ഗൗരിയും ചാത്തുവും പുറത്തിറങ്ങുന്നതിനെ ആരാണ് പേടിക്കുന്നത്? നിഷേധിക്കപ്പെടുന്ന നീതിയോട് ഇനിയും മൗനിയാവണോ നമ്മൾ ?

എഡിറ്റോറിയൽ :
സംസ്ഥാനത്ത് യു.എ.പി.എ കേസില്‍ പ്രതിചേർക്കപ്പെട്ട ആദ്യ ആദിവാസി യുവതി ഗൗരി അഞ്ചു മാസത്തിലധികമായി ജയിലില്‍ ജാമ്യം നിഷേധിക്കപ്പെട്ടു കഴിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റം ആരോപിച്ചാണ് യു.എ.പി.എ ചുമത്തി ഗൗരിയെ പോലീസ് അറസ്റ് ചെയ്തത്. രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുക എന്നത് ഭരണഘടനാപരമായി തന്നെ പൗരന്റെ നിർബന്ധബാധ്യത അല്ല എന്നതും തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നതും അതിനു ആഹ്വാനം ചെയ്യുന്നതും ഒരുപാട് ആവർത്തിപ്പെട്ട നാടാണ് നമ്മുടേത് എന്നതുകൊണ്ടും തന്നെ ഗൗരിയെ എന്ത് ” ഭീകരപ്രവൃത്തി” ചുമത്തിയാണ് കടുത്ത നിയമങ്ങൾ ചാർത്തി തടവറയിലിട്ടതെന്ന മനുഷ്യാവകാശപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സർക്കാരും പോലീസ് അധികൃതരും ഉത്തരം പറഞ്ഞേ തീരൂ..

ഗൗരിക്കെതിരെ രണ്ട് പൊലീസ് സ്റ്റേഷന്‍നുകളിലായി രണ്ട് യു.എ.പി.എ കേസ് ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്ത് യു.എ.പി.എ കേസില്‍ പ്രതിയാകുന്ന ആദ്യ ആദിവാസി സ്ത്രീയാണ് ഗൗരി. റീട്ടെയില്‍ രംഗത്തെ കുത്തകയായ റിലയന്‍സിനെതിരെ 2009ല്‍ തൃശൂരില്‍ നടത്തിയ സമര പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ഗൗരി. ദരിദ്രരുടെ റേഷന്‍ സംരക്ഷണ സമിതി, ആദിവാസികള്‍ക്കും ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന പ്രതിഷേധ പരിപാടികളിലും കുപ്പാടി സമരം അടക്കമുള്ള ദലിത് ആദിവാസി വിഭാഗങ്ങളുടെ ചെറുത്തുനില്‍പുകളിലും ഗൗരിയുടെ ഇടപെടലുകൾ കാണാം. വിവാഹിതയും നാലു വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമാണ് ഗൗരി. തിരുനെല്ലി അരണപ്പാറ സ്വദേശിനിയാണ് കുറുമ സമുദായക്കാരിയായ ഗൗരി പെരിന്തൽമണ്ണ സ്വദേശിയായ അഷ്റഫിനെയാണ് വിവാഹം ചെയ്‌തത്‌

800x480_image58276164
കഴിഞ്ഞ മേയ് ആറിനാണ് ഗൗരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജാമ്യം നിഷേധിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണിപ്പോള്‍. സമാന കേസില്‍ യു.എ.പി. എ ചുമത്തപ്പെട്ട മറ്റു പത്തോളം പേര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഗൗരിക്കും വയനാട്ടില്‍നിന്നുള്ള ചാത്തുവിനും മാത്രം ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു.
മാതൃകാ കര്‍ഷകനുള്ള ബഹുമതിയും നേടിയിട്ടുള്ള കർഷകനാണ് അറുപത്തിയേഴുകാരനായ ചാത്തു.
ചലച്ചിത്രതാരം മമ്മൂട്ടി മോഡലായ സോപ്പ് തേച്ച് സൗന്ദര്യം വര്‍ധിച്ചില്ളെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടിക്കും സോപ്പുകമ്പനിക്കുമെതിരെ ചാത്തു കേസ് നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലെ വെള്ളമുണ്ട തലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന്‍റെ രാഷ്ട്രീയ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള പോസ്റ്ററുകള്‍ പതിച്ച ശേഷം നടന്നു പോകവെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ. ചുമത്തി കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയിരുന്നത്.

