ലോ അക്കാദമിയിൽ എബിവിപി എന്തിനാണ് സമരം ചെയ്യുന്നത്?

കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയിലെ സമരം.വിദ്യാർത്ഥിസ്വാതന്ത്ര്യം , ജാതീയത , ഭൂമിയുടെ രാഷ്ട്രീയം തുടങ്ങിയ ഏറെ ഗൗരവപരമായ രാഷ്ട്രീയമുദ്രാവാക്യങ്ങൾ ഉന്നയിക്കപ്പെടുന്ന സമരമിടം കൂടിയാണ് ലോ അക്കാദമിയിലേത് . മറ്റു സംഘടനകളോടൊപ്പം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും ബി ജെ പി സംസ്ഥാനകമ്മിറ്റി നേരിട്ടും സമരത്തിൽ സജീവമാണ്. മുസ്ലിം ലീഗിന്റെയും സിപിഐ യുടെയും സംസ്ഥാന നേതാക്കൾ ബിജെപിയുടെ സമരപന്തൽ സന്ദർശിച്ചതിനെതിരെ വ്യാപകമായ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വരികയാണ്. ഈ വിമർശനങ്ങൾക്ക് കൃത്യമായ കാരണമുണ്ട്. ലോ അക്കാദമിയിലെ സമരത്തിൽ സജീവമായി ഉണ്ടാവും എന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്ന എബിവിപി , സംഘ് പരിവാർ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് ഞങ്ങൾ ഇവിടെ.

ലോ അക്കാദമിയിലെ വിദ്യാർഥികൾ മുൻകൈയെടുത്തു ആരംഭിച്ച സമരമാണ് അവിടുത്തേത്. ലക്ഷ്മി നായർ എന്ന വിദ്യാർത്ഥിദ്രോഹനടപടികൾ നിരന്തരം സ്വീകരിക്കുന്ന പ്രിൻസിപ്പാളിനെതിരെയുള്ള സമരം. ഇന്ത്യയിലെ വിവിധ കലാലയങ്ങളിൽ ഇതേ അളവിലും ഇതിനേക്കാൾ കടുത്ത രീതിയിലും വിദ്യാർത്ഥിദ്രോഹനടപടികൾ സ്വീകരിക്കുന്ന വൈസ് ചാൻസലറുമാർ അടക്കമുള്ള ഉത്തരവാദപ്പെട്ടവർക്കു നേരെ വിദ്യാർഥിസമരങ്ങൾ നടക്കുന്നുണ്ട്. രോഹിത് വെമുലയെന്ന ദളിത് ഗവേഷകന്റെ ജീവൻ വരെ കവർന്ന , അതിലെ ഒന്നാം പ്രതിയെന്നു വിദ്യാർഥിസമൂഹം മുഴുവൻ കുറ്റപ്പെടുത്തുന്ന ഹൈദരാബാദ് സർവകലാശാലയിലെ വൈസ് ചാനസലർ അപ്പാറാവുവിനെതിരെയുള്ള സമരമാണ് അതിൽ പ്രധാനം. രാജ്യമൊട്ടാകെ പടർന്ന ആ പ്രക്ഷോഭത്തിൽ എവിടെയായിരുന്നു എബിവിപി ?. സമരത്തിന്റെ എതിർഭാഗത്തായിരുന്നു എബിവിപി. രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റിയൂഷണൽ കൊലപാതകത്തിൽ രണ്ടാം പ്രതിയായി ഹൈദരബാദിലെ വിദ്യാർഥിസമര സമൂഹം പറഞ്ഞത് അവിടെയുള്ള എബിവിപി യൂണിറ്റും അതിന്റെ പ്രസിഡന്റ് കൂടിയായ സുശീൽ കുമാർ എന്ന സംഘ് പ്രവർത്തകനുമാണ്. അപ്പാറാവുവിനെതിരെ വിദ്യാർഥികൾ ഇപ്പോഴും സമരം തുടരുമ്പോൾ , കില്ലർ വിസിയെന്നു വിദ്യാർഥികൾ വിളിക്കുന്ന അധികാരിക്ക് കാവൽ സുരക്ഷാ നിൽക്കുകയാണ് അവിടെയുള്ള അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് പ്രവർത്തകർ. ലോ അക്കാദമിയിലെ സമരപ്പന്തലിലെ എബിവിപിക്കാരേ , രോഹിത് വെമുലയുടെ മരണത്തിനുവരെ ഉത്തരവാദികളായ വിദ്യാർത്ഥിദ്രോഹനടപടിക്കാരുടെ ബോർഡിഗാർഡുകളായ നിങ്ങൾ , ലോ അക്കാദമിയിൽ വിദ്യാർത്ഥിദ്രോഹമായി ‘ കാണുന്നത് എന്താണ് ?? രാജ്യത്തെ കാമ്പസിലെ വിദ്യാർത്ഥിദ്രോഹപക്ഷങ്ങളിലെല്ലാം ഒന്നാം സ്ഥാനക്കാരായി നിലയുറപ്പിക്കുന്ന നിങ്ങൾക്ക് തിരുവനന്തപുരത്തെ സമരപന്തലിൽ എന്താണ് പ്രത്യേകിച്ച് പറയാനുള്ളത് ?

