സാവിത്രിഭായ് ഫുലെ ; സവർണതയോടു യുദ്ധം പ്രഖ്യാപിച്ച വനിത

മഹാരാഷ്ട്രയിൽ കീഴാളജനതയുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട ധീരവനിതയായിരുന്നു സാവിത്രി ഫൂലെ. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്.സ്ത്രീകളുടെ ആത്മബോധമുയര്‍ത്തുന്നതിലും ആത്മാഭിമാനം വീണ്ടെടുക്കുന്നതിലും ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു സാമൂഹ്യ പരിഷ്കർത്താതാവായ സാവിത്രിഫൂലെ തന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചത്. ഏറ്റവും ഇളയപ്രായത്തില്‍ ഇന്ത്യയില്‍ അധ്യാപികയാവുന്ന ആദ്യ സ്ത്രീയാണ് സാവിത്രി ഫൂലെ. 1848ല്‍ ഭിദെ വാഡയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യ വിദ്യാലയം സ്ഥാപിക്കുന്നതും സാവിത്രി ഫൂലെയാണ്. സാവിത്രി ഫൂലെയുടെ ജന്മവാർഷികദിനമാണ് ജനുവരി മൂന്ന്.

1831 ജനുവരി മൂന്നിന് സാവിത്രി ഭായി എന്ന സാവിത്രി ഫൂലെ മഹാരാഷ്ട്രയിൽ ജനിച്ചു. 9 വയസ്സുള്ളപ്പോൾ 13കാരനായ ജ്യോതിറാവു ഫൂലെയുമായുള്ള വിവാഹം നടന്നു. ജ്യോതിറാവുവിന്റെ പ്രോൽസാഹനം നിമിത്തം സ്‌കൂളിൽ പോയി പഠിച്ച് സ്‌കൂൾ അധ്യാപികയായി. 1848 ആഗസ്തിൽ ബുധവാർ പേട്ടയിലെ ഭിഡെവാഡയിൽ, വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാർ, മഹർ, മാംഗ് തുടങ്ങിയ അസ്പൃശ്യ ജാതികളിൽപെട്ടവർക്കുമായി അവർ സ്വന്തമായി സ്‌കൂൾ ആരംഭിച്ചു. സാമ്പത്തിക കാരണങ്ങളാൽ സാവിത്രി ഫൂലെയ്ക്ക് സ്‌കൂൾ പൂട്ടേണ്ടിവന്നു. പൊതു പ്രശ്നങ്ങളിൽ ജ്യോതിറാവുവിനോടൊപ്പം സജീവമായിരുന്ന സാവിത്രിയുടെ നിരന്തര പരിശ്രമത്താൽ 1851 ജൂലൈ മാസത്തിൽ വീണ്ടും പെൺകുട്ടികൾക്കായുള്ള സ്‌കൂൾ തുറന്നു. 8 കുട്ടികളെ വെച്ച് ആരംഭിച്ച സ്‌കൂൾ പെട്ടെന്നു തന്നെ വിപുലമായി പ്രവർത്തിക്കാനാരംഭിച്ചു.

ദളിത്‌ സമുദായങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചപ്പോൾ സ്വന്തം വീട്ടുമുറ്റത്ത് കിണർ കുഴിച്ചാണ് സാവിത്രി ഫുലെ പ്രതികരിച്ചത്.

savithri-phole

1873 സെപ്തംബറിൽ ജ്യോതിറാവു ഫൂലെ രൂപം നൽകിയ സത്യശോധക് സമാജിന്റെ (സത്യാന്വേഷക സംഘടന) എല്ലാ പ്രവർത്തനങ്ങളിലും സാവിത്രി ഭായി ഭാഗഭാക്കായി. സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, വിധവാ വിവാഹം, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ എന്നിവയും ആരംഭിച്ചു. പരമ്പരാഗതമായ ആചാരങ്ങളെയും മറ്റ് അനാചാരങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് ബദൽ വിവാഹങ്ങൾ സംഘടിപ്പിച്ചു.

2014 ജൂലായ് മാസത്തിൽ സാവിത്രി ഫൂലെയെ ആദരിച്ചു കൊണ്ട് മഹാരാഷ്ട്രയിലെ പൂന സര്‍വ്വകലാശാലയ്ക്ക് സാവിത്രി ഫൂലെയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇന്ത്യയിലാദ്യമായി ഒരു സര്‍വ്വകലാശാല ഒരു ദളിത് സ്ത്രീയുടെ സ്വീകരിക്കുന്നു എന്ന വിപ്ലവകരമായ മാനമായിരുന്നു ആ സംഭവത്തിനുണ്ടായത്. ബ്രിട്ടീഷ് ഭരണകൂടം 1852 നവംബർ ആറിനു സാവിത്രിഭായിയെ ആദരിക്കുകയും ബെസ്റ്റ് ടീച്ചർ പട്ടം നൽകുകയും ചെയ്തിരുന്നു.1853 ൽ രാജ്യത്തെ ആദ്യത്തെ ശിശുഹത്യയെ ചെറുക്കാനുള്ള സ്ഥാപനവും സംരംഭവും ആരംഭിച്ചത് ഫുലെ ദമ്പതികളാണ്

പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആ പ്രദേശങ്ങളിൽ ചെന്ന് മുന്നിൽനിന്ന് പ്രവർത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് രോഗം ഭേദമാകുംവരെ പരിചരിക്കുകയും ചെയ്തു. അങ്ങനെ രോഗം പകർന്നാണ് 1897 മാർച്ച് 10ന് സാവിത്രി ഫൂലെ അന്തരിച്ചത്.

കടപ്പാട് – വിക്കീപീഡിയ

Be the first to comment on "സാവിത്രിഭായ് ഫുലെ ; സവർണതയോടു യുദ്ധം പ്രഖ്യാപിച്ച വനിത"

Leave a comment

Your email address will not be published.


*