ഹെഫ; നമ്മുടെ കലാലയങ്ങളെ വിൽക്കാൻ വെച്ചിരിക്കുകയാണോ?

റിപ്പോർട് – അർഷാദ് എ വി 

 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ഫണ്ട് കണ്ടെത്താൻ ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജൻസിക്കു(ഹെഫ) കേന്ദ്ര മന്ത്രിസഭ അനുമതി നല്കിയതായി മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു.2000 കോടി മൂലധനത്തോടെയാണ് ഏജൻസി പ്രവർത്തിക്കുക.ഇതിൽ 51 ശതമാനം ഓഹരി കേന്ദ്രസർക്കാരിന്റേതായിരിക്കും.സ്വകാര്യ വിപണികളിൽ നിന്നോ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ 8% പലിശയോടുകൂടെയായിരിക്കും മൂലധനം സമാഹരിക്കുന്നത്.
ആദ്യഘട്ടത്തിൽ 20000 കോടി രൂപ സ്വരൂപിക്കലാണ് ലക്ഷ്യം.ഇന്ത്യയിലെ പ്രശസ്തമായ ഐഐഎം ,ഐ ഐ ടി തുടങ്ങി മറ്റു കേന്ദ്ര സർവ്വകലാശാലകൾക്കുമായിരിക്കും ഈ ഏജൻസിയിൽ നിന്നും സഹായം ലഭിക്കുക.സഹായം ലഭിക്കുന്ന സർവ്വകലാശാലകൾ 10 വര്ഷക്കാലയളവിനുള്ളിൽ പണം തിരിച്ചടക്കണമെന്നും വ്യവസ്ഥയിൽ പറയുന്നു.സഹായമായി ലഭിക്കുന്ന പണം അതാതു സർവ്വകലാശാലകൾ പലിശയോടുകൂടെ തിരിച്ചടക്കേണ്ടിവരുമ്പോൾ അതേറ്റവും കൂടുതൽ ബാധിക്കുക വിദ്യാർത്ഥികളെയായിരിക്കും.സ്വയം ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫീസ് കൂട്ടുക. എന്നല്ലാതെ മറ്റു മാർഗങ്ങൾ കണ്ടെത്താൻ സർവകലാശാലകൾക്ക് കഴിഞ്ഞെന്നു വരില്ല.ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നും സർക്കാർ പിന്മാറുന്നതിന്‍റെ ആദ്യ പടിയാണിത്.വിദ്യാഭ്യാസത്തെ വിപണികേന്ദ്രീകൃതമാക്കാനും പൂർണമായും സ്വകാര്യവത്ക്കരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിതിനെ വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന വിദ്യാർത്ഥികളെയാണ് ഇത് കൂടുതലായും ബാധിക്കുക.പൊതുബഡ്ജറ്റിലാണ് ആദ്യമായി ഇങ്ങനൊരാശയം ധനകാര്യമന്ത്രി ജെയ്റ്റലി പാർലമെന്റിനെ അറിയിച്ചത്.പക്ഷേ ഏതു രീതിയിലായിരിക്കും ഏജൻസി പ്രവർത്തിക്കുക എന്നത് അന്ന് വിശദീകരിച്ചിരുന്നില്ല.പൊതുവിദ്യാഭ്യാസം മൗലികാവകാശമായി നിലനിൽക്കുന്ന ഈ രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിൽ കാതലായ മാറ്റം കൊണ്ടുവരുന്ന ഈ നിയമം പാസ്സാക്കുമ്പോൾ പാലിക്കേണ്ട പല മര്യാദകളും ഈ നിയമം പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട പാലിച്ചിട്ടില്ല.പ്രതിപക്ഷവുമായോ വിദ്യാഭ്യാസ വിദഗ്ധരുമായോ ഈ വിഷയത്തിൽ യാതൊരു ചർച്ചകളും നടന്നിട്ടില്ല എന്നത് തികച്ചും ദൗർഭാഗ്യകരമാണ്.

ഈ നിയമം കോർപ്പറേറ്റുകളെ സഹായിക്കുന്ന സർക്കാർ നിലപാടിന്റെ ഭാഗമായിത്തന്നെ കണക്കാക്കാം…പൊതു വിദ്യാഭ്യാസത്തിൽ മാതൃകാപരാമായ നേട്ടം കൈവരിച്ചവരാണ് നമ്മുടെ അയൽരാജ്യങ്ങളായ ചൈനയും ബംഗ്ലാദേശുമൊക്കെ.ജിഡിപി യുടെ അഞ്ചുശതമാനത്തോളമാണ് ചൈന വിദ്യാഭ്യാസത്തിനുവേണ്ടി ഉപയോഗിക്കുന്നത്.എന്നാൽ ഇന്ത്യ ഇതിന്റെ രണ്ടുശതമാനത്തോളം തുകമാത്രമേ ഉപയോഗിക്കുന്നുള്ളൂ.അധികാരത്തിലെത്തും മുൻപ് പ്രകടനപത്രികയിൽ ജി ഡി പി യുടെ ആറുശതമാനത്തോളം വിദ്യാഭ്യാസത്തിനുവേണ്ടി ചിലവഴിക്കും എന്നു ബിജെപി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഈ തീരുമാനത്തോടെ ചവറ്റുകൊട്ടയിലാവുകയാണ്.മൗലികാവകാശമായ വിദ്യാഭ്യാസം എന്നും സാമൂഹികനീതി ഉറപ്പുവരുത്തുന്നതായിരിക്കണം.ഈ ഒരു തീരുമാനം മൗലികാവകാശങ്ങൾക്കെത്രത്തോളം കോട്ടം വരുത്തുന്നതാണെന്നു നമ്മൾ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

 

ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ് അർഷാദ് എ വി 

Be the first to comment on "ഹെഫ; നമ്മുടെ കലാലയങ്ങളെ വിൽക്കാൻ വെച്ചിരിക്കുകയാണോ?"

Leave a comment

Your email address will not be published.


*