”അവരെ എന്തിനു കൊന്നു ?”. പിണറായി വിജയൻ ഉത്തരം പറയുമോ?

നിലമ്പൂരിൽ രണ്ട് മാവോയിസ്റ് പ്രവർത്തകരെ ‘ഏറ്റുമുട്ടലിൽ ‘ വധിച്ചതിനെതിരെ കേരള പോലീസിനും പിണറായി സർക്കാരിനുമെതിരെ വ്യാപകമായ വിമർശനങ്ങൾ.

മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐ യുടെ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഇതിനെ വിശേഷിപ്പിച്ചത് ‘പിണറായി വിജയൻ മോഡിക്ക് പഠിക്കരുത്” എന്ന കടുത്ത ഭാഷയിലായിരുന്നു. പുറമെ സി പി ഐ മുഖപത്രം ജനയുഗം നിലമ്പൂരിലെ മാവോയിസ്റ് വേട്ടയ്‌ക്കെതിരെ എൽ ഡി എഫ് സർക്കാരിനെതിരെ മുഖപ്രസംഗവും എഴുതുകയുണ്ടായി. നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണ വിധേയമാവണമെന്നും സംഭവങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും ജനയുഗം ആവശ്യപ്പെട്ടു.
പൊലീസ് നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രംഗത്തെത്തി. സിപിഐ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് അപക്വമാണെന്നും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ” വ്യക്തതയോട് കൂടിയ ഒരു വിശദീകരണം നല്‍കാന്‍ ഭരണകൂടത്തിനോ നമ്മുടെ പൊലീസ് സംവിധാനത്തിനോ സാധിച്ചിട്ടില്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ” സുധീരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കൂടാതെ മാധ്യമങ്ങളെ സംഭവസ്ഥലത്ത് കൊണ്ടുപോയി കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും സുധീരന്‍ പറഞ്ഞു.

” മറക്കരുത്‌ സിപിഎമ്മുകാരാ, രണ്ട്‌ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരേയാണ്‌ നിങ്ങളുടെ സർക്കാർ കൊന്നുകളഞ്ഞിരിക്കുന്നത്‌. അതേക്കുറിച്ചൊരക്ഷരം മിണ്ടാതെ നിങ്ങൾ വിപ്ലവനക്ഷത്രം ഫിദൽ കാസ്ട്രോക്ക്‌ അഭിവാദ്യങ്ങളർപ്പിക്കുന്നതിൽപ്പരം അശ്ലീലമായി മറ്റൊന്നില്ല ” എന്നായിരുന്നു ഫേസ്‌ബുക്കിലൂടെ വിടി ബലറാം എം എൽ എ യുടെ പ്രതികരണം.

സംഭവത്തെ താന്‍ സംശയത്തോടെയാണ് കാണുന്നതെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു പ്രതികരിച്ചു. വെടിവെച്ചു കൊല്ലാന്‍ മാത്രം എന്തായിരുന്നു മാവോയിസ്റ്റുകള്‍ ചെയ്ത കുറ്റമെന്ന് ആഭ്യന്തരവകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രി ജനങ്ങളോട് പറയാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോലീസ് ഭാഷ്യം സംശയാസ്പദമാണെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമായിരുന്നു ചലച്ചിത്രസംവിധായകനും ഇടതുപക്ഷ സഹചാരിയുമായ ആഷിഖ് അബുവിന്റെ പ്രതികരണം.

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. ഏകപക്ഷീയമായ ആക്രമണമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പൊലീസുകാരില്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റിട്ടില്ല. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മലപ്പുറം എസ് പിയെ അറിയിച്ചിട്ടുണ്ടെന്നും ഗ്രോവാസു കോഴിക്കോട് പറഞ്ഞു

ഏറ്റുമുട്ടല്‍ കൊലപാതകം;സമഗ്രന്വേഷണം വേണമെന്നു സോളിഡാരിറ്റി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

അതേ സമയം , നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ മുദ്രാവാക്യം വിളിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു,. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ജനകീയ മനുഷ്യാവകാശപ്രസ്ഥാനം പ്രവര്‍ത്തകരായ രജീഷ് കൊല്ലക്കണ്ടി, ഷജില്‍കുമാര്‍, അഭിലാഷ് പടച്ചേരി, സി.പി റഷീദ്, മുസ്തഫ, നസീറ, സുജ ഭാരതി, അപര്‍ണ, ജയ്‌സണ്‍ സി കൂപ്പര്‍, സ്റ്റാന്‍ലിന്‍, പോരാട്ടം പ്രവര്‍ത്തകരായ എം.എന്‍ രാവുണ്ണി, പി.ജെ മാനുവല്‍, എന്‍.സി.എച്ച്.ആര്‍.ഒ പ്രവര്‍ത്തകന്‍ റെനി ഐലിന്‍, ഞാറ്റുവേല പ്രവര്‍ത്തകന്‍ പ്രശാന്ത് എ.വി, വിവരാവകാശ പ്രവര്‍ത്തകനായ ജലീല്‍ തുടങ്ങി 27 ഓളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ മാവോയിസ്റ്റ് വേട്ടയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുമുണ്ട്. ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇപ്പോള്‍ ഏറ്റുവാങ്ങുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കും.
സംഭവത്തെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍  ഇതുവരെ മുഖ്യമന്ത്രിക്കോ പോലീസ് മേധാവിക്കോ കഴിഞ്ഞിട്ടില്ല എന്നത് നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടൽ ആണോയെന്ന സംശയത്തെ ബലപ്പെടുത്തുന്നുണ്ടെന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നു.

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും അവിചാരിതമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ പറഞ്ഞു. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മലപ്പുറം എസ്പിയുടെ വിശദീകരണം. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ അല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാവോയിസ്റ്റ് താവളം വളഞ്ഞ് പൊലീസ് നടത്തിയ വെടിവയ്പിലാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ടതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ദേവരാജിന്റെ മൃതദേഹത്തിനു സമീപം ഒരു കൈത്തോക്ക് കിട്ടിയതല്ലാതെ മാവോയിസ്റ്റ് താവളത്തില്‍ നിന്ന് മറ്റ് ആയുധങ്ങളൊന്നും കിട്ടിയിട്ടില്ല.

Be the first to comment on "”അവരെ എന്തിനു കൊന്നു ?”. പിണറായി വിജയൻ ഉത്തരം പറയുമോ?"

Leave a comment

Your email address will not be published.


*