”പപ്പടമുട്ടായി കിട്ടിയിരുന്ന കുട്ടൂസാക്കയുടെ പെട്ടിപ്പീട്യ”. ഓർമകളുടെ വീഡിയോ സൂക്ഷിപ്പുകൾ

ഓർമ – നസീൽ വോയിസി 

 

ഒരു പഴയ ചിത്രത്തിനു വേണ്ടിയുള്ള അന്വേഷണത്തിനിടെ എത്തിപ്പെട്ടത് കുറേ പഴയ വീഡിയോകളിലാണ്. തൊണ്ണൂറുകളുടെ പകുതിയിലെടുത്ത, കാസറ്റിൽ നിന്നു സിഡിയിലേക്ക് പകർത്തിവച്ച, കുട്ടിക്കാലത്തിന്റ ഓർമ നിറഞ്ഞ വീഡിയോസ്.

പഴയ ചേന്ദമംഗല്ലൂർ അങ്ങാടി, വീട്, ഓടിക്കയറിയിരുന്ന മുറ്റത്തെ പുളിമരം, തൊട്ടപ്പുറത്തെ അമ്പിച്ചേച്ചിയുടെ വീട്, മണ്ണ് ഫാക്ടറിയായിരുന്ന കിണറിന്റെ തറ, ഇന്നുള്ളതും ഇല്ലാത്തതുമായ പ്രിയപ്പെട്ട മുഖങ്ങൾ…അങ്ങനെയൊരുപാട് മനോഹരമായ, എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിമിഷങ്ങൾ; പഴയ പാട്ടിന്റെ പശ്ചാത്തലത്തിൽ കംപ്യൂട്ടർ സ്ക്രിനിൽ അതിങ്ങനെ നീങ്ങുമ്പോൾ കാലം പിന്നോട്ടു പോകുന്ന പോലെ. ആ കാലത്ത് ജീവിക്കുന്ന പോലെയൊരു അനുഭൂതി. കണ്ണിനറ്റത്തൊരു നനവ്… ഒറ്റ ഫ്രെയ്മുകളല്ലാതെ, എല്ലാ ചലനങ്ങളും അടയാളപ്പെടുത്തിയ, ഇടയ്ക്ക് “വര വീണ കാസറ്റ്” വീഡിയോ ഓർമപെടുത്തിക്കൊണ്ടേയിരുന്നു ; ആ ഇന്നലെകളാണ് ഇന്നിലേക്കെത്തിച്ചതെന്ന്…

സാധാരണ ചിത്രങ്ങളും വീഡിയോകളുമായി നാം സൂക്ഷിക്കാറുള്ളത് വിശേഷ അവസരങ്ങളാണ്. കല്യാണത്തിന്റെ, വീടുകൂടലിന്റെ, പിറന്നാളിന്റ, യാത്രകളുടെ…അങ്ങനെ എക്കാലത്തേക്കുമുള്ള, മറ്റുള്ളവർക്ക് കാണാനായിട്ടുള്ള കുറേ കരുതിവയ്ക്കലുകൾ. അതിനെ കുറിച്ചല്ല; മറിച്ച് നമ്മുടെ ജീവിതത്തിലെ തീർത്തും സാധാരണമായി കടന്നുപോകുന്ന നിമിഷങ്ങളെ വീഡിയോകളായി സൂക്ഷിച്ചുവയ്ക്കുന്നതിനെ കുറിച്ച് ഓർത്തു നോക്കിയിട്ടുണ്ടോ? (ചിത്രങ്ങളായല്ല, വീഡിയോ ആയി; അടുത്ത നിമിഷത്തെ ജീവിതമുള്ള വീഡിയോ…)

