ബിരിയാണി’യിൽ മരിച്ച എഴുത്തുകാരൻ ‘സലഫിസ’ത്തിൽ തിരിച്ചെത്തുമ്പോൾ

 

മുഹമ്മദ് സാബിത് കെ.

ജെ എൻ യുവിലെ ചുവർ ചിത്രങ്ങൾ എന്ന പുസ്തകം നൽകി ഷാജഹാൻ മാടമ്പാട്ടിനെ ആദ്യമായി വായിക്കാൻ നിർദ്ദേശിക്കുന്നത് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ജേർണലിസം വിദ്യാർത്ഥിയായ സുഹൃത്ത് മുഹമ്മദലി ജൗഹറാണ്. അതിനു മുമ്പ് അവിടവിടെയായി ഷാജഹാൻ എഴുതിയ കുറിപ്പുകൾ യാദൃശ്ചികമായി വായിച്ചിരുന്നെങ്കിലും ഗൗരവത്തോടെ ശ്രദ്ധിക്കാൻ തുടങ്ങിയത് അതിനു ശേഷമാണ്. എ ജെ ജയറാം എഴുതിയ ആ പുസ്തകത്തിന്റെ ഒരു റിവ്യൂ മുമ്പ് രിസാല വാരികയിൽ വായിസിച്ചിരുന്നു. ലിബറൽ മുസ്ലിം, പൊതു ബുദ്ധിജീവി എന്നൊക്കെ പരിചയപ്പെടുത്തിയാണ് ഷാജഹാന്റെ പുസ്തകം ജൗഹർ തന്നത്. കൗതുകമെന്നു പറയട്ടെ, പുസ്തകം വായിച്ച ശേഷം ജൗഹറിനോട് ഞാൻ ആദ്യം തന്നെ ചോദിച്ചത് ഷാജഹാൻ മാടമ്പാട്ട് സലഫിക-ളിലെ മടവൂർ വിഭാഗം അനുഭാവിയാണോ എന്നാണ്. ചെറുപ്പം മുതലേ കേരളത്തിലെ സലഫി സുന്നി സംവാദങ്ങൾ ശ്രദ്ധിച്ച ഒരാളെന്ന നിലയിലും സലഫികൾക്കെതിരെ 1960-80 കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തിയ ഇ. കെ ഹസ്സൻ മുസ്‌ലിയാരുടെ (സമസ്തയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ സഹോദരൻ) ജീവ ചരിത്രം തയ്യാറാക്കുന്നതിൽ പങ്കെടുത്ത ഒരാൾ എന്ന നിലയിലും കേരളത്തിലെ സലഫീ പ്രവർത്തന രീതികളെക്കുറിച്ച് സൂക്ഷമമായ ചില ധാരണകൾ രൂപപ്പെടുത്താൻ എനിക്ക് കഴിഞ്ഞിരുന്നു. അതിനാൽ തന്നെ, അഞ്ചാറു വർഷങ്ങൾക്ക് മുമ്പ് അത്തരമൊരു ചോദ്യമുന്നയിക്കാൻ എനിക്ക് പലകാരണങ്ങളുണ്ടായിരുന്നു.ഒന്നര വർഷം മുമ്പ് ഇഫ്ലുവിൽ ഗവേഷക വിദ്യാർത്ഥിയായ സുഹൃത്ത് കെ ടി ഹാഫിസിനോട് ഒരു ഫേസ്ബുക് ചർച്ചയിലും ഞാൻ ഇതേ കാര്യം ഉന്നയിക്കുകയുണ്ടായി. കുറച്ചുകാലമായി ഫേസ്ബുക്കിൽ സജീവമല്ലാതിരുന്ന എനിക്ക് ഷാജഹാന്റെ, താൻ സലഫി സഹയാത്രികനും സലഫിസം കേരള മുസ്ലിംകൾക്കിടയിൽ പുരോഗമനം കൊണ്ടുവരുമെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നുവെന്നും പറയുന്ന പുതിയ ഫെയ്സ്ബുക് പോസ്റ്റ് സഹപാഠിയായ സാലിം ചിറ്റിലഞ്ചേരി കാണിച്ചു തന്നപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള എന്റെ ധാരണകൾ ശരിയായിരുന്നല്ലോ എന്നതിലെ സന്തോഷവും സലഫിസം ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധി നേരിടുന്ന ഈ സന്ദർഭത്തിലും വ്യംഗ്യമായെങ്കിലും തന്റെ യഥാർത്ഥ സ്വത്വം വെളിപ്പെടുത്താൻ കാണിച്ച സത്യസന്ധതയിൽ അദ്ദേഹത്തോട് മനസ്സിൽ ആദരവും തോന്നി.
ഇത്തരമൊരു ആമുഖമെഴുതാൻ ഒരു കാരണമുണ്ട്. കെ പി ജമാൽ എഴുതി, നാരദാ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനം നാരദയുടെ വെബ് പേജിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതിന് ശേഷം ജമാൽ ലേഖനം തന്റെ ഫേസ്ബുക്ക് നോട്ടിൽ പ്രസദ്ധീകരിസിച്ചിരുന്നു. പ്രസ്തുത ലേഖനം ഡിലീറ്റ് ചെയ്യാൻ നാരദ പറഞ്ഞ കാരണങ്ങൾ വേറെ തന്നെ ചർച്ച ചെയ്യേണ്ടതാണ്. അപര നാമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക നാരദയുടെ പോളിസിക്കെതിരാണ്, വ്യക്തിപരമായ പരാമർശങ്ങൾ ആ ലേഖനത്തിലുണ്ട് എന്നിവയാണ് ലേഖനം ഡിലീറ്റ് ചെയ്യാൻ നാരദ മേധാവി മാത്യു സാമുവൽ പുറമേക്ക് പറഞ്ഞകാരണങ്ങൾ. ഇത് രണ്ടും ശരിയല്ലെന്ന് മാത്യു സാമുവലിന്റെയും നാരദയുടെയും ചരിത്രം അറിയാവുന്ന ആർക്കും മനസ്സിലാകും. ആൾമാറാട്ടം