മുസ്ലിമെന്നാൽ തീവ്രവാദമെന്നത് നിങ്ങളോരോരുത്തരുടേയും തീർപ്പുകളാണ്

ഫേസ്‌ബുക്ക് നോട്ടിഫിക്കേഷൻ – ബിശ്‌റുദ്ധീൻ ശർഖി

 

“വീ കൺഗ്രാജുലേറ്റ് അവർ മെമ്പേഴ്സ് ആൻഡ് അസ്സോസിയേറ്റ്സ്, ആമീൻ”

ഈ വരികൾ ഓർക്കുന്നുണ്ടോ.? വഴിയേ പറയാം.

2008 ൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനവുമായി ബന്ധപെട്ട് അസമിൽ സന്ദർശനത്തിലാണ്. റീഡിഫൈനിംഗ് എജുക്കേഷൻ എന്ന തലക്കെട്ടിൽ ഗോഹട്ടി പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനം വച്ചിരുന്നു. ആദ്യ അന്വേഷണങ്ങൾ തന്നെ തീവ്രവാദത്തെക്കുറിച്ചാണ്. തീവ്രവാദം എന്നൂ വെച്ചാൽ മുസ്ലിം തന്നെ( അതു പിന്നെ അങ്ങനെയാണല്ലോ) എഡുക്കേഷനൊന്നും അവർക്കുവേണ്ട. പിന്നീടങ്ങോട്ട് നല്ലൊരു നീണ്ട ചർച്ചയായിരുന്നു. കേരള പത്രക്കാരെ പോലെ കക്ഷികളുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കി കേൾക്കുകയും ചോദിക്കുകയും ചെയ്യുന്ന പണിയൊന്നും അവർക്കറിയില്ല. ഞാൻ മതേതരത്വ ജാതിശ്രേണിയിൽ ചണ്ഡാലനായിട്ടും രണ്ടരമണിക്കൂറാണ് ചർച്ച നീണ്ടത്. ഒരു പക്ഷേ ഗോഹട്ടി പ്രസ്സ് ക്ലബ്ബിലെ റിക്കാഡ് ടൈം! ആ സമയം ഗോഹട്ടിയിൽ ഒരു സ്ഫോടനം നടക്കുകയും ഒരു മുസ്ലിമിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചും വന്നു ചോദ്യങ്ങൾ. ആ സ്ഫോടനത്തെ തുടർന്ന് ‘ഉത്തരവാദിത്തമേറ്റെടുത്ത’ ‘ഇന്ത്യൻ മുജാഹിദീൻ’ ഒരു ഇ-മെയിൽ എല്ലാ പത്രങ്ങൾക്കും അയച്ചു കൊടുത്തിരുന്നു. ( ഇപ്പൊ ഈ പറഞ്ഞ മുജാഹിദീനെ കേൾക്കാറില്ല. മാർക്കറ്റു മോശമായപ്പോ അവർ കട പൂട്ടി എന്നാണ് തോന്നുന്നത് ) ആ സന്ദേശം ആവസാനിപ്പിച്ചു കൊണ്ടുള്ള വരികളാണ് മുകളിൽ കൊടുത്തത്. “വീ കൺഗ്രാജുലേറ്റ് അവർ മെമ്പേഴ്സ് ആൻഡ് അസ്സോസിയേറ്റ്സ്, ആമീൻ” എന്ന്. ഈ വരികൾ ഉദ്ധരിച്ചുകൊണ്ട് ഈയുള്ളവൻ പറഞ്ഞു, ഗോഹട്ടി സ്ഫോടനം ഒരു മുസ്ലിം നടത്തിയതാകാൻ ഒരു സാധ്യതയുമില്ലെന്ന്. മീഡിയ ചോദിച്ചു, ‘താങ്കൾക്ക് എന്താണിത്ര ഉറപ്പ്? ഒരു മുസ്ലിമിനെയാണല്ലോ അവർ പിടികൂടിയിരിക്കുന്നത്’ എന്ന്. ഞാൻ പറഞ്ഞു, ഈ സന്ദേശം തന്നെയാണ് തെളിവ്. ഏറ്റവും പൊട്ടനായ മുസ്ലിം പോലും ഇങ്ങനെയൊരു സന്ദേശം അയക്കില്ല. കൂടുതൽ ചോദ്യങ്ങളുമായെഴുന്നേറ്റ മീഡിയപ്രവർത്തകരോട് ഇങ്ങനെ വിശദീകരിച്ചു: ” ആമീൻ എന്ന വാക്ക് എതൊരു മുസ്ലിമും നന്നെ ചെറുപ്പത്തിൽ പഠിക്കുന്ന ഒന്നാണ്. ഒരു പ്രാർത്ഥനക്കു ശേഷം ‘സ്വീകരിക്കേണമേ’ എന്ന അർത്ഥത്തിലാണ് അതുപയോഗിക്കുക. ഇവിടെ ഈ സന്ദേശത്തിൽ, തങ്ങളുടെ അനുയായികൾക്ക് കൺഗ്രാജുലേഷൻ അർപ്പിച്ചതിനു ശേഷമാണ് ‘ആമീൻ’ ചേർത്തിരിക്കുന്നത്. ഒരു ഊള മുസ്ലിമും അത് ചെയ്യില്ല”. പത്രക്കാർക്ക് കാര്യം മനസ്സിലായി. പിറ്റേന്ന് അവരിക്കാര്യം നന്നായി എഴുതി. ദിവസങ്ങൾക്കകം മുസ്ലിമല്ലാത്ത കുറ്റവാളികളിലേക്ക് അന്വേഷകർ എത്തുകയും ചെയ്തു.

