പറയാതെ വയ്യ. കേരള’ജനമൈത്രി’പോലീസ് ദലിത് വിരുദ്ധമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ വെച്ച് ദളിത് യുവാക്കൾക്ക് ക്രൂരവും അങ്ങേയറ്റം മാനവികവിരുദ്ധവുമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്നത് വാർത്താമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഒരു ഗൗരവമേറിയ മനുഷ്യാവകാശലംഘനം ഭരണകൂട സംവിധാനങ്ങളിൽ നിന്നും ദളിത് യുവാക്കൾക്ക് അനുഭവിക്കേണ്ടിവന്നിട്ടും അതിനു അത് അർഹിക്കുന്ന വാർത്താശ്രദ്ധയോ സർക്കാർ ഇടപെടലുകളോ ലഭിക്കുന്നില്ല എന്നത് ഏറെ ഖേദകരമാണ്. ക്രൂരമായ പോലീസ് മുറകളേറ്റു ആശുപത്രിയിൽ കഴിയുന്ന യുവാക്കളെ സന്ദർശിച്ചുകൊണ്ട് സോഷ്യൽ ആക്ടിവിസ്റ് സജീദ് ഖാലിദ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് മക്തൂബ് മീഡിയ പുനഃപ്രസിദ്ധീകരിക്കുന്നു. ഉത്തരവാദപ്പെട്ട അധികൃതരും മനുഷ്യാവകാശ പ്രവർത്തകരും ഈ വിഷയത്തിൽ കൂടുതൽ ഗൗരവപരമായി ഇടപെടണം എന്ന് ഉണർത്തുന്നു.

– എഡിറ്റോറിയൽ വിഭാഗം , മക്തൂബ് മീഡിയ

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ  രൂപം :-

” ഹൃദ്രോഗികള്‍, മനസലിവുള്ളവർ എന്നിവർ താഴേക്ക് വായിക്കരുത്…!!!

ഇന്ന് വെല്‍ഫെയർ പാർട്ടി നേതാക്കളായ എന്‍റെ സഹപ്രവർത്തകർ ഇസ്മായില്‍ ഗനി, സന്തോഷ് ഇടയ്ക്കാട്, ഷഫീഖ് ചോഴിയക്കോട്, ശിവജി തുടങ്ങിയവരോടൊപ്പം കൊല്ലം ജില്ലാ ആശുപത്രിയില്‍ പോലീസിന്‍റെ ഭീകരമായ ലോക്കപ്പ് മർദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രാജീവിനെയും ഷിബുവിനെയും സന്ദർശിച്ചു. ആ ചെറുപ്പക്കാർ ശരീരം വേദനകൊണ്ട് പുളയുന്നതോടൊപ്പം വലിയ ഭീതിയിലുമാണ്. തിങ്കളാഴ്ച (ഒക്ടോബർ 17) രാത്രിയാണ് രാജീവിനെ ഷാഡോ പോലീസ് ജോലിസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. അവിടെ എത്തിയ പാടെ മർദ്ദനം ആരംഭിച്ചു. രണ്ട് മാസങ്ങള്‍ക്കു മുമ്പ് രാജീവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 180000 രൂപ കളവ് പോയിരുന്നു. രാജീവ് ഇപ്പോള്‍ അവിടയല്ല ജോലി ചെയ്യുന്നത്. ആ പണം നീയല്ലേ മോഷ്ടിച്ചത് എന്നു പറഞ്ഞാണ് മർദ്ദനം തുടങ്ങിയത്. ബന്ധുവായ ഷിബുവിനെക്കുറിച്ച് തിരക്കി. അയാളെ രാത്രി  പന്ത്രണ്ടരയോടെ സ്റ്റേഷനിലെത്തിച്ചു. ഇതുവരെയും പരിപൂർണ്ണ നഗ്നരാക്കി നിർക്കിയാണ് മർദ്ദനം തുടങ്ങിയത്. സ്റ്റേഷനിലെ സൈഡിലെ ഒരു മുറിയല്‍ വച്ചാണ് മർദ്ദന മുറകള്‍ അരങ്ങേറിയത് .മഫ്തിയിലെത്തിയ ഒരു പോലീസുകാരന്‍റെ കൈയിലുണ്ടായിരുന്ന ലാപ് ടോപ് ബാഗ് മേശപ്പുറത്തു വച്ചു. അതില്‍ നിന്ന് കഥകളിലും സിനിമകളിലുമൊക്കെ മാത്രം കണ്ടും കേട്ടു പരിചയിച്ച ചില മർദ്ദനോപകരണങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്താണ് മർദ്ദനം ആരംഭിച്ചത്.

