സാം മാത്യുവിനും ബ്രിട്ടാസിനും മണിപ്പൂരിലെ ഈ കുട്ടിയെ അറിയാമോ ?

 

കെ ടി ഹാഫിസ്

ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയെ നേരില്‍ കണ്ട് സംസാരിക്കുന്നത് 2012 ജൂലൈ മാസത്തില്‍ മണിപൂരില്‍ വച്ചാണ്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള മൂന്ന് മാസത്തെ ഒരു യൂത്ത് എംപവര്‍മെന്റ് ഇന്റേണ്‍ പ്രോഗ്രാമിന്റെ ഭാഗമായി കോക്രാജറില്‍ ഉണ്ടായ സമയത്ത് ഒഴിവ് കണ്ടത്തിയാണ് മണിപൂരിലെത്തിയത്. ഇറോം ഷര്‍മിള അംഗമായിരുന്ന സംഘടനയുടെ സ്ഥാപകനായ ബബ്‌ലു ലിംഗ്‌ദോന്തംമാണ് താമസവും മണിപൂരിനകത്ത് സഞ്ചരിക്കാനുള്ള സംവിധാനങ്ങളുമൊക്കെ ഒരുക്കി തന്നത്. ബബ്‌ലുവിന്റെ പിന്തുണ പലരും കാണാത്ത മണിപൂരിലേക്കുള്ള ഒരു വാതില്‍ കൂടിയായിരുന്നു. ആദ്യ ദിവസം തന്നെ, കോടതിയില്‍ ഹാജറാക്കുന്ന സമയത്ത് ജഡ്ജിയുടെ അനുമതിയോടെ ഇറോംഷര്‍മിളയെ കാണുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തതിന് വിയര്‍ത്തൊലിക്കുന്ന നട്ടുച്ച നേരത്ത് മണികൂറുകളോളം മണിപൂരി പോലീസ് വാനില്‍ അടച്ചിട്ട് ചോദ്യം ചെയ്യുകയും ഫോട്ടോ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മൂന്ന് ദിവസങ്ങളിലായി മെ‌യ്‌തെയ്, നാഗ, കൂക്കി വിഭാഗങ്ങളില്‍പ്പെട്ട പല ആക്റ്റിവ്സ്റ്റുകളെയും കണ്ട് സംസാരിച്ച് കറങ്ങിതിരിഞ്ഞ് ക്ഷീണിച്ച് ‘ഹുമന്‍ റൈറ്റ് അലര്‍ട്ടിന്റെ’ ഓഫീസില്‍ തിരിച്ചെത്തിയ ഒരു വൈകുന്നേരത്ത് ബബ്‌ലുവിന്റെ സഹായികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ദിവസം രാവിലെ മുതല്‍ സംവദിച്ചതെല്ലാം മണിപൂരിലെ പട്ടാളക്കാരുടെ ബലാല്‍സംഗത്തെ അതിജീവിച്ചവരും (survives) ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ടവരുമായ സ്ത്രീകളുടെ സംഘടനയായ EEVFAM (Extra-Judicial Execution Victim Families Association) ന്റെ ഭാരവാഹികളുമായിട്ടായിരുന്നു. അവരെല്ലാം തന്നെ പലവട്ടം പട്ടാളക്കാരുടെ ബലാല്‍സംഗത്തിന് ഇരയായവരായിരുന്നു.

 

ആ അനുഭവങ്ങള്‍ ബബ്‌ലുവിന്റെ ഓഫീസിലിരുന്ന് സഹായികളോട് പങ്കുവക്കുമ്പോഴാണ് നമ്മുക്ക് ഒരാളെകൂടി നിര്‍ബന്ധമായി കാണണമെന്ന് പറഞ്ഞ് അവര്‍ എന്നെ കൂട്ടി കൊണ്ടുപോകുന്നത്. ഇംഫാല്‍ നഗരത്തിന്റെ ഏതൊക്കെയോ ഇടവഴികള്‍ താണ്ടി ഞങ്ങള്‍ ആ വീട്ടുമുറ്റത്തെത്തുമ്പോഴേക്ക് പകല്‍ പൂര്‍ണമായും ഇരുട്ടിയിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ആ പെണ്‍കുട്ടിയെ എനിക്ക് പരിചയപ്പെടുത്തി, എന്നെ അവര്‍ക്കും. ആസാമിലെ ഗുവാഹാട്ടി യൂനിവേഴ്സിറ്റിയില്‍ എം.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ രണ്ടാവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അവര്‍ ഏതാനും ദിവസത്തെ അവധി ലഭിച്ചപ്പോള്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഗുഹാട്ടിയില്‍നിന്ന് ഷയര്‍ ടാക്സിയില്‍ ഇംഫാലില്‍ വന്നിറങ്ങി ഏതാനും കിലോമീറ്റര്‍ മാത്രമുള്ള വിട്ടിലേക്ക് നടക്കുന്നതിനിടയിലാണ് വിജനമായ വഴിയിലെവിടെയോ വച്ച് പട്ടളക്കാര്‍ അവളെ ബലമായി പിടിച്ച് വണ്ടിയില്‍കയറ്റി ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നത്. അന്ന് നേരം പുലരുവോളം പലരും അവളെ അതിക്രൂരമായി പീഡിപ്പിച്ചു, രാവിലെ വഴിയിലെവിടെയോ ഉപേക്ഷിച്ചു. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ സംഭവത്തിന് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞിരുന്നില്ല. ആ വൈകുന്നേരം മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടെ ഉണ്ടായിരുന്നൊള്ളൂ. ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്ന അവരുടെ, സംസാരത്തിലുടന്നീളം ചുണ്ട് വിറക്കുന്നുണ്ടായിരുന്നു. പലവട്ടം  കണ്ണീരൊലിച്ചിറങ്ങി. വേദനയും അമര്‍ഷവും നിരാശയും സംങ്കടവും അടക്കാനാവാതെ അവസാനമവള്‍ പൊട്ടികരഞ്ഞു. ഏറെ ആശിച്ച് ചേര്‍ന്ന കോഴ്സിന് ഇനി തിരിച്ചുപോവുന്നില്ലെന്ന് പറഞ്ഞു.

