മുരളിക്ക് അടിയന്തിരവൈദ്യസഹായം നൽകണമെന്ന് നോംചോസ്കി ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾ

 
യു.എ.പി.എ ചുമത്തി വിചാരണ തടവുകാരനായി പൂനെയിലെ സാസൂണ്‍ ആശുപത്രയില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കണ്ണമ്പള്ളി മുരളിക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറും പ്രമുഖ ചിന്തകനുമായ നോംചോംസ്‌കി ഉൾപ്പടെയുള്ള സാമൂഹ്യപ്രവർത്തകർ. മുരളിക്കെതിരായ കേസുകളില്‍ വിചാരണ നടപടികള്‍ എളുപ്പം പൂര്‍ത്തിയാക്കി അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നു നോംചോംസ്കി അയച്ച ഇ മെയിൽ സന്ദേശത്തിൽ പറയുന്നു. മുരളി കണ്ണമ്പള്ളിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരും  സാംസ്‌കാരിക പ്രവര്‍ത്തകരും തയ്യാറാക്കിയ പ്രസ്താവനയില്‍ സന്തോഷത്തോടെ ഒപ്പുവെക്കുന്നതായും ചോംസ്കി പറഞ്ഞു.
ഹൃദയരോഗ ബാധിതനായ, 62 വയസ് കഴിഞ്ഞ കണ്ണമ്പള്ളി മുരളിക്ക് ആവശ്യമായ എല്ലാത്തരം ചികിത്സകളും നല്‍കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്ന് ഇക്കോണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ ഡെപ്യൂട്ടി എഡിറ്ററായ ബെര്‍ണാഡ് ഡിമെല്ലോയും ഐഐടി ഖരഗ്പൂര്‍ പ്രൊഫസറായ ആനന്ദ് തെല്‍തുംഡെയും സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു.

ഒപ്പം സാമൂഹ്യപ്രവർത്തകരായ പ്രഭാത് പട്‌നായിക്, ഗായത്രി സ്‌പൈവാക്, പാര്‍ത്ഥ ചാറ്റര്‍ജി,മീന കന്തസ്വാമി, ബി.ആര്‍.പി. ഭാസ്‌കര്‍, കെ. വേണു, എം.എം. സോമശേഖരന്‍, നജ്മല്‍ബാബു, ഡോ.കെ.ടി. റാംമോഹന്‍, ഡോ.ടി.ടി. ശ്രീകുമാര്‍, ഡോ.ജെ. ദേവിക, പ്രൊഫ.എ.കെ. രാമകൃഷ്ണന്‍, പി.കെ. വേണുഗോപാല്‍ തുടങ്ങിയവർ സംയുക്തപ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്

2015 മേയ് മാസത്തിലാണ് അജിത്ത് എന്നറിയപ്പെടുന്ന കണ്ണമ്പള്ളി മുരളിയെ പൂനെയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.. തുടര്‍ന്ന് ഇതുവരെ വിചാരണ തടവുകാരനായി പൂനെ യെര്‍വാഡ ജയിലില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൂനെയിലെ സാസൂണ്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Be the first to comment on "മുരളിക്ക് അടിയന്തിരവൈദ്യസഹായം നൽകണമെന്ന് നോംചോസ്കി ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾ"

Leave a comment

Your email address will not be published.


*