https://maktoobmedia.com/

മുസ്ലിം സംഘടനായോഗത്തിൽ സ്ത്രീകളെ ക്ഷണിക്കാത്തത് വിമർശിക്കപ്പെടുന്നു.

 

ഏക സിവിൽകോഡ് , മുത്തലാഖ് ഇനീ വിഷയങ്ങളിൽ നിലപാട് ആലോചിക്കുന്നതിനു കേരളത്തിലെ വിവിധ മുസ്ലിം സംഘടനകൾ ചേർന്ന സുപ്രധാനയോഗത്തിൽ ഒരു വനിതാപ്രതിനിധിയെ പോലും ക്ഷണിക്കാതിരുന്നത് ചർച്ചയാവുന്നു. ത്വലാഖ് പോലുള്ള സമൂഹത്തിലെ സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളിൽ നിലപാടെടുക്കാനുള്ള അവസരങ്ങളിൽ പോലും മുസ്ലിം സ്ത്രീ അവഗണിക്കപ്പെടുന്നത് ഗൗരവപരമാണെന്ന് വ്യത്യസ്തപ്രതികരണങ്ങൾ പറയുന്നു.

 

മുസ്ലിംസമുദായത്തിന്റെ നേർപാതിയായ മുസ്ലിംസ്ത്രീകളെ ബാധിക്കുന്ന ഈ വിഷയം ചര്ച്ച ചെയ്യാന് പേരിനുപോലുമൊരാളെ ഇരുത്താന് കസേരയില്ലായിരുന്നോ എന്ന് പത്രപ്രവർത്തകയും മുസ്ലിം മഹിളാ ആന്ദോളൻ സംസ്ഥാന കൺവീനറുമായ സബീന ടി കെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

കോഴിക്കോട് നടന്ന സംഗമത്തിലെ മുസ്ലിം വനിതാ പ്രതിനിധാനത്തെക്കാളും ഗൗരവപരമായ ഒന്ന് ഈ വിഷയം തങ്ങളുടെ സംഘടനയിലെ വനിതാ വിങ്ങുകളോട് ഇവർ ചർച്ച ചെയ്തിട്ടുണ്ടോ എന്നുള്ളതാണെന്ന് ജി ഐ ഓ സംസ്ഥാന പ്രസിഡന്റ് പി റുക്‌സാന സൗത്‌ലൈവ് പോർട്ടലിനോട് പ്രതികരിച്ചു.

”മുത്തലാഖ് ഇസ്ലാമികവിരുദ്ധമാണ്. അത് പരിഷ്കരിക്കപ്പെടണം . സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങളെയും ക്ഷണിക്കേണ്ടിയിരുന്നു”. എം ജി എം പ്രസിഡന്റ് ഖദീജ നർഗീസ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

സ്ത്രീകൾ കൂടിയുള്ള കമ്മിറ്റികളിലാണ് തങ്ങൾ സാധാരണ കാര്യങ്ങൾ തീരുമാനിക്കാറുള്ളത്. എന്നാൽ ഈ യോഗത്തിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്നും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് സഫിയ അലി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പ്രതികരിച്ചു. അതേ സമയം , എം ഇ എസ് , മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകൾ ഈ ആഴ്ചയിൽ തന്നെ ഈ വിഷയം ചർച്ച ചെയ്യാൻ രണ്ട സുപ്രധാനയോഗം വിളിച്ചിട്ടുണ്ടെന്നും അതിൽ താൻ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

” കേരളത്തിലെ മുസ്ലിം സംഘടനകളുടെ പുരുഷമേധാവിത്വപരമായ സമീപനങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. തങ്ങളുടെ വനിതാ വിങ്ങുകൾക്ക് കേൾക്കാനുള്ളത് കേൾക്കാൻ അവർ തയ്യാറാവുന്നില്ല. പലപ്പോഴും വനിതാ വിഭാഗങ്ങൾ പുരുഷഗ്രൂപ്പിന്റെ നിഴൽ മാത്രമായിത്തീരുന്നു. പ്രതിരോധശബ്ദങ്ങൾ അവരിൽ നിന്നുണ്ടാവുമ്പോൾ അതിനെ അടിച്ചമർത്തുന്ന രീതിയാണ് കാണുന്നത് ” – വി പി റജീന , മാധ്യമപ്രവർത്തക ( കടപ്പാട് – സൗത്‌ലൈവ് )

എന്നാൽ , ആ യോഗത്തിലെ തീരുമാനങ്ങൾക്കപ്പുറം വനിതാ ലീഗിന് വ്യത്യസ്ത അഭിപ്രായമില്ലെന്നായിരുന്നു മുസ്ലിം വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ കമറുന്നിസ അൻവറിന്റെ പ്രതികരണം.