ഇത്രയും ഓർത്തത് പുതിയ ഭോപാൽ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. വ്യാജങ്ങളുഉടെയും അസത്യങ്ങളുടെയും അകമ്പടിയോടെ അപരവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിനു നേരെയുള്ള ആസൂത്രിതമായ ഉൻമൂലനങ്ങളാണ് ഇന്ത്യയിൽ നടന്നു വരുന്നത്. ഭോപാൽ സംഭവവും അങ്ങിനെയാവാനേ തരമുള്ളൂ. മുമ്പ് ബട്ല ഹൗസ് സംഭവത്തിലും സമാനമായ പുകമറകളായിരുന്നു. എങ്ങനെ വിശദീകരിച്ചാലും കൂട്ടിച്ചേർക്കാനാവാത്ത വിവരങ്ങൾ. ടാലിയാവാത്ത ഭരണകൂട വിവരണങ്ങൾ. ചരിത്രത്തിലെ ഏറ്റവും കഴിവുകുറഞ്ഞ ആഭ്യന്തരമന്ത്രി കോൺഗ്രസ്സിന്റെ ശിവരാജ് പാട്ടീലിന്റെ ഇമേജ് അൽപം വർധിക്കാൻ സഹായിച്ചു, അന്ന് ചിന്തിയ ഇളം ചോര. പക്ഷേ ഇന്നും ഉത്തരമില്ല അന്നത്തെ ചോദ്യങ്ങൾക്കൊന്നും.

ഭരണകൂടത്തിന്റെ ഈ മുസ്ലിം വിരുദ്ധ കീഴാളവിരുദ്ധ സമീപനത്തെ സഹായിക്കുന്നവയാണ് മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശൈലികളും രീതികളും. ‘സിമി..സിമി’ എന്ന് നമ്മളൊക്കയും ഉൻമാദത്തോടെ ആർക്കുമ്പോഴും എന്തുകാരണത്താലാണ് അവരെ നിരോധിച്ചതെന്ന് ആരും അന്വേഷിക്കാത്തതെന്താണ്.? അവർ കുറ്റവാളികളാണെങ്കിൽ- ഒരു കുറ്റവാളിയെയും ശിക്ഷിക്കാതെ വിടരുത്- എന്താണ് അവരെ ഉടൻ വിചാരണക്കു വിധേയരാക്കാത്തത്.? ഭരണകൂടം വിചാരണ ചെയ്യുന്നതിനെ ഭയക്കുന്നതെന്തിനാണ്.? വിചാരണയില്ലാതെ തടവിൽ കഴിയുന്ന ‘തീവ്രവാദികളും’ ‘കുറ്റവാളി’കളുമാണോ വിചാരണ ചെയ്തു ശിക്ഷിക്കുന്നതിനേക്കാൾ ഭരണകൂടത്തിന് ലാഭമുള്ള ഉരുപ്പടികൾ.?