നടത്തി വിവരങ്ങൾ ശേഖരിക്കുന്ന സ്റ്റിങ് ജേർണലിസം വിദഗ്ദനായാണ് സാമുവലിന്റെ കുറിച്ചുള്ള ലേഖനങ്ങളിലും അഭിമുഖങ്ങളിലും അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. നാരദ തന്നെ തുടങ്ങിയത് പശ്ചിമ ബംഗാളിലെ ഇത്തരമൊരു ആൾമാറാട്ട ഓപ്പറേഷൻ നടത്തിയാണ്. ഇനിയും അത്തരം കാര്യങ്ങൾ തുടരാൻ നാരദക്കു പദ്ധതിയുണ്ടെന്ന് സാമുവൽ പറയുന്നുമുണ്ട്. അതായത്, ആൾമാറാട്ടം മുഖ്യ പ്രവർത്തന മാർഗമായി കരുതുന്ന ഒരാൾക്ക്, അതിലൂടെ ജേർണലിസത്തിൽ കരിയർ ഉണ്ടാക്കിയ ഒരാൾക്ക്, ഇനിയും ഉണ്ടാക്കും എന്നു പറയുന്ന ഒരാൾക്ക് പറയാൻ നൈതികമായി അവകാശമുള്ള ഒരു കാരണമാണോ സലഫികളുടെ വി ടി ബൽറാം എന്ന ലേഖനം ഒഴിവാക്കാൻ സാമുവൽ പറഞ്ഞത് എന്നു അദ്ദേഹം തന്നെ ആലോചിക്കുന്നത് നന്നായിരിക്കും. ജമാലിന്റെ ലേഖനം ഡിലീറ്റ് ചെയ്തതിനു ശേഷവും വ്യക്തിപരമായി ആളുകളെയും, പ്രദേശങ്ങളെയും കൂട്ടായ്മകളെയും അധിക്ഷേപിക്കുന്ന വാർത്തകളും ലേഖനങ്ങളും മാത്രമല്ല, അപരനാമം ഉപയോഗിച്ചുകൊണ്ടുള്ള ലേഖനങ്ങൾ തന്നെയും നാരദയിൽ വന്നിട്ടുണ്ട്. അപ്പോൾ പറയപ്പെട്ട രണ്ടു കാരണങ്ങളും വസ്തുതാപരമായി തന്നെ ശരിയല്ല. പിന്നെ എന്തുകൊണ്ട് ആ ലേഖനം മാത്രം ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം സലഫികൾക്കു മുഖ്യധാരാ മാധ്യമങ്ങളിലുള്ള പിടിപാടിൽ വേണം ചികയാൻ. കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ജനസംഖ്യാനുപാതികമായി വളരെ കുറവാണെങ്കിലും മാധ്യമങ്ങളിൽ സലഫി വാർത്തകൾക്കു വലിയ പ്രാധാന്യമാണ് ലഭിക്കാറുള്ളത്. പ്രാദേശിക പരിപാടികൾക്ക് പോലും പൊതുവാർത്തകൾ നൽകുന്ന ജനറൽ പേജിൽ ഇടം പിടിക്കാൻ സലഫികളോളം ഭാഗ്യം മറ്റൊരു മുസ്ലിം സംഘടനക്കും ലഭിച്ചിട്ടില്ല. മാധ്യമ പ്രവർത്തന രംഗത്തും പബ്ലിക് റിലേഷൻ വർക്കിലും പ്രൊഫഷണൽ സമീപനം പുലർത്തുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് പോലും ഈ സൗകര്യം ലഭിക്കാറില്ല. വിവിധ ഗൾഫ് രാജ്യങ്ങളിൽ എഡിഷനുകൾ ഉള്ള പത്രങ്ങളാണെങ്കിൽ ഇക്കാര്യം പറയുകയും വേണ്ട. ഗൾഫ് രാജ്യങ്ങളിലെ മതകാര്യ പോലീസിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് മലയാള പത്രങ്ങളെ വരുതിക്ക് കൊണ്ടുവരാൻ ശ്രമിച്ച നിരവധി ഉദാഹരണങ്ങൾ ഉണ്ട്. പത്രങ്ങൾ തമ്മിലുള്ള മത്സരത്തിലും ഇത്തരം ഇടപെടലുകൾ വലിയ പങ്കു വഹിക്കാറുണ്ട്. സഊദിയിൽ തങ്ങളുടെ പത്രത്തിന് എഡിഷൻ തുടങ്ങുന്നതിനു തടസ്സം നിന്ന ഒരു സലഫീ പ്രവർത്തകനെ നാട്ടിൽ നിന്ന് എയർപോർട്ടിലേക്ക് പോകുന്ന വഴിയേ പ്രസ്തുത പത്രത്തിന്റെ പ്രവർത്തകർ നാട്ടിൽ വെച്ച് ആക്രമിച്ച സംഭവം വരെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പത്രത്തിന് എഡിഷനുകളോ ഓഫീസുകളോ തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാളും പേടിക്കുന്ന ഒന്നാണ് നാട്ടിലും മറു നാട്ടിലും ഉള്ള സലഫികളുടെ ഈ പിടിപാട്. ഇക്കഴിഞ്ഞ പെരുന്നാളിന് പോലും കേരളത്തിലെ ഏറ്റവും സർക്കുലേഷൻ ഉള്ള രണ്ടു പത്രങ്ങളും പ്രധാന ലേഖനമായി നൽകിയത് രണ്ടു സലഫികളുടേതു ആണ്. അതും സലഫികൾ ഏറ്റവുമധികം വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത്‌. പ്രതിസന്ധി നേരിടുമ്പോൾ എല്ലാം സലഫികളെ രക്ഷിച്ചെടുക്കാനുള്ള മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഉത്സാഹത്തിന്റെ ഭാഗമായേ നാരദയിലെ ലേഖന ഉന്മൂലന സിദ്ധാന്തത്തെയും കാണാനാകൂ.