facebook-post_011816042944

മറ്റൊന്ന് ജെ എൻ യുവിലെ വിദ്യാർഥിസമരമാണ്. എബിവിപിയുടെ ക്രൂര മർദ്ദനത്തിന് ശേഷം കാണാതാകപ്പെട്ട നജീബ് അഹമ്മദ് എന്ന മുസ്ലിം വിദ്യാർഥിക്കായുളള സമരം ഇപ്പോഴും തുടരുകയാണ്. സർവകലാശാലയിൽ സമരം ചെയ്യുന്ന എല്ലാ വിദ്യാർഥിസംഘടനകളുടെയും പ്രവർത്തകരുടെയും പേരുകൾ അധികാരികൾക്ക് പിൻവാതിലിലൂടെ കൈമാറാനും അവരെ വെച്ച് സംഘ് മാസികകളിൽ ഹിറ്റ് ലിസ്റ്റുകൾ തയ്യാറാക്കുന്നു എന്നുമല്ലാതെ എബിവിപി ആ കാമ്പസിൽ ചെയ്ത പ്രവർത്തനങ്ങൾ എന്തെല്ലാമാണ് ? ജെ എൻ യുവിലെ മെസ്സ് ഹാളുകളിൽ കൂടെ പഠിക്കുന്ന കാശ്മീരി വിദ്യാർഥികൾ ഭീകരവാദികളാണെന്നും പാകിസ്ഥാൻ ചാരരാണെന്നും എഴുതിവെച്ച എബിവിപിക്ക് എന്ന് മുതലാണ് വിദ്യാർത്ഥികളുടെ സുരക്ഷയെ കുറിച്ചും ആത്മാഭിനത്തെ കുറിച്ചും ബോധം വെച്ച് തുടങ്ങിയത് ? കേരളത്തിലെ കാമ്പസുകളിൽ മുസ്ലിം വിദ്യാർഥികൾ ഹിന്ദു പെൺകുട്ടികളെ പ്രേമിക്കുന്നുവെന്നു പറഞ്ഞു കലാലയങ്ങളിൽ വർഗീയതയും വംശീയതയും സൃഷ്ടിക്കാൻ കാമ്പയിനുകൾ നടത്തിയ എബിവിപിക്ക് ലക്ഷ്മി നായരുടെ ‘സദാചാരപോലീസിനെതിരെ’ വല്ലാതെയങ്ങു സംസാരിക്കാൻ കഴിയുമോ ? ജാതി അധിക്ഷേപങ്ങളുടെ രാജ്യത്തിലെ കാമ്പസിലെ പേറ്റന്റുകാരായ സംഘ് പരിവാർ വിദ്യാർത്ഥിരാഷ്ട്രീയക്കാർക്ക് എന്ത് അർഹതയാണ് ലക്ഷ്മി നായരുടെ ജാതീയതെക്കെതിരെ സമരം ചെയ്യാൻ ഉള്ളത് ? തൃശൂരിലെ കേരളവർമ കോളേജിലടക്കം ബീഫ് കഴിച്ച വിദ്യാർത്ഥികളെ തല്ലിച്ചതച്ച , ഇനിയും തല്ലുമെന്നു കുറിപ്പുകളിറക്കുന്ന എബിവിപിക്ക് ഏതു വിദ്യാർത്ഥിസ്വാതന്ത്ര്യമാണ് ലോ അക്കാദമിയിൽ ആവശ്യമുള്ളത് ?

രാജ്യത്തിൻറെ വിവിധ കലാലയങ്ങളിലെ വിദ്യാർഥിസമരങ്ങളെ പരിഹസിക്കുകയും നിരന്തരം ആരോപണവിധേയരായ അധികാരികൾക്ക് വേണ്ടി ചാനൽ റൂമുകളിൽ ശബ്ദിക്കുകയും ചെയ്ത വി മുരളീധരനും വി വി രാജേഷും എന്തും പറഞ്ഞാണ് ലോ അക്കാദമിയിൽ സമരപ്പന്തലിട്ടു കിടക്കുന്നത് ? പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർഥിസമരക്കാരെ മുഴുവനും പുറത്താക്കണമെന്ന് പത്രസമ്മേളനം വിളിച്ച ബിജെപി എം എൽ എ യെ ന്യായീകരിച്ചു ചാനലിൽ വന്നത് ബിജെപിയുടെ കേരള വക്താവായിരുന്നല്ലോ.. ജെ എൻ യു വിൽ മൂവായിരം കോണ്ടങ്ങൾ ദിവസവും ഉണ്ടാവുന്നുവെന്നും ആ സർവകലാശാല അടച്ചുപൂട്ടുമെന്നും പ്രസ്‌താവനകളിറക്കിയ ബിജെപി എം പി മാരുടേതിൽ നിന്നും വ്യത്യസ്തമായി എന്ത് രാഷ്ട്രീയമാണ് വിