ഇ എം എസും പിടി ചാക്കോയും പിന്നെ രാജേന്ദ്രപ്രസാദും. ഒന്നാം കേരളനിയമസഭയുടെ ചരിത്രം

 
കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ഒന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1957 മാർച്ച് പതിനാറിനാണ് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. ഒന്നാം കേരള നിയമസഭ രൂപം കൊള്ളുന്നതിനു മുൻപ് കേരളസംസ്ഥാനം രാഷ്ട്രപതിയുടെ ഭരണത്തിൻ കീഴിലായിരുന്നു.

പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു. തിരഞ്ഞെടുപ്പ് 126 സീറ്റുകളിലായാണ് നടന്നത്, ഇതിൽ പതിനൊന്നെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഈ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് ജനപ്രതിനിധികളെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു. സി.പി.ഐ, കോൺഗ്രസ്, പി.എസ്.പി, ആർ.എസ്.പി. എന്നീകക്ഷികളായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്.

ആകെ 550 പേർ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു, ഇതിൽ 114എണ്ണം തിരസ്കരിച്ചു, ബാക്കി 406പേരാണ് നിയമസഭയിലേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. 7,514,626 വോട്ടർമാരിൽ 5,837,577 പേർ വോട്ട് ചെയ്തിരുന്നു(65.49%). 60 സീറ്റുകളിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മഞ്ചേശ്വരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന എം. ഉമേഷ് റാവു എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡബ്ല്യൂ.എച്ച്. ഡിക്രൂസാണ് ഒന്നാം കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട എം എൽ എ . ഒൻപത് വനിതകൾ മത്സരിച്ചതിൽ ആറുപേർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

പ്രധാന അംഗങ്ങൾ

ഗവർണ്ണർ – ബി. രാമകൃഷ്ണ റാവു
സ്പീക്കർ – ആർ. ശങ്കരനാരായണൻ തമ്പി
ഡെപ്യൂട്ടി സ്പീക്കർ – കെ.ഒ. അയിഷാ ബായ്
മുഖ്യമന്ത്രി – ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
പ്രതിപക്ഷ നേതാവ് – പി.ടി. ചാക്കോ

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്തത്തിൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തു..

kerala_council_of_ministers_1957_ems

മന്ത്രിസഭാ

1 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌- മുഖ്യമന്ത്രി
2 സി. അച്യുതമേനോൻ- ധനകാര്യം
3 ടി.വി. തോമസ്‌- ഗതാഗതം, തൊഴിൽ
4 കെ.സി. ജോർജ്ജ്‌ -ഭക്ഷ്യം, വനം
5 കെ.പി. ഗോപാലൻ -വ്യവസായം
6 ടി.എ. മജീദ് -പൊതുമരാമത്ത്‌
7 പി.കെ. ചാത്തൻ- തദ്ദേശ സ്വയംഭരണം
8 ജോസഫ് മുണ്ടശ്ശേരി- വിദ്യാഭ്യാസം, സഹകരണം
9 കെ.ആർ. ഗൗരിയമ്മ -റവന്യൂ, ഏക്സൈസ്‌
10 വി.ആർ. കൃഷ്ണയ്യർ -അഭ്യന്തരം, നിയമം, വിദ്യുച്ഛക്തി
11 എ.ആർ മേനോൻ -ആരോഗ്യം
ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണാധികാരം ലഭിച്ച ഈ സംഭവം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ സവിശേഷ ശ്രദ്ധയ്ക്കു പാത്രീഭവിച്ചു. ‘കേരളത്തില്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രൂപവത്കരണം മറ്റു സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല ഇന്ത്യയ്ക്കൊട്ടാകെതന്നെ വലിയ പാഠമായി പരിണമിക്കാവുന്ന മഹത്തായ ഒരു പരീക്ഷണമാണ്’ എന്ന് അനുമോദനരൂപത്തില്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തിരുവനന്തപുരത്തു വച്ച് പ്രസ്താവിക്കുകയുണ്ടായി.
പക്ഷേ തുടക്കത്തില്‍ പ്രകടമായ ഈ പരസ്പര വിശ്വാസവും സന്മനോഭാവവും ദീര്‍ഘകാലം നീണ്ടുനിന്നില്ല. പുതിയ ഗവണ്‍മെന്റിന്റെ നയപരിപാടികളോടും സമീപനരീതിയോടും ഒരു വലിയ ജനവിഭാഗം ആദ്യം മുതല്‍ക്കേ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ക്രമേണ എതിര്‍പ്പിന്റെ ആക്കം വര്‍ധിക്കുകയും ചെയ്തു. ഒടുവില്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും അണിനിരത്തിക്കൊണ്ട് ഗവണ്‍മെന്റിനെതിരായി നടത്തിയ ‘വിമോചന സമരം’ വിജയപ്രാപ്തിയിലെത്തി.

1959 ജൂല. 31-ന് ഇ. എം. എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു; നിയമസഭ പിരിച്ചുവിട്ടുകൊണ്ട് സംസ്ഥാനത്തു വീണ്ടും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നടപടിക്കു കേന്ദ്രഗവണ്‍മെന്റ് മുതിര്‍ന്നത്. അതിന്റെ നിയമപരവും ഭരണഘടനാപരവുമായ സാധുതയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.

 

സംഭവബഹുലമായ 28 മാസക്കാലത്ത് ഒന്നാം കേരള നിയമസഭ 175 ദിവസം സമ്മേളിക്കുകയുണ്ടായി. ഇ. എം.എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, ടി. വി. തോമസ്, കെ. ആര്‍.ഗൗരി, ജോസഫ് മുണ്ടശ്ശേരി, വി. ആര്‍. കൃഷ്ണയ്യര്‍ മുതലായ പ്രഗല്ഭമതികള്‍ ഒരു വശത്തും പട്ടംതാണുപിള്ള, പി.റ്റി. ചാക്കോ മുതലായ അതികായന്മാര്‍ എതിര്‍വശത്തും നിലയുറപ്പിച്ചുകൊണ്ടു നടത്തിയ വാക്സമരങ്ങളും സംഘട്ടനങ്ങളും അന്നത്തെ നിയമസഭാ നടപടികളെ സജീമാക്കിയിരുന്നു. നിയമസഭയില്‍ ഭരണകക്ഷിക്കു രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷംമാത്രം ഉണ്ടായിരുന്നതിനാല്‍ ഗവണ്‍മെന്റും പ്രതിപക്ഷവും സഭാനടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ഒന്നാം കേരളനിയമസഭ 88 നിയമങ്ങള്‍ പാസാക്കി. കേരളത്തിലും പുറത്തും അക്കാലത്ത് വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ വിദ്യാഭ്യാസ നിയമവും ഭൂപരിഷ്കരണ സമാരംഭങ്ങള്‍ക്ക് ഉത്തേജനം നല്‍കിയ കാര്‍ഷിക ബന്ധനിയമവും അക്കൂട്ടത്തില്‍പ്പെടുന്നു.
സ്രോതസ്സ് – വിക്കീപീഡിയ

Be the first to comment on "ഇ എം എസും പിടി ചാക്കോയും പിന്നെ രാജേന്ദ്രപ്രസാദും. ഒന്നാം കേരളനിയമസഭയുടെ ചരിത്രം"

Leave a comment

Your email address will not be published.


*