” ഈ സ്റ്റേറ്റ് എന്നെ, ഞങ്ങളെ പറഞ് പറ്റിക്ക്യാരുന്നു”

എഴുത്ത് – കെ ബി കൈസ്‌

 

 

സ്വന്തം കൃതി കത്തിക്കുന്നത് ഭ്രാന്താണത്രെ!
അതിലൂടെ, അയാൾ ഉന്നം വെക്കുന്നത് മറ്റെെന്തോ ആണത്രെ!
ഇതൊരു സമരമാർഗ്ഗമേയല്ല പോലും,
പബ്ലിസിറ്റി സ്റ്റണ്ടത്രെ!
എനിക്ക് ഇതൊക്കെ വായിക്കുമ്പഴ് ഓർമ്മയില്
തികട്ടി വരുന്നത് മൂന്നാലു ദിവസം മുൻപ്,
ഞങ്ങള് ഒരുമിച്ച് ചിലവഴിച്ച ഏതാനും മണിക്കൂറുകളിലെ ഒരു സംഭാഷണ ശകലമാണ്…
“ഈ സ്റ്റേറ്റ് എന്നെ, ഞങ്ങളെ
പറഞ് പറ്റിക്ക്യാരുന്നു കൈസ്…”
“നീ എന്റെ ആ പുസ്തകം വായിച്ചതല്ലേ…
അതിലെവിടെയാ രാജ്യ ദ്രോഹ കേസിന് കോപ്പുള്ള ഭാഗം..?
എനിക്കത് മനസ്സിലാവണില്ല”
ജാള്യതയോടെ എനിക്കു മറുപടി പറയേണ്ടി വന്നു;
“കമലേട്ടാ ആ ഭാഗം ഞാൻ വായിച്ചിട്ടില്ല…
നോവല് വായനയില് പൊതുവെ താൽപര്യം കുറവായതോണ്ട് അതിന്റെ ആദ്യ അഞ്ചദ്ധ്യായം വായിച്ച് മടക്കി വെക്കേണ്ടി വന്നു”
നിങ്ങള് ഭ്രാന്തനെന്നും പബ്ലിസിറ്റി സ്റ്റണ്ടറെന്നും വിളിച്ചു കൊണ്ടിരിക്കണ ആ മനുഷ്യൻ
എന്നെ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു കൊണ്ട്
(ഉപ്പ മരിച്ചതിനു ശേഷം ഞാൻ കേക്കണ ഇമ്പമുള്ള, സ്നേഹം തോന്നണ ചിരി)
എന്നോട് പറഞ്ഞു.:
“നീ വായിക്കരുത്…
ഒരു നോവലും വായിച്ച് കേടാകരുത്..
സത്യത്തില് അത് അങ്ങനെ വായിക്കപ്പെടാൻ വേണ്ടി എഴുതിയതല്ല..
ഒരു പ്രത്യേക മാനസികാവസ്ഥേല് എഴുതി പോയതാടാ…”
പിന്നെയും പലതും പറഞ്ഞും ചിരിച്ചും സ്നേഹിച്ചും ഞങ്ങള് പിരിഞ്ഞു.
പിറ്റേ ദിവസം രാവിലെ വീട്ടിലെത്തിയ ഉടനെ
ശ്മശാനങ്ങളുടെ നോട്ടുപുസ്തകം ആറാം അദ്ധ്യായം മുതൽ ഒൻപതു വരെ വായിച്ചു വെച്ചു.
അതിന്റെ തുടർച്ചക്ക് വൈകിട്ട് ഒരുങ്ങിയിരിക്കുമ്പഴാന്ന് കമലേട്ടന്റെ പോസ്റ്റ് വായിക്കുന്നത്….
അയാൾ ഭീരുവല്ല..,
എനിക്കുറപ്പുണ്ട്…
ബലാത്സംഘ പരിശീലന ക്യാമ്പ് എന്ന നാടകം മുതല് ശ്മശാനങ്ങളുടെ നോട്ട് പുസ്തകം എന്ന നോവൽ മുതല് ഓരോ ചെറിയ ഫേസ്ബുക്ക് പോസ്റ്റിലും ഉള്ള സ്റ്റേറ്റിനോടുള്ള, ജീർണ്ണതകളോടുള്ള കലഹങ്ങള് മാത്രം മതി അയാള് ഭീരുവല്ലെന്ന് തെളിയിക്കാൻ…
ഭയമുണ്ടാവാം….
ഈ കെട്ട കാലത്ത് ഭയം പോലും രാഷ്ട്രീയ പ്രവർത്തനമാണ്….
കമലേട്ടന്റെ ഈ തീരുമാനത്തിനൊപ്പം
വേദനയോടെ നിൽക്കുന്നു,
അതില് കലഹമുണ്ട്,
ചങ്കു തകർക്കുന്ന നിലവിളിയുണ്ട്,
നിരാശയുണ്ട്,
എല്ലാറ്റിലുമുപരി
കമലെന്ന ഉന്മാദിയുടെ പൊട്ടിച്ചിരിയുണ്ട്,
എനിക്ക് കേൾക്കാം..
അതു കൊണ്ട് കൂടെ നിൽക്കുന്നു…
ഇനിയൊരിക്കലും ഞാനാ പുസ്തകം,
ബാക്കിയുള്ള അദ്ധ്യായങ്ങൾ വായിക്കില്ല,
നിങ്ങൾ വീണ്ടും എഴുത്തിന്റെ
ലോകത്തേക്ക് തിരിച്ചെത്തുന്നത് വരെ…
പക്ഷെ,
ഞാനത് സൂക്ഷിച്ച് വയ്ക്കും!
ജീവിതത്തിൽ അത്ര മേൽ
ആഗ്രഹത്തോടെ
സൂക്ഷിച്ചു വയ്ക്കണമെന്ന്
നിശ്ചയിച്ചിട്ടുള്ള
പ്രിയപ്പെട്ട മറ്റുള്ളവയുടെ
കൂട്ടത്തിൽ….

(സ്വകാര്യ നിമിഷങ്ങൾ പകർത്തിയെഴുതിയതിന്
ക്ഷമിക്കുമല്ലോ കമലേട്ടാ….
എനിക്കു വേറെ വഴിയില്ല…
എന്റെ മനസ്സാക്ഷിയെയെങ്കിലും
ബോധ്യപ്പെടുത്താൻ
ഇതെഴുതിയേ മതിയാകുമായിരുന്നുള്ളൂ…)

Be the first to comment on "” ഈ സ്റ്റേറ്റ് എന്നെ, ഞങ്ങളെ പറഞ് പറ്റിക്ക്യാരുന്നു”"

Leave a comment

Your email address will not be published.


*