ഫാത്തിമ നഫീസും രാധിക വെമുലയും സമരവേദിയിൽ ഒന്നിച്ചു.

 

കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിന് ഏറെ പ്രത്യേകതയുണ്ടായിരുന്നു. സംഘ് പരിവാർ അനുകൂലികൾ രാജ്യത്തിൻറെ ഭരണത്തിലേറിയിട്ട് ഹൈന്ദവഫാസിസ്റ്റുകളാൽ വേട്ടയാടപ്പെട്ട രണ്ടു മക്കളുടെ മാതാക്കൾ കണ്ടുമുട്ടിയ പരിപാടിയായിരുന്നു അത്. ഹൈദരാബാദ് സർവകലാശാലയിൽ അധികൃതരുടെയും സംഘ് പരിവാർ വിദ്യാർഥിസംഘടനയുടെയും ജാതീയ അവഹേളനങ്ങൾ കാരണം ജീവനൊടുക്കിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയായിരുന്നു അതിലൊന്ന്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വെച്ച് എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിന് ശേഷം  കാണാതാകപ്പെട്ട നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസും പാർലമെന്റ് മാർച്ചിലെ മറ്റൊരു സജീവസാന്നിധ്യമായി. നജീബ് അഹമ്മദിനെ കാണാതായത് അടക്കമുള്ള രാജ്യത്തെ ഫാസിസ്റ്റു ശക്തികളുടെ തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ എസ് ഐ ഓ ദേശീയകമ്മിറ്റി സംഘടിപ്പിച്ച ”സൻസദ് മാർച്ചി”ലായിരുന്നു രാധിക വെമുലയും ഫാത്തിമ നഫീസും ഒന്നിച്ചത്.

” ഹൈദരാബാദ് കാമ്പസിൽ എന്റെ മകന് സംഭവിച്ചത് ജെ എൻ യുവിൽ ആവർത്തിക്കപ്പെടുകയാണ്. ബി ജെ പി അധികാരത്തിലേറിയപ്പോൾ മുതൽ ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുമെതിരെ വേട്ട തുടരുകയാണ്. ഈ ”ചായവാല”യെ പ്രധാനമന്ത്രിയാക്കിയവർ തന്നെ അയാളെ ”ചെയിൻ വാല” ( തടവുകാരൻ) ആക്കും” രാധിക വെമുല പറഞ്ഞു. രോഹിതിന്റെ മരണത്തിനു ശേഷം രാജ്യത്തെ മിക്ക ദളിത് അവകാശപോരാട്ട വേദികളിലും സജീവസാന്നിധ്യമാണ് രാധിക വെമുല.

” എന്റെ മകനെ അന്ന് കാണാതായ രാത്രി ക്രൂരമായി മർദ്ധിച്ചവരെ അറസ്റ് ചെയ്യേണ്ടതാണ്. അവർക്കറിയാം അവൻ എവിടെയാണെന്ന്. അവർ ഒളിപ്പിച്ചുവെച്ചതാണ് അവനെ. ” നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു.

മനുഷ്യാവകാശപ്രവർത്തകൻ ജോൺ ദയാൽ , ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാനേതാവ് മുഹമ്മദ് സലിം എഞ്ചിനീയർ , ആം ആദ്മി പാർട്ടി വക്താവും പ്രമുഖ മാധ്യമപ്രവർത്തകനുമായ ആശിഷ് ഖേതൻ തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment on "ഫാത്തിമ നഫീസും രാധിക വെമുലയും സമരവേദിയിൽ ഒന്നിച്ചു."

Leave a comment

Your email address will not be published.


*