കൈവിരലുകള്‍ കെണിപോലെയുള്ള ഒരു ഉപകരണത്തിൽ കയറ്റി മുകളിലും താഴെയും മുറുക്കും. എല്ലു നുറുങ്ങുന്ന വേദനയാണതിന്. ഇപ്പോഴും അവരുടെ പത്ത് കൈവിരലുകളും ചതഞ്ഞ നിലയിലാണ്. ജനനേന്ദ്രിയത്തില്‍ സ്‌പ്രിങ്‌ പോലെയുള്ള ഉപകരണം കൊളുത്തി മുറുക്കി. അത് ഒരു പോലീസുകാരന്‍ ശക്തിയായി വലിക്കും. അപ്പോള് അകത്തി വച്ചിരിക്കുന്ന രണ്ട് കാലിലും ബൂട്ടിട്ട് പോലീസുകാർ നില്‍ക്കും. കമിഴ്ത്തി കിടത്തി മുതുകത്ത് നിർത്തം ചവിട്ടും. സബ് ഇന്‍സ്പക്ടർ പ്രശാന്ത് കവിളത്ത് അതി ശക്തിയായി പ്രഹരിക്കും. ഈ സമയം നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. സ്റ്റേഷനിലെത്തിയ ഭാര്യയോടും ബന്ധുക്കളോടും ഇങ്ങനെ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടില്ലാ എന്നു പറയുന്നത് തൊട്ടടുത്ത മുറിയില്‍ ഒരു നൂല്‍ ബന്ധം പോലുമില്ലാതെ കേള്‍ക്കുകയുണ്ടായി രാജീവനും ഷിബുവും. ഇങ്ങനെ അഞ്ചു ദിവസവും തുടർന്നു പരിപാടി. മൂന്നു ദിവസം രാത്രി വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് കൊണ്ടു പോയത്. അവിടെ നാണം മറക്കാന്‍ ഒരു ന്യൂസ് പേപ്പറിന്‍റെ താള്‍ നല്‍കിയത്രെ. വെള്ളിയാഴ്ച രാത്രി വരെ ഈ പരിപാടി തുടർന്നു. ഇതില്‍ ഷിബു ടി.ബി രോഗിയാണെന്നു പറഞ്ഞതിനാല്‍ മുതകത്തുള്ള നൃത്തം പോലീസ് ഒഴിവാക്കി. ബാക്കിയെല്ലാം അയാളുടെ ശരീരത്തും നടത്തി. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഒരു നൂറു രൂപ കൈയില്‍ വച്ചു കൊടുത്ത് സബ് ഇന്‍സ്പെക്ടർ അവരോട് പോയ്ക്കൊള്ളാന്‍ പറഞ്ഞു. ചാനലുകാരെയും പത്രക്കാരെയും ഒരു കാരണവശാലും വിവരമറിയിക്കരുതെന്നും അറിയിച്ചാല്‍ ഇനി ഇതൊന്നുമല്ല അനുഭവിക്കാന്‍ പോകുന്നതെന്നും ഭീഷണിപ്പെടുത്തി. രാത്രി വീട്ടിലെത്തിയ ഇവർക്ക് വേദന കാരണം ഉറങ്ങാനായില്ല. ബന്ധുവായ ബി.ബി.എ വിദ്യാർത്ഥിനിയാണ് ഇക്കാര്യം ചില സാമൂഹ്യ പ്രവർത്തകരെ അറിയിക്കുന്നത്. അവരാണ് ശനിയാഴ്ച (ഒക്ടോബർ 22) രാവിലെ ആശുപത്രിയിലെത്തിച്ചതും വിവരം പുറം ലോകത്തെ അറിയിച്ചതും. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ ദലിതന് ലഭിക്കുന്ന സ്വീകരണം ഇതാണ്. പോലീസ് സ്റ്റേഷനൊന്നു റെയ്ഡ് ചെയ്‌താൽ  പതിനഞ്ചാം നൂറ്റാണ്ടിലൊക്കെ ഉപയോഗിച്ച കിരാത മർദ്ദനോപകരണങ്ങളുടെ കമനീയ ശേഖരം കിട്ടും.. ഏത് പിണറായി ഭരിച്ചാലും ഇതാണ് കേരളത്തിലെ പോലീസ്. തികച്ചും ഓർഗനൈസ്ഡായ ട്രെയിൻഡ് ക്രിമനില്‍സാണവർ എന്നതാണ് അവസ്ഥ.”

Be the first to comment on "പറയാതെ വയ്യ. കേരള’ജനമൈത്രി’പോലീസ് ദലിത് വിരുദ്ധമാണ്."

Leave a comment

Your email address will not be published.


*