https://maktoobmedia.com/

‘ബിരിയാണി’.അൻസാരിയുടെ പ്രേതങ്ങൾ പൊതുമണ്ഡലത്തെ ഇപ്പോഴും വേട്ടയാടുന്നുണ്ട്

 

ഒപ്പീനിയൻ – ഷാൻ മുഹമ്മദ്

 

ബിരിയാണി വിവാദം എനിക്ക് രസകരമായി തോന്നാന്‍ ഉള്ള കാരണങ്ങളിതാണ്.
ഈ വിവാദത്തിലെ ഒരു പ്രധാന വാദമാണ് കഥയില്‍ മുസ്ലിം വിരുദ്ധത ‘ആരോപിക്കുന്നു’ എന്നത്. അഥവാ ‘മുസ്ലിം വിരുദ്ധത’ എന്നത് ‘ആരോപണവും’ ഈ കഥ ‘സാമൂഹിക നന്മയുടേതാണ്’ എന്നത് ‘സ്വാഭാവികവും, അഥവാ കഥ തന്നെയും’ ആകുന്നു എന്നര്‍ത്ഥം. അര്‍ത്ഥങ്ങളുടെ ആരോപണങ്ങളിലാണ് എല്ലായ്പോഴും ഒരു ടെക്സ്റ്റ് നിലനില്‍ക്കുന്നത് തന്നെ. അതു കൊണ്ടാണ് വായനക്കാരനും സന്ദര്‍ഭത്തിനും ഇത്രയധികം പ്രാധാന്യം ഉണ്ടാകുന്നത്. ഈ കഥ മുസ്ലിം വിരുദ്ധമല്ല എന്നും സാമൂഹിക നന്മ ലക്ഷ്യം വക്കുന്നതാണ് എന്നും പറയുന്നതും ഒരു ടെക്സറ്റിന് മേലുള്ള അര്‍ത്ഥ ‘ആരോപണമാണ്’ (To assign a meaning). അഥവാ, ‘ആരോപണത്തിന്’ പുറത്ത് ‘വായന’ നിലനില്‍ക്കുന്നില്ല എന്നര്‍ത്ഥം. അപ്പോള്‍ പിന്നെ ഈ ടെക്സറ്റ് തന്നെ നിലനില്‍ക്കുന്നില്ല എന്നത് അതിന്‍റെ സ്വാഭാവിക പരിണാമം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മുസ്ലിം വിരുദ്ധത ഈ കഥയിലില്ലെന്ന് സ്ഥാപിക്കാന്‍ കഥയുടെ വായനയെത്തന്നെ പ്രഖ്യാപിതമായി നിഷേധിച്ചു കളയുന്നു എന്നര്‍ത്ഥം. അതിനെ അസഹിഷ്ണുത എന്നും ഒരാള്‍ക്ക് എളുപ്പം വിളിക്കാവുന്നതാണ്. അതാവും സന്തോഷ് എച്ചിക്കാനം ഈ ‘വായനയെ’ ഭീകരപ്രവര്‍ത്തനം എന്നു വിശേഷിപ്പിച്ചത്. സമാനമായ പ്രതികരണം പണ്ട് എന്‍.എസ് മാധവന്‍ എം.ടി അന്‍സാരിക്കെതിരെ നടത്തിയത് ഓര്‍മ്മിക്കണം. മലയാള സാഹിത്യത്തില്‍ കൊടികുത്തിയ ‘author’ എന്ന സങ്കല്‍പത്തിന്‍റെ സ്വേച്ഛാധിപത്യം അല്ലാതെ ഇത് മറ്റൊന്നുമല്ല. ജാതി അടക്കമുള്ള സാമൂഹികാധികാരങ്ങളാലാണ് ഈ സ്വേച്ഛാധിപത്യം നിലനില്‍ക്കുന്നത് എന്നത് മറ്റൊരു കാര്യം.

