ഓർഗാസത്തിന്റെ ആനന്ദമല്ല അനുഭവങ്ങളുടെ ഭീതിപ്പെടുത്തലുകൾ

                                                                                           Facebook Column : Sree Parvathy

ഇല്ല എഴുതുന്നില്ലെന്നു വച്ചതാണ്, അഥവാ എഴുതിയാലും , Memories of a Machine എന്ന് പേരിട്ട ആ വീഡിയോ മറ്റാർക്കും കാണാനായി ഇട്ടു കൊടുക്കേണ്ടന്നും തോന്നി. എങ്കിലും പറയാതിരിയ്ക്കാൻ തോന്നുന്നില്ല.
ആലിയ ഭട്ടിന്റെ ഒരു സിനിമയുണ്ട്, ഹൈവേ. കുട്ടിക്കാലം മുതൽ നിരന്തരം ഇഷ്ടമില്ലാതെ പീഡനങ്ങൾക്ക് വിധേയയാകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ സങ്കടങ്ങൾക്കു മുകളിൽ ഒരിക്കൽ അവൾ പൊട്ടി തെറിക്കുന്നുണ്ട്. ഒരിക്കലെങ്കിലും അത് ഉറക്കെ പറഞ്ഞില്ലെങ്കിൽ അവൾ തകർന്നു പോയേനെ… ആ സിനിമയിലൂടെ കടന്നു പോയപ്പോൾ പല ഓർമ്മകളിലേയ്ക്കും വെറുതെ വഴുതി വീണു പോയി.

കുട്ടിക്കാലം അത്ര മനോഹരമായിരുന്നോ? വെറുതെ ആലോചിച്ചു. എത്രയധികം പേടികളിലൂടെയായിരുന്നു സഞ്ചാരം! എട്ടും ഒൻപതും വയസ്സുള്ളപ്പോൾ പെൺകുട്ടികളിൽ അധികം പേരും കടന്നു പോകുന്ന ഒരു അവസ്ഥ തന്നെയാണ് കനി അവതരിപ്പിച്ച ഷോർട് ഫിലിം പറയുന്നത്. എന്നാൽ ആ പ്രായത്തിലുള്ള അതായത് അല്പം സ്വന്തം ശരീരത്തിനെ കുറിച്ച് ബോധ്യമൊക്കെ ആയി തുടങ്ങിയ ഒരു പെൺകുട്ടി അന്യനായ ഒരു പുരുഷന്റെ ലൈംഗിക അവയവത്തിലെ സ്പര്ശനം ആസ്വദിച്ചു എന്നൊക്കെ കേൾക്കുമ്പോൾ….

Image result for memories of a machine

ഇപ്പോഴും ആ ദിവസങ്ങളെ കുറിച്ചോർക്കുമ്പോൾ ഭയത്തിന്റെ ഒരു നെരിപ്പോടെ വന്നു ചങ്കിലിടിച്ച് നിൽക്കും. എത്രയോ നാളുകൾ വീടിന്റെ അടച്ചിട്ട വാതിലിനപ്പുറത്ത് മാത്രമിരുന്നു മുറ്റം കണ്ടിട്ടുണ്ട്. ഒറ്റയ്ക്കാവുമ്പോൾ ബാത്റൂമിൽ പോലും പോകാൻ ഭയന്ന് റൂമിനുള്ളിൽ ഇരുന്നിട്ടുണ്ട്. എനിക്ക് മനസ്സിലാകില്ല, കനിയുടെ സംവിധായിക പറഞ്ഞ ആ പെൺപക്ഷവും അതിന്റെ ഓർഗാസത്തിന്റെ ആനന്ദവും.

മറ്റൊന്ന് ദീപ ചേച്ചി( Deepa Madhu) പറഞ്ഞതാണ്. എങ്കിലും ആവർത്തിക്കുന്നു – ഒരു ചെറിയ വീഡിയോ ക്ലിപ്പ് പോലും അത് ദമ്പതികൾ തമ്മിലുള്ളതാണെങ്കിൽ പോലും അവരുടെ സ്വകാര്യ നിമിഷങ്ങൾ എന്നാൽ അത് തീർത്തും സ്വകാര്യം തന്നെയാണ്, അതിലേയ്ക്ക് ക്യാമറ കണ്ണുകൾ തുറന്നു വയ്ക്കുന്നതിന്റെ സുഖക്കുറവ് സുഖമുള്ളതല്ല. മാത്രമല്ല ഇന്നത്തെ കാലത്ത് വെറുതെ രാസത്തിനായി എടുക്കുന്ന അത്തരം വീഡിയോകൾ പോലും പിന്നീട് പോൺ സൈറ്റുകളിൽ വരുന്ന പ്രവണത കാണാതെ ഇരുന്നൂടാ. അതിനാൽ തന്നെ സ്വകാര്യ നിമിഷങ്ങളുടെ ആനന്ദങ്ങൾ , വിഷയങ്ങൾ, ഒക്കെ ക്യാമറയ്ക്കുള്ളിലാക്കുന്ന ആൺ കയ്യുകൾ കാണിക്കുന്നത് ആണത്തത്തിന്റെ കാഴ്ചകൾ തന്നെയാണ്. ആ വീഡിയോയിൽ ഒരിടത്തും അയാളുടെ മുഖമേ കാണാനില്ല. പെണ്ണിന്റെ ഉടൽ, അവളുടെ അടിവസ്ത്രങ്ങൾ, അവളുടെ ആദ്യ ലൈംഗിക അനുഭവങ്ങൾ… ക്യാമറയ്ക്കു മുന്നിൽ ഒരു പോൺ സിനിമാ സ്റ്റാറിനെ പോലെ അഭിനയിക്കുകയാണെന്നു തോന്നിപ്പോയി കനി. അവളുടെ ഒപ്പം അനുഭവം പങ്കു വയ്ക്കാൻ അയാളുടെ കൂടി മുഖമുണ്ടായിരുന്നെങ്കിൽ അത്ര വേർതിരിവ് തോന്നില്ലായിരുന്നു, പക്ഷെ ആണിന്റെ നഗ്നതയ്ക്കും ആദ്യ അനുഭവങ്ങൾക്കും എവിടെ കേൾവിക്കാർ!

