കല്ലേറുകള്‍ ഉയരട്ടെ, ഭരണകൂട നയത്തിനെതിരെയും 

എഴുത്ത് – അഭിലാഷ് പടച്ചേരി

ഇന്നലകളില്‍ രജനി എസ് ആനന്ദും ഫാസിലയും വിദ്യാഭ്യാസ കച്ചവടത്തിന്റെ, മൂലധന കേന്ദ്രീകൃത  വിദ്യാഭ്യാസത്തിന്റെ സ്ഥാപനവല്‍കൃത കൊലപാതകത്തിന് ഇരയായിരുന്നു. ഇന്ന് ജിഷ്ണുവിന്റെ കൊലപാതകം നടന്നിരിക്കുന്നു. പ്രതിഷേധങ്ങളും ചോദ്യം ചെയ്യലും അന്നും ഇന്നും ഉയര്‍ന്നു വന്നു. പക്ഷെ ഉയര്‍ന്നു വന്ന  പ്രതിഷേധങ്ങളും ചോദ്യങ്ങളും ശരിയായ ദിശയിലല്ല നടക്കുന്നതെന്ന ബോധ്യപ്പെടല്‍ നമുക്കെന്നാണുണ്ടാവുക? കേവലം ഒരു സ്വാശ്രയ സ്ഥാപനമല്ല പ്രശ്നക്കാര്‍. ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായവും അതിനെ നിയന്ത്രിക്കുന്ന ഭരണകൂടവുമാണ്.
എന്താണ് വിദ്യഭ്യാസമെന്നത് നാം ഒന്ന് വിശകലനം ചെയ്തു മാത്രമേ മുന്നോട്ട് പോകുവാന്‍ സാധിക്കൂ.ഇന്ന് കേരളത്തിനകത്തുള്ള മുഴുവന്‍  കലാലയങ്ങളിലും വ്യവസ്ഥാപിത വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് “വിദ്യാഭ്യാസം വിമോചനത്തിന്” എന്നത് . മുദ്രാവാക്യം ഏറെ പ്രസക്തവും പ്രവൃത്തിയില്‍ തീര്‍ത്തും അപ്രസക്തവുമാണെന്ന് കഴിഞ്ഞകാല ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. എന്താണ് വിദ്യാഭ്യാസമെന്നു മനസിലാക്കുവാന്‍ നാം ശ്രമിക്കുമ്പോള്‍ വായിക്കപ്പെടെണ്ട നിര്‍വച്ചനം സഖാവ് ജോസഫ്‌ സ്റ്റാലിന്റേതാണെന്ന   അഭിപ്രായമാണ് മുന്നോട്ട് വെക്കാനുള്ളത്. നിലനില്‍ക്കുന്ന ഒരു സമൂഹം വളര്‍ന്നു വരുന്ന തലമുറയെ അതിന്റെ ബോധനിലവാരത്തിലേക്ക് വളര്‍ത്തുന്നതിനു വേണ്ടി ബോധപൂര്‍വ്വം നടത്തുന്ന പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം എന്ന് സ്റ്റാലിന്‍ നിര്‍വചിച്ചു. ഇതിനെ ആധാരമാക്കി പരിശോധിക്കുമ്പോള്‍ വിദ്യാഭ്യാസം വിമോചനത്തിനു എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ഭരണകൂട താല്‍പര്യങ്ങളെ എതിര്‍ക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം വിരോധാഭാസം മാത്രമാണ്.
നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മാറ്റി നിര്‍ത്തിക്കൊണ്ട് വിദ്യാഭ്യാസ മേഖലയെ , അതിലെ   പ്രശ്നങ്ങളെ പരിശോധിക്കുവാനോ മനസിലാക്കാനോ കഴിയില്ല. ഇന്ന് നിലനില്‍ക്കുന്ന മൂലധന കേന്ദ്രീകൃതമായ പുത്തന്‍ സാമ്പത്തിക  നയങ്ങള്‍  ആവിഷ്കരിക്കപ്പെടുന്ന വ്യവസ്ഥിതിയിലേക്ക് , അതിന്റെ ബോധനിലവാരത്തിലേക്ക് പുതുതലമുറയെ വളര്‍ത്തുന്ന വിദ്യാഭ്യാസ രീതി തന്നെയാണ് ഭരണകൂടം  നടപ്പിലാക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഉല്‍പന്നങ്ങളാണ്  ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും തുടങ്ങി ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ പഠിച്ചിറങ്ങുന്ന ബിരുധദാരികളും വരെ. സ്വാശ്രയ കോളേജുകളിലും പബ്ലിക് സ്കൂളുകളിലും തുടങ്ങി സ്വയംഭരണ കോളേജുകളിലും സ്വകാര്യ സര്‍വകലാശാലകളിലും എത്തി നില്‍ക്കുന്ന വിദ്യാഭ്യാസരംഗത്തെ കച്ചവടവല്കരണവും , DPEP മുതല്‍ ക്രെഡിറ്റ്‌ ആന്റ് സെമെസ്റെര്‍ സമ്പ്രദായം വരെ എത്തിനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങളും പുത്തന്‍ സാമ്പത്തിക നയങ്ങളെ പിന്തുടരുന്നവയാണ് . കാതലായ ഈ പ്രശ്നത്തെ അക്കാദമിക സമൂഹത്തിനു മുന്നില്‍ നാളിതുവരെ ചര്‍ച്ചചെയ്യുന്നതിന് മുഖ്യധാര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ തയ്യാറായിട്ടില്ല.
 screenshot_2017-01-07-20-50-21-1
