‘വാരിയൻകുന്നത്ത് ശുജായീ..” മലബാർ സമരങ്ങളുടെ ഓർമകൾക്ക് 95 വർഷം

 

1921 ഓഗസ്റ് മാസത്തിൽ മലബാറിൽ നടന്ന ധീരോജ്ജ്വലമായ മലബാർ സമരത്തിന്റെ ഓർമകൾക്ക് തൊണ്ണൂറ്റിയഞ്ചാം ആണ്ട് .. ബ്രിട്ടിഷുകാരുടെ പുതിയ ഭൂനികുതി പരിഷ്കരണത്തിലൂടെ ഭൂരഹിതരും ചൂഷിതരുമായ മലബാർവാസികൾ ബ്രിട്ടീഷുകാർക്കും ജന്മിമേധാവിത്വത്തിനുമെതിരെ നടത്തിയ ധീരപോരാട്ടമായിരുന്നു മലബാർ സമരം. 1921 ആഗസ്തിൽ തുടങ്ങി 1922 ഫെബ്രുവരിയിൽ അവസാനിച്ച ചെറുത്തുനിൽപ്പുകൾ പഴയ ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും പൊന്നാനി, കോഴിക്കോട്, പാലക്കാട് താലൂക്കുകളിലുമായിരുന്നു ഏറെ ശക്തിപ്പെട്ടത്. സമരത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്തിയ ബ്രിട്ടീഷുകാർ സമരത്തിനു നേതൃത്വം കൊടുത്ത ആലി മുസ്ലിയാർ അടക്കം നിരവധി പേരെ തൂക്കിക്കൊന്നു. ആയിരക്കണക്കിനാളുകളെ ആന്തമാനിലും ബെല്ലാരിയിലും മറ്റുപല ജയിലുകളിലുമായി തടവിലാക്കി. പിടിയിലായ സമരക്കാരെ  തിരൂരിൽ നിന്നു ഗുഡ്സ് വാഗണിൽ അടച്ച് കോയമ്പത്തൂരിലെ പോത്തന്നൂർവരെ കൊണ്ടു പോയപ്പോൾ 64 പേർ പ്രാണ വായു കിട്ടാതെ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി എന്ന പേരിൽ അറിയപ്പെടുന്നത്.

ഈ ധീരപോരാട്ടത്തിന്റെ മുൻനിര നായകരിൽ ഒരാളാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി . ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി വാരിയൻ കുന്നത്ത് ഇന്നും മലബാറിലെ യുവതയുടെ ആവേശമാണ്. അണമുറിയാത്ത സമരവീര്യവും അചഞ്ചലമായ നേതൃശക്തിയും ഈ ധീരസമരനായകന്റെ കരുത്തായിരുന്നു.

“ഉണ്ടെടോ എനിക്ക്‌ പറയാന്‍…. ഞങ്ങള്‍ മാപ്പിളമാര്‍. മരണവും അന്തസ്സോടെ ആവണമെന്ന്‌ ആഗ്രഹിക്കുന്നവര്‍… നിങ്ങള്‍, ഇംഗ്ലീഷുകാര്‍ കണ്ണ്‌ കെട്ടിപുറംതിരിച്ച്‌ നിര്‍ത്തി വെടിവെച്ച്‌ കൊല്ലലാണ്‌ പതിവ്‌… എന്നെ അത്‌ ചെയ്യരുത്‌.എനിക്ക്‌ ഈ നാടിന്റെ മണ്ണ്‌ കണ്ട്‌ മരിക്കണം…..” `നിങ്ങള്‍ക്ക്‌ എന്നെവകവരുത്താം, പക്ഷേ തോല്‍പ്പിക്കാനാവില്ല…’ ബ്രിട്ടീഷ്‌ സൈന്യത്തെ വിറപ്പിച്ച ഈശബ്‌ദം വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടേതായിരുന്നു. അവസാനാഗ്രഹം അന്വേഷിച്ച ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ക്ക്‌ നല്‍കിയ മറുപടിയാണിത്‌.

Moplah_prisoners

വാരിയൻ കുന്നത്ത്‌ മൊയ്‌തീൻ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ൽ മഞ്ചേരിക്കടുത്ത്‌ നെല്ലിക്കുത്തിലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. വള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. ആലി മുസ്ലിയാരുടെ സഹപ്രവർത്തകരിൽ ഒരാളായിരുന്ന ഹാജി നാട്ടിലെ ഓത്തുപള്ളിയിൽ നിന്നാണ് മതവിദ്യാഭ്യാസം നേടിയത്. ആലി മുസ്‌ലിയാരുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഹാജിയുടെ കുടുംബത്തിന്‌ ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടത്തിൽ പാരമ്പര്യമുണ്ടായിരുന്നു. 1894ലെ മണ്ണാർക്കാട്‌ ലഹളയിൽ പങ്കെടുത്തതിനാൽ അന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു.

