”ചെറുമരെമക്കൾ ഇനി വളരേണ്ട”.ദളിത് കുടുംബത്തിന് നേരെ കോഴിക്കോട്ട് ആക്രമണം

 

കോഴിക്കോട് ചേളന്നൂരിൽ ദളിത് കുടുംബത്തിന് നേരെ ഒരുകൂട്ടം പേരുടെ ആക്രമണവും ജാതീയാധിക്ഷേപവും. തങ്ങളുടെ നാട്ടിൽ ”കള്ളന്മാരുടെ ശല്യം” എന്നാരോപിച്ചു അവിടെ ഒറ്റമുറിവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് നേരെ തിരിയുകയായിരുന്നു പ്രദേശവാസികളായ ഒരു സംഘം പേർ . ചേളന്നൂർ സ്വദേശി മിനി , അവരുടെ ഭർത്താവ് , മകൻ എന്നിവരെ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു ഈ കൂട്ടർ. മിനിയെയും ഭർത്താവിനെയും തല്ലിയ ഇവർ മകന്റെ ലൈംഗികാവയവം തിരിച്ചുപിടിച്ചു ക്രൂരത കാണിക്കുകയാണ് ചെയ്തത്. ” ചെറുമരുടെ മക്കൾ ഇനി വളരേണ്ട” എന്നായിരുന്നു അക്രമകാരികൾ ആക്രോശിച്ചിരുന്നത്. ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ് മൂവരും.

” അവർ അഞ്ചുപേർ വീട്ടിലേക്ക് കയറിവന്നു. ഒറ്റമുറി വീടാണ് ഞങ്ങളുടേത്. നിങ്ങൾ ഇവിടെ ജീവിക്കുന്നതുകൊണ്ടാണ് ഞങ്ങൾക്ക് പ്രശ്നമുള്ളതെന്നു പറഞ്ഞിട്ടായിരുന്നു അവരുടെ ആക്രമണം. എന്നെയും ഭർത്താവ് മൃദുലിനെയും ഒരുപാട് തല്ലി. കൂലിപ്പണിക്കാരനാണ് എന്റെ ഭർത്താവ്. എന്റെ കയ്യിൽ ഒന്നരവയസ്സുള്ള മോൻ ഉണ്ടായിരുന്നു അപ്പോൾ. ആദിത്യൻ എന്നാണു അവന്റെ പേര് . അവനെ അവർ നിലത്തു തറയിലിട്ടു. ചുണ്ടിൽ നിന്നും കുറെ ചോര വന്ന അവൻ കുറെ നേരം കരഞ്ഞു. അടുത്തുണ്ടായിരുന്ന എന്റെ ഏഴുവയസ്സുള്ള മോൻ അഭിൻ കൃഷ്ണയുടെ ലൈംഗികാവയവം തിരിച്ചു പിടിച്ചു അവനെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു അവർ. ചെറുമരുടെ മക്കൾ ഇനി വളരേണ്ടതില്ല എന്നാണു അവർ അപ്പോൾ പറയുന്നത്. അവനോടു നിന്നെ ഞങ്ങൾ കൊന്നുകളയും എന്ന് അവർ പറഞ്ഞു. അവൻ ആകെ പേടിച്ചിരിക്കുകയാണ്. മലമൂത്രവിസർജനം നടത്താൻ ഏറെ പ്രയാസപ്പെടുന്നു. ഞങ്ങൾ ചെറുമർ ആയത് ഞങ്ങളുടെ കുഴപ്പമാണോ ?  പേടിയുണ്ട് ഞങ്ങൾക്ക് . അവർ  കൊന്നുകളയും. എന്റെ മോൻ വല്ലാതെ കരയുന്നു. അവർ വലിയ ആളുകളാണ്. രാഷ്ട്രീയക്കാരാണ്. കോൺഗ്രസ്സിലുണ്ട് അവർ. പൈസക്കാരാണ്. ഒരു കുടുംബത്തിലുള്ളവരാണ് അവർ. ഏട്ടനേയും അനുജന്റെയും മക്കൾ .”
മിനി മക്തൂബ് മീഡിയ പ്രതിനിധിയോട് പറഞ്ഞു.
ഈ വിഷയം ഏറെ ഗൗരവമുള്ളതാണെന്നും കോഴിക്കോട് ജില്ലാ കമീഷണർക്ക് പരാതികൊടുത്തും പോസ്കോ കോടതിയെ സമീപിച്ചും നീതിക്കായി ശ്രമിക്കുമെന്ന് സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ സിനാൻ മക്തൂബ് മീഡിയയോട് പറഞ്ഞു.കള്ളന്മാരെ പോലീസിനും തങ്ങൾക്കും പിടിക്കാൻ സാധിക്കാത്തതിലുള്ള അരിശം , ഒരു ദളിത് കുടുംബത്തിനോട് തീർക്കുകയാണ് ഇവർ ചെയ്തതെന്നും സമൂഹത്തിൽ ഏറെ സ്വാധീനമുള്ളവരാണ് ഈ കൂട്ടരെന്നും സിനാൻ പറഞ്ഞു.

Be the first to comment on "”ചെറുമരെമക്കൾ ഇനി വളരേണ്ട”.ദളിത് കുടുംബത്തിന് നേരെ കോഴിക്കോട്ട് ആക്രമണം"

Leave a comment

Your email address will not be published.


*