ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ.. ഇത്തവണ മത്സരം തീപാറും

 

സ്പോർട്സ് സ്‌പെഷ്യൽ – നബീൽ ഷാൻ

രണ്ടു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടുമൊരു ഫുട്ബോൾ മാമാങ്കത്തിന് കച്ചകെട്ടുകയാണ് യൂറോപ്പ്. ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ ഏറ്റുമുട്ടലുകളുടെ വേദികളാണ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റേത്. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (UEFA) നടത്തുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ 2016-17 സീസണിലേക്കുള്ള ഗ്രൂപ്പ് ഡ്രോ വ്യാഴാഴ്ച നടന്നിരിക്കുകയാണ്. ബാർസലോണയും ആഴ്സനലും അടക്കമുള്ള വമ്പൻ ടീമുകൾക്ക് ഇത്തവണ ഗ്രൂപ്പ് ഘട്ടം കടക്കൽ അത്ര എളുപ്പമാവില്ല എന്നാണ് ഗ്രൂപ്പുകൾ സൂചിപ്പിക്കുന്നത്.

ഗ്രൂപ്പ്.എ: പാരീസ് സെയ്ന്റ് ജർമൻ, ആഴ്സനൽ, ബേസൽ, ലുഡോഗോററ്റ്.

ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെയ്ന്റ് ജർമനും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നായ ആഴ്സനലും തമ്മിൽ കൊമ്പ് കോർക്കുന്നു എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രത്യേകത. ഒറ്റനോട്ടത്തിൽ കാര്യങ്ങൾ ആഴ്‌സണലിനും പാരീസിനുമെളുപ്പമായി തോന്നുമെങ്കിലും സ്വിറ്റ്സർലൻഡ് ടീം ആയ ബേസൽ അട്ടിമറിയുടെ രാജാക്കന്മാാരാണ്. മുൻപ് ചെൽസിയെയും മാഞ്ചസ്റ്റർ യുനൈറ്റഡിനെയും അട്ടിമറിച്ച ടീമാണവർ. അത് കൊണ്ട് തന്നെ അവരെ എഴുതിത്തള്ളിയാലതൊരബദ്ധമായേക്കാം.

ഗ്രൂപ്പ് ബി: നെപ്പോളി, ഡേനാമോ കീവ്, ബെസ്കിറ്റാസ്, ബെനഫിക്ക.

തുല്യശക്തികളുടെ പോരാട്ടമാണ് ഈ ഗ്രൂപ്പ്.ഇറ്റലിക്കാരായ നാപ്പോളിയും പോർച്ചുഗീസ് ക്ലബ് ആയ ബെനെഫിക്കയുമാണ് ഈ ഗ്രൂപ്പിൽ ഒരല്പം മുൻപന്തിയിൽ നില്കുന്നത് എന്ന് പറയാമെങ്കിലും ഒരു പ്രവചനം ഇവിടെ സാധ്യമല്ല.

Champions-League-1-750x500

ഗ്രൂപ്പ് സി : ബാർലോണ,മാഞ്ചസ്റ്റർ സിറ്റി,ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാക്ക്,സെൽറ്റിക്.

ഈ ഗ്രൂപ്പ് പ്രവചനീയമെങ്കിലും മറ്റൊരു തലത്തിൽ നോക്കുമ്പോൾ വാതുവെപ്പുകാരുടെ പ്രധാന കണ്ണ് ഈ ഗ്രൂപ്പിലേക്കായിരിക്കും. കാരണം ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ പെട്ട രണ്ട് ടീമുകളാണ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സലോണയും.സ്പാനിഷ് ലീഗ് ചാമ്പ്യൻമാരായ ബാർസിലോണയും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻപ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മൽസരം ഗ്രൂപ്പ് സ്റ്റേജിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായാണ് ഫുട്ബോൾ വിദഗ്ധർ കണക്കാക്കുന്നത്. ബൊറൂസിയക്കും സെൽറ്റിക്നും കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിക്കില്ല എന്ന് തന്നെ വേണം കരുതാൻ.

ഗ്രൂപ്പ് ഡി :ബയേൺ,അത്ലറ്റികോ മാഡ്രിഡ് , പി സ് വി എന്തോവൻ,റോസ്തോവ്.

ജർമൻ ചാമ്പ്യന്മാരായ ബയേണിനും സ്പാനിഷ് ലീഗിലെ തളരാത്ത പോരാളികളായ അത്ലറ്റിക്കോ മാഡ്രിഡിനും ഈ ഗ്രൂപ്പിൽ കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായേക്കില്ല.അവർ തമ്മിലുള്ള അങ്കങ്ങൾ ഫാസ്റ്റ് ഫുട്ബോളും ടാക്ടിക്കൽ ഫുട്ബോളും തമ്മിലുള്ള പോരാട്ടമാണെന്നത് കൊണ്ട് പ്രേക്ഷകർക്കതൊരു സൗന്ദര്യക്കാഴ്ചയാവും.

