”കറുത്ത നിറവും തടിച്ചുരുണ്ട വില്ലനും ” ജയരാജനെ ട്രോളുന്നതിലും അല്പം വംശീയതയുണ്ട്.

 

ഫേസ്‌ബുക്ക് പോസ്റ്റ് – അഷ്‌കർ കെ എ

 

കോലാഹലങ്ങളൊക്കെ കഴിഞ്ഞെങ്കിൽ എനിക്ക്‌ ചിലത്‌ പറയാനുണ്ട്‌. കറുത്ത നിറവും കട്ടി മീശയും തടിച്ചുരുണ്ട ശരീരവുമുള്ള ഒരു വില്ലനെ പരിഹസിച്ചും അവഹേളിച്ചും ട്രോളിയും കഴിഞ്ഞെങ്കിൽ,

പ്രസ്ഥാനം ജീവിതമാക്കിയ അർഹരായ ആയിരക്കണക്കിന്‌ സഖാക്കളുള്ളപ്പോൾ ഒരു ഇടതുപക്ഷ സർക്കാരിന്റെ മന്ത്രി കുടുംബക്കാരന്‌ അനർഹമായി ജോലി നൽകിയത്‌ വലിയ തെറ്റ്. മുഹമ്മദലി എന്ന ബോക്സിംഗ്‌ ഇതിഹാസത്തിന്റെ നേട്ടങ്ങളേക്കാൾ ഐതിഹാസികമായ ജീവിതം അറിഞ്ഞും വായിച്ചുമിരിക്കേണ്ട ഒരു കമ്മ്യൂണിസ്റ്റുകാരൻ ചാനലുകാരോട്‌ വിഡ്ഡിത്തം പറഞ്ഞതും തെറ്റ്‌. രണ്ടും ന്യായീകരിക്കാൻ കാരണങ്ങളില്ലാത്ത തെറ്റ്‌. ഒരുപക്ഷേ, മുൻപ്‌ പലപ്പോഴും പ്രകടമായ പിഴവുകളേക്കാൾ ജനങ്ങളിലേക്കെത്തിയ തെറ്റുകൾ. അരാഷ്ട്രീയ-സ്വജന നിയമനങ്ങളുടെ കുത്തൊഴുക്കായിരുന്നിട്ടും പേരിന്‌ പോലും പ്രതിഷേധങ്ങൾ നടക്കാതിരുന്ന കഴിഞ്ഞ ഭരണത്തിൽ നിന്നും വിഭിന്നമായി ഒരു ഇടതുപക്ഷ സർക്കാരിനെ ഓഡിറ്റ്‌ ചെയ്യപ്പെടുന്നത്‌ നല്ല കാര്യമാണ്‌. മാർട്ടിൻ ലുതർ കിങിനെയും നെൽസൺ മണ്ടേലയെയും ഡെസ്‌മണ്ട്‌ ടുട്ടുവിനെയും ഒലിവർ ടമ്പുവിനെയും കോഫി അന്നനെയും കേട്ടു പരിചയം പോലുമില്ലാത്ത ഇടത്‌-വലത് രാഷ്ട്രീയ അരാഷ്ട്രീയങ്ങൾ മുഹമ്മദലിയെ അറിയാത്ത കമ്മ്യൂണിസ്റ്റുകാരനെ ട്രോളുന്നതും നല്ലത്‌.
പക്ഷേ, ഇ.പി.ജയരാജന്റെ നിറത്തെയും രൂപത്തെയും സ്വഭാവത്തെയും അളക്കുന്ന കോലുകളിൽ നിങ്ങളുടെ വംശീയ പൊതുബോധങ്ങൾ പറ്റിപ്പിടിച്ചിരിപ്പുണ്ടെന്ന് പറയാതെ വയ്യ. ജയരാജനെക്കുറിച്ച്‌ ‘അയാളെ കണ്ടാലറിയാം ഗുണ്ടയാണെന്ന്’ എന്ന കമന്റിലൂടെ കടന്നുപോകാത്ത മലയാളികളുണ്ടാവില്ല. അയാൾ രാഷ്ട്രീയ നേതാവായതിൽ, വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുപ്പുകളിലെല്ലാം ജയിക്കുന്നതിൽ അത്ഭുതം കൂറാത്ത വലതുപക്ഷ രാഷ്ട്രീയ ബുജികളുണ്ടാവില്ല. അയാളെ വംശീയമായി അധിക്ഷേപിക്കുന്ന ട്രോളുകൾക്ക്‌ ചിരിക്കുന്ന, അയാളെ വേട്ടയാടലുകൾക്ക്‌ കയ്യടിക്കുന്ന ഇടതന്മാർ എമ്പാടും ഉണ്ട്‌ താനും.
