ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റിനെ തട്ടിക്കൊണ്ടുപോയി അക്രമിസംഘം. അലംഭാവം സ്വീകരിച്ചു പോലീസ്.

 
എറണാകുളം ലോ കോളേജ് മുൻ വിദ്യാർത്ഥിയും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ അഖിലിനെ ഒരുകൂട്ടം അജ്ഞാത സംഘം ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. ഈഴടുത്താണ് അഖിൽ തന്റെ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. സംഭവം നടന്ന് നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന്‍റെ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്നു സോഷ്യൽ ആക്ടിവിസ്റ്റും അഖിലിന്റെ സുഹൃത്തുമായ ഹസ്ന ഷാഹിദ പറയുന്നു. അക്രമിസംഘത്തിന്റെ കാറിന്റെ വിശദവിവരങ്ങൾ ലഭിച്ചിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തത് പോലീസിന്റെ ഭാഗത്തുള്ള അലംഭാവം ആണ് സൂചിപ്പിക്കുന്നത്.

ഹസ്‌ന ഷാഹിദ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം :-

 

” അഖില്‍ (അതിഥി Akhil Anna Achuth) എറണാകുളം ലോ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും അടുത്ത കാലത്തായി ട്രാന്‍സ് ജെന്‍ഡര്‍ ഐഡന്‍റിറ്റി വെളിപ്പെടുത്തീയ വ്യക്തിയുമാണ്. കഴിഞ്ഞ ദിവസം വ (15/10/2016) വെളുപ്പിന് എറണാകുളം സൗത്ത് റെയില്‍വേ സറ്റേഷനടുത്ത് വച്ച് അഖിലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോകുകയുണ്ടായി. KL 44 എന്ന നമ്പറില്‍ തുടങ്ങുന്ന നീല ഇന്‍ഡിക്കയിലെത്തിയ ഒരു കൂട്ടം ആളുകളാണ് പിടിച്ചു വലിച്ച് കൊണ്ട് പോയത്.

ഇവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും വണ്ടിയില്‍ കയറ്റിയ ശേഷം അഖിലിനെ മര്‍ദ്ദിച്ചുവെന്നും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു. വണ്ടി എടുത്ത് പോയതോടെ അടുത്തുണ്ടായിരുന്ന ട്രാഫിക്ക് പോലീസിനെ ഇവര്‍ വിവരമറിയിക്കുകയും പിറ്റേന്ന് ഉച്ചയോടെ കമ്മീഷണര്‍ ഓഫീസില്‍ പരാതി കൊടുക്കുകയും ചെയ്തു. അഖിലിന്‍റെ ഫോണ്‍ അവസാനമായി ഓഫാകുന്നത് കോതമംഗലത്തിനടുത്തുള്ള ഒരു സ്ഥലത്ത് വെച്ചാണ്.

സംഭവം നടന്ന് നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന്‍റെ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. വണ്ടിയുടെ നിറം, സംഭവം നടന്ന സമയം ഇതെല്ലാം അറിയിച്ചിട്ടും കൃത്യമായ ഒരു അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകുന്നില്ല. അഖില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഉറപ്പിക്കാനാകാത്ത സാഹചര്യമാണ്.

ഇത്ര സമയം കഴിഞ്ഞിട്ടും
പോലീസുകാര്‍ ഈ അലംഭാവം തുടരുന്നതിന് അഖിലിന്‍റെ ട്രാന്‍സ് ഐഡന്‍റിറ്റി കാരണമാണ്. എസ്.എഫ്.ഐയുടെ ഏരിയ പ്രസിഡന്‍്റായിരുന്നപ്പോളോ കെ.എസ്.യുവിന്‍റെ പ്രവര്‍ത്തകനായിരുന്നപ്പോളോ അഖിലിനെ കാണാതായിരുന്നെങ്കില്‍ ഇത്ര ഉദാസീനത ഉണ്ടാകുമായിരുന്നില്ലല്ലോ.

വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുന്നവര്‍ സഹായിക്കണം. ”

Be the first to comment on "ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റിനെ തട്ടിക്കൊണ്ടുപോയി അക്രമിസംഘം. അലംഭാവം സ്വീകരിച്ചു പോലീസ്."

Leave a comment

Your email address will not be published.


*