https://maktoobmedia.com/

കൂട്ട പിരിച്ചുവിടൽ: മീഡിയവൺ മാനേജ്മെന്റിന് ഒരു തുറന്ന കത്ത്

​മീഡിയവൺ ടിവിയിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ   പിരിച്ചു വിടുന്നത് അവകാശ ലംഘനമാണെന്ന ആരോപണങ്ങളുയരുന്നു. ചാനൽ അഴിച്ചുപണിയുടെ ഭാഗമായി പ്രോഗ്രാം വിഭാഗത്തിൽ നിന്ന് സ്റ്റാഫിനെ പിരിച്ചുവിടാനുള്ള മാനേജ്മെന്റെ് തീരുമാനമാണ് വിമർശിക്കപ്പെടുന്നത്. കൃത്യമായ മുന്നറിയിപ്പുകളില്ലാതെ പിരിച്ചു വിടുന്നതിനെതിരെ നോട്ടീസ് ലഭിച്ച തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടക്കകാലം തൊട്ടേ മീഡിയവണിൽ ജോലി ചെയ്യുന്ന എഡിറ്ററുടെ ഭാര്യയെഴുതിയ കുറിപ്പാണ് പിരിച്ചുവിടലിന്റെ അനന്തരഫലങ്ങളെ കുറിച്ചുള്ള പുതിയ ചർച്ചയ്ക്ക് വഴിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

മീഡിയാ വൺ മാനേജ്മെന്റിന് ഒരു തുറന്ന കത്ത്”
ഞാൻ അമ്പിളി ഇടയത്ത്, മീഡിയ വണ്ണിൽ നിന്ന് തൊഴിൽ നഷ്ടപ്പെടാൻ പോവുന്ന നാൽപത്തഞ്ച് തൊഴിലാളികളിൽ ഒരാളായ അഭിജിത്ത് ഇടയത്ത് എന്ന എഡിറ്ററുടെ ഭാര്യ, ഇഷാൻ എന്ന ഒരു വയസ്സുകാരന്റെ അമ്മ ഇത്രയും ആണ് എന്നെ കുറിച്ചുള്ള ആമുഖം.

ഇന്ന് അകത്തും പുറത്തും പുകഞ്ഞുകൊണ്ടിരിക്കുന്ന ജമായത്തിന്റെ ആശയങ്ങളെ കുറിച്ചോ,ചാനലിന്റെ നിലപാടിനെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ ഉള്ള യോജിപ്പും വിയോജിപ്പും അറിയിക്കാനോ തെഴിലാളികളുടെ പ്രതിസന്ധിയെ കുറിച്ച് വിലപിക്കാനോ വേണ്ടിയല്ല എന്റെ ഈ തുറന്ന കത്ത്. മറിച്ച് കുഞ്ഞിനെയും കുടുംബത്തെയും സംരക്ഷിക്കാൻ വേണ്ടി ജോലി രാജിവെച്ച് ഭർത്താവിന്റെ ജോലിയെ മാത്രം അശ്രയിച്ച് ജീവിക്കുന്ന തികച്ചും സാധാരണക്കാരിയായ സ്ത്രീക്ക് ഇത്തരം ഘട്ടങ്ങളിൽ തോന്നാവുന്ന ഒരു അരക്ഷിതാവസ്ഥയുണ്ടല്ലോ… അതിനെ കുറിച്ചും എന്റെ അല്ലെങ്കിൽ എന്നെ പോലെയുള്ള സ്ത്രീകളുടെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചും ചിലത് പങ്കുവെക്കാൻ വേണ്ടിയാണ്.

എന്റെ ഈ തുറന്ന കത്ത് വായിക്കുന്ന നിങ്ങൾക്ക് ഇത് തികച്ചും ബാലിശമാണെന്ന് തോന്നിയേക്കാം. പക്ഷെ എനിക്കും എന്നെപ്പോലെ ഭർത്താവിന്റെ ജോലിയെ ആശ്രയിച്ച് ജീവിക്കുന്ന സ്ത്രീകൾക്കും ഇത് ജീവിത പ്രശ്നമാണ് ,മുന്നോട്ട് എന്ത് എന്നറിയാതെ പ്രതിസന്ധിയുടെയും നിസ്സഹായതയുടെയും ഭീകരാവസ്ഥയാണ്.
2013 ഫെബ്രുവരിയിൽ മീഡിയാ വൺ തുടങ്ങാൻ പോവുന്നതിന് തൊട്ടു മുൻപാണ് അഭിജിത്ത് മീഡിയ വണ്ണിൽ ജോലിക്ക് കയറുന്നത് .അന്ന് ഞാൻ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. അഭിജിത്തിനും എനിക്കും ലഭിച്ചിരുന്ന തുച്ചമായ ശമ്പളം കൊണ്ട് ഞങ്ങൾ കോഴിക്കോട് താമസം തുടങ്ങി, മാസാവസാനം മിച്ചം പിടിക്കാൻ ഒന്നും ഇല്ലായിരുന്നുവെങ്കിലും ഞങ്ങൾ സന്തുഷ്ടരായിരുന്നു. മീഡിയ വണ്ണിലെ സൗഹൃദാന്തരീക്ഷവും ജോലി സുരക്ഷയും കാരണം പിന്നീട് വന്ന മറ്റു പല ഓഫറുകളും അഭിജിത്ത് വേണ്ടെന്ന് വച്ചു. 2015ൽ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇഷാൻ വന്നു. രാത്രിയും പകലുമായി മാറി മാറി വരുന്ന ഞങ്ങളുടെ രണ്ട് പേരുടെയും ഷിഫ്റ്റുകൾക്കിടയിൽ ഇഷാൻ ബുദ്ധിമുട്ടരുത് എന്ന് കരുതി ഞാൻ ജോലി രാജിവെച്ചു, അപ്പോഴുണ്ടായിരുന്ന   ഏക ആശ്വാസം മീഡിയ വണ്ണിലെ ജോലിയിൽ അഭിജിത്ത് സുരക്ഷിതനാണല്ലോ എന്നതായിരുന്നു.