0304samuel3

മാത്യു സാമുവേൽ

asharaf

അഷ്റഫ് കടക്കൽ

പറഞ്ഞു വന്നത്, സലഫികളുടെ ബൽറാം എന്ന ലേഖനം ഉയർത്തിയ ചോദ്യങ്ങൾ മൗലാനാ ആസാദ് സർവകലാശാലയിൽ ഗവേഷകനായിരുന്ന ജമാലിനോ, ഫ്രയ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന നുഐമാനോ മാത്രം ഉന്നയിക്കാൻ കഴിയുന്ന വലിയ ചോദ്യങ്ങളാണ് എന്ന് ഞാൻ കരുതുന്നില്ല എന്ന് എന്റെ വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനാണ്. പൊതുമണ്ഡലം ആഘോഷിക്കുന്ന മുസ്ലിം ബുദ്ധിജീവികളുടെ സലഫി ആഭിമിഖ്യത്തെ പറ്റി സുന്നി പ്രസിദ്ധീകരണങ്ങളിലും ഫേസ്ബുക്കിൽ തന്നെയും പല രീതിയിൽ പലരും എഴുതിയതായി എന്റെ തന്നെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ഷാജഹാന്റെ പുസ്തകത്തിനു വര്ഷങ്ങള്ക്കു മുമ്പ് എ ജെ ജയറാം എഴുതിയ റിവ്യൂവിൽ ഇക്കാര്യം വേറൊരു രീതിയിൽ ചോദിക്കുന്നുമുണ്ട്. അലീഗഢ് മുസ്ലിം സർവ്വകലാശാലയെയും ജാമിഅ മില്ലിയ ഇസ്‌ലാമിയയെയും അപരവത്കരിച്ചു കൊണ്ട് ജെ എൻ യു വിനു ഷാജഹാൻ നൽകുന്ന നവോഥാന പരിവേഷത്തിന്റെ ആശയ സ്രോതസ്സ് എവിടെയാണ് എന്നാണു ആ ലേഖനത്തിൽ ജയറാം ചോദിച്ചത്.
ജമാൽ കെ പി തൻറെ ലേഖനത്തിൽ ഉന്നയിക്കുന്ന വാദങ്ങൾ ഇത്രയുമാണ് 1, ഷാജഹാന് ഒരു സലഫീ ഭൂതകാലവും അവരോടു പ്രത്യേകിച്ച് അതിലെ മടവൂർ വിഭാഗത്തോട് അനുഭാവവും ഉണ്ട് 2, ഈ ഭൂതകാലത്തെ, സലഫിസത്തോടുള്ള അനുഭാവപൂർണ്ണമായ പരിചരണത്തെ എത്രശ്രമിച്ചിട്ടും ഷാജഹാന് കയ്യൊഴിക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ചും കേരളത്തിലെ മുസ്ലിംകളെ കുറിച്ച് നിലപാടെടുക്കുമ്പോൾ ഇവിടുത്തെ മുസ്ലിംകളിലെ സംഘടനാ കെട്ടുപാടുകളിൽ നിന്ന് മോചിതനാവാൻ അദ്ദേഹത്തിന് കഴിയുന്നില്ല 3 ,ഇത് ഷാജഹാന്റെ മാത്രം പ്രശ്നമല്ല, കേരളത്തിലെ മുസ്ലിം വിമർശകരിൽ പലരുടേതും കൂടിയാണ്. കേരളത്തിലെ മുസ്ലിംകൾക്കിടയിലെ ഉൾപ്പിരിവുകളെ കുറിച്ച് ധാരണയുള്ള, അവർക്കിടയിലെ സംവാദങ്ങൾ ശ്രദ്ധിക്കുന്ന ഒരാൾക്ക് ഷാജഹാന്റെ എഴുത്തുകളും നിലപാടുകളും വായിക്കുമ്പോൾ സ്വാഭാവികമായും തോന്നിയേക്കാവുന്ന ഈ വാദങ്ങൾ ഉന്നയിക്കുന്ന ഒരു ലേഖനത്തിന്റെ ഉടമയെ കുറിച്ചുള്ള ചർച്ചകൾ പ്രസ്തുത ലേഖനം പറയാൻ ശ്രമിക്കുന്ന കാര്യങ്ങളെ കൂടുതൽ ദൃഢീകരിന്നുണ്ടോ എന്നതാണ് ഇപ്പോൾ ചോദിക്കേണ്ടത് എന്ന് തോന്നുന്നു . മുസ്ലിം സംഘടനകൾക്ക് പുറത്തു`നിൽക്കുന്നു എന്നവകാശപ്പെടുന്ന, ലിബറൽ മുഖം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്ന ഷാജഹാന് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ഒരു ലേഖനത്തിന്റെ കർത്താവും അദ്ദേഹത്തിന്റെ മത /സംഘടനാ പശ്ചാത്തലവും, എന്തുകൊണ്ടാണ്, എങ്ങനെയാണ് പ്രധാനമാവുന്നത്?. അതിൽ പരാമർശിക്കപ്പെട്ട വിഷയങ്ങൾക്ക് മറുപടി നൽകുന്നതിനു