രോഹിത്തിന്റെ ജാതി; രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കത്തിച്ചു വിദ്യാർഥികൾ

ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജാതീയപീഡനങ്ങളാൽ സ്വയം ജീവനൊടുക്കേണ്ടിവന്ന ദളിത് ഗവേഷകവിദ്യാർത്ഥി രോഹിത് വെമൂല ദലിതനല്ലെന്ന ‘കണ്ടെത്തിയ’ രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കത്തിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

ഡെമോക്രസി ഡയലോഗ് ഫോറത്തിന്റെ നേത്വത്വത്തിൽ തിരുവനതപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ വെച്ച് നടന്ന സംഗമം ദളിത് ആക്ടിവിസ്റ്റും ചിന്തകനുമായ കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

രോഹിത് വെമൂലയെ വ്യവസ്ഥാപിതമായി കൊലപ്പെടുത്തിയ കാവി ഭരണകൂടത്തിന്റെ സാക്ഷിപത്രം ഇന്ത്യയിലെ ദലിതുകളും വിദ്യാര്‍ഥി സമൂഹവും തള്ളിക്കളയണമെന്ന് കെ. അംബുജാക്ഷന്‍ പറഞ്ഞു. രോഹിത് വെമൂലയുടെ ആത്മഹത്യയെത്തുടര്‍ന്ന് രാജ്യത്ത് ദലിത് പിന്നോക്ക സമൂഹത്തിന്റെ മുന്‍കൈയ്യില്‍ രൂപപ്പെട്ട ഫാഷിസ്റ്റ് വിരുദ്ദ മുന്നേറ്റങ്ങളെ ഇല്ലായ്മചെയ്യാനും ഇത്തരം പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാനുമാണ് രോഹിത് വെമൂല ദലിതനല്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പടച്ചുണ്ടാക്കുന്നതിലൂടെ സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തെ ജനസമൂഹങ്ങള്‍ അംഗീകരിച്ച യാഥാര്‍ഥ്യങ്ങളെ അട്ടിമറിക്കാനാണ് ഭരണകൂടങ്ങള്‍ കമ്മീഷനുകളെ ഉപയോഗപ്പെടുത്തുന്നത്. നാനാവതി കമ്മീഷനും രൂപന്‍ വാള്‍ കമ്മീഷനും ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. കെ.വി സഫീര്‍ഷ. ഗിരീഷ് കുമാര്‍ കാവാട്ട്, സുനില്‍ സുബ്രഹ്മണ്യം, എ.എ മുഫീദ എന്നിവര്‍ നേതൃത്വം നല്‍കി.

unnamed

അതേ സമയം , ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ദളിത് വിഭാഗത്തില്‍ പെടുന്നയാളല്ലെന്ന രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ തള്ളിയിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് തെറ്റാണെന്ന് ദേശീയ പട്ടികജാതി ചെയര്‍മാന്‍ പി.എല്‍ പുനിയ മാധ്യമങ്ങളോട് പറഞ്ഞതാണ്.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് രോഹിത് വെമുലയുടെ ജാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ റിട്ടയര്‍ഡ് ജസ്റ്റിസ് എ.കെ.രൂപന്‍വാളിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചത്.രോഹിത്തിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളും സാഹചര്യവും പരിശോധിക്കാനെന്ന പേരിലാണ് കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍ രോഹിത് ദളിതനല്ലെന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ നല്‍കിയത്.

Be the first to comment on "രോഹിത്തിന്റെ ജാതി; രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കത്തിച്ചു വിദ്യാർഥികൾ"

Leave a comment

Your email address will not be published.


*