എന്നാൽ, എത്രപേർ ജയരാജനോട്‌ നേരിൽ സംസാരിച്ചിട്ടുണ്ട്‌? നിങ്ങളിലാരൊക്കെ അയാളെ നോക്കി പുഞ്ചിരിച്ചിട്ടുണ്ട്‌? എത്രയാളുകൾ രാഷ്ട്രീയമായതും അല്ലാത്തതുമായ ആവശ്യങ്ങൾ മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌? ആരൊക്കെ അടുത്ത്‌ ഇടപഴകിയിട്ടുണ്ട്‌? നിങ്ങളുടെ സംസാരങ്ങളോട്‌ വിപരീതമായി പ്രതികരിക്കുന്ന, നിങ്ങളുടെ പുഞ്ചിരികളെ അവഗണിക്കുന്ന, നിങ്ങളുടെ ആവശ്യങ്ങളോട്‌ അനുഭാവം കാണിക്കാത്ത, നിങ്ങളോട്‌ ഇണങ്ങാത്ത ജയരാജൻ എന്ന മനുഷ്യനെ എത്രപേർക്ക്‌ പരിചിതമായുണ്ട്‌??
കഴുത്തിൽ വെടുയുണ്ടയുണ്ടെന്നോ അനാഥാലയം ട്രസ്റ്റിന്റെ ചെയർമ്മാനാണെന്നോ പറഞ്ഞ്‌ സഹതാപ വിഹിതം ചോദിക്കുകയല്ല. ധാർമ്മികതയും അറിവുമൊക്കെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുമ്പോൾ മനുഷ്യരെക്കുറിച്ച്‌ ഒളിച്ചു കടത്തപ്പെടുന്ന ഭാവനകളെ ചൂണ്ടിക്കാണിക്കുകയാണ്‌. ഒരാളുടെ രാഷ്ട്രീയം ചർച്ചയാകുന്നിടത്ത്‌ അയാളുടെ നിറവും രൂപവും എഴുന്നള്ളുന്നതിന്റെ വംശീയ ബോധങ്ങൾ പറയുകയാണ്‌. തെറ്റുകളൊക്കെ തെറ്റായി തന്നെ നിലനിൽക്കുമ്പോഴും തിരുത്തി ജീവിക്കാനുള്ള അവകാശത്തെ വകവെച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടുകയാണ്‌. സിനിമയിലെ വില്ലനും പഠിച്ചുവെച്ച വൈരുപ്യങ്ങളുമല്ല മനുഷ്യന്റെ അളവുകോലെന്ന് ഓർമ്മപ്പെടുത്തുകയാണ്‌.

 

(ഫേസ്ബുക് ചുമരുകളിലെ  വേറിട്ട കുറിപ്പുകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമമാണ് ഈ കോളം )

Be the first to comment on "”കറുത്ത നിറവും തടിച്ചുരുണ്ട വില്ലനും ” ജയരാജനെ ട്രോളുന്നതിലും അല്പം വംശീയതയുണ്ട്."

Leave a comment

Your email address will not be published.


*