മക്തൂബ് മീഡിയക്ക് ലഭിച്ച മറ്റു പ്രതികരണങ്ങൾ വായിക്കാം :-
” മുത്തലാഖ് , ബഹുഭാര്യത്വം പോലുള്ള പെണ്ണിനെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടാണ് ബി ജെ പി ഏകസിവിൽകോഡ് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ആ സാഹചര്യത്തിൽ ഈ ഒരു വിഷയം ചർച്ച ചെയ്യുമ്പോ അതിൽ ഒരു പെണ്ണ് പോലും ഇല്ലാത്തത് , ഇവർ ഏതൊക്കെ തീരുമാനമെടുത്താലും ആ തീരുമാനത്തെ ആന്തരികമായി ദുർബലപ്പെടുത്തുന്ന ഒന്നാണ്. ഇത് ഞാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയോട് ആ യോഗാനന്തരം ചോദിച്ചപ്പോൾ ” അവരൊക്കെ ഞങ്ങളെ കീഴിലുള്ളവരാണ് , സമയം വരുമ്പോൾ അവരെ വിളിച്ചോളാം ” എന്നാണ് എനിക്ക് മറുപടി ലഭിച്ചത് എന്ന് കൂടി പറയട്ടെ” – സഹ്‌ല നെച്ചിയിൽ ( ലേഖിക , ന്യൂ ഇന്ത്യൻ എക്സ്പ്രസ് )

” ഇത് അതിശയപ്പെടുത്തുന്നില്ല. പൗരോഹിത്യവിഭാഗത്തിന്റെ സ്ഥിരം നിലപാടുകൾ ആവർത്തിക്കപ്പെടുന്നു. ” – റാഫിയ ഷെറിൻ ( സുല്ലുമുസ്സലാം കോളേജ് അരീക്കോട് )

” ഈ വിഷയത്തില്‍ പെണ്ണുങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കാന്‍ പുരുഷൻമാരുണ്ടല്ലോ… പിന്നെന്ത് വേണം എന്ന നിലപാടാണ് ഇപ്പോഴും മുസ്ലിം സംഘടനകൾക്കുള്ളത് . അത് തന്നെയാണല്ലോ ഖുർആനിൽ നിന്ന് നമ്മളെ പോലെ ഇടുങ്ങിയ മനസ്സുള്ളവർ വായിച്ചെടുക്കുന്നത്.പെണ്ണിന് വേണ്ടിയുള്ളതല്ല ആ കിതാബിലെ നിയമങ്ങളെന്നു തോന്നിപ്പിക്കുന്നതിനെ സാധൂകരിക്കുന്നതാവുന്നില്ലേ ഇവയൊക്കെ.  ” – റോഷ്‌ന അറഫാ അലി ( എസ്  ബി കോളേജ് ചങ്ങനാശേരി )

” ത്വലാഖ് വിഷയ ചർച്ചയിൽ സ്ത്രീ സംഘടനകളെ പങ്കെടുപ്പിച്ചില്ല എന്നതിൽ ഒരു മോശത്തരവും എനിക്ക് തോന്നുന്നില്ല, ത്വലാഖിനെ കുറിച് വ്യക്തമായ ഇസ്ലാമിക നിയമമുണ്ട് . അത് ആരു പങ്കെടുത്താലും ഇല്ലെങ്കിലും അങ്ങനെ തന്നെയേ നിലനിൽക്കൂ, നിലനിൽക്കാവൂ. മതപണ്ഡിതന്മാർ അല്ലെങ്കിൽ അത് വ്യക്തമായി മനസ്സിലാക്കിയവർ ( സ്ത്രീ / പുരുഷൻ ) ചർച്ചക്ക് ഇരിക്കട്ടെ . ത്വലാഖ് എന്നത് ഒരിക്കലും സ്ത്രീവിരുദ്ധം ആയിട്ട് കാണുന്ന ഒരു വ്യക്തിയല്ല ഞാൻ. ഇസ്ലാമിൽ ദമ്പതിമാർക് തങ്ങളുടെ ബന്ധം വേർപിരിയണമെങ്കിൽ വെറും മൂന്ന് തവണ ത്വലാഖ് എന്നു പറഞ്ഞാൽ മതിയെന്ന തെറ്റിദ്ധാരണകളാണ് ( തെറ്റിധരിപ്പിക്കാനുള്ള അജണ്ട )മുത്തലാഖ് ഇഷ്യൂ ഉദയം ചെയ്യുന്നതിന്റെ പിന്നിൽ. മുത്തലാഖ് വിഷയത്തെ നമുക്ക് വ്യക്തമായി മോഡി സർക്കാരിന്റെ പൊളിറ്റിക്കൽ ഗിമ്മിക്കായി മനസിലാക്കാവുന്നതേ ഉള്ളു.”
– നുസ്‌റത്ത് ജഹാൻ ( ഹൈദരാബാദ് കേന്ദ്ര സർവകലാശാല )

