അവരുടെ മൃതദേഹങ്ങളെ വരെ ഭയക്കുന്ന സർക്കാർ. പോലീസ് നടപടിക്കെതിരെ വ്യാപകവിമർശനം

 

ബി ജെ പി , യുവമോർച്ച പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി നിലമ്പൂരിൽ പോലീസ് വധിച്ച മാവോയിസ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെയ്ക്കാന്‍ കേരളാപോലീസ് അനുമതി നല്‍കാത്തതിനെതിരെ വ്യാപകപ്രതിഷേധം.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലല്ല പോലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് കുപ്പുരാജിന്റെ മൃതദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയ സി പി ഐ നേതാവും മുൻമന്ത്രിയുമായ ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വലതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നിടത്തെ പോലീസിനെപ്പോലെയാവരുത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസ് സംവിധാനമെന്നുംം ബിനോയ് വിശ്വം പറഞ്ഞു.

മാവോയിസ്റ്റുകളുടെ മൃതദേഹത്തെ പോലും ഭരണകൂടത്തിന് പേടിയാണെന്ന് മനുഷ്യാവകാശപ്രവർത്തകൻ ഗ്രോ വാസു പറഞ്ഞു.

പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്നു ഒരുകൂട്ടം സാംസ്കാരികപ്രവർത്തകർ സംയുക്തപ്രസ്താവനയിലൂടെ പ്രതികരിച്ചു. സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങുകയല്ല പൊലീസ് ചെയ്യേണ്ടിയിരുന്നതെന്നും, മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ മുന്നോട്ടു വന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും അതിനനനുവദിക്കുകയും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് പ്രസ്താവന പറയുന്നു. കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, എം.എന്‍.കാരശ്ശേരി, എന്‍.പ്രഭാകരന്‍, കല്‍പ്പറ്റ നാരായണന്‍ , യു.കെ.കുമാരന്‍, സോമശേഖരന്‍, ഡോ: ആസാദ്, സിവിക് ചന്ദ്രന്‍, സന്തോഷ് എച്ചിക്കാനം, ടി.പി.രാജീവന്‍, വി.ആര്‍.സുധീഷ്, കെ.സി.ഉമേഷ് ബാബു, ഡോ: പി.ഗീത, കെ.കെ.രമ, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സതീഷ്.കെ.സതീഷ്, ഡോ : കെ.എന്‍. അജോയ്കുമാര്‍, ഡോ : പ്രസാദ്, ഗുലാബ് ജാന്‍ എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.
കുപ്പു ദേവരാജിന്റെ മൃതദേഹം പൊതുദര്‍ശത്തിന് വെക്കുകയാണെങ്കില്‍ മൃതദേഹം വിട്ടുനല്‍കില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് തുടക്കം. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്നത് ഏത് വിധേനയും തടയുമെന്ന് ബി.ജെ.പി നേതാക്കളും പറഞ്ഞു. തുടര്‍ന്ന് മനുഷ്യാവകാശപ്രവർത്തകൻ ഗ്രോ വാസുവിന്റെ വീടിന് സമീപമുളള വര്‍ഗീസ് വായനശാലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാൻ തീരുമാനിക്കുകയായിരുന്നു . പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗ്രോ വാസുവിന്റെ വീടിന് മുന്നിലും പ്രതിഷേധവുമായി എത്തി. തുടർന്ന് വീണ്ടും പൊതുദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചു.

Be the first to comment on "അവരുടെ മൃതദേഹങ്ങളെ വരെ ഭയക്കുന്ന സർക്കാർ. പോലീസ് നടപടിക്കെതിരെ വ്യാപകവിമർശനം"

Leave a comment

Your email address will not be published.


*