പകരം സലഫി ഭൂതകാലമുള്ള (വർത്തമാന കാലവുമുള്ള) ഷാജഹാന് ഇന്ന സംഘടനയിലുള്ള\ ഇന്ന മുസ്ലിം പശ്ചാത്തലമുള്ള ആളാകുമ്പോൾ ഇന്നതൊക്കെ പറയാം എന്ന് ചിന്തിക്കുന്നത് കൊണ്ടായിരിക്കുമോ ഇത് സംഭവിക്കുന്നത്? ഷാജഹാന്റെയും തന്റെ മടവൂർ വിഭാഗം സലഫീ സുഹൃത്തുക്കളുടെയും ലേഖന കർത്താവിനെ കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിയിൽ എഴുത്തുകാരന് യാതൊരു അധികാരവുമില്ല എന്നൊക്കെയുള്ള ഉത്തരാധുനിക വ്യവഹാരങ്ങൾക്കിപ്പുറത്ത് നിന്ന് കൊണ്ട് എന്നതിനേക്കാൾ സുന്നിയായ ഒരാൾ എന്ന നിലയിലാണ് എനിക്ക് രസകരമായി തോന്നിയത്. കാരണം സലഫികളുടെ അടിസ്ഥാന വാദങ്ങളിൽ ഒന്ന്, പറയുന്നത് ആര് എന്നല്ല, എന്താണ് പറയുന്നത് എന്ന് നോക്കി വേണം തീരുമാനമെടുക്കാൻ എന്നാണു. കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിൽ ഒരാളായ കെ ഉമർ മൗലവിയുടെ ആത്മകഥയിൽ നിറയെ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത് കാണാം. മദ്ഹബിന്റെ (ഇസ്‌ലാമിലെ വ്യത്യസ്ത കർമ്മ ശാസ്ത്ര ധാരകളുടെ) ഇമാമുമാരുടെ പല തീരുമാനങ്ങളും സലഫികൾ തള്ളിക്കളഞ്ഞത് ഈ വാദം ഉയർത്തിയാണ്. ജമാലിന്റെ ലേഖനത്തെ ചൊല്ലിയുള്ള ഷാജഹാന്റെയും മടവൂർ വിഭാഗം സലഫീ പ്രവർത്തകരുടെയും അഭിപ്രായപ്രകടനങ്ങൾ ഈ സലഫി ഉസൂലിനെ തള്ളിക്കളയുന്നു എന്നത് കൗതുകകരമായി തോന്നി. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിൽ മരിച്ചു എന്നു പറഞ്ഞ ആ ഓതർ, സലഫിസത്തിൽ എത്തുമ്പോഴേക്കും തിരിച്ചു വന്നു ഏന് കാണുമ്പോൾ ഈ കൗതുകം ഇരട്ടിക്കുന്നു.
ഒരു സൃഷ്ടിയുടെ കർത്താവിന് അതിൽ തന്റെ യാഥാർത്ഥ പേര് തന്നെ എഴുതിയിരിക്കണമെന്നു ഷാജഹാന് നിർബന്ധമുണ്ടാകുന്നത് തന്നെ വിമർശിച്ചു കൊണ്ടുള്ള ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. വളരെ കുറച്ചു മാത്രം എഴുതിയിട്ടുള്ള എനിക്ക് ഞാൻ മുൻകയ്യെടുത്ത് പ്രസിദ്ധീകരിച്ച മാഗസിനിൽ പല കാരണങ്ങൾ കൊണ്ടും പല പേരുകളിൽ എഴുതേണ്ടി വന്നിട്ടുണ്ട്. പ്രശസ്തി ആഗ്രഹിക്കാതിരുന്ന മുൻകാല ഇമാമുകളിൽ പെട്ട പലരും തങ്ങളുടെ പേര് മറച്ചു വെച്ചാണ് എഴുതിയതു. അത്തരം കിതാബുകൾ കേരളത്തിലെ പള്ളി ദർസുകളിൽ പഠിപ്പിക്കുന്നുണ്ട്. കേരളത്തിലെ തന്നെ മുസ്ലിംകൾക്കിടയിൽ അറബി മലയാളത്തിൽ എഴുതപ്പെട്ട പല കൃതികൾക്കും ലേഖകൻ ഇല്ല തന്നെ. ഇത്തരം അനുഭവം ധാരാളം എഴുതിയിട്ടുള്ള ഷാജഹാനും സുഹൃത്തുക്കൾക്കുമെല്ലാം ഉണ്ടാകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. ഗ്രന്ഥകാരന്റെ അപരനാമമോ തൂലികാ നാമമോ ഒന്നുമില്ലാതെ മലയാളത്തിൽ തന്നെ അക്കാദമിക ഗ്രന്ഥങ്ങൾ വരെ ഇറങ്ങുന്ന കാലത്താണ് ഷാജഹാനെ പോലെയുള്ള ഒരാളോട് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത് എന്നതിൽ ഖേദമുണ്ട്.