1921-ലെ മലബാർ പോരാട്ടങ്ങളുടെ അമരത്ത് കുഞ്ഞഹമ്മദ് ഹാജി ഉണ്ടായിരുന്നു . ഹിന്ദുക്കളെ ഉപദ്രവിച്ച് പോവരുതെന്നുള്ളതായിരുന്നു ഏറ്റവും പ്രധാനമായും അദ്ദേഹം‍ ജനങ്ങളെ ഉപദേശിച്ചിരുന്നത്. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയോ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു. മഞ്ചേരി നാൽക്കവലയിൽ വെച്ച് നടത്തിയ പ്രഖ്യാപനത്തിൽ ഹിന്ദുക്കൾക്ക് യാതൊരു  ഉപദ്രവവും ഉണ്ടാവുന്നതല്ലന്ന് ഉറപ്പ് നൽകിയിരുന്നു.

” ആനക്കയത്തെ പോലീസ് ഇൻസ്പെക്ടറായ ചേകുട്ടിയുടെ തലയാണിത്.ഗവണ്മെൻറിനോട് കളിക്കണ്ട. ജന്മികളോട് കളിക്കണ്ട എന്നും മറ്റും ഇവൻ നമ്മളെ ഭീഷണിപ്പെടുത്തിയിരുന്നു. എനിക്ക് മറ്റൊന്ന് പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ ഇഷ്ടം കൂടാതെ ദീനിൽ ചേർക്കരുത്. ”

1921 ഡിസംബറിൽ പന്തല്ലൂർ മുടിക്കോടുള്ള സർക്കാർ ഓഫീസുകൾക്ക് നേരെ പോരാളികൾ അക്രമം അഴിച്ചുവിട്ടു. നിലമ്പൂർ സബ് ഇൻസ്പെക്ടറായിരുന്ന ചോലക ഉണ്ണീൻറെ കൈയിൽ ദേശീയ പതാക നൽകി, ജാഥയുടെ മുൻപിൽ നടത്തി ഹാജി മുദ്രാവാക്യം വിളിച്ച് കൊടുത്തു:

“ ഖിലാഫത്ത് കോൺഗ്രസ് സിന്ദാബാദ്,….മഹാത്മാഗാന്ധി കീ ജയ്.. ” മുദ്രാവാക്യം ഏറ്റു വിളിക്കാൻ ഉണ്ണീൻ നിർബന്ധിതനായി.

Ali Musliyar

Ali Musliyar

കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങൾ സർക്കാറിനെ അലോസരപ്പെടുത്തി. അദ്ദേഹത്തെ തകർക്കാൻ പലതും പയറ്റി.ഹാജിയേയും സംഘത്തേയും പിടികൂടാൻ ഗവണ്മെൻറ് ഗൂർഖകളെ ഇറക്കി. ചെമ്പ്രശ്ശേരി തങ്ങളേയും, സീതി തങ്ങളേയും പിന്നീട് ഹാജിയേയും അറസ്റ്റ് ചെയ്തു. 1922 ജനുവരി 6-നാണ് ഹാജിയെ അറസ്റ്റ് ചെയ്യുന്നത്. ജനുവരി 13 ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും ‘മാർഷൽ’ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിക്കുകയും ചെയ്തു.

1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.

“ എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചകത്തായിരിക്കണം. ” എന്ന് ഹാജി ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് പട്ടാളം ഇവരെ വെടിവെച്ച് കൊല്ലുകയാണുണ്ടായത്. വധശിക്ഷയ്ക്ക് വിധേയനായ ഹാജിയുടെ മൃതദേഹം ജനങ്ങൾക്ക് അന്ത്യാഭിവാദനത്തിനുള്ള സൗകര്യം നൽകാതെ അധികാരികൾ ദഹിപ്പിച്ചു.1922 ജനുവരി 20ന്‌ രാവിലെ മലപ്പുറം കോട്ടക്കുന്നിന്റെ ചരിവില്‍ ആ ഇതിഹാസം അസ്‌തമിച്ചു

Be the first to comment on "‘വാരിയൻകുന്നത്ത് ശുജായീ..” മലബാർ സമരങ്ങളുടെ ഓർമകൾക്ക് 95 വർഷം"

Leave a comment

Your email address will not be published.


*