14939574_10209421877761449_6515218783499452490_o

മാധ്യമങ്ങളും പൊതുമതേതര സമൂഹവും ചില തീർപ്പുകൾ അങ്ങോട്ട് വെക്കുകയാണ്. അതങ്ങനെയാണ് എന്ന് അടിസ്ഥാനമില്ലാതെ അങ്ങ് നീരൂപിക്കുന്നു. ഇന്ത്യയിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചുള്ള കണക്കുകൾ ശ്രദ്ധിക്കൂ. (ഇൻഫൊഗ്രാഫിക്സ് ഫസ്റ്റ് കമന്റിൽ). US ഡിപ്പാർട്ടുമെന്റ് ഒഫ് ഹോംലാന്റ് സെക്യൂരിറ്റി മേരിലാൻഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് പുറത്തിറക്കുന്ന ഗ്ലോബൽ ടെററിസം ഡാറ്റാബേസ് അനുസരിച്ച് ഇന്ത്യിൽ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളിലെ 42% ഇടതുപക്ഷ ഗണത്തിൽ പെടുന്നതാണ്. 22% വിഘടനവാദസ്വഭാവത്തിലുള്ളതാണ്. 35% പലവകയായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. മുസ്ലിം/ഇസ്ലാമിക് എന്ന ഗണത്തിൽ 1% മാത്രമേ വരുന്നുള്ളൂ. എന്നിട്ടും ‘മുസ്ലിം തീവ്രവാദം’ എന്ന ബ്രാൻഡാണ് മീഡിയക്കും പൊതുസമൂഹത്തിനും പഥ്യം. എല്ലാ മതേതര-പൊതു വ്യക്തികളുടെയും സംവിധാനങ്ങളുടെയും മനസ്സ് അങ്ങനെ തന്നെയാണ്. വസ്തുതകൾക്കപ്പുറം ചില തീർപ്പുകൾ ഹൈപ്പ് ചെയ്യപ്പെടുന്നു. ഒരു പടത്തിൽ, ജഗദീഷിന്റെ കഥാപാത്രം ഒരു പോലീസ് കോൺസ്റ്റബിളിനോട് “കുട്ടൻ പിള്ളയെന്നല്ലേ പേര്?” എന്ന് ചോദിക്കുന്ന രംഗമുണ്ട്. “അതേ.എങ്ങനെ മനസ്സിലായി.?” എന്നാശ്ചര്യപ്പെടുന്ന പോലീസുകാരനോട് “അതങ്ങനെയാണല്ലോ” എന്നാണ് ജഗദീഷിന്റെ മറുപടി. മലയാള സിനിമയിലെ ചില തീർപ്പുകളിലേക്കും വാർപ്പു മാതൃകകളിലേക്കുമാണ് ഈ രംഗം വിരൽ ചൂണ്ടുന്നത്.

ഇത്തരം തീർപ്പുകൾ യഥാർത്ഥത്തിൽ ഫാസിസത്തെ രഹസ്യ ഗർഭം പേറുന്നുണ്ട്. ജനാധിപത്യത്തെ കാർന്നു തിന്നാൻ കെൽപുള്ള സാമൂഹികവൈറസ്സുകൾ ഈ തീർപ്പുകളിൽ ഉള്ളടങ്ങിയിട്ടുണ്ട്. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരുസമൂഹത്തിന്റെ അവസ്ഥകളെ ജനാധിപത്യപരമായി നോക്കിക്കാണാൻ കഴിയാത്ത ആവിഷ്ക്കാരങ്ങളെ നമുക്ക് താൽക്കാലികമായി തള്ളിക്കളയേണ്ടി വരുന്നത് അതുകൊണ്ടാണ്. മുസ്ലിം പ്രമാണിത്തത്തിനും
ധൂർത്തിനും എതിരെ ‘മനുഷ്യപക്ഷ’ത്തു നിന്നും ‘നിഷ്കളങ്കമായി’ “ബിരിയാണി” എന്ന കഥ എഴുതിയ സന്തോഷ് ഏച്ചിക്കാനവും മുസ്ലിം സ്ത്രീയുടെ വസ്ത്രത്തിനെതിരെ ജനാധിപത്യപക്ഷത്തു നിന്ന് “മതദേഹം” എന്ന കവിതയെഴുതിയ റഫീക്ക് അഹമ്മദും “മുത്തലാക്ക് മുർദാബാദ്” എന്ന് ‘വിമോചനപക്ഷ’ത്തു നിന്ന് മുദ്രാവാക്യം വിളിക്കുന്നവരും ഇതേ തീർപ്പിന്റെ ന്യൂനരാഷ്ട്രീയത്തിലകപ്പെട്ടവരാണ്. കഥയറിയാതെ ആട്ടം കാണുന്നവർ എന്നു മലയാളം. ഒരു സമൂഹത്തിന്റെ യഥാർത്ഥ പ്രതിസന്ധി തിരിച്ചറിയാതെയുള്ള അവർക്കുവേണ്ടിയുള്ള ഈ സംരക്ഷണ-സഹതാപരാഷ്ട്രീയവും സാഹിത്യവും അത്യന്തം പ്രതിലോമകരമാണ്.