ek-hassan-musliyar

ഇ കെ ഹസ്സൻ മുസ്‌ലിയാർ

abdul_rahiman_malayali_freedom_fighter

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

മാത്യു സാമുവലിന്റെ വിശദീകരണം കണ്ടില്ലേ, അദ്ദേഹം ആരാണെന്നറിയാമോ എന്നൊക്കെയുള്ള ഷാജഹാന്റെ പറച്ചിൽ വിമർശനാത്മകമായി ചിന്തിക്കാനുള്ള ഷാജഹാന്റെ കഴിവില്ലായ്മയെയാണ് കാണിക്കുന്നത് എന്നാണു എനിക്ക് തോന്നിയത്. ഒരു മാധ്യമ മുതലാളി പറയുന്നത് എല്ലാവരും വിശ്വസിച്ചു കൊള്ളണം എന്നൊക്കെ ഈ നൂറ്റാണ്ടിൽ ഏതു സ്വതന്ത്ര ചിന്തകനാണ് പറയാൻ കഴിയുക?. ഇനി പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം വിശ്വാസ്യതയുള്ള ഒരു മാധ്യമ പ്രവർത്തകനാണോ മാത്യു സാമുവേൽ?. തെഹൽക്കയിലും പിന്നീട് നാരദയിൽ തന്നെയും ജോലി ചെയ്ത ആദ്ദേഹത്തിന്റെ സഹപ്രവർത്തകാരായ ആളുകൾ എഴുതിയ നിരവധി അനുഭവങ്ങൾ ഓൺലൈനിലും മറ്റും ഇപ്പോൾ ലഭ്യമാണ്. ബീഹാറിൽ നടത്തിയ ഒളികാമറ ഓപ്പറേഷൻ പൂഴ്ത്തിവെച്ചത് മുതൽ, ഗോവയിലെ റബ്ബർ പ്ലാന്റേഷൻ വാർത്തയിലെ ഒളിച്ചുകളികൾ വരെയുള്ള നിരവധി ആരോപണങ്ങൾ അങ്കുഷ് വൽസി നെ പോലുള്ള പഴയ സഹപ്രവർത്തകർ സാമുവലിനെതിരെ ഉന്നയിക്കുന്നുണ്ട്. ഇതൊക്കെയും വായിക്കുന്നവരോടാണ്, ആരാ പറഞ്ഞത് എന്നറിയാമോ എന്നൊക്കെ ഒരു ലിബറൽ ചിന്തകൻ ചോദിക്കുന്നത്. നാരദയിൽ ലേഖനം പ്രസിദ്ധീകരിച്ച ഉടനെ താൻ പബ്ലിക് റിലേഷൻ ഓഫീസറല്ല, മാധ്യമ ഉപദേശകനാണ് എന്നു ജമാലിനോട് പറയണം എന്നു ആവശ്യപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് എഴുതിയിരുന്നു. പിന്നീട് അദ്ദേഹം തന്നെ അതു ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഒരു ഭരണ കൂടത്തിന്റെ മാധ്യമ ഉപദേശകനും അവിടുത്തെ പബ്ലിക് റിലേഷൻ ഓഫീസറും തമ്മിൽ വല്ല വ്യത്യാസവും ഉണ്ടോ എന്നറിയാൻ ജേർണലിസത്തിൽ ഒരു ഡിപ്ലോമയുടെ പോലും ആവശ്യമില്ല. ബറക ദത്തും നീര റാഡിയയുമൊക്കെ ഈ നാട്ടുകാർ തന്നെ ആയിരുന്നല്ലോ.
എന്നാൽ ഷാജഹാൻ ഇതിന്റെ “ഒറിജിനൽ” ഓതറായി ആരോപിക്കുന്ന നുഐമാനെ എനിക്ക് പരിചയം സുന്നി പ്രസിദ്ധീകരണങ്ങളിൽ എഴുതുന്ന, തന്റെ ഗവേഷണ പ്രവർത്തനങ്ങളിൽ ഉൾപ്പടെ പലപ്പോഴും പൊതു ഇടങ്ങളിൽ തന്റെ സുന്നി സ്വത്വം വെളിപ്പെടുത്തിയ വ്യക്തി എന്ന നിലയിലാണ്. അത്തരമൊരു വ്യക്തിക്ക് നേരിൽ പറയാൻ കഴിയാത്തതെന്തെങ്കിലും ആ ലേഖനത്തിലുണ്ട് എന്ന് നുഐമാനെ വായിച്ച\വായിക്കുന്ന