മുഹമ്മദ് അഖ്‌ലാഖിനു കാസർഗോട്ടെ ഒരു മുസ്ലിം പെൺകുട്ടി എഴുതുന്ന കത്ത്

ഷാന നസ്രീൻ 

 

പ്രിയ അഖ്‌ലാഖ്‌, നീ അവിടെ സുരക്ഷിതനെന്നു കരുതുന്നു. നിന്നെക്കുറിച്ച്‌ കേൾക്കുകയും അറിയുകയും ചെയ്യാൻ തുടങ്ങ്യിട്ട്‌ കുറച്ച്‌ കാലമായിരിക്കുന്നു. ഒരു സാമാന്യ പൗരബോധമുള്ള ഇന്ത്യൻ എന്ന നിലയിൽ വ്യസനം അറിയിച്ച്‌ , ഒരൽപ്പം വിപ്ലവം കലർത്തി നിന്നെ ആഘോഷിക്കുന്നതിൽ പങ്കാളിയുമാണു. എന്നിരുന്നാലും, നിന്റെ മാതാവ്‌ സ്വാതന്തൃയത്തിന്റെ 70 ആം പിറന്നാൾ ആഘോഷിക്കുന്ന ഇന്നു, ഇതെല്ലാം അങ്ങകലെ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലിരുന്ന് നീ നോക്കി ചിരിക്കുന്നതെനിക്കു കാണാം..

നിന്റെ അരികിൽ വെമുലയുണ്ടായിരിക്കുമല്ലെ? അതാനു നിന്റെ കണ്ണുകളിൽ ഇത്ര തിളക്കവും പ്രസരിപ്പും!! ഒരു മാസം മുൻപ്‌ ഞാൻ നിനക്ക്‌ ഒരു കത്തെഴുതിയിരുന്നു. അകാരണമായ ഒരു അരക്ഷിതാവസ്ത്ഥയും ‘ഇന്ത്യൻ’ തപാലിനെ വിശ്വാസമില്ലാത്തതും കാരണം ഞാനതിനെ വെട്ടിനുറുക്കി കുഴിച്ചു മൂടി; ഒരുപക്ഷെ അതിപ്പോൾ മണ്ണിനെ വേദനിപ്പിക്കുന്നുണ്ടാവും.അതിൽ മനസിൽ തറച്ച ഒരു മുള്ള്‌ ഞാൻ കുത്തിവെച്ചിരുന്നു.

നിനക്കറിയാമോ, കൃത്യം ഒരു മാസം മുമ്പ്‌ ഇന്ത്യൻ റെയിലിലൂടെയുള്ള ഒരു യാത്രയിൽ വിചിത്രമായ ചില ചോദ്യങ്ങൾക്കു മുന്നിൽ പകച്ചിരുന്നപ്പോൾ മനസിൽ തെളിഞ്ഞത്‌ നിന്റെ മുഖമാണു.. രാജ്യത്തിന്റെ ഉദ്യോഗസ്ഥ മേധാവിത്വങ്ങളിലേക്കുള്ള പരീക്ഷാതയ്യാറെടുപ്പിനുള്ള പുസ്തകക്കെട്ടുകളുമായി പരശുറാം എക്സ്പ്രെസ്സിൽ കോഴിക്കോട്‌ മുതൽ നിലേശ്വരം വരെ യാത്ര ചെയ്തപ്പോൽ ഞാൻ ധരിച്ച പർദ്ധയ്ക്കും ശിരോവസ്ത്രത്തിനും നേരെ, കയ്യിലുള്ള പുസ്തകക്കെട്ടിലൂന്നി ചില ചോദ്യങ്ങൾ… ‘നിങ്ങൾ’ സിവിൽ സർവ്വീസിൽ ഒക്കെ ജോലി ചെയ്യുമോ? ‘നിങ്ങൾ’ അതിനായി പഠിക്കുകയൊക്കെ ചെയ്യുമോ? എല്ലാത്തിനും പോസിറ്റിവായ മറുപടി നൽകിയപ്പോൾ, എന്തൊക്കെയായിരുന്നാലും ‘നിങ്ങൾ’ അല്ലേ ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ആൾക്കാർ ( പ്രത്യെകിച്ചും കാസർഗ്ഗോടുകാർ) എന്ന അവസാനത്തെ ചോദ്യം എന്നിലെ സ്വതന്ത്ര ഭാരത വീക്ഷണത്തെ ഒന്നു പിടിച്ചു കുലുക്കി.. വ്യക്തമായ മതചിഹ്നങ്ങൾ അണിഞ്ഞ മതപണ്ഡിതയായിരുന്നു ചോദ്യകർതാവ്‌ എന്നതാണു ഏറെ വേദനിപ്പിച്ചത്‌..