1986 മുതല്‍ ബ്രട്ടന്‍വുഡ് സ്ഥാപനങ്ങള്‍ (WTO&IMF) നിര്‍ദ്ദേശിച്ച നയങ്ങളാണ് ഇവിടെ വിദ്യാഭ്യാസ മേഖലയില്‍  നടപ്പിലാക്കിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയ വിദ്യാഭ്യാസ നയങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ 1964 ലെ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവല്കരണത്തിനും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും പ്രാധാന്യം നല്‍കുന്ന തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. തുടര്‍ന്ന്‍ ഇങ്ങോട്ട് നടപ്പില്‍ വരുത്തിയ ദേശീയ വിദ്യാഭ്യാസ നയങ്ങളും അംബാനി-ബിര്‍ള റിപ്പോര്‍ട്ടും കാന്തി ബിശ്വാസ് കമ്മിറ്റി റിപ്പോര്‍ട്ടും വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഭരണകൂടം ഘട്ടം ഘട്ടമായി പിന്‍വാങ്ങണമെന്നും കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നും നിര്‍ദേശിച്ചു.തത്വത്തില്‍ ഈ നിലപാട് ഭരണകൂടം കൈകൊള്ളുക വഴി സേവന മേഖലയായി നിലകൊണ്ടിരുന്ന വിദ്യാഭ്യാസ മേഖലയെ കച്ചവട കണക്കുകളുടെ യുക്തിയിലേക്ക് തള്ളിയിട്ടു.  ഇതിന്റെ ഭാഗമായാണ്  ലാഭനഷ്ടങ്ങളുടെ പേരില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പൂട്ടുന്നത്. ഒരു വശത്ത് സര്‍കാര്‍ വിദ്യാലങ്ങള്‍ പൂട്ടുകയും മറുവശത്ത് എയ്ഡഡ്-അണ്‍എയ്ഡഡ് വിദ്യാലങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ ഉള്ളതും എയ്ഡഡ് മേഖലയിലാണ്. വിദ്യാഭ്യാസ മേഖല മൂലധന നിക്ഷേപങ്ങള്‍ക്കായി സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ കച്ചവട ചരക്കായി മാറ്റപ്പെടുന്നു.സ്വാശ്രയ കോളേജുകളും  ഇതേ  യുക്തിയില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. അത് കൊണ്ട് തന്നെ  സാമൂഹ്യ നീതിയെന്നത് ഇവിടെ അപ്രാപ്യവുമാണ്.
15970362_1834920560113616_405500575_n
1991 ന്റെ തുടക്കത്തോടെയാണ് കേരളത്തിനകത്ത്‌ സ്വാശ്രയ വിദ്യാഭ്യാസ  സ്ഥാപനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നത്. അന്നത്തെ ഭരണകക്ഷിയായിരുന്ന എ കെ ആന്റണിയുടെ നേത്രത്വതിലുള്ള യു ഡി എഫ് സര്‍കാരാണ് സഹകരണ മേഖലയില്‍ സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ ആരംഭിക്കാനുള്ള നിലപാടുമായി മുന്നോട്ട് വന്നത്. ആ കാലത്ത് തന്നെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനെതിരെ എസ്എഫ്ഐയും ഡി വൈഎഫ്ഐയും  പ്രക്ഷോഭ സമരങ്ങളുമായി രംഗത്ത്  വന്നു.അന്നവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം “സഹകരണ-സ്വകാര്യ മേഖലയില്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ല” എന്നായിരുന്നു. 91 മുതല്‍ ഉയര്‍ന്നു വന്ന സമരപരിപാടികളുടെ ഭാഗമായാണ് 1994 നവംബര്‍ 25 നു അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിച്ചതിനെ  തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ അഞ്ചു സമരസഖാക്കള്‍ കൊല്ലപ്പെടുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥി സമരചരിത്രത്തില്‍ ഭരണകൂടം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ ശക്തമായ അടിച്ചമര്‍ത്തലായിരുന്നു കൂത്തുപറമ്പ് സംഭവം. പ്രതിഷേധങ്ങളെ  വക വെക്കാതെ പരിയാരം സഹകരണ മെഡിക്കല്‍കോളേജിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയും 1995ല്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വന്നത് ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരായിരുന്നു. ആദ്യം ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്ന് എസ്എഫ്ഐ യും പിന്നോട്ട് പോയി. 