 
” പുരുഷ മേൽക്കോയ്മയുടെ പ്രതിനിധികളാണ് ഓരോ സമുദായ സംഘടനയിലും ഉള്ളത്.ത്വലാക് എന്നത് പുരുഷന്റെ മാത്രം അവകാശം എന്ന വിശ്വാസം നിലനില്‍കുന്നിടത്തോളം സ്ത്രീകളുടെ അഭിപ്രായം രേഖപ്പെടാതെ പോകുന്നു.കോമൺ സിവിൽ കോഡ് എന്നത് സമുദായത്തിന്റെ നിലനില്പിനെ ബാധിക്കുന്ന ഒന്നായി അവര്‍ കാണുന്നു.പക്ഷെ അവരുടെ സ്ത്രീ ജനങ്ങളെ അതേ പ്രകാരം ബാധിക്കുന്നു എന്നറിയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.അറിവും വിദ്യാഭ്യാസവുമുള്ള സ്ത്രീകളെ അവര്‍ക്ക് ഭയമാണ്. ഖുര്‍ആന്‍ അടിസ്ഥാനപ്പെടുത്തിയുള്ള മാറ്റങ്ങളാണ് മുസ്ലിം വ്യക്തിനിയമത്തിൽ ആവശ്യം” – അമൃത മേത്തർ ( ഫാറൂഖ് കോളേജ് , കോഴിക്കോട് )

” സ്ത്രീയെ ഏറെ മഹത്വവൽക്കരിക്കുന്ന വിശ്വാസസംഹിതയാണ് ഇസ്‌ലാം. മഹ്ർ പോലുള്ള തീർത്തും സ്ത്രീസൗഹൃദമായ ആശയങ്ങൾ സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ ആശയങ്ങൾ സമൂഹത്തിൽ വ്യാപിക്കുന്ന കാലത്തിനുള്ള ശരിയായ പരിഹാരമാണ്. മുസ്ലിം നിയമങ്ങളെയും ഇസ്ലാമിനെയും അപരിഷ്‌കൃതമെന്നു കാണിക്കാനുള്ള സംഘ് പരിവാറിന്റെ ധൃതി പിടിച്ചുള്ള ശ്രമങ്ങളെ മുസ്ലിം സമൂഹം കൂട്ടമായി ചെറുക്കണം. ആ സാഹചര്യത്തിൽ കൂടിയാലോചനയിൽ സ്ത്രീകൾക് സ്ഥാനം കൊടുക്കാതെയും ”അവർ തങ്ങള്‍ക്ക് കീഴെ ഉള്ളവരാണ്” എന്ന സ്ത്രീവിരുദ്ധ കമന്റുകൾ നടത്തിയും മുസ്ലിം സംഘടനകൾ തന്നെ പക്ഷപാതിത്വപരമായി പെരുമാറുന്നത് പ്രതിഷേധാർഹമാണ് ”
– അഫ്ര നഹാൻ ( ജാമിയ മില്ലിയ ഇസ്ലാമിയ , ന്യൂഡൽഹി )

Be the first to comment on "മുസ്ലിം സംഘടനായോഗത്തിൽ സ്ത്രീകളെ ക്ഷണിക്കാത്തത് വിമർശിക്കപ്പെടുന്നു."

Leave a comment

Your email address will not be published.


*