ഇന്ത്യൻ ഫുട്ബോൾ: ശ്രദ്ധിക്കപ്പെടേണ്ട ചില സത്യങ്ങൾ.

സ്പോർട്സ്  സ്‌പെഷ്യൽ – നബീൽ ഷാൻ

 

130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് ഫുട്ബോൾ കളിക്കാൻ നിലവാരമുള്ള 11 പേരില്ല എന്നത് ഒരു ശരാശരി ഇന്ത്യൻ ഫുട്ബോൾ പ്രേമി സ്വന്തം രാജ്യത്തിെനെതിരെ നടത്തുന്ന ഒരാരോപണമാണ്.

ബൈച്ചുങ് ബൂട്ടിയയും സുനിൽ ഛേത്രിയും പിന്നെ നമ്മുടെ ഐഎം വിജയേട്ടനുമൊക്കെ നല്ല നിലവാരമുള്ള കളിക്കാരായിരുന്നു.ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ ആത്മവിശ്വാസം ഉണ്ടായിരുന്നവർ.എന്നിട്ടും അവരെന്തുകൊണ്ട് ഇന്ത്യൻ മൈതാനങ്ങളിലൊതുങ്ങിപ്പോയിയെന്നതൊരു അവലോകനാർഹമായ ചോദ്യമാണ്.ഇന്ത്യയിൽ ഫുട്ബോൾ അർഹതക്കനുസൃതമായി വളരാതിരിക്കാൻ കാരണങ്ങൾ ഒരുപാടുണ്ട്. അതിൽ പ്രധാനമായ കാരണങ്ങൾ ഇവയൊക്കെയാണ്..
ഇന്ത്യൻ ഫുട്ബോൾ ഫാൻസ്: ഫുട്ബോളിനെ പറ്റി വാതോരാതെ സംസാരിക്കാൻ നല്ല പോലെ അറിയാമെങ്കിലും ഭൂരിപക്ഷം ഇന്ത്യൻ ഫുട്ബോൾ പ്രേമികളും ഇന്ത്യൻ ഫാൻസല്ല എന്നതാണ് സത്യം.രാജ്യത്തിന്റെ യുവത ഒരു പറ്റം യൂറോപ്യൻ ക്ലബ്ബുകളുടെ കടുത്ത ആരാധകരാണ്. നമ്മുടെ ഫേവറൈറ്റ് ക്ലബ്ബിന്റെ ഫസ്റ്റ് ടീമും സെക്കന്റ് ടീമും എന്തിന് യൂത്ത് അക്കാദമി പ്ലയേർസിനെ വരെ അറിയാവുന്ന നമ്മളിൽ കുറച്ചു പേർക്കെങ്കിലും ഇന്ത്യൻ ഫുട്ബോൾടീമിന്റെ സ്റ്റാർട്ടിംഗ് ഇലവനിലെ കളിക്കാരുടെ പേരെങ്കിലുമറിഞ്ഞാലത്ഭുതം.ഇതൊരു തരം പ്രതീക്ഷയില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്ന് ആർക്കും മനസിലാക്കാം.

