”ഇനിയൊരു പെരുമഴക്കാലം നനയാൻ കാത്തുനിൽക്കാതെ..” ടി എ റസാഖിന് വിട

1987 ല്‍ ധ്വനി എന്ന ചിത്രത്തില്‍ സംവിധായകന്‍ എംടി അബുവിന്റെ സംവിധാന സഹായിയായിട്ടാണ് ടി എ റസാഖ് സിനിമയില്‍ എത്തുന്നത്. പിന്നീട് എഴുത്തിന്റെ വഴികളിലേക്ക് മാറിയ റസാഖ് മലയാളത്തിലെ ജനപ്രിയ സംവിധായകരായ സിബി മലയില്‍, കമല്‍, ജയരാജ്, ടിഎസ് വിജയന്‍, വിഎം വിനു തുടങ്ങിയവര്‍ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതി.

വിഷ്ണു ലോകം, കാണാകിനാവ്, പെരുമഴക്കാലം, ഗസല്‍, രാപ്പകല്‍, ആയിരത്തില്‍ ഒരുവന്‍ തുടങ്ങി റസാഖിന്റെ തൂലികയില്‍ വിരിഞ്ഞ ചിത്രങ്ങള്‍ നന്മയുടെ കഥകൾ പറയുന്നതായിരുന്നു.

വിഷ്ണു ലോകം

മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിഷ്ണു ലോകം എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതി കൊണ്ടാണ് റസാഖെന്ന പ്രതിഭയുടെ മലയാളത്തിലെ അരങ്ങേറ്റം
നാടോടി
മോഹന്‍ലാലിനെ നായകനാക്കി തമ്പികണ്ണന്താനം സംവിധാനം ചെയ്ത സൂപ്പർഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് നാടോടി. ടി എ റസാഖാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയത്

ഗസല്‍
കമല്‍ സംവിധാനം ചെയ്ത ഗസല്‍ എന്ന ചിത്രം മനോഹരമായ ആഖ്യാനം കൊണ്ട് മലയാളസിനിമയിൽ ഇടം പിടിച്ച ഒന്നാണ്. ടി എ റസാഖ് എന്ന എഴുത്തുകാരൻറെ ഏറ്റവും മികച്ച എഴുത്തും ഗസൽ ആണെന്ന് നിരൂപകർ പറയുന്നു. വിനീത് ആണ് നായകൻ

കാണാകിനാവ്
മികച്ച കഥയ്ക്കും, തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രമാണ് കാണാകിനാവ്. ടി എ റസാഖ് ആണ് കഥയും തിരക്കഥയും ചെയ്തത്. റസാഖിന്റെ ആദ്യ സംസ്ഥാന പുരസ്കാരവും ഇതായിരുന്നു . സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷ്, മുരളി, സുകന്യ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാല്‍ക്കണ്ണാടി
അപ്പുണ്ണി എന്ന അന്വശ്വരകഥാപത്രത്തിലൂടെ കലാഭവൻ മണി ജനപ്രിയമാക്കിയ അനില്‍ ബാബു ചിത്രമാണ് വാല്‍ക്കണ്ണാടി . തിരക്കഥ ടിഎ റസാഖാണ്.

ആയിരത്തില്‍ ഒരുവന്‍

സ്വാഭാവികമായ അഭിനയം കൊണ്ട് രാജ്യശ്രദ്ധ പിടിച്ചുപറ്റിയ കലാഭവൻ മണി ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍, ടിഎ റസാഖിനെ തേടി രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരം എത്തിയത് ഈ സിനിമയുടെ എഴുത്തിലൂടെയാണ് . സിബി മലയില്‍ ആണ് സംവിധായകൻ.

പെരുമഴക്കാലം
പ്രവാസത്തിന്റെ നീറുന്ന നൊമ്പരങ്ങൾ ഹൃദയവികാരതയോടെ അഭ്രപാളിയിലെത്തിച്ച കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം 2014 ലെ സാമൂഹ്യപ്രശസ്തിയുള്ള ചിത്രം എന്ന നിലയില്‍ ദേശീയ പുരസ്‌കാരം നേടി. മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ടി എ റസാഖ് നേടിയതിനൊപ്പം മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കാവ്യ മാധവനും സംഗീത സംവിധായകനുള്ള പുരസ്‌കാരം എം ജയചന്ദ്രനും സൗണ്ട് റെക്കോഡിസ്റ്റിനുള്ള പുരസ്‌കാരം എന്‍ ഹരികുമാറും നേടി.മാമുക്കോയക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

ഭൂമിഗീതം (1993), എന്റെ ശ്രീക്കുട്ടിക്ക് (Maanasam) (1993) ,കർമ്മ (1995) , സ്നേഹം (1998)
സാഫല്യം (1999) ,ഉത്തമൻ (2001) തുടങ്ങിയവ റസാഖ് കഥ എഴുതി മലയാളി നെഞ്ചിലേറ്റിയ സിനിമകളാണ്.

താലോലം (1998) ,ചിത്രശലഭം (1998) , ബസ് കണ്ടക്ടർ തുടങ്ങിയ സിനിമകൾക്ക് ഈ അതുല്യ പ്രതിഭ തിരക്കഥകൾ എഴുതി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് പുറമെ മാതൃഭൂമി അവാർഡ് ഏഷ്യാനെറ്റ് അവാർഡ്, ജേസി ഫൗണ്ടേഷൻ അവാർഡ്,മികച്ച കഥയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം
, എടി അബു ഫൗണ്ടേഷൻ അവാർഡ്, അമൃത ടിവി അവാർഡ് എന്നിവ റസാഖിനെ തേടിയെത്തി.

ഇളയ സഹോദരൻ ടി.എ. ഷഹീദ് മലയാളത്തിലെ ചില മനോഹരസിനിമകൾക്കു വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്. അകാലത്തിൽ ആ പ്രതിഭയും മുതിര സഹോദരന് മുമ്പേ പൊലിഞ്ഞുപോവുകയായിരുന്നു.

ഇനിയൊരു പെരുമഴക്കാലം നനയാൻ കാത്തു നില്കാതെ ടി എ റസാഖ് പടിയിറങ്ങുമ്പോൾ മലയാളികളുടെ ആ കലാകാരൻ കൊത്തിവെച്ച അന്വശരകഥാപത്രങ്ങളും മുഹൂർത്തങ്ങളും നിലനിൽക്കുകതന്നെ ചെയ്യും

Be the first to comment on "”ഇനിയൊരു പെരുമഴക്കാലം നനയാൻ കാത്തുനിൽക്കാതെ..” ടി എ റസാഖിന് വിട"

Leave a comment

Your email address will not be published.


*