https://maktoobmedia.com/

വിരലിൽ മഷിപുരട്ടാൻ വരട്ടെ , ചില കാര്യങ്ങളുണ്ട് പറയാൻ

ബാങ്കിൽ പണം വിനിമയം ചെയ്യാൻ വരുന്നവരുടെ വിരലിൽ മഷിപുരട്ടുമെന്ന പ്രഖ്യാപനത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചു സോഷ്യൽ മീഡിയ.  ഒരിക്കല്‍ പണമെടുത്തവര്‍ വീണ്ടും പണമെടുക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനമെന്നാണ്  സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് .
വിരലില്‍ മഷി പുരട്ടാനുള്ള കേന്ദ്രനീക്കം തലതിരിഞ്ഞതും നടപടി ജനങ്ങളെ പരിഹസിക്കുന്നതാണെന്നും സംസ്ഥാനധനമന്ത്രി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു.

പണം മാറാനെത്തുന്നവരെ മഷികുത്തുന്നത് അടിയന്തരാവസ്ഥയുടെ പ്രാകൃതവും ഭീകരവുമായ രീതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രതികരിച്ചു.

നോട്ട് മാറ്റി വാങ്ങുന്നവരുടെ വിരലില്‍ മഷിപുരട്ടാനുള്ള തീരുമാനം ശവത്തില്‍ കുത്തുന്നതിന് സമാനമാണെന്നു എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായിൽ പ്രതികരിച്ചു.
എഴുത്തുകാരനും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ ദാമോദർ പ്രസാദ് എഴുതുന്നു :- ” വോട്ട് ചെയ്യുക എന്ന പൗരന്റെ അവകാശാമാണ് വിരലില്‍ അടയാളപ്പെടുന്നത്. സ്റ്റേറ്റ് ശരീരത്തില്‍ മുദ്ര ചാര്‍ത്തുമ്പോഴും പൌരന്‍റെ പരമാധികാര അവകാശത്തെയാണ് അടയാളപ്പെടുത്തുന്നത്. നമ്മള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ കൈയില്‍ മുദ്രചാര്‍ത്തുമെന്നുള്ളത് അവകാശലംഘനമാണ്. പണം വിതരണ നിയന്ത്രണമൊക്കെ മനസ്സിലാക്കാം, പക്ഷെ മേത്ത്തൊട്ടുള്ള കളി വേണ്ട!സര്‍ക്കാരും പൌരനും തമിലുള്ള ഉടമ്പടിയുടെ മേലിലുള്ള ധിക്കാരപരമായ ഇടപെടലാണിത്. നിങ്ങളുടെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിക്കണമെന്നോ, വീട്ടില്‍ സി സി റ്റി വി ക്യാമറ വെക്കണമെന്നോ ഇതിനെ തുടര്‍ന്ന് പറയാവുന്നതാണ്. കാരണം, അത് രാഷ്ട്രത്തിന്‍റെ സമാനമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകണമല്ലോ.
ചിരിച്ചു തള്ളേണ്ട കാര്യമല്ല! സര്‍ക്കാരിനു ഇത് നടപ്പാക്കാന്‍ ഏതു നിയമമാണ് അധികാരം നല്‍കുന്നത്?? പ്രസ്തുത നിയമംക്കൊണ്ട് തന്നെ നമ്മളെക്കൊണ്ട് ചിപ്പ് ധരിപ്പിക്കാം ”

” കൈവിരലില്‍ മഷി പുരളാതെ ഇരുപത്തിയഞ്ചുപേര്‍ മരിച്ചു ” എന്നാണു സംഗീതക്ജ്ഞനും ഡോകുമെന്ററി സംവിധായകനുമായ അജിത് കുമാർ എ എസിന്റെ പ്രതികരണം.

” ഹിറ്റ്ലറിന് പോലും കാര്യങ്ങൾ ഇത്ര ഈസിയാരുന്നോ  ആവോ!! ” എന്നാണു മനീഷ നാരായണൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

”അവരുടെ സ്വന്തം പൈസയാണ് പിൻവലിക്കുന്നത്; അല്ലാതെ നിങ്ങൾ “ഡിപോസിറ്റ് ചെയ്ത, വിദേശത്തു നിന്നു തിരിച്ചെത്തിച്ച കള്ളപ്പണ വിഹിതമായ 15 ലക്ഷ”മല്ല. ഇനിയിപ്പോ ഒറ്റത്തവണയേ കൊടുക്കൂ എന്നുണ്ടെങ്കിൽ, ആവശ്യമുള്ളതങ്ങ് ഒറ്റയടിക്ക് കൊടുക്കാനാണ് ശ്രമിക്കേണ്ടത്. നടപടിയാവേണ്ടത്.അല്ലാതെ ഒരുമാതിരി കള്ളന്മാരെ ട്രീറ്റ് ചെയ്യുന്നത് പോലെ ജനങ്ങളെ ‘അടയാളമിട്ട് വിടുകയല്ല. റിമമ്പർ, അങ്ങനെ ചെയ്യാൻ
ദിസ് ഈസ് നോട്ട് “യുവർ ബ്ലഡി ശാഖ ആപ്പീസ്!” ” നസീൽ വോയിസി എഴുതി.