ഭാരതത്തിന്റെ ഭാവിവാഗ്ധാനങ്ങളാണു കയ്യിൽ പേനയും പുസ്തകവുമേന്തിയ ഓരോരുത്തരും എന്നു മാത്രം വിശ്വസിച്ചിരുന്ന ഞാൻ, അതിനപ്പുറം മതചിഹ്നങ്ങൾക്ക്‌ വിദ്യാഭ്യാസ നിലവാരം നിർനയിക്കാൻ സാധിക്കും എന്നു ആദ്യമായി ചിന്തിച്ചു പോയി!! അഖ്‌ ലാഖ്‌, നിന്റെയടുത്തിരിക്കുന്ന വെമുലയ്ക്ക്‌ ഒരു പക്ഷേ ആത്‌ ആദ്യമേ മനസിലായിരിക്കാം… നിങ്ങൾ രണ്ടു പേരും അവിടെ സുരക്ഷിതരാണു..

എങ്കിലും നിങ്ങൾ ബാക്കിവെച്ചു പോയ ചോദ്യങ്ങൾ ഇപ്പോഴും പലരേയും വേട്ടയാടുന്നു… സ്വാതന്തൃയത്തിന്റെ 70 വർഷങ്ങൾ പിന്നിടുമ്പോഴും.. ന്യുനപക്ഷവും ഭൂരിപക്ഷവും പുതിയ പക്ഷങ്ങളും ആഖ്യാനവ്യാഖ്യാനങ്ങളിൽ അമർന്നുകൊണ്ടിരിക്കുന്നു. പാരതന്ത്ര്യത്തിന്റെ അദൃശ്യസാന്നിധ്യംഅന്തരീക്ഷത്തിൽ തങ്ങി നിന്ന് മലിനീകരിച്ചു തുടങ്ങിയിരിക്കുന്നു;സ്വാതന്തൃത്തെ!! നിന്നോട്‌ പങ്കുവെച്ച ആധികൾ, വ്യാധികളിലേക്കുള്ള തുടക്കമായി എന്നെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു…. ഇന്നലെ അർദ്ധരാത്രിയിലും (ആഗസ്ത്‌ 14, അർദ്ധരാത്രി) യിലും ഞാൻ കണ്ടു നിന്റെ ആ ചിരി; നക്ഷത്രങ്ങൾക്കിടയിൽ ഇരുന്ന് തെളിഞ്ഞ ആ ചിരി…..

 

ഷാന നസ്രീൻ – കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും ഇക്കണോമിക്‌സിൽ ഡിഗ്രി പൂർത്തിയാക്കി. നിരവധി സാമൂഹ്യ   സംരഭങ്ങളിൽ സജീവസാനിധ്യമായ ഷാന മികച്ച ഒരു ട്രെയിനർ കൂടിയാണ്. 

Be the first to comment on "മുഹമ്മദ് അഖ്‌ലാഖിനു കാസർഗോട്ടെ ഒരു മുസ്ലിം പെൺകുട്ടി എഴുതുന്ന കത്ത്"

Leave a comment

Your email address will not be published.


*