തീവ്രദേശീയവാദി, കറകളഞ്ഞ വംശീയത. ട്രംപ് അധികാരത്തിലേറുമ്പോൾ.

 

ഞാന്‍ ജയിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളുന്നുവെന്നും ഇത്തവണ തിരഞ്ഞെടുപ്പ് ഒഴിവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് പറയുകയും ചെയ്ത രാഷ്ട്രീയനേതാവ് ലോകത്തെ ഏറ്റവും ശക്തിയേറിയ രാജ്യങ്ങളിലൊന്നായ അമേരിക്കയുടെ ഭരണത്തിന്റെ തലപ്പത്തു എത്തിയിരിക്കുന്നു.

”തെരഞ്ഞെടുപ്പ് കാമ്പയിൻ വേദികളിലെല്ലാം വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ച രാഷ്ട്രീയക്കാരൻ ”. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് രാഷ്ട്രീയനിരീക്ഷകരുടെ പ്രധാന നിരീക്ഷണമാണിത്. കുടിയേറ്റക്കാരെ കുറിച്ചും സ്ത്രീകളെ കുറിച്ചുമുള്ള ട്രംപിന്റെ പരാമർശങ്ങൾ ജനാധിപത്യമര്യാദയുടെ സീമകൾ ലംഘിക്കുന്നതായിരുന്നു. ട്രംപ് ഇലക്ഷൻ പ്രചരണ പരിപാടികൾ ആരംഭിച്ചത് തന്നെ  മെക്സിക്കൻ കുടിയേറ്റക്കാർക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നിരത്തിക്കൊണ്ടായിരുന്നു. . അമേരിക്കയിലേക്ക് അവർ കൊണ്ടുവരുന്നത് മയക്കുമരുന്നും കുറ്റകൃത്യങ്ങളും ആണെന്നും അവർ ബലാൽസംഗക്കാരാണെന്നുമായിരുന്നു ട്രംപിന്റെ അധിക്ഷേപം.

“ന്യൂയോര്‍ക്കിലെ 5thഅവന്യുവിന്‍റെ നടുവില്‍ നിന്ന് ഞാന്‍ ആരെയെങ്കിലും വെടിവെച്ചാലും എനിക്ക് ഒരു വോട്ടും നഷ്ടപ്പെടാനില്ല” ഏറെ വിവാദമായ തെരഞ്ഞെടുപ്പ് കാമ്പയിൻ വേദികളിലെ ഒരു പരാമർശം മാത്രമാണിത്.

മുസ്ലിം വിരുദ്ധ വികാരം എല്ലാ വേളകളിലും ട്രംപ് കൃത്യമായി മുതലെടുത്തു എന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. പൊതുവെ ‘മുസ്ലീം തീവ്രവാദത്തെ’ ഭയന്നിരുന്ന ഒരുവിഭാഗത്തിന്‍റെ പിന്തുണ നേടാനായി.മുസ്‌ലിംങ്ങളെ മുഴുവന്‍ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന് ന്യൂ ഹാംപ്ഷയറിലെ ഒരു കോളേജില്‍ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറയുകയുണ്ടായി. വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായി യു.എസിലെ ഏതാനും പള്ളികള്‍ അടച്ചിടേണ്ടതിനെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് പാരീസ് ആക്രമണത്തിന്റെ പശ്ചാലത്തിൽ ട്രംപ് പ്രതികരിച്ചിരുന്നു.കുപ്രസിദ്ധമായ ഗ്വാണ്ട്വനാമോ ജയില്‍ തുറക്കുമെന്നും മുസ്ലിംകൾ അമേരിക്കയുടെ ശത്രുക്കളാണെന്നും ട്രംപ് ഇലക്ഷൻ വേദിയിൽ വെച്ച് പറഞ്ഞു.

തന്നെ വിമർശിക്കുന്നവരെ പൊതുവേദികളിൽ വെച്ച് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നത് ഈ രാഷ്ട്രീയക്കാരന്റെ സ്ഥിരം ശൈലിയായി മാറി. അവസരം കിട്ടുമ്പോൾ താനും സ്ത്രീകളോട് അപമര്യാദയായി പെരുമാറാറുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ച ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനുകളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിരലിലെണ്ണാവുന്നതിനപ്പുറമാണ്.