എനിക്ക് തോന്നീട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് താനുന്നയിക്കാൻ ആഗ്രഹിച്ചിരുന്ന, താൻ എപ്പോഴെങ്കിലും ചോദിക്കുമായിരുന്ന ചോദ്യങ്ങളാണ് ജമാൽ ചോദിച്ചത് എന്ന് പറയാൻ കഴിയുന്നത്. ഇങ്ങനെയുള്ള ഒരാൾക്ക് ഈ ചോദ്യങ്ങൾ ചോദിക്കാൻ മുഖമൂടി ധരിക്കേണ്ട ആവശ്യം ഉണ്ടോ എന്നറിയാൻ കൗതുകമുണ്ട്. നുഐമാൻ ധരിച്ചു എന്ന് ഷാജഹാൻ നിരന്തരം ആരോപിച്ചുകൊണ്ടിരിക്കുന്ന മുഖം മൂടി കാലങ്ങളായി അറിയാതെയോ അറിഞ്ഞോ ഷാജഹാനും മറ്റു മുസ്ലിം വിമർശകരും തങ്ങളുടെ സലഫി സ്വത്വം മറച്ചു വെക്കാൻ ഉപയോഗിച്ച മുഖംമൂടിയെക്കാൾ മോശമായതായിരിക്കില്ല എന്നതാണ് എന്റെ തോന്നൽ.
സുന്നികളെ കുറിച്ച് പൊതുമണ്ഡലത്തിൽ സലഫികൾ നിർമ്മിച്ചെടുത്ത സ്റ്റീരിയോടൈപ്പുകളിൽ നിന്നും സുന്നികളോടുള്ള സലഫികളുടെ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സംവാദ രീതികളിൽ നിന്നും ഒരല്പ്പം പോലും മുന്നോട്ട് പോവാൻ ഷാജഹാനോ തന്റെ സലഫി സുഹൃത്തുക്കൾക്കോ സാധിച്ചിട്ടില്ല എന്നതാണ് ഈ വിവാദത്തോട് ഇവർ സമീപിച്ച രീതിയിൽ നിന്നും അതിനുപയോഗിച്ച ഭാഷയിൽ നിന്നും ലഭിക്കുന്ന മറ്റൊരു തിരിച്ചറിവ്. പ്രാമാണങ്ങളെ അടിസ്ഥാനമാക്കി ബൗദ്ധിക സംവാദത്തിലേർപ്പെടാൻ കഴിയാതെ വ്യക്തിഹത്യയിലൂടെ മാത്രം പ്രതികരിക്കാൻ കഴിയുന്ന ഒരു സുന്നി സ്വത്വം നിർമ്മിച്ചെടുത്ത് അതിനോട് ഉയരത്തിലിരുന്നു സംസാരിക്കുന്ന ഷാജഹാനെയും സുഹൃത്തുക്കളെയുമാണ് ഈ ചർച്ചകളിലുടനീളം തെളിഞ്ഞു കാണുന്നത്. പുറത്തുള്ള ഒന്നും ആന്തരികവൽക്കരിക്കുകയോ അറിയുകപോലുമോ ചെയ്യാത്ത, കാറ്റും കോളും കടക്കാത്ത പുർണ്ണമായും അടഞ്ഞു കിടക്കുന്ന ഒരു സുന്നി സ്വത്വത്തെയാണ് ഇവർ വിഭാവന ചെയ്യുന്നത്. ഈ ചർച്ചയിൽ പങ്കെടുത്ത പുതിയ തലമുറയിലെ പല മുസ്ലിം വിദ്യാർഥികളോടും ഈ സംഘം ഉപയോഗിച്ച ഭാഷയിൽ ഈ സമീപനം തെളിഞ്ഞു കാണാം. ആലോചിക്കാൻ ശേഷിയില്ലാത്ത, മറ്റാരുടെയോ തീരുമാനങ്ങൾക്ക് വിധേയനായി ബലിയാടായയാണ് ജമാലിന്റെ ഷാജഹാൻ അഡ്രസ് ചെയ്യുന്നത്. എഴുതാനുള്ള ജമാലിന്റെ ‘മെരിറ്റിനെ”യും ഷാജഹാൻ പരിഹാസ്യ രൂപേണ ചോദ്യം ചെയ്യുന്നുണ്ട്. അല്ലെങ്കിലും “മലപ്പുറത്തുകാർ” കോപ്പിയടിച്ച് മാത്രം ജയിക്കുന്നവരാണ് എന്നതാണല്ലോ കേരളത്തിന്റെ പൊതുബോധം. ആ പൊതുബോധത്തിലേക്കു ഒരു ഇടത് ലിബറൽ മുസ്ലിം ഇത്രയെങ്കിലും സംഭാവന ചെയ്തില്ലെങ്കിൽ മോശമാവില്ലേ?. ഈ വിവാദങ്ങൾ എല്ലാം മറന്നും “തിരിപാടില്ലാത്ത വിദ്യാർഥികളെ” സഹായിക്കാൻ താൻ എപ്പോഴും സന്നദ്ധനാണ് എന്ന രക്ഷാകര്തൃത്വ സ്വഭാവം നിറഞ്ഞു നിൽക്കുന്ന ഷാജഹാന്റെ ഭാഷ പിന്നെ മറ്റെന്താണ്?. സവർണ്ണർ ദളിതരെ കുറിച്ച് മനസ്സിലാക്കിയത് പോലെ ഒരിക്കലും നേരെയാകാനിടയില്ലാത്ത ജനിതക പ്രശ്നമുള്ളവരയാണോ പാരമ്പര്യ മുസ്ലിം സ്വത്വത്തെ ഇവർ മനസ്സിലാക്കുന്നത്?. എന്ത് സാംസ്കാരിക ദൗത്യവുമായാണ് സലഫികൾ സുന്നികളെ അഭിസംബോധന ചെയ്യുന്നത്?. ചർച്ചയിൽ ഒരിടത്തു ഈ ആളുകളെയൊന്നും തനിക്കറിയില്ല എന്നു അഷ്‌റഫ് കടക്കൽ പറയുന്നുണ്ട്. സത്യത്തിൽ ലിബറൽ ഇസ്‌ലാമിക വേഷം വാരിപ്പുണർന്ന ഈ “പഴയ ജെ എൻ യു” ക്കാരുടെ (അതൊരൊന്നൊന്നര ജെ എൻ യുവാണ്) പ്രധാനപ്പെട്ട ഒരു പരിമിതി തന്നെ അവർ പുതിയ മുസ്ലിം ചെറുപ്പക്കാർ കൊണ്ടുവരുന്ന ആലോചനകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് .പഴയ സാധന സാമഗ്രികളുമായി ഇസ്‌ലാമിനെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്നവരുടെ തൊഴിൽ പരമായ അസ്വസ്ഥകളും പ്രതിസന്ധികളുമാണ് ഷാജഹാനും മറ്റും നേരിട്ടുകൊണ്ടിരിക്കുന്നതു. അതിനെ ഒരു യോഗ്യതയായി കാണുന്നവരോട് നാം എന്തു പറയാനാണ്?.
തന്നെ വ്യക്തിപരമായി വിമർശിക്കുന്നതു എന്ന് ഷാജഹാൻ കരുതുന്ന ഈ ലേഖനവും അതിനെ തുടർന്നുള്ള ഈ ചർച്ചകളും ബൗദ്ധിക സ്വഭാവമില്ലാത്ത വ്യക്തിപരമായ തെറികൾ മാത്രമാണെന്ന് പറയുന്ന ഷാജഹാൻ, ‘മന്ദബുദ്ധികളുടെ സാമ്രാജത്വ വ്യവഹാരം’ എന്ന തലക്കെട്ടിൽ കലാകൗമുദിയിൽ എഴുതിയ ലേഖനം പോലെയുള്ളതിൽ , ബെർലിൻ കുഞ്ഞനന്തൻ നായരെ കുറിച്ചും സിവിക് ചന്ദ്രനെ കുറിച്ചും എഴുതാനുപയോഗിച്ച ഭാഷയോളമോ അഷ്റഫ് കടക്കൽ ഈ ചർച്ചയിൽ തന്നെ ഉപയോഗിച്ച വാക്കുകളോളമോ ” ധൈഷണിക നിലവാരമുള്ള പദപ്രയോഗങ്ങൾ” ഈ ചർച്ചയിൽ ഇവരോടുള്ള പ്രതികരണങ്ങളിൽ കാണാനായില്ല എന്നത് എൻ്റെ കാഴ്ചാ പരിമിതിയാവാം. പിന്നെ ഒരു മുൻകാല സലഫി സംസ്ഥാന നേതാവിന്റെ മകൻ എന്നതിനേക്കാൾ സലഫി സഹയാത്രികനായിരുന്നു എന്നും സലഫിസം കേരള മുസ്ലിംകൾക്കിടയിൽ നവോത്ഥാനം കൊണ്ടുവരുമെന്ന് വിശ്വസിച്ചിരുന്നു എന്നും പ്രഖ്യാപിക്കുന്ന ഒരാൾക്ക്, തൻ്റെ സലഫി സ്വത്വം കുടഞ്ഞെറിയാൻ കഴിയുന്നില്ല എന്ന് പറയുന്നത് വൈയക്തികാധിക്ഷേപമായി തോന്നുന്നുവെങ്കിൽ പൊതുമണ്ഡലത്തിൽ സലഫിസത്തിന് ഇപ്പോഴത്തെ അർത്ഥ പരിണാമം നൽകിയ തൻ്റെ പഴയ കാല സുഹ്രുത്തുക്കക്കളെയല്ലേ ഷാജഹാൻ യഥാർഥത്തിൽ പഴിക്കേണ്ടത്?. അല്ലാതെ അതു ചൂണ്ടിക്കാണിക്കുന്നവരെയല്ലല്ലോ.