മക്കൾ മുറ്റത്ത് ഓടിക്കളിക്കുന്നതിന്റെ, അയൽവാസികളുമായി കഥകൾ പറഞ്ഞിരിക്കുന്നതിന്റെ, വീടിന്റെ, പ്രിയപ്പെട്ടവരുടെ, അങ്ങാടിയുടെ…അങ്ങനെ ഇന്നത്തെ കുറേ ദൃശ്യങ്ങൾ വർഷങ്ങൾക്കപ്പുറമിരുന്ന് കാണുന്നത് ഒന്നാലോചിച്ചു നോക്കൂ. തീർച്ചയായും ഇന്ന് നാം ജീവിക്കുന്ന, പകർത്തുന്ന കാഴ്ചകളോ സാഹചര്യങ്ങളോ ആവില്ല അന്ന്. അങ്ങാടികൾ നഗരങ്ങളായും, ഇടവഴികൾ വലിയ റോഡുകളായും മാറും. കൈപിടിച്ചു നടന്ന മക്കൾ വലുതായിട്ടുണ്ടാവും. വീട് പൊളിച്ച് പുതുക്കി പണിതിട്ടുണ്ടാവും. ഇന്നത്തെ ഫാഷൻ ഓൾഡ് മോഡലാവും. അയൽക്കൂട്ടങ്ങൾ, പ്രിയപ്പെട്ടവർ…അങ്ങനെ ഇന്നുള്ള പലരും ഇല്ലാതെയായിട്ടുണ്ടാവും. ലോകം ഇങ്ങനെയായിരിക്കില്ല അന്ന്. അത്തരമൊരു അവസ്ഥയിൽ, കഴിഞ്ഞ കാലം എല്ലാ ജീവനോടെയും സ്ക്രിനിലാണെങ്കിലും കൂട്ടു വരുന്നത് വാക്കുകൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. തിരിച്ചറിവാണ്; വന്ന വഴികളെക്കുറിച്ച്.
ചിത്രങ്ങൾ കരുതിവയ്ക്കുന്ന കൂട്ടത്തിൽ, അറ്റമില്ലതെ വളരുന്ന സ്റ്റോറേജ് സ്പേസിൽ ഇത്തിരിയിടം വീഡിയോകൾക്ക് മാറ്റി വച്ചു നോക്കൂ; വീണ്ടെടുപ്പിൽ കണ്ണു നനയ്ക്കുമെങ്കിലും അതൊരു വലിയ സമ്പത്താവും.

46216680

മഴ നനവുള്ള മൺമുറ്റം, ഒരു ബലൂൺ കിട്ടുമ്പോഴുണ്ടാവുന്ന അതിരില്ലാത്ത ആഹ്ലാദം, നാട്ടുവഴികൾ, പപ്പടമുട്ടായി കിട്ടിയിരുന്ന കുട്ടൂസാക്കയുടെ പെട്ടിപ്പീട്യ, കുട്ടിക്കാലത്തിന്റെ കുസൃതികൾ, അയവുള്ള കാൽമുട്ടോളം നീളമുള്ള വലിയ കുപ്പായം ഫാഷനായിരുന്ന, ഇന്നില്ലാത്ത ഒരുപാട് മുഖങ്ങളുള്ള ഒരു വലിയ കാലമാണ് ഒരു വീഡിയോ സൂക്ഷിപ്പിലൂടെ, വീഡിയോ ക്യാമറ ക്ലാരിറ്റിയിൽ എനിക്കു തിരികെ കിട്ടിയത്. മറ്റൊരു കാലത്തിരുന്ന് പത്തിരുപത് വർഷങ്ങൾ പിന്നിലോട്ടു നോക്കുമ്പോൾ കണ്ണ് നിറയുന്നുണ്ട്. തിരിച്ചറിയാനാവുന്നുണ്ട്; നിസ്സാരമായി ജീവിച്ച നിമിഷങ്ങൾക്ക് പോലും വല്ലാത്തൊരു പെക്യൂലിയാരിറ്റിയായിരുന്നെന്ന്…

നോക്കൂ, “Let go of yesterday” എന്നൊക്കെ പറയുമെങ്കിലും ഈ ഇന്നലകളല്ലേ നമ്മളെ ഇന്നിലേക്കെത്തിച്ചത്? അതിനെ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ, വീണ്ടെടുക്കുന്നതിലൂടെ ഒരു കാലമല്ലേ നമുക്ക് തിരികെ കിട്ടുന്നത്? അതിലേക്ക് സ്വരുക്കൂട്ടി വയ്ക്കുന്ന നിമിഷങ്ങളെക്കുറിച്ചാണ് പറഞ്ഞത്. മൊബൈലിലോ ക്യാമറയിലോ എഴുതി വെക്കുന്ന വീഡിയോ കുറിപ്പുകളെക്കുറിച്ച്; നമ്മുടെ ഏറ്റവും വലിയ കാപിറ്റലിനെക്കുറിച്ച്….

വീഡിയോ കാണാം 

Video Courtesy : Kt Abdurabb

 

Be the first to comment on "”പപ്പടമുട്ടായി കിട്ടിയിരുന്ന കുട്ടൂസാക്കയുടെ പെട്ടിപ്പീട്യ”. ഓർമകളുടെ വീഡിയോ സൂക്ഷിപ്പുകൾ"

Leave a comment

Your email address will not be published.


*