ഗ്രൂപ്പ് ഇ : മോസ്കോ,ബയേൺ ലെവർകൂസൻ,ടോട്ടൻഹാം,മൊണാകോ.

ഈ ചാമ്പ്യൻസ് ലീഗ് സീസണിലെ മരണഗ്രൂപ് എന്നാണ് ഇ ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്.അട്ടിമറി വീരന്മാരായ 4 ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുമ്പോൾ ആര് ഗ്രൂപ്പ് സ്റ്റേജ് കടക്കും എന്നത് തികച്ചും പ്രവചനാധീതമാണ്.ചുരുക്കി പറഞ്ഞാൽ പോരാട്ടങ്ങൾ തീപാറുമെന്നുറപ്പ്.

ഗ്രൂപ്പ് എഫ് : റിയൽ മാഡ്രിഡ് ,ഡോർട്മുണ്ട്,സ്പോർട്ടിങ്,ലൈജിയാ.

2262045_w2

ഗ്രൂപ്പിൽ ജർമൻ ഫീനിക്‌സുകളായ ഡോർട്ടുമുണ്ട് ഉണ്ടെങ്കിലും നിലവിലെ ചാമ്പ്യന്മാരായ റിയൽ മാഡ്രിഡിനു വെല്ലുവിളി ഉയർത്താൻ അവർക്ക് കഴിഞ്ഞേക്കില്ല.എങ്കിലും വീണ്ടുമൊരു ജർമൻ-സ്പാനിഷ് പോരാട്ടം പ്രേക്ഷകർക്ക് ആവേശമായേക്കും.സ്പോർട്ടിങ്ങും ലെജിയയും ഒരൽപം വിയർപ്പതികമൊഴുക്കേണ്ടിയും വരുമെന്ന് മിച്ചം.

ഗ്രൂപ്പ് ജി:ലെയ്‌സെസ്റ്റർ,പോർട്ടോ,ക്ലബ് ബ്രഗ്ഗ് ,കൊബെന്ഹവൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായിക്കൊണ്ട് കഴിഞ്ഞ വർഷം ലോകത്തെ ഞെട്ടിച്ച ടീമാണ് ലെയ്‌സെസ്റ്റർ സിറ്റി.പോര്ച്ചുഗീസ് വന്മതിലുകളും ചാമ്പ്യൻസ് ലീഗിലെ നിറസാന്നിധ്യവുമായ ടീം ആണ് പോർട്ടോ.ഈ രണ്ട് ടീമുകളുടെയും സാന്നിധ്യമാണ് ജി ഗ്രൂപ്പിലേക്ക് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്നത്.മറ്റു രണ്ട് ടീമുകൾക്കും ചാമ്പ്യൻസ് ലീഗിൽ പരിചയം ആവശ്യത്തിനുണ്ടെങ്കിലും പോർട്ടോയ്ക്കും ലെയ്‌സെസ്റ്ററിനും തന്നെയാണ് മുൻ‌തൂക്കം.

ഗ്രൂപ്പ് എച്ച് :യുവന്റസ്, സെവിയ, ലിയോൺ, ഡൈനാമോ സറഗബ്.

ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസും സ്പാനിഷ് ലീഗിലെ നിത്യഹരിത നായകരായ സെവിയ്യയും ഫ്രാൻസിലെ അട്ടിമറിക്കാരായ ലിയോണും തമ്മിലുള്ള ത്രികോണ മത്സരങ്ങളാവും ഈ ഗ്രൂപ്പിന്റെ ഹൈലൈറ്റ്. യുവന്റസിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും മറ്റു മൂന്നു ടീമുകളിൽ നിന്ന് ആര് ഗ്രൂപ്പ് സ്റ്റേജ് കടക്കും എന്നത് പ്രവചനാതീതം തന്നെ.

ഫുട്ബോൾ എന്നും ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങളാണ് ആരാധകർക്ക് നൽകിയിട്ടുള്ളത്. എന്നത്തെയും പോലെ ഈ വർഷവും ഘോരമായൊരു കാൽപന്ത് യുദ്ധം തന്നെ പ്രതീക്ഷിക്കാം.ഒരു ശരാശരി ഫുട്ബോൾ പ്രേമിക്ക് കിട്ടേണ്ടതെല്ലാം  കൊടുക്കാൻ ചാമ്പ്യൻസ് ലീഗിന് കഴിഞ്ഞാൽ ഈ സീസൺ പൊടിപൊടിക്കും.
ന്യൂഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ സൈക്കോളജിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ലേഖകൻ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര  സ്വദേശിയാണ്.

Be the first to comment on "ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ.. ഇത്തവണ മത്സരം തീപാറും"

Leave a comment

Your email address will not be published.


*