കൌശലക്കാരനും സ്വാര്‍ത്ഥനുമായ ഒരു വ്യവസായിയെന്നല്ലാതെ രാഷ്ട്രത്തിനോ പൊതുസമൂഹത്തിനോ എടുത്തു പറയാവുന്ന ഒരു സംഭാവനയും ട്രംപ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതുവരെ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷത്തുള്ളവർ വിമർശിക്കുന്നു.
ട്രംപ് സംസാരിക്കുന്നതിനിടെ കറുത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികളെ വേദിയിൽ നിന്നും ഇറക്കിവിട്ടത് ഏറെ വാർത്തയായിരുന്നു. വല്‍ദോസ്റ്റ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ 30ഓളം വരുന്ന കറുത്തവര്‍ഗക്കാരെയാണ് ട്രംപ് സംസാരിക്കുന്ന വേദിയില്‍ നിന്നും പുറത്താക്കിയത്. കറുത്തവര്‍ഗക്കാര്‍ തന്റെ പ്രസംഗം കേള്‍ക്കുന്നതില്‍ ട്രംപിനു താല്‍പര്യമില്ലെന്നും അതിനാല്‍ പുറത്തുപോകണമെന്നും സീക്രട്ട് സര്‍വ്വീസ് എജന്റുമാര്‍ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വർഷങ്ങൾക് മുമ്പ്   തന്റെ അധീനതയിലുള്ള  “ട്രംപ് മാനേജ്മെന്റ് കോർപ്പറേഷൻ” എന്ന സ്ഥാപനം  വീടുകൾ ആവശ്യമുള്ള കറുത്തവർഗക്കാരായ അമേരിക്കക്കാർക്ക്  വീടുകൾ കൊടുക്കുന്നതിന് വിസമ്മതിക്കുകയും ട്രംപ് വിചാരണക്ക് വിധേയമാവുകയും ചെയ്തിരുന്നു.

‘ 3000ത്തിലേറെ വര്‍ഷമായി ജൂതന്മാരുടെ അനശ്വര തലസ്ഥാനമായാണ് ജറുസലേം കണക്കാക്കപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിനു കീഴില്‍ ജറുസലേമിനെ വിഭജിക്കാതെ ഇസ്രഈലിന്റെ തലസ്ഥാനമായി അംഗീകരിക്കും.’ ട്രംപിന്റെ കാമ്പെയ്ന്‍ പ്രസ്താവനയില്‍ പറയുന്നു.

ആണവായുധങ്ങൾ കൈവശമുണ്ടെങ്കിൽ അമേരിക്കയ്ക്ക് അത് പ്രയോഗിക്കുന്നതില്‍ എന്താണ് തടസമെന്നും യുദ്ധസ്‌നേഹിയെന്നു അറിയപ്പെടുന്ന ട്രംപ് ചോദിക്കുകയുണ്ടായി.

അതേ സമയം , തീവ്രഹിന്ദുത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്ന ‘ഹിന്ദുസേന ‘ എന്ന ഇന്ത്യയിലെ സംഘപരിവാർ സംഘടന ല്‍ഹിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനം ആഘോഷിക്കുകയുണ്ടായി. മാനവികതയുടെ രക്ഷകനായും ഇസ്‌ലാമിക തീവ്രവാദത്തിനെതിരായ മിശിഹയായും ചിത്രീകരിച്ചാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ ട്രംപിന്റെ ജന്മദിനം ആഘോഷിച്ചത്.നേരത്തെ ഡൊണാള്‍ഡ് ട്രംപിന്റെ വിജത്തിനായി ഹിന്ദു സേന പ്രവര്‍ത്തകര്‍ ജന്തര്‍ മന്തിറില്‍ പൂജ നടത്തിയിരുന്നു

Be the first to comment on "തീവ്രദേശീയവാദി, കറകളഞ്ഞ വംശീയത. ട്രംപ് അധികാരത്തിലേറുമ്പോൾ."

Leave a comment

Your email address will not be published.


*