1996 -2001 വരെ 21 സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകള്‍ക്കാണ് ഇടതുപക്ഷ  സര്‍ക്കാര്‍ NOC നല്‍കിയത്.പിന്നീടു വന്ന സര്‍കാരുകള്‍ ഒന്നും തന്നെ അടിസ്ഥാന സൌകര്യങ്ങള്‍ പോലും വിലയിരുത്താതെ അനുമതി നല്‍കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. ഇതിനെ കോടതി പോലും ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായി. 1994നു ശേഷം ഇങ്ങോട്ട് നോക്കിയാല്‍ മഴക്കാലത്ത് നാല് മഴ പെയ്യുമ്പോള്‍ പുറത്തിറങ്ങുന്ന തവളകളെ പോലെ ജൂണ്‍ മാസത്തില്‍ ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകളെ അതത് മാതൃസംഘടനകള്‍ അവരുടെ പാര്‍ലിമെന്ററി അധികാര വ്യാമോഹങ്ങള്‍ക്ക് വേണ്ടി തെരുവിലിറക്കി എന്നതല്ലാതെ സ്വാശ്രയ വിദ്യാഭ്യാസം ആഗോളവത്കരണ ഉദാരവല്കരണ നയങ്ങളുടെ ഉത്പന്നമാണെന്ന്  പറയുവാനോ പഠിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ല. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ വിദ്യാഭ്യാസ വായ്പയുടെ തോതും കൂടിവരുന്നുവെന്നത് നിരീക്ഷിക്കപ്പെടെണ്ട വസ്തുതയാണ്. വിദ്യാഭ്യാസ വായ്പ്പ ലഭിക്കാത്തതിനെ തുടര്‍ന്ന്‍ ദളിത്‌ വിദ്യാര്‍ത്ഥിനി രജനി എസ് ആനന്ദ്‌ ആത്മഹത്യ ചെയ്യപ്പെട്ടതോടെ സ്വാശ്രയ മേഖലയില്‍ സാമൂഹ്യ നീതി ഉറപ്പുവരുത്തുക  എന്ന മുദ്രാവാക്യത്തിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യതിചലിച്ചു. പിന്നീട് വിദ്യാഭ്യാസ വായ്പ ഉറപ്പുവരുത്താനായി സമരങ്ങള്‍. ഇപ്പോഴാകട്ടെ വിദ്യാഭ്യാസ വായ്പ്പകെടുതി മൂലം ആത്മഹത്യ ചെയ്യപ്പെടുമ്പോള്‍ ബാങ്കുകള്‍ക്ക് നേരെ സമരങ്ങള്‍ ഉയര്‍ത്തുന്നു.ഈ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നതും അത് തന്നെയാണ്-വിഷയത്തെ ഉപരിവിപ്ലവമായി കൈകാര്യം ചെയ്യുകയും കാതലായ പ്രശ്നങ്ങളെ ബോധപൂര്‍വ്വം മറച്ചു വെക്കുകയും ചെയ്യുന്നു.വിദ്യാര്‍ത്ഥി സംഘടനകളുടെ ഈ നിലപാടുകള്‍ ചെന്നെത്തിച്ചത് പൈസ പരമാവധി കൊടുത്ത് വിദ്യാഭ്യാസം വാങ്ങാന്‍ കഴിയുന്ന ആളുകളിലേക്ക് മാത്രമായി വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തുക എന്നതാണ് .
15967634_1834920573446948_1226019348_o
പാമ്പാടി നെഹ്‌റു കോളേജില്‍ മാത്രമല്ല , കേരളത്തിനകത്തും പുറത്തുമുള്ള  സ്വാശ്രയ സ്ഥാപനങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ നടന്നിട്ടുണ്ട്. ജിഷ്ണുവിന്റെ വിഷയമെങ്കിലും  പുറംലോകമറിയുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നു എന്നത്  ആശാവഹമാണ്‌.ജിഷ്ണുവിന്റെ മരണം മൂലധന കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്ന ഭരണകൂട കൊലപാതകമാണെന്ന നിലപാടിലേക്ക്  വിദ്യാര്‍ത്ഥി സംഘടനകളും പൊതുജനങ്ങളും എത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ നിലപാടുകള്‍ കൈ കൊണ്ട് പൊതുവിദ്യാഭ്യാസം തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യമാണു നമുക്ക് മുന്നില്‍ നില്‍ക്കുന്നത്. എല്ലാ കാലത്തെയും പോലെ പെട്ടെന്ന്  ഉയര്‍ന്നണഞ്ഞു പോകുന്ന പ്രതിഷേധങ്ങള്‍ മാത്രമായി ഒടുങ്ങാതിരിക്കട്ടെ.  മറിച്ചാണെങ്കില്‍  നമുക്ക് മുന്നില്‍  മറ്റൊരു ജിഷ്ണു ആവര്ത്തിക്കപ്പെടുമെന്നതില്‍ സംശയമില്ല. കല്ലേറുകളും കലാപങ്ങളും ഉയരുക തന്നെ വേണം, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമല്ല  പണമുള്ളവന് മാത്രമായി വിദ്യാഭ്യാസത്തെ മാറ്റിതീര്‍ത്ത ഭരണകൂട നയങ്ങള്‍ക്കെതിരെയും.

Be the first to comment on "കല്ലേറുകള്‍ ഉയരട്ടെ, ഭരണകൂട നയത്തിനെതിരെയും "

Leave a comment

Your email address will not be published.


*