 

കേട്ട് നിന്ന ഞാന്‍ എന്ത് വികാരങ്ങളിലൂടെയാണ് കടന്നുപോയിരുന്നത് എന്ന് ആലോചിക്കാന്‍ പോലും എനിക്കിപ്പോള്‍ പേടിയാവുന്നു. ഒരു മരവിപ്പായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഗുവാഹാട്ടിയിലെക്ക് തിരിച്ച് ടാക്സി കയറി. ദിവസങ്ങളോളം ഉറങ്ങാന്‍ കഴിഞ്ഞില്ല, ഒപ്പമുള്ളവരോടൊന്നും സംസാരിക്കാന്‍ തോന്നിയില്ല. സ്വന്തം ജീവിതത്തോട് പോലും വെറുപ്പ് തോന്നി.തൊട്ടടുത്ത ആഴ്ച്ചകളില്‍ പ്ലാന്‍ ചെയ്തിരുന്ന നേപ്പാള്‍, മ്യാന്‍മര്‍ ട്രിപ്പുകള്‍ ഒക്കെയും ക്യാന്‍സല്‍ ചെയ്തു. അപ്പോഴേക്കും ഞങ്ങള്‍ താമസിച്ചിരുന്ന കോക്രാജറില്‍ ബോഡോ കലാപം ആരംഭിച്ച് കഴിഞ്ഞിരുന്നു. മുസ്‌ലിമായ എന്റെ സുരക്ഷിതത്വം ഉറപ്പ് നല്‍ക്കാന്‍ ഞങ്ങളെ ഹോസ്റ്റ് ചെയ്തിരുന്ന ബോഡോ സുഹൃത്തുകള്‍ക്ക് ആവിലെന്ന ഘട്ടത്തില്‍ റിസര്‍വേഷന്‍ അവൈലബിള്‍ അല്ലാത്ത ഒരു കന്യാകുമാരി ട്രൈനിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. തിരിച്ച് ഡല്‍ഹിയിലെത്തി ഏതാനും മാസങ്ങള്‍കകത്താണ് ‘നിര്‍ഭയ’ സംഭവിക്കുന്നത്. ആ സമരത്തിലുടന്നീളം എന്റെ മനസില്‍ ആ പെണ്‍കുട്ടിയുടെ മുഖം മാത്രമായിരുന്നു. നോര്‍ത്ത്- ഈസ്റ്റിനെ കുറിച്ച ഓര്‍മ മുഴുവന്‍ അവളുടെ വിറക്കുന്ന ചുണ്ടുകളും രണ്ടാഴ്ച്ചക്ക് ശേഷവും വിട്ടുപോകാത്ത അവളുടെ മുഖത്തെ ചുവന്ന പാടുകളുമാണ്.

അപ്പോഴാണ് ‘സാം മാത്യു’ സ്ത്രീപക്ഷ രചന എന്നും പറഞ്ഞ് ഇമ്മാതിരി കവിതകളുമായി വരുന്നത്. ഞാന്‍ കണ്ട വലിയ വയലന്‍സുകളില്‍ ഒന്ന്, സിമന്റ് ചെത്തിതേച്ച ചുമരില്‍ ഒരു സാധുവിന്റെ മുഖമിട്ട് ഉരതി കീറി പോളിക്കുന്നതാണ്. അതിലേറെ വയലന്‍സായാണ് ഈ കവിത എന്നിക്ക് അനുഭവപ്പെട്ടത്. നമ്മുടെ ഓരോ പരാജയങ്ങളെയ്…!

ഹൈദരാബാദ് ഇഫ്ളുവിൽ ഗവേഷകവിദ്യാർഥിയാണ് കെ ടി ഹാഫിസ്.

കടപ്പാട് – ഫേസ്‌ബുക്ക്. (വ്യത്യസ്തമായ ആശയങ്ങൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കാനാണ് മക്തൂബ് മീഡിയ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയയിൽ എഴുതപ്പെടുന്ന, കാലിക പ്രസക്തവും ചെയ്യപ്പെടേണ്ടതുമായ ഇത്തരം വിഷയങ്ങളെ പരമാവധി വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായാണ് ഫേസ്ബുക് പോസ്റ്റുകൾ പുനഃപ്രസിദ്ധീകരിക്കാറുള്ളത്. )

Be the first to comment on "സാം മാത്യുവിനും ബ്രിട്ടാസിനും മണിപ്പൂരിലെ ഈ കുട്ടിയെ അറിയാമോ ?"

Leave a comment

Your email address will not be published.


*