സമുദായത്തിന്റെ മണ്ടത്തരങ്ങളും വക്കു പൊട്ടിയതും നീലം മുക്കാത്തതുമായ നിലപാടുകളും ചുവടുമറന്ന കളികളും പൊടിപിടിച്ച ഭാവുകത്വങ്ങളും ഒക്കെ വിമർശിക്കപ്പെടേണ്ടതു തന്നെ. നമുക്കും പറയണമെന്നുണ്ട് ആടുമേക്കലിനും ലൗഡ്സ്പീക്കർ വിപ്ലവങ്ങൾക്കും താടിവേലകൾക്കും നോക്കെടാ വീടുകൾക്കും ആരെടാപ്പള്ളികൾക്കും മഴത്തുള്ളി സയൻസുകൾക്കും മറ്റനേകം വകകൾക്കും എതിരായിട്ട്. പക്ഷെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയും അരിക്കാക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സമുദായത്തിന്റെ വീട്ടിൽ അധികം വെച്ച ബിരിയാണിയും നീളം കൂടിപ്പോയ മൂടുപടവും കൊണ്ടുപിടിച്ചാഘോഷിക്കുന്ന രാഷ്ട്രീയം /രാഷ്ട്രീയമില്ലായ്മ നമുക്കില്ലാത്തതുകൊണ്ടാണ് തൽക്കാലം അതു ചെയ്യാത്തത്. തേങ്ങയുടച്ചാൽ മാത്രം പൊങ്ങുന്ന റോക്കറ്റും നിലവിളക്കു കൊളുത്തിയാൽ മാത്രം പ്രവർത്തിക്കുന്ന സംവിധാനങ്ങളും പുഷ്പകവിമാനസയൻസും കന്യാസ്ത്രീയുടെ ശിരോവസ്ത്രവും ഗാന്ധിയുടെ അജപാലനവും സുർജിത്തിന്റെ താടിയും മൻമോഹന്റെ തലപ്പാവും മതേതരക്കൊലകളും ഒരു തലാക്കുപോലുമില്ലാത്ത പീഡനങ്ങളും ഇലനിറച്ചൂണും ഒന്നും നമുക്ക് അത്ര വല്ല്യ അലോസരങ്ങൾ സൃഷ്ടിക്കാതിരിക്കുകയും ചിലതുകൾ കാണുമ്പോൾ മാത്രം ജനാധിപത്യാവേശവും വിമോചനവീറും പുരോഗമനദാഹവും ഉണ്ടായിവരികയും ചെയ്യുന്നത് തികച്ചും വ്യാജമായ ഒന്നാണെന്ന് പറയാതിരിക്കുക വയ്യ-

എസ്ഐഒ വിന്റെ മുൻ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയാണ് ലേഖകൻ 

(ഫേസ്ബുക് ചുമരുകളിലെ  വേറിട്ട കുറിപ്പുകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമമാണ് ഈ കോളം )

Be the first to comment on "മുസ്ലിമെന്നാൽ തീവ്രവാദമെന്നത് നിങ്ങളോരോരുത്തരുടേയും തീർപ്പുകളാണ്"

Leave a comment

Your email address will not be published.


*