367087-logo-aiff-700

ക്രിക്കറ്റ് :ഇന്ത്യ ക്രിക്കറ്റിന് അധിക പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്.1950,60 കാലഘട്ടങ്ങളിൽ ഫുട്ബോളിനായിരുന്നു ഇന്ത്യയിൽ ജനപ്രീതി. ഒരു കാലത്ത് ഇന്ത്യ വളരെ നല്ല നിലവാരമുള്ള ഫുട്ബോൾ കളിച്ച രാജ്യമായിരുന്നു.1968 ലായിരുന്നു ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ നിലയിൽ പന്തുതട്ടിയത്. എലോ [ELO] റാങ്കിങ്ങിൽ 48 മതായിരുന്നു ഇന്ത്യ അന്ന്.1950 ലെ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും ഇന്ത്യ കളിച്ചില്ല.എല്ലാ സാമ്പത്തിക സാങ്കേതിക സഹായവും നൽകാമെന്ന് ഫിഫ പറഞ്ഞപ്പോൾ ബൂട്ടണിഞ്ഞ് കളിക്കാൻ തങ്ങൾക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു ഇന്ത്യ. അന്ന് ഇന്ത്യ പറഞ്ഞ കാരണം ഇന്നും ഫുട്ബോൾ ചരിത്രകാരന്മാർ പറഞ്ഞു ചിരിക്കുന്ന ഒന്നാണ്. 1958 ലെ മെൽബണ് ഒളിമ്പിക്സിൽ ഇന്ത്യ നാലാമതായിട്ടായിരുന്നു ഫിനിഷ് ചെയ്തത്.1962 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വിജയിക്കുകയും 1964 ലെ ഏഷ്യൻ കപ്പിൽ റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്തിട്ടുണ്ട്. 1983 ൽ കപിലും സംഘവും ലോകകപ്പ് നേടിയതിനു ശേഷമാണ് ഇന്ത്യക്കാരുടെ ശ്രദ്ധ ക്രിക്കറ്റിലേക്കു തിരിഞ്ഞത്.
പിന്നീടതിൽ മാറ്റമുണ്ടായില്ല.ക്രിക്കറ്റ് അന്നും ഇന്നും അഞ്ചോ ആറോ ടീമുകൾ ആധിപത്യം പുലർത്തി വരുന്ന കോമ്പറ്റിഷൻ കുറഞ്ഞ കളിയായി തുടരുന്നു. പാക്കിസ്ഥാൻ എന്ന രാജ്യത്തോട് ഇന്ത്യക്കാർക്കുള്ള രോഷവും ക്രിക്കറ്റ് സ്നേഹത്തിനു മാറ്റു കൂട്ടിയിട്ടുണ്ട്.
അസൗകര്യങ്ങൾ:ഇന്ത്യയിൽ ഫുട്ബോളിന് വേണ്ടത്ര ശ്രദ്ധ ഇതുവരെ ഒരു സർക്കാരും നൽകിയിട്ടില്ല.മേജർ ടൂര്ണമെന്റുകൾക്കു മുൻപായി സ്പെയിനിലെയും പോർച്ചുഗലിലെയുമെല്ലാം മൂന്നാംകിട ടീമുകളുടെ സ്റ്റേഡിയത്തിൽപോയി പരിശീലനം നടത്തെണ്ടിവരുന്നത് ഇന്ത്യയിലെ അസൗകര്യങ്ങളുടെ ഏറ്റവും വലിയ തെളിവാണ്.ആവശ്യത്തിനനുസരിച്ചു ഗ്രൗണ്ടുകളുണ്ടെങ്കിലും അതൊക്കെ ഉത്സവത്തിനും രാഷ്ട്രീയ പരിപാടികൾക്കും പന്തലുകെട്ടാൻ ഉപയോഗിക്കുന്നു എന്നല്ലാതെ ഫുട്ബോളിന് വേണ്ടി സാങ്കേതികമായി നമ്മൾ ഉപയോഗിക്കുന്നില്ല.ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തികച്ചും രാഷ്ട്രീയ വത്ക്കരിക്കപ്പെട്ട ഒന്നാണ്.ഫുട്ബോളിനെ പറ്റി എന്തെങ്കിലുമൊക്കെ അറിയാവുന്ന ആളുകൾ വിരലിലെണ്ണാവുന്നത്രയുമില്ല എഐഎഫ്എഫിൽ.മറ്റൊരു കാര്യം നമ്മുടെ മെയിൻ സ്ട്രീം മീഡിയകളൊക്കെ കവറേജ് പ്രാധാന്യം ക്രിക്കറ്റിനു കൊടുക്കുന്നതിന്റെ പകുതിപോലും ഫുട്ബോളിന് കൊടുക്കുന്നില്ല എന്നതാണ്.ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റത്തിനെയും ഈ കാര്യത്തിൽ വിമർശിക്കേണ്ടിയിരിക്കുന്നു.ഇന്ത്യൻ എഡ്യൂക്കേഷൻ അക്കാഡമിക് സെന്റേഡാണ്.യൂറോപ്യൻ രാജ്യങ്ങളിലും മറ്റുമെല്ലാം കുട്ടികളെ അവരുടെ ഭൗതിക പഠനത്തിന്‍റെ കൂടെ താല്പര്യമുള്ള കായികമേഖലയിലേക്കുള്ള പരിശീലനം കൂടെ നൽകി ഗ്രാസ് റൂട്ട് ട്രെയിനിങിന്റെ വക്താക്കളാക്കുമ്പോൾ ഇന്ത്യയിലെ രക്ഷിതാക്കളിൽ ബഹുഭൂരിപക്ഷവും കുട്ടികളെ പഠനകാര്യങ്ങൾ പറഞ്ഞുകൊണ്ട് കളിയ്ക്കാൻ പോലും വിടാത്തവരാണ്.പിന്നെ എങ്ങനെയാണു നമുക്കൊരു നല്ല ടീമിനെ തിട്ടപ്പെടുത്തിയെടുക്കാൻ കഴിയുക എന്നു നമ്മൾ സ്വയം വിലയിരുത്തേണ്ടതാണ്.
