സഹികെട്ടു അവർ ‘കുറ്റം സമ്മതിച്ചു”. അനന്തമായിനീളുന്ന വിചാരണ അവസാനിച്ചു.

ബംഗളൂര്‍ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ അടക്കപ്പെട്ട പതിമൂന്നു യുവാക്കള്‍ തങ്ങള്‍ നിരപരാധികളാണെന്ന വാദം മാറ്റി ”കുറ്റം” സമ്മതിച്ചതോടെ അനന്തമായി നീളുമായിരുന്ന വിചാരണ നടപടികളില്‍ നിന്നും രക്ഷപ്പെട്ട് ജയില്‍ മോചനത്തിലേക്കു നീങ്ങുന്നു. 2012 ആഗസ്റ്റ് മുതല്‍ യുഎപിഎ പ്രകാരം ജയിലിലടക്കപ്പെട്ട ഇവര്‍ മോചനം ലഭിക്കുന്നതിനു വേണ്ടിയാണ് കുറ്റം സമ്മതിക്കാന്‍ തീരുമാനിച്ചത്. കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ പ്രതികളാക്കപ്പെട്ട മുസ്ലിം യുവാക്കള്‍ കുറ്റം സമ്മതിക്കുന്നുവെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. നിരപരാധികളാണെന്ന വാദത്തില്‍ ഉറച്ചു നിന്നാല്‍ കേസ് നടപടികള്‍ ഇനിയും കാലങ്ങളോളം നീളുമെന്നും അവസാനം കുറ്റക്കാരല്ലെന്നു തെളിഞ്ഞാല്‍പോലും അത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരുമെന്നതും കണ്ടാണ് കര്‍ണ്ണാടകയിലെ ഹൂബ്ലി സ്വദേശികളായ യുവാക്കള്‍ തങ്ങള്‍ കുറ്റക്കാരാണെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചത്.

. തങ്ങളുടെ നിരപരാധിത്വം തെളിയിച്ച് പുറത്തുവരാമെന്നാണ് ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുമ്പുണ്ടായ പല തീവ്രവാദ കേസുകളെയും പോലെ വര്‍ഷങ്ങള്‍ നീളുന്ന വിചാരണ തീരുന്നതു വരെ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് കണ്ടാണ് തങ്ങള്‍ നിരപരാധികളാണെങ്കിൽ പോലും കോടതി മുന്‍പാകെ കുറ്റം സമ്മതിച്ചതെന്ന് 31കാരനായ വാഹിദ് ഹുസൈന്‍ പറഞ്ഞു.
കുറ്റക്കാരാണെന്ന് സമ്മതിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് എന്‍ഐഎ സ്‌പെഷല്‍ കോടതി ജഡ്ജ് ബി മുതലിയാര്‍ പൈ യുവാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ഇങ്ങനെ ചെയ്താല്‍ പ്രൊഫഷണല്‍ ബിരുദധാരികളായ അവര്‍ക്ക് ഒരിക്കലും സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നും യുവാക്കളെ അദ്ദേഹം ബോധ്യപ്പെടുത്തി. എന്നാല്‍ എങ്ങിനെയെങ്കിലും തടവറയില്‍ നിന്നും പുറത്തുകടന്നാല്‍ മതിയെന്ന നിലപാടില്‍ യുവാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പുനരാലോചനക്ക് രണ്ടു ദിവസത്തെ സാവകാശം ജഡ്ജി നല്‍കുകയും ചെയ്തു. യുവാക്കളെ തീരുമാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ അവരുടെ കുടുംബങ്ങള്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. മക്കളുടെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയാണ് വീടുപോലും വിറ്റ് ഇത്രയും കാലം കേസ് നടത്തിയതെന്നും അവര്‍ തന്നെ കുറ്റക്കാരാണെന്ന് സമ്മതിക്കുന്നത് പ്രയാസപ്പെടുത്തിയെന്നുമാണ് വാഹിദ് ഹുസൈന്റെ മാതാവ് മെഹറുന്നിസ പറഞ്ഞത്. പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ വിചാരണ നടപടികള്‍ പെട്ടെന്ന് അവസാനിച്ചു. ഇതോടെ വിധിപറഞ്ഞ ജഡ്ജി പ്രതികളെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. വിചാരണ തടവുകാരായി നാലു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ഇനി മാസങ്ങള്‍ക്കകം പുറത്തിറങ്ങാനാകും. യുഎപിഎ ചുമത്തിയ കേസില്‍ ആദ്യമായാണ് പ്രതികളെല്ലാവരും കുറ്റം സമ്മതിക്കുന്നതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
വാർത്ത – തേജസ് ദിനപത്രം

Be the first to comment on "സഹികെട്ടു അവർ ‘കുറ്റം സമ്മതിച്ചു”. അനന്തമായിനീളുന്ന വിചാരണ അവസാനിച്ചു."

Leave a comment

Your email address will not be published.


*