മോഡിക്കെതിരെ വീഡിയോ.വിദ്യാർത്ഥിക്ക് നേരെ സംഘ്പരിവാർ വധഭീഷണി.

 

 

സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയ വീഡിയോ ദൃശ്യത്തിലൂടെ നരേന്ദ്രമോദിയെയും ബി ജെ പി യെയും അപമാനിച്ചെന്ന് ആരോപിച്ചു മാധ്യമവിദ്യാർത്ഥിക്കു നേരെ സംഘ് പരിവാറിന്റെ വധഭീഷണി. കോഴിക്കോട് നടന്ന ബി ജെ പി ദേശീയകൗൺസിലിനു ശേഷം കോഴിക്കോട് ബീച്ച് പരിസരം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞെന്നും മോദിയുടെ ”സ്വച്ച് ഭാരത് ” ഇങ്ങനെയാണോ എന്നും ചോദിച്ചു നിലമ്പൂർ സ്വദേശി ഷമീം കാസിം തന്റെ മൊബൈൽ കാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് മോഡി അനുകൂലികളെ ചൊടിപ്പിച്ചത്.

ദേശീയ കൗൺസിലിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയും ബി ജെ പി അധ്യക്ഷൻ അമിത്ഷായും അടക്കമുള്ള നേതാക്കൾ പങ്കെടുത്ത പൊതുയോഗത്തിന്റെ പിറ്റേന്ന് സമ്മേളനനഗരിയുടെ ഒരു മിന്റ് ദൈർഘ്യമുള്ള വീഡിയോദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ മൂന്നുലക്ഷത്തിനടുത്തുപേർ കാണുകയും പതിനായിരത്തിലധികം ഷെയറുകൾ ലഭിക്കുകയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം മുപ്പതോളം വരുന്ന ബി ജെ പി / ആർ എസ് എസ് പ്രവർത്തകർ ഷമീറിന്റെ നിലമ്പൂർ പൂക്കോട്ടുംപാടത്തെ വീടിന്റെ മുന്നിലൂടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു പ്രകടനം നടത്തി. മോദിയെ അപമാനിച്ച ഷമീറിന്റെ കയ്യും കാലും വെട്ടിക്കളയുമെന്നു പ്രകടനത്തിലുടനീളം ആർ എസ് എസ് പ്രവർത്തകർ ഭീഷണി മുഴക്കി. ബി ജെ പി അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയാണ് പ്രകടനം സംഘടിപ്പിച്ചത്. ഷമീറിനെതിരെ കേസ് കൊടുക്കാനും ആലോചനകളുണ്ടെന്നു ബി ജെ പി നേതാക്കൾ പറഞ്ഞു. ഫേസ്‌ബുക്കിലൂടെ മോഡി അനുകൂലികളിൽ നിന്നും നിരന്തരം തെറിയഭിഷേകങ്ങൾ വരുന്നതായി ഷമീർ മക്തൂബ് മീഡിയയോട് പറഞ്ഞു. കുടുംബാംഗങ്ങളെ തെറിവിളിച്ചുള്ള സന്ദേശങ്ങൾ ഏറെ പ്രയാസമുണ്ടാക്കിയെന്നും എല്ലാവരുടെയും പിന്തുണ ആവശ്യപ്പെടുന്നെന്നും ഷമീർ പറഞ്ഞു. ഒരു ജേണലിസം വിദ്യാർത്ഥി എന്ന നിലയിലാണ് ഞാൻ ആ വീഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തതെന്നും മാധ്യമപ്രവർത്തനത്തിന്റെ സ്വാതന്ത്രത്തിന്റെ കടക്ക് കത്തിവെക്കരുതെന്നും കോഴിക്കോട് എം ബി എൽ മീഡിയ സ്‌കൂളിൽ ജേണലിസത്തിൽ പി ജി ഡിപ്ലോമ ചെയ്യുന്ന ഷമീർ കാസിം മക്തൂബ് മീഡിയയോട് പ്രതികരിച്ചു.

ഷമീർ തയ്യാറാക്കിയ വീഡിയോ കാണാം 

 

Be the first to comment on "മോഡിക്കെതിരെ വീഡിയോ.വിദ്യാർത്ഥിക്ക് നേരെ സംഘ്പരിവാർ വധഭീഷണി."

Leave a comment

Your email address will not be published.


*