 കഴിഞ്ഞ മെയ് മാസത്തോടെ കുറച്ച് തൊഴിലാളികളെ കമ്പനി പുറത്താക്കാൻ പോവുന്നുഎന്നൊരു  വാർത്ത

 മീഡിയാ വണ്ണിൽ പരന്നതായി അഭിജിത്ത് വഴി ഞാനും അറിഞ്ഞു. മാധ്യമം പോലൊരു വലിയ വിശ്വസ്ത പ്രസ്താനത്തിന് അത്തമൊരു തെഴിലാളിവിരുദ്ധ നീക്കം നടപ്പിലാക്കാൻ ആവില്ല എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം

വീട്ടു ചിലവുകളും ലോൺ തിരിച്ചടവുകളും എല്ലാമായി ഞെങ്ങിയും ഞെരുങ്ങിയും ജീവിക്കുന്നതിനിടയിലാണ്  മീഡിയ വണ്ണിൽ നിന്നും 40ഓളം തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്നും

 അക്കൂട്ടത്തിൽ അഭിജിത്തും ഉൾപ്പെടുന്നുണ്ടെന്നും ഞാൻ അറിയുന്നത്ഞങ്ങൾക്കതൊരു ഞെട്ടലായിരുന്നു കാരണം  ഞങ്ങളെപ്പോലെ ഒരാളുടെ ജോലിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന അനേകം തൊഴിലാളികളുണ്ട് മീഡിയാ വണ്ണിൽ അവരിൽ പലരും എന്റെയും അടുത്ത സുഹൃത്തുക്കളാണ്, മെയ് മാസത്തിൽ ഞങ്ങൾ കേട്ടത് വെറുമൊരുവാർത്തയായിരുന്നില്ല , എന്നിട്ടും എന്തുകാണ്ട് ഈ വാർത്ത നേരത്തെ തൊഴിലാളികളെ അറിയിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം മേനേജ്മെന്റ് കാണിച്ചില്ല…??

അന്നു മുതൽ മറ്റ് ജോലി അന്വേഷിച്ചുവെങ്കിലും ചാനലുകളിൽ ഇപ്പോൾ ഒഴിവുകൾ ഇല്ല എന്ന മറുപടിയാണ് ലഭിക്കുന്നത് അപൂർവമായി വരുന്ന ഓഫറുകൾക്കാവട്ടെ വാഗ്ദാനം ചെയ്യുന്ന ശമ്പളം ഇപ്പോഴുള്ളതിനേക്കാൾ തുച്ഛവും.. കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ചാനലുകൾക്കും അറിയാം.

 വർഷങ്ങൾ പണിപെട്ട് അഭിജിത്തും എന്റെ സുഹൃത്തുക്കൾ കൂടിയായ മറ്റ് തൊഴിലാളികളും ഉണ്ടാക്കിയെടുത്ത കരിയർ പിന്നോട്ടിച്ചത്തിന്റെ ഉത്തരവാദിത്വം ആർക്കാണ്..?

ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന് എന്ത് നടപടിയും തൊഴിലാളികൾക്ക് മേൽ സ്വീകരിക്കാൻ കഴിയുമെന്ന ക്ലീഷെ മറുപടിയാണ് നിങ്ങൾക്കുണ്ടാവുക അതിനു് കാലഹരണപ്പെട്ട നിയമത്തിന്റെ പിൻബലവും ഉണ്ടാകും പക്ഷെ ഈ പ്രതിസന്ധിയെ ഞങ്ങൾ എങ്ങനെ തരണം ചെയ്യണം.. ?

 ഈ തുറന്ന കത്ത് ഒരു വിവാദ വിഷയമാക്കേണ്ടതില്ല.പക്ഷെ എന്നെ പോലുള്ള നിരവധി സ്ത്രീകളുടെയും കുടുംബാംഗ ങ്ങളുടെയും അനിശ്ചിതത്വത്തിലായ ഭാവി യുടെ പൂർണ്ണ ഉത്തരവാദിത്വം മീഡിയ വൺ മാനേജ്മന്റിന് മാത്രമാണ് .
                                                                   അമ്പിളി ഇടയത്ത്.
-Team Maktoob Media-

Be the first to comment on "കൂട്ട പിരിച്ചുവിടൽ: മീഡിയവൺ മാനേജ്മെന്റിന് ഒരു തുറന്ന കത്ത്"

Leave a comment

Your email address will not be published.


*