‘നിങ്ങള്‍ക്ക് എന്നെയാണോ കൊല്ലേണ്ടത് ?’

കവിത -മുഹ്‌സിന അബ്ബാസ്

നിങ്ങള്‍ക്ക് എന്നെയാണോ
കൊല്ലേണ്ടത് ?
വരൂ..
ഞാന്‍ ദാ ഇവിടെയുണ്ട്
ഇപ്പോഴിവിടെ തനിച്ചാണ്
താടിയില്ലെങ്കിലും
തലയിലൊരു തട്ടമിട്ടിട്ടുണ്ട്
അതുകൊണ്ട് അഡ്ജസ്റ്‌റ്
ചെയ്യുമല്ലോ..
വേണമെങ്കില്‍
ഒരു പര്‍ദ്ദയെടുത്തണിയാം
ഒരു ബുര്‍ഖ കൂടിയായാല്‍
ഭീകരവാദിയെന്നോ
തീവ്രവാദിയെന്നോ
എളുപ്പത്തില്‍ വിളിക്കാമല്ലേ ?
അടുക്കളയില്‍
കുറച്ച് തിരക്കിലാണെങ്കിലും,
കയ്യില്‍ സ്പൂണും പ്ലേറ്റുമുണ്ട്
വേണമെങ്കില്‍
രണ്ട് കയ്യും കാലും
വിരലുകളില്‍ നഖവും
വായില്‍ പല്ലുമുണ്ടെന്നു കൂടി
പറഞ്ഞോളൂ

രാജ്യദ്രോഹി എന്നുതന്നെ
എന്നെ വിളിക്കണം
നിങ്ങള്‍ വിളിക്കുമ്പോള്‍
ആ പേരെനിക്കിഷ്ടമാണ്
അതിനുപിന്നില്‍
നിരപരാധികളുടെ ചോരകൊണ്ട്
പണിതുയര്‍ത്തപ്പെട്ട
ഒര്‍തഥമുണ്ടല്ലോ.. അതുമതി

വാക്കുകള്‍ തന്നെ
മതിയാകുമായിരുന്നു
നിങ്ങള്‍ക്ക്,
എന്നെപ്പോലൊരു
പെണ്ണിനെ കൊല്ലാന്‍..
എന്നാലിന്നതു പോരാ
നെറികെട്ട നീചതകള്‍
കണ്ടറപ്പു തീര്‍ന്നവളെ
ഹൃദയത്തില്‍ തറക്കുന്ന
ഒരു ബുള്ളറ്റില്‍
തീര്‍ക്കത്തേണം
ഓഹ്.. ക്ഷമിക്കണം
ഹൃദയമെന്താണെന്ന്
അറിയാത്തവരോടാണല്ലോ
എന്‍റെ സംസാരം
ഒരു ബുള്ളറ്റുകൊണ്ടു നിങ്ങളീ
നെഞ്ചിന്‍കൂട് തകര്‍ക്കണം

കൊന്നുകഴിഞ്ഞാല്‍
കാണാതായവരുടെ
പട്ടികയിലെന്നെ
ചേര്‍ത്തേക്കരുത്..
കൂടെപ്പഠിക്കുന്നവനെ
ഇടിച്ചുവീഴ്ത്തി,
ആശയങ്ങള്‍ക്ക്
കയ്യൂക്കുകൊണ്ട്
തടയിടുന്നവരാരും
കൊടിയിലെഴുതിയ
സോഷ്യലിസവും കൊണ്ടെനിക്ക്
അനുശോചനം പ്രസംഗിക്കുകയും
വേണ്ട

ആക്രമിച്ചപ്പോള്‍
കൊന്നുകളഞ്ഞെന്നു
തന്നെ പറഞ്ഞോളൂ;
ആത്മഹത്യ ചെയ്തവളെന്നു
വരുത്തിയെന്നെ ഭീരുവാക്കാതെ!
നന്‍മ വറ്റാത്ത മനസുകളിലെ
പ്രാര്‍ത്ഥനകളില്‍
എനിക്കിനിയും ജീവിക്കണം
മുമ്പേ പോയ
രക്തസാക്ഷികളുടെ
കൂട്ടത്തിലൊരു പങ്കുകാരിയാവണം!

 

തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ നിന്നും മാധൃമപഠനത്തില്‍ ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയ മുഹ്സിന അബ്ബാസ് തൃശൂര്‍ മാള സ്വദേശിയാണ് 

Be the first to comment on "‘നിങ്ങള്‍ക്ക് എന്നെയാണോ കൊല്ലേണ്ടത് ?’"

Leave a comment

Your email address will not be published.


*