14045827_1104150009650325_9193813149536558362_n
വര്‍ഷങ്ങള്‍ക്ക് മുന്നേ ഈ അധികാരത്തെ ചോദ്യം ചെയ്ത എം.ടി അന്‍സാരി കേരളത്തിലെ സാഹിത്യപൊതുമണ്ഡലത്തിലുണ്ടാക്കിയ ഷോക്ക് ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഈ വിവാദമുണ്ടാക്കിയ പ്രധാനപ്പെട്ട ഒരു ആലോചനവിഷയം. അന്‍സാരി പല രൂപത്തില്‍, പല ഭാവങ്ങളില്‍ കേരളീയ സാഹിത്യ മണ്ഡലത്തിലെ വായനാപതിവുകളെ, സുഹൃത്ത് സാദിഖ് പി.കെ യുടെ വാക്കില്‍, പ്രേതമായി ഇന്നും വേട്ടയാടുന്നുണ്ട് എന്നറിയുന്നത് രസകരമാണ്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷങ്ങളായി മലയാള സാഹിത്യത്തിലെ വായനാമുന്‍ഗണനകളില്‍ സംഭവിക്കുന്ന ‘ആരോപണമാറ്റങ്ങള്’ ഇങ്ങനെ ഇടക്കിടെ പൊട്ടിപ്പുറത്ത് വരുമ്പോഴാണ് ചില ബിരിയാണികളൊക്കെ കയ്ച്ചു നാറുന്നത്.

കടപ്പാട് – ഫേസ്‌ബുക്ക് പോസ്റ്റ്
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഗവേഷകനാണ് ഷാൻ മുഹമ്മദ്

1 Comment on "‘ബിരിയാണി’.അൻസാരിയുടെ പ്രേതങ്ങൾ പൊതുമണ്ഡലത്തെ ഇപ്പോഴും വേട്ടയാടുന്നുണ്ട്"

  1. ബിരിയാണിക്കഥ ഇന്നലെ വായിച്ചപ്പോൾ തോന്നിയത്:
    കേരളത്തിൻറെ, വിശേഷിച്ചും അത്യുത്തരകേരളത്തിൻറെ, ‘ഇടതു’സാംസ്ക്കാരിക അവബോധം കുറെയേറെ കാലമായി ഇങ്ങനെയൊക്കെത്തന്നെയല്ലേ സാഹിത്യകൃതികളിൽ പ്രതിഫലിച്ചുവരുന്നത്? തൊട്ടടുത്ത ദക്ഷിണ കർണ്ണാടകജില്ലയിലും കാസർകോട്ടുതന്നേയും സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായ ലവ്ജിഹാദ് പോലുള്ള കെട്ടുകഥകളുടേയും മാപ്പിളമാരുടെ ‘ദുരൂഹമായ’ നാടുവിടലിന്റെ തിരോധാന’ത്തിന്റെ കഥകളും ദേശപ്രേമത്തിന്റെ മുഖാവരണം അണിഞ്ഞ വർഗ്ഗീയ പൊതുബോധത്തിന്റേയും, പശുസംരക്ഷണ ദൗത്യത്തിലെ തുറന്ന മുസ്ലിം- ദലിത് വിരുദ്ധതയുടേയും പൊല്ലാപ്പുകൾ എന്തിന് നമുക്ക്?
    ബിരിയാണി ധൂർത്തും, നാല് കെട്ടലും, പുതുപഠിപ്പുകാരായ മാപ്പിളപിള്ളേരുടെ അഹങ്കാരവും സൈബർ- മൊബൈൽ ഭ്രമവും പ്രേമച്ചതിയും ഒരു ഭാഗത്തും , ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന തൊഴിലാളിയുടെ ദാരിദ്ര്യം മറുഭാഗത്തും എഴുതിയാൽ കിട്ടുന്ന കയ്യടി വേണ്ടെന്നു വെക്കാൻ മാത്രം മണ്ടത്തരത്തിന് എഴുത്തുകാർ എന്തിനു നിൽക്കണം?

Leave a comment

Your email address will not be published.


*