കൂടെയുള്ളവരെ ജാമ്യം നൽകി വിട്ടയച്ചെങ്കിലും ഗൗരിക്കും ചാത്തുവിനും ജാമ്യം നിഷേധിക്കപ്പെടുന്നത് അവർ ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് വരുന്നത് കൊണ്ടാണെന്നു സാമൂഹ്യപ്രവർത്തകർ പറയുന്നു. സോഷ്യൽ മീഡിയയിലും ഗൗരിക്കും ചന്തുവിന് ലഭിക്കേണ്ട നീതിയെക്കുറിച്ചു ചർച്ചകളും കാമ്പയിനുകളും സജീവമാണ്. യു എ പി എ ചുമത്തുക എന്നത് തങ്ങളുടെ നയമല്ല എന്ന് പ്രഖ്യാപിച്ച ഇടതു സർക്കാർ അധികാരത്തിലേറിയിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് മനുഷ്യാവകാശപ്രവർത്തകർ പറയുന്നു. ഇടത് സർക്കാരിന്റെ കാലത്തു ജാമ്യം അപേക്ഷിച്ചപ്പോൾ നിഷേധിക്കപ്പെടുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് ബഹിഷ്കരണ പോസ്റ്റർ പതിച്ചു എന്നത് മാത്രമാണ് ഇവർക്കെതിരെ ”തെളിയിക്കപ്പെട്ട ഏക കുറ്റം” എന്നതാണ് ഏറെ ഗൗരവകരം. മാവോയിസ്റ്റെന്ന മുദ്ര ചാർത്തി ദളിത് ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെ ഭീകരമായി നേരിടാനുള്ള തന്ത്രങ്ങളുടെ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ഗൗരിയും ചാത്തുവെന്നും ഫേസ്‌ബുക്കിൽ പോസ്റ്റുകൾ വ്യാപകമാവുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ വായിക്കാം :-

 

Rajeesh Kollakkandi :-

ഗൌരി, ചാത്തു, ഷംസുദ്ദീൻ പാലത്ത്..ഉസ്മാൻ.. വിനോദ്… ആദിവാസി-ദലിത്-മുസ്ലീം-കമ്മ്യൂണിസ്റ്റ്.. യു.എ.പി.എക്ക് ജാതിയുണ്ട്. മതമുണ്ട്. രാഷ്ട്രീയമുണ്ട്.. ബ്രാഹ്മണ്യത്തിന്റെ- വർഗാധിപത്യത്തിന്റെ രാഷ്ട്രീയം….

