കറൻസി:കേരളം നാളെ സമരത്തിനിറങ്ങുന്നു.മുഖ്യമന്ത്രി നേതൃത്വം നൽകും.

 

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കെതിരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രത്യക്ഷ സമരത്തിന്. നാളെ രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തും. സമരത്തിലേക്ക് പ്രതിപക്ഷത്തെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണ തേടും. സര്‍ക്കാരിനൊപ്പം സമരത്തിനിറങ്ങുമെന്നും ബിജെപിയുടെ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം :

അത്യപൂര്‍വ്വമായ ഒരു സമരമുറയ്ക്ക് തിരുവനന്തപുരം സാക്ഷ്യം വഹിക്കുവാന്‍ പോവുകയാണ്. മുഖ്യമന്ത്രിയും സഹമന്ത്രിമാരും റിസര്‍വ്വ് ബാങ്കിനു മുന്നില്‍ നാളെ പകല്‍ മുഴുവന്‍ സത്യാഗ്രഹമിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്ന നാണയ പ്രതിസന്ധിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ അഖിലേന്ത്യാ വ്യാപകമായി പ്രതിഷേധത്തിലും സമരത്തിലുമാണ്. കേരളത്തില്‍ അതിശക്തമായ പ്രതിഷേധവും പ്രതിരോധവും തീര്‍ക്കുവാന്‍ പോവുകയാണ്. യുഡിഎഫും സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കു പിന്തുണ അറിയിച്ചു. അവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. ജനങ്ങള്‍ക്കുള്ള ദുരിതം പരമാവധി ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യും. പക്ഷേ പ്രതിഷേധ സമരത്തില്‍ നിന്നു മന്ത്രിമാര്‍ക്കുപോലും അകന്നു നില്‍ക്കാനാവാത്ത ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ കോടിക്കണക്കിന് മലയാളികള്‍ എത്രയോ ദശവത്സരങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയിട്ടുള്ള സഹകരണ ബാങ്കുകളാകെ കള്ളപ്പണക്കാരുടേതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. കേരളം ഇന്നു നേരിടുന്ന നാണയ പ്രതിസന്ധി ലഘൂകരിക്കാന്‍ വലിയ സംഭാവന നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിയും. ഇതിനു ശ്രമിക്കുന്നതിനു പകരം ഇതൊരു അവസരമാക്കി സഹകരണ മേഖലയെ ശ്വാസം മുട്ടിച്ചു കൊല്ലാനാണ് നീക്കം. മറ്റു ബാങ്കുകളില്‍ സഹകരണ ബാങ്കുകള്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളില്‍ നിന്നു സാധാരണ വ്യക്തികളെപ്പോലെ 24,000 രൂപ പിന്‍വലിക്കാനുള്ള അനുവാദമേ നല്‍കിയിട്ടുള്ളൂ. പണമില്ലാത്തതുകൊണ്ട് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ആകെ നിശ്ചലമായിരിക്കുകയാണ്. ഇങ്ങനെ കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകും. അപ്പോള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദം കിട്ടുമ്പോള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള ഹാലിളക്കമാവും ചിലപ്പോള്‍ ഉണ്ടാവുക. സഹകരണ സൗധം തകര്‍ന്നു വീഴും. ഇതുപോലൊരു ദുഷ്ടത്തരം ഒരു കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുക വയ്യ.
മന്ത്രിമാരുടെ സമരം ഒരു തുടക്കം മാത്രമാണ്. യോജിച്ച വന്‍പ്രക്ഷോഭമാണ് കേരളത്തില്‍ ഉയരുവാന്‍ പോകുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ മലയാളികളെയും അണിനിരത്താനാണു ശ്രമിക്കുക. ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതല്ല. അതുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രിതന്നെ ഡല്‍ഹിയില്‍ പോയി ചര്‍ച്ച ചെയ്തത്. പക്ഷേ ഖേദകരമെന്നു പറയട്ടെ പറഞ്ഞു പറ്റിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇനി ശക്തമായ പ്രക്ഷോഭമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

Be the first to comment on "കറൻസി:കേരളം നാളെ സമരത്തിനിറങ്ങുന്നു.മുഖ്യമന്ത്രി നേതൃത്വം നൽകും."

Leave a comment

Your email address will not be published.


*