shajahan

ഷാജഹാൻ മാടമ്പാട്ട്

10525660_10205874367488540_3928480053739018786_n

നുഐമാൻ

എന്നാൽ തന്റെ ഭൂതകാല ജീവിതത്തെ കുറിച്ചോ എഴുത്തുകളെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ ഒന്നും തന്നെ സംസാരിക്കാതെ, ഭൂതകാലത്തിൽ നിന്ന് പൂർണ്ണ വിടുതി നൽകി വേണം തന്റെ വർത്തമാനത്തെ അഭിസംേബാധന ചെയ്യാൻ എന്നാണു ഷാജഹാൻ ചർച്ചയിൽ പങ്കെടുക്കാൻ ശ്രമിക്കുന്നവരോട് നിർദേശിക്കുന്നത്. എന്നാൽ ഷാജഹാനോ, തന്നെ വിമർശിച്ച് ലേഖനമെഴുതിയ ജമാലിൻ്റെ മുൻകാല ഫേസ്ബുക് പോസ്റ്റുകൾ പരതിപ്പോവുകയാണ്. ഭൂതകാലത്തിൽ നിന്നുള്ള പൂർണ്ണമായ വിടുതി ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമേ സാധ്യമാകൂ എന്നാണല്ലോ ഷാജഹാൻ ഇതിലൂടെ പറഞ്ഞു വെക്കുന്നത്. കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ ഫ്യുഡൽ നൊസ്റ്റാൾജിയയിൽ നിന്നും, ആ നൊസ്റ്റാൾജിയ ഇപ്പോൾ ഉയർത്തുന്ന ഭീതിയിൽ നിന്നും വരുന്ന ഇത്തരം സമീപനങ്ങൾ, സലഫിസത്തിന്റെ തന്നെ ജാതി-വർഗ സ്വഭാവം എന്തായിരുന്നുവെന്നത് മനസ്സിലാക്കാൻ സഹായിക്കും. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങളെ ചൂഷണം ചെയ്യാൻ വേണ്ടി ഫ്യുഡൽ മാടമ്പികൾ തുടങ്ങി വെച്ച, ഇസ്‌ലാം വിലക്കിയ പലിശയെ, മുസ്ലിംകൾക്ക് അനുവദിനീയമാക്കി കൊണ്ടാണല്ലോ സലഫി പ്രസ്ഥാനം കേരളത്തിലെ അതിന്റെ ആദ്യത്തെ “നവോഥാന സംരംഭത്തിന്” തുടക്കം കുറിച്ചത്. മതത്തിലും രാഷ്ട്രീയത്തിലും ഇത്തരം മാടമ്പികൾക്കെതിരെ നിലപാടെടുത്ത മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് കേരളത്തിലെ ഈ ആദ്യത്തെ സലഫീ കൂട്ടായ്മയിൽ നിന്ന് രാജിവെച്ചു പുറത്തേക്കു പോന്നതിന്റെ കാരണവും ഇതായിരുന്നല്ലോ.
മുസ്ലിം സംഘടനകളോട് സർഗാത്മകമായി പ്രതികരിക്കാൻ ഉപദേശിക്കുന്ന ഷാജഹാൻ ഈ കുറിപ്പിന്റെയും ഉടമസ്ഥതയെ സംശയിച്ചു കൂടായ്കയില്ല. കാരണം ഇതെഴുതുന്നയാൾ ഇതുവരെയും ഔദ്യോഗികമായി ഒരു കോളേജിലും പോകാത്ത ആളാണ്. വെള്ളമുണ്ടും വെള്ള കുപ്പായവും തലപ്പാവും ധരിക്കുന്ന ആളാണ്. സർവ്വോപരി ഒരു കാലത്തു കേരളത്തിലെ സലഫികളെ അക്ഷരാർഥത്തിൽ ഉത്തരം മുട്ടിച്ച എ കെ ഹസൻ മുസ്ലിയാരുടെ ശിഷ്യ പരമ്പരയിൽ പെട്ട ആളും (അതേ, ഹസൻ മുസ്ലിയാരോട് ലോയൽറ്റി ഉള്ള ഒരാൾ) അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു മത സ്ഥാപനത്തിലെ വിദ്യാർഥിയുമാണ്. സംശയിക്കാൻ ഇതൊക്കെ തന്നെ മതിയായ കാരണങ്ങൾ ആണല്ലോ. നുഐമിന്റേതും എന്റേതു കൂടിയായ ജമാലിന്റെ ചോദ്യങ്ങളെ ഷാജഹാൻ ഇനിയെങ്കിലും അഭിസംബോധന ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇ കെ ഹസൻ മുസ്ലിയാരെ ഉസ്താദായി കാണുന്ന ഒരാളെന്ന നിലയിൽ ഈ സംവാദത്തെ മുന്നോട്ടു കൊണ്ടുപോകണം എന്നാണു എന്റെ ആഗ്രഹം. അല്ലെങ്കിൽ വ്യക്തിഹത്യ എന്ന് പറഞ്ഞ് ആ ലേഖനമുയർത്തിയ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയുമാവാം. ലഭ്യമായ മറ്റെല്ലാ ഫോട്ടോകളും മാറ്റിവെച്ചു കൊണ്ട്, അങ്ങേയറ്റം രോഗാവസ്ഥയിലായ ഒരാളുടെ ഏറ്റവും വികൃതമായ ഫോട്ടോ മരണ വാർത്തയോടൊപ്പം ചേർത്താണ് ഏറ്റവുമൊടുവിൽ സലഫികൾ ഇ കെ ഹസൻ മുസ്ലിയാരെ അപമാനിക്കാൻ ശ്രമിച്ചത്. ആ പാരമ്പര്യം പുതിയ തലമുറയും കാത്തു സൂക്ഷിക്കണമല്ലോ.
റഫറൻസ്
1, അത്രയ്ക്ക് വ്യത്യസ്തമാണോ ജെ എൻ യു?. എ ജെ ജയറാം, രിസാല വാരിക, മാർച്ച് 2010

2, ചരിത്ര ജീവിതം, ഇ കെ ഹസ്സൻ മുസ്‌ലിയാർ സ്മരണിക, ഹസനിയ്യ പാലക്കാട്, 2015

3, ഓർമ്മയുടെ തീരങ്ങളിൽ, കെ ഉമർ മൗലവി, ദഅവാ ബുക്സ്

4, ജെ എൻ യു വിലെ ചുവർ ചിത്രങ്ങൾ, ഷാജഹാൻ മാടമ്പാട്ട്, ഡി സി ബുക്സ്

5, മന്ദബുദ്ധികളുടെ സാമ്രാജ്യത്വ വ്യവഹാരം, ഷാജഹാൻ മാടമ്പാട്ട്, കലാകൗമുദി, ലക്കം 1484

6, http://malayalam.naradanews.com/20116/09/shajahan-madabattj-is-tvt-balram-of-kerala-salafis/ – accessed on 6-09-2016

7, http://www.jantakareporter.com/india/real-truth-behind-journalist-stung-mamata-banerjees-trusted-lieutenants/40122/ – accessed on 11-09-2016

Be the first to comment on "ബിരിയാണി’യിൽ മരിച്ച എഴുത്തുകാരൻ ‘സലഫിസ’ത്തിൽ തിരിച്ചെത്തുമ്പോൾ"

Leave a comment

Your email address will not be published.


*