹിബും ഒമർ സാഹിബിലും ഒതുങ്ങുന്നതല്ല കശ്മീർ. എല്ലാവരും പങ്കെടുക്കണം. കൂട്ടായി നമ്മുക്ക് ഒരു ഭരണം സ്ഥാപിക്കണം.

മെഹ്ബൂബ മുഫ്തി ഓഫീസിൽ സുഖമായി ഇരിക്കുന്നു. കാശ്മീരികൾ കൊല്ലപ്പെടുന്നു. അവർ ഡൽഹിയിലേക്ക് പോവുന്ന തിരക്കുകളിലാണ്. അവർ ഒന്നും ചെയ്യുന്നില്ല. സ്വയം നിർണയാവകാശത്തിനു വേണ്ടി സംസാരിച്ച പി ഡി പി ഭരണത്തിലെത്തിയപ്പോൾ അത് മറന്നുപോയിരിക്കുന്നു. മെഹ്ബൂബയുടെ പിതാവ് ഞങ്ങൾക്ക് തന്ന വാക്ക് അവർ മറന്നിരിക്കുകയാണ്. ഇരുന്നൂറു കുട്ടികളുടെ കാഴ്ചകളാണ് നഷ്ടപ്പെട്ടത്. ഇത് ലോകത്തെവിടെയും ഇത്ര ക്രൂരമായി നടന്നിട്ടില്ല. ഫലസ്തീനിൽ പോലും. എന്നിട്ടും മാനവികയെന്നും ജനാധിപത്യമെന്നും പറഞ്ഞു ഇവർ കാര്യങ്ങളെ മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. ഹരിയാനയിൽ ജാട്ട് സമുദായം കോടികളുടെ നാശനഷ്ടം വരുത്തിയപ്പോൾ സ്റ്റേറ്റ് ഒരു ബുള്ളറ്റ് പോലും ഉപയോഗിച്ചിരുന്നില്ല. കാശ്മീരികളെ നശിപ്പിച്ചിട്ട് കാശ്മീർ തങ്ങളുടെ ഭാഗമാണെന്ന് എങ്ങനെയാണ് ഭരിക്കുന്നവർക്ക് പറയാനാവുന്നത് ?

നരേന്ദ്ര മോഡി പറഞ്ഞത് എല്ലാ ഇന്ത്യക്കാരും കാശ്മീരിനെ സ്നേഹിക്കുന്നു എന്നാണ്. ശരിയാണ്. ഇന്ത്യക്കാർ കാശ്മീരിനെ സ്നേഹിക്കുന്നുണ്ട്. കാശ്മീരികളെ സ്നേഹിക്കുന്നുമില്ല.

മനുഷ്യരുടെ ജീവൻ വിലപ്പെട്ടതാണ്. അവർ സമാധാനപരമായി ജീവിക്കട്ടെ , ഇനിയും നാം എന്തിനാണ് അതിനു അനുവദിക്കാത്തത്. ഇന്ത്യയിലുള്ളവർ സമാധാനത്തോടെ ജീവിക്കട്ടെ , പാകിസ്ഥാനിലുള്ളവർ സമാധാനത്തോടെ ജീവിക്കട്ടെ , ഒപ്പം കാശ്മീരികളും സമാധാനത്തോടെ ജീവിക്കട്ടെ.. ഇന്ത്യ പാകിസ്ഥാനെയും പാകിസ്ഥാൻ ഇന്ത്യയെയും കുറ്റം പറയുന്നത് അവസാനിക്കണം. ഈ മൂന്നു രാഷ്ട്രങ്ങളും സമാധാനത്തോടെ ജീവിക്കട്ടെ..കശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് കാശ്മീരികൾ ആവശ്യപ്പെടുന്നത് നൽകാൻ തങ്ങൾ സന്നദ്ധരാണ് എന്ന് ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ സമ്മതിക്കുമ്പോൾ മാത്രമാണ്. നാഷണൽ കോൺഫറൻസിന്റെയോ പിഡിപി യുടെയോ ഹുർറിയത്തിന്റെയോ ഓഫീസുകളിലേക്കല്ല നിങ്ങൾ പോവേണ്ടത്. കുടുംബങ്ങളെ നഷ്ടപ്പെട്ട സാധാരണജനത്തിന്റെ അടുക്കലേക്കാണ്. ”

Image credit:  REUTERS/Danish Ismail

Be the first to comment on "ഇന്ത്യ, പാകിസ്ഥാൻ, കശ്മീർ ..മൂന്നു രാഷ്ട്രങ്ങളും സമാധാനത്തോടെ ജീവിക്കുന്നിടത്താണ് വിജയം- ബുർഹാൻ വാനിയുടെ പിതാവ്"

Leave a comment

Your email address will not be published.


*