Ashkar Lessirey :- 

” ഇന്നേക്ക് 175 ദിവസമായി ഗൗരി എന്ന ആദിവാസി യുവതി ഊപ്പ കാരണം അകത്ത് കിടക്കുന്നു !
ഐപിസിയിൽ പോലും വകുപ്പില്ലാത്ത സംഭവത്തിന്റെ പേരിലാണത്രേ ഈ കടുത്ത അനീതി അവർ അനുഭവിക്കുന്നത് !
രാജ്യദ്രോഹക്കുറ്റം ആരോപിച്ചു നാലുപേരെയും യുഎപിഎ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. സി എ അജിതന്‍, സാബു എന്നിവര്‍ക്കു ജാമ്യം ലഭിച്ചെങ്കിലും ഗൗരിക്കും ദളിതനായ ചാത്തുവിനും മാത്രം ജാമ്യം കിട്ടിയില്ല !
ജനകീയ സമരങ്ങളില്‍ സാന്നിധ്യമറിയിച്ചിരുന്ന ഗൗരി തൃശൂരില്‍ റിലയന്‍സ് ഗോഡൗണിനെതിരെ നടന്ന സമരത്തിലും പങ്കെടുത്തിരുന്നു. കാടിനുനടുവിലെ തങ്ങളുടെ വീടും കൃഷിയും ആനക്കൂട്ടം നശിപ്പിച്ചതോടെ പകരം സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ നേതൃത്വത്തില്‍ ആദിവാസി വിഭാഗക്കാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്കൊക്കെ പരാതി സമര്‍പ്പിച്ചിരുന്നു. മമ്മൂട്ടി മോഡലായ സോപ്പ് തേച്ച് സൗന്ദര്യം വര്‍ധിച്ചില്ളെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടിക്കും സോപ്പുകമ്പനിക്കുമെതിരെ കേസ് നല്‍കിയ ആളാണ് ചാത്തു.
ഊപ്പക്ക് മതം മാത്രമല്ല.. ജാതിയും അയിത്തവും ഒക്കെയുണ്ട് ! ഈ ഭീകര നിയമം എന്നേന്നുക്കുമായി ഉപേക്ഷിക്കേണ്ടത് ഈ നാടിനെ അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷിക്കുന്നതിന് അനിവാര്യമാണ് !
#JusticeForGauri ! ”

 

Firoz Hassan :-

” പോസ്റ്റര്‍ ഒട്ടിച്ചതിന്‍റെ പേരില്‍ ഒരു ആദിവാസി സ്ത്രീ നൂറ്റി അന്‍പതു ദിവസത്തിലേറെയായി യു എ പി എ ചുമത്തപ്പെട്ട് ജയിലില്‍ കിടക്കുന്നു..
കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷത്തെ ഇത്രയേറെ അപകടകരമായ വിധത്തില്‍ വിഷലിപ്തമാക്കിയ ശശികല ടീച്ചര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ നിരവധി സാമൂഹിക സമ്മര്‍ദ്ധങ്ങള്‍ ഉയര്‍ന്നു വന്നിട്ടും ഒടുവില്‍ ഗവേഷണം നടത്തി തീരുമാനമായത്
ഐ പി സി വച്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍.

ഇഷ്ടിക കട്ട പിടിച്ചെടുത്തതിന്‍റെ പേരില്‍
ഇരുപത്തിയൊന്ന് മുസ്ലീം ചെറുപ്പക്കാരെ വര്‍ഷം രണ്ടു കഴിഞ്ഞിരിക്കുന്നു യു എ പി എ ചുമത്തി ജയിലില്‍ അടച്ചിട്ട്…..
കൊട്ടക്കണക്കിന്‌ ബോംബുകളും മാരകായുദ്ധങ്ങളും ആര്‍ എസ് എസ്സിന്‍റെയും സി പി എമ്മിന്‍റെയും കേന്ദ്രങ്ങള്‍ റെയിഡ് ചെയ്ത് പിടിചെടുത്തിട്ടും ഒരു പെറ്റി കേസ് പോലും ചാര്‍ജ്ജ് ചെയ്യാത്ത കണ്ണൂരില്‍ തന്നെയാണിതും…

ഷംസുദ്ദീന്‍ പാലത്തിന്നുമേല്‍ യു എ പി എ ചാര്‍ത്തി അകത്തിടുമ്പോള്‍ ചേരാത്ത ഏതു മാനദണ്ഡം ഉപയോഗിച്ചാണ് സാര്‍ ശശികല ടീച്ചറെയും ഗോപാലകൃഷ്ണനേയുമൊക്കെ രക്ഷിചെടുക്കുന്നത്??

ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും മാത്രമായി സംവരണം ചെയ്തിരിക്കുന്ന വകുപ്പാണോ സാര്‍ യു എ പി എ ?? ”

Be the first to comment on "ഗൗരിയും ചാത്തുവും പുറത്തിറങ്ങുന്നതിനെ ആരാണ് പേടിക്കുന്നത്? നിഷേധിക്കപ്പെടുന്ന നീതിയോട് ഇനിയും മൗനിയാവണോ നമ്മൾ ?"

Leave a comment

Your email address will not be published.


*