ചെവിതോണ്ടികളുടെ ഇന്ത്യ

 നസീൽ വോയിസി

 തോളിലെ ചെറിയ ലെതർ ബാഗ്, അതിനുള്ളിലെ സ്റ്റീലിന്റെ ചെവി തോണ്ടി,പഞ്ഞി,വെള്ളവും വെളിച്ചെണ്ണയും ചേർത്ത ‘ക്‌ളീനർ’ – റെയിൽവേ ട്രാക്കിനടുത്തുള്ള ഒറ്റ മുറി വീട്ടിൽ നിന്ന് തിരക്ക് പിടിച്ച ലോക്കൽ ട്രെയിനിലേക്ക് കയറുന്നതിനു മുൻപ് ഇതൊക്കെ കയ്യിലുണ്ടെന്നു ഉറപ്പു വരുത്തും. ഒരിക്കലും മറക്കാൻ പാടില്ലാത്ത മറ്റൊന്ന് കൂടിയുണ്ട്, ചുവന്ന തൊപ്പി. അതാണ് അന്നം നേടിത്തരുന്ന അടയാളം. ആൾക്കൂട്ടത്തിനു നടുവിൽ ‘ചെവി തോണ്ടി’യെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളം .

കേൾക്കുമ്പോൾ ഒരുപക്ഷെ ‘അറപ്പ് ‘ തോന്നുണ്ടാവും. ഒരു ‘അയ്യേ’ വികാരം. പക്ഷെ സത്യമാണ്. മറ്റുള്ളവരുടെ ചെവിയിലെ അഴുക്ക് തോണ്ടിയെടുത്തു ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. പത്തു രൂപ പാക്കറ്റിൽ കിട്ടുന്ന ബഡ്‌സ് ഉപയോഗിച്ചു നമ്മൾ ചെവി വൃത്തിയാക്കുന്നില്ലേ? അതെ, അത് തൊഴിലാക്കി കുടുംബം പോറ്റുന്ന നൂറു കണക്കിന് മനുഷ്യർ. ഏതോ നാട്ടിലെ കഥയൊന്നുമല്ല, ഡിജിറ്റലാവുന്ന നമ്മുടെ രാജ്യത്തെ വ്യാവസായിക തലസ്ഥാനത്തു നിന്നുള്ള നിത്യ കാഴ്ചയാണ്. ഛത്രപതി ശിവജി സ്റ്റേഷനിലും നരിമാൻ പോയിന്റിലും ഹോട്ടലിനു മുന്നിലെ വിനോദസഞ്ചാരികൾക്കിടയിലും ഇവരുണ്ടാവും; വൃത്തിയാക്കാൻ ചെവികൾ തേടി. ഇങ്ങനെ ദിവസവും ഒൻപതും പത്തും മണിക്കൂർ മറ്റുള്ളവന്റെ ചെവി തോണ്ടി കൊടുത്താൽ അന്തി മയങ്ങാനാവുമ്പോൾ നൂറും നൂറ്റമ്പതും രൂപ കിട്ടും. അന്നത്തെ വരുമാനം.

ചുവന്ന തൊപ്പിയുടെ അടയാളത്തിൽ തെരുവിൽ അലയുന്ന ഈ മനുഷ്യരിൽ ഒട്ടുമുക്കാലും എഴുപതുകളിലും എൺപതുകളിലും ഈ തൊഴിൽ എടുക്കാൻ ആരംഭിച്ചവരാണ്. അന്നൊക്കെ വൃത്തിയാക്കാൻ ഒരുപാട് ചെവികളുണ്ടായിരുന്നു; കർണാടകത്തിന്റെയും ആന്ധ്രയുടെയും അതിർത്തി ഗ്രാമങ്ങളിലെ പട്ടിണിയിൽ നിന്ന് കള്ളവണ്ടി കേറിയെത്തിയ മനുഷ്യർക്ക് വീട്ടിലെ അടുക്കള പുകയുന്നു എന്നുറപ്പു വരുത്താൻ മാത്രം ചെവികൾ. പക്ഷെ, കാലം കഴിയുന്നതിന് അനുസരിച്ച് ചെവിയുടെ എണ്ണം കുറഞ്ഞു. ഇവർക്കാകട്ടെ വേറെ തൊഴിലുകളിലേക്ക് കൂടുമാറാനും കഴിയാതെ പോയി.

“ഇപ്പോൾ ചില ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ നടന്നാലും രണ്ടും മൂന്നും പേരൊക്കെയെ കാണൂ. അത് തന്നെ പഴയ കസ്റ്റമേഴ്സ്. പുതിയ ആൾക്കാർക്കൊന്നും താല്പര്യമില്ല. അവർ ഞങ്ങളെ നോക്കുന്നത് തന്നെ മറ്റേതോ ലോകത്തിലെ ജീവികളെ പോലെയാണ് ” – അച്ഛനിൽ നിന്നും തൊഴിൽ കൈമാറിക്കിട്ടിയ രാജേഷ് പറയുന്നു. വെള്ളപ്പൊക്കം കൊണ്ട് ദുരിതത്തിലായ ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ നിന്ന് ബോംബെയിലേക്ക് കുടിയേറിയതാണ് രാജേഷിന്റെ കുടുംബം.

ഒരു കാലത്തു മറ്റുള്ളവന്റെ ചെവി തോണ്ടി സ്വന്തം കുടുംബം പോറ്റിയെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല; ഇന്നിതൊരു കുറച്ചിലാണ്; അവർക്കല്ല , ചുറ്റുമുള്ള ലോകത്തിന്. അത് കൊണ്ട് തന്നെ, മറ്റു തൊഴിലുകൾ അറിയാത്ത ഈ ‘കുടുംബനാഥന്മാർ’ പട്ടിണി കിടന്നും മക്കളെ പഠിപ്പിക്കുന്നു. മറ്റു തൊഴിലുകളിലേക്കു പറഞ്ഞയക്കുന്നു .

വെള്ളക്കോളർ ജോലിയും ‘ബ്രാൻഡ് കോൺഷ്യസ്’ പത്രാസും കാണിച്ചു നടക്കുന്ന നമ്മൾക്ക് ചിലപ്പോൾ ‘ചെവി തോണ്ടൽ’ ഒരു തൊഴിലായി കാണാൻ കഴിഞ്ഞെന്നു വരില്ല. തുടക്കത്തിൽ പറഞ്ഞ പോലെ, അറപ്പോ , ”അയ്യേ , വേറെ ഒരാളുടെ ചെവി തോണ്ടി വൃത്തിയാക്കുകയോ !!??” എന്ന ആശ്ചര്യമോ ഒക്കെയാവും. പക്ഷെ അവർക്കിത് അന്നമാണ്. മഴയായാലും വെയിലായാലും, മുന്നിൽ വരുന്നത് മെഴ്സിഡസായാലും പത്മിനിയായാലും അവർ തങ്ങളുടെ ചുവന്ന തൊപ്പിയൊന്നു ഒതുക്കി വെയ്ക്കും. ലെതർ ബാഗ് ഒന്ന് ശെരിയാക്കിയിടും. കയ്യൊന്നു കുടയും. എന്നിട്ട് മുന്നിൽ വരുന്നവന്റെ കണ്ണിലേക്കു നോക്കും; വൃത്തിയാക്കാൻ ഒരു ചെവി കിട്ടിയാലോ…

Be the first to comment on "ചെവിതോണ്ടികളുടെ ഇന്ത്യ"

Leave a comment

Your email address will not be published.


*