Sreeparvathy

കനിയുടെ അഭിനയം അമ്പരപ്പിച്ചു എന്ന് പറയാതെ വയ്യ. ശരിയ്ക്കും അവർ ജീവിക്കുക തന്നെയായിരുന്നു, ഇതിലെ പോസിറ്റീവ് ആയി തോന്നിയ ഒരേ ഒരു അനുഭവം കനി എന്ന നടി മാത്രമാണ്.
സംവിധായികയോട് ചിലത് : ഇതിലും ഭേദം ഒരു പോൺ സിനിമ എന്ന് പറഞ്ഞു എടുക്കുകയായിരുന്നു. ഇത്തരത്തിൽ കുട്ടിക്കാലത്ത് ലൈംഗികമായും നോട്ടങ്ങൾ കൊണ്ടും അപമാനങ്ങൾ അനുഭവിച്ച ഒരു പെണ്ണിനെ നിങ്ങൾക്ക് എങ്ങനെയാണ് പറഞ്ഞു മനസിലാക്കാനാവുക? കനി ഒരുപക്ഷെ അത് അനുഭവിച്ചിട്ടുണ്ടാകില്ല.. പക്ഷെ ഇത് ചെയ്യുന്നതിന് മുൻപ് സംവിധായികയ്ക്ക് അത് അന്വേഷിക്കാമായിരുന്നു.അത്തരം അവസ്ഥയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി എന്തൊക്കെ മാനസിക അനുഭവങ്ങളെ കണ്ടു കാണുമെന്ന്. എങ്ങനെയാകാം അവൾ പിന്നീട് അതിന്റെ അതിജീവിച്ചതെന്ന്. ഇപ്പോഴും അവളുടെ മാനസിക നില എന്തായിരിക്കാമെന്ന്. കുറഞ്ഞത് ഒരു സൈക്കോളജിസ്റ്റിന്റെ സഹായമെങ്കിലും തേടാമായിരുന്നു…

ഇതൊരു ഉദാത്ത സൃഷ്ടി എന്ന് പറഞ്ഞു ദയവായി ആരും വരല്ലേ. അനുഭവങ്ങളുടെ ഭീതിപ്പെടുത്തലുകൾ മാഞ്ഞു പോയിട്ടില്ലാത്ത ഒരുവളോട് അത്തരം ഡയലോഗുകൾ പറഞ്ഞോണ്ട് വരാൻ ആർക്കും യോഗ്യതയില്ല. സോറി.

പിന്നെ ഇതുകണ്ട ആരെങ്കിലും അവരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിലാക്കാമെന്നു വിചാരിച്ചാൽ വെറുതെ എട്ടിന്റെ പണി വാങ്ങിച്ചു കൂട്ടാം…

മറ്റൊന്ന് കൂടി, ഇത് കണ്ട കുട്ടികളായ പെൺകുട്ടികൾക്ക് നിങ്ങൾ പുരുഷന്മാരുടെ തൊടലും ശരീര ഭാഗങ്ങളിലെ നിങ്ങൾക്ക് വേണ്ടിയുള്ള സ്പര്ശനങ്ങളും ഇഷ്ടമാണെന്നും എന്നാൽ പിന്നെ പോയി തൊട്ടേക്കാമെന്നും വിചാരിക്കരുതേ… നിയമപരമായും മാനസികപരമായും അത് അവരോടു കാണിക്കുന്ന ഏറ്റവും വലിയ നീതികേടും ക്രൂരതയുമാണ്.

-Team Maktoob Media-

(ഫേസ്ബുക്കിലെ നല്ല എഴുത്തുകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുകയെന്നതാണ് ഫേസ്ബുക് കോളം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇത് എപ്പോഴും മക്തൂബ് മീഡിയയുടെ എഡിറ്റോറിയൽ നിലപാട് ആയിരിക്കണമെന്നില്ല)

Be the first to comment on "ഓർഗാസത്തിന്റെ ആനന്ദമല്ല അനുഭവങ്ങളുടെ ഭീതിപ്പെടുത്തലുകൾ"

Leave a comment

Your email address will not be published.


*