ഇന്ത്യൻ ഫുട്ബോൾ എന്തുകൊണ്ട് നല്ല നിലവാരത്തിലെത്തുന്നില്ല എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളാണ്.അതിൽ ചില തെറ്റിദ്ധാരണകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.അതിൽ ഒന്നാമത്തതാണ് ഇന്ത്യക്കാർ മറ്റുള്ളവരുടെയത്ര അത്ലറ്റിക് അല്ല എന്ന ശുദ്ധ മണ്ടത്തരം.ഫുട്ബോളിൽ ഒരാളുടെ നീളമോ ശക്തിയോ അല്ല ആവശ്യം.ടെക്നിക്കൽ ഫുട്ബോളിന്റെ കാലമാണിത്.ഇംഗ്ലണ്ടിന് നല്ല മിടുക്കരായ പ്ലയെര്സ് ഉണ്ടായിട്ടും അവർക്ക് ലോകകപ്പ് നേടാൻ കഴിയാത്തതു അവർ പവർ ഫുട്ബോളിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണെന്നു ഫുട്ബോൾ ലേഖകർ വിലയിരുത്തുന്നു.അതേ സമയം ടെക്നിക്കൽ ഫുട്ബോളിന്റെ വക്താക്കളായ സ്പെയിൻ തുടരെ തുടരെ വിജയിക്കുന്നതായും നമുക്കു കാണാവുന്നതാണ്.മറ്റൊരു കാര്യം ഇന്ത്യയിലെ കാലാവസ്ഥ ചൂട്കൂടിയതായതുകൊണ്ടാണ് നമുക്ക് ഫുട്ബോളിൽ ഉയർച്ചയിലെത്താൻ പറ്റാത്തതെന്ന വാദമാണ്.കാലാവസ്ഥ ഒരു പ്രശ്നമാണ് ഫുട്ബോളിനെങ്കിൽ ഏറ്റവും ചൂടുകൂടിയ ഭൂഖണ്ഡമായ ആഫ്രിക്കയിൽ നിന്നും ഒരൊറ്റ ടീമും ലോകകപ്പിൽ ഉണ്ടാവില്ലായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവ് ഇന്ത്യൻ ഫുട്ബോളിന് ഒരുണർവ് നൽകിയിട്ടുണ്ടെന്നതിൽ തർക്കമില്ല.രണ്ടുമാസും നീളമുള്ള ഐ എസ്‌ എൽ സീസണിൽ നമ്മൾ കാണിക്കുന്ന ആവേശം എന്നും കാണിച്ചാൽ ഇന്ത്യൻ ഫുട്ബോളിനതൊരു മുതൽക്കൂട്ടാകും.ലോക്കൽ സപ്പോർട്ട് എന്നത് ഏതൊരു ടീമിനുമനിവാര്യമായ കാര്യമാണ്.ഇന്ത്യൻ ഫുട്ബോൾ ടീം പ്രതീക്ഷിക്കുന്ന സപ്പോർട്ട് ഫാൻസിനു കൊടുക്കാൻ കഴിഞ്ഞാൽ ടീമിനതൊരു പ്രചോദനമാവും.ഫുട്ബോൾ അസോസിയേഷനും പ്രൈവറ്റ് സ്‌പോൺസേഴ്സും കൈകോർത്തുകൊണ്ട് ഗ്രാസ്റൂട്ട് ട്രെയിനിങ് മുതൽ ചിട്ടയായി കളിക്കാരെ വളർത്തിക്കൊണ്ട് വരാൻ പ്രാപ്തിയുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയും നല്ല കോച്ചുകളെ ഏർപ്പെടുത്തി കൂടുതൽ കോംപ്റ്റിറ്റിവ് ആയിട്ടുള്ള മാച്ചുകൾ കളിപ്പിച്ചു പരിശീലിപ്പിക്കുകയും ചെയ്താൽ തന്നെ ഇന്ത്യൻ ഫുട്ബോളിന്‍റെ നിലവാരത്തിൽ ഗണ്യമായ മാറ്റം ഉണ്ടാക്കിയെടുക്കാൻ കഴിയും.അണ്ടർ 17 വേൾഡ് കപ്പ് അടുത്തവർഷം ഇന്ത്യയിൽ നടക്കുന്നത് കൊണ്ട് ആതിഥേയരെന്ന നിലക്ക് ഇന്ത്യൻ ടീമിനും ലോകകപ്പിൽ കളിക്കാൻ കഴിയും. അതിൽ നമ്മുടെ അഭിമാനം കാത്തുസൂക്ഷിക്കാനെങ്കിലും നമ്മുടെ ഗവണ്മെന്റും ഫുട്ബോൾ ഫെഡറേഷനും ഫുട്ബോളിന്‍റെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധ ചെലുത്തുമെന്ന പ്രതീക്ഷ കൈവിടുന്നില്ല.

 

ന്യൂഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ സൈക്കോളജിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ലേഖകൻ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര  സ്വദേശിയാണ്.

Be the first to comment on "ഇന്ത്യൻ ഫുട്ബോൾ: ശ്രദ്ധിക്കപ്പെടേണ്ട ചില സത്യങ്ങൾ."

Leave a comment

Your email address will not be published.


*