നിയമവിദ്യാർത്ഥിയും സ്റ്റുഡന്റ് ആക്ടിവിസ്റ്റുമായ അമീൻ ഹസ്സൻ എഴുതുന്നു :- ” എന്റെ അനിയത്തിയുടെ കൂട്ടുകാരിൽ പലരും ഇന്ന് ഉച്ചഭക്ഷണം ഇല്ലാതെയാണ് സ്‌കൂളിൽ വന്നത്.ഉമ്മമാർക്ക് അതി രാവിലെ ക്യൂ നിൽക്കാൻ പോവണം. എന്നിട്ട് ആ മക്കൾ കാല് കഴച്ച ഉമ്മമാർക്ക് പകരം ക്യൂ നിൽക്കാനും പോയിരിക്കുന്നു.വരിയുടെ വലിപ്പം കുറക്കാൻ അവർ സ്വന്തം ജനതയെ മഷി പുരട്ടി പേടിപ്പിക്കുന്നു.നികുതിയെ കുറിച്ച് സാമാന്യ ധാരണ പോലുമില്ലാത്ത സാധാരണ മനുഷ്യർ തങ്ങളുടെ ചെറിയ തുകകൾക്ക് പോലും നികുതി ഈടാക്കുമോ എന്ന് ഭയന്ന് ജീവിക്കുന്നു.മോങ്ങം അങ്ങാടിയിൽ ആയിരം ഇന്ത്യൻ രൂപയുടെ വിപണി വിനിമയ വില എഴുന്നൂറ് രൂപയാണ്.നൂറിന്റെയും അമ്പതിന്റെയും കള്ളനോട്ട് നാട്ടിൽ വ്യാപകമാകുമെന്നുറപ്പ്.ജനതക്ക് സുരക്ഷയില്ലാത്ത ജനതക്ക് വിശ്വാസമില്ലാത്ത ഭരണകൂടവും ദേശവും. ഈ ദേശീയതയുടെ മൊത്ത കച്ചവടക്കാർ പുഴുത്തേ ചാകൂ..”

” പണം വാങ്ങാന്‍ വരണോരുടെ വിരലില്‍ മഷി പുരട്ടണതിനോടൊപ്പം അപ്പുറത്ത് ഒരു വോട്ടിങ് മെഷീനും കൂടി വെക്കാന്‍ പറ്റുവോ രാജാവേ…” മാധ്യമപ്രവർത്തകൻ ആസിഫ് മുഹമ്മദ് ചോദിക്കുന്നു.

” ജനത്തിന് ശരിക്കുമൊന്ന് വിരലില്‍ മഷി പുരട്ടാന്‍ അവസരം കിട്ടിയാല്‍ തീരുന്ന പ്രശ്‌നമേയൊള്ളു.. ” നിധിൻ നാഥ്‌ എഴുതി.

അരുൺകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയനാണ് :- ” വിരലിൽ മഷി പുരട്ടാനുള്ള തീരുമാനം ഭരണഘടനയുടെ 21 ആർട്ടിക്കിൾ കൽപ്പിച്ചു നൽകിയ മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ്. ഫിനാൻസ് സെക്രട്ടറിയുടെ ഓർഡർ വഴിയല്ല നിയമനടപടികളിലൂടെ മാത്രമേ എന്റെ ശരീരം ഏതു തരം അടയാളപ്പെടുത്തലുകൾക്കും വിധേയനാക്കാനാകൂ. അത് എനിക്ക് ഭരണഘടന നൽകിയ ഉറപ്പാണ്. നാളെ മൊട്ടയടിച്ച് പുള്ളികുത്തി കഴുതപ്പുറത്തിരുത്താൻ ഹോം സെക്രട്ടറിക്ക് തോന്നിയാൽ അതിനും ഞാൻ വഴങ്ങണമോ? എന്റെ ശരീരം ഒരു രാഷട്രീയ അസ്തിത്വം കൂടിയാണ്. അത് നിങ്ങൾക്ക് മഷി കുത്തി വരച്ചു രസിക്കാനുള്ളതല്ല .”

Be the first to comment on "വിരലിൽ മഷിപുരട്ടാൻ വരട്ടെ , ചില കാര്യങ്ങളുണ്ട് പറയാൻ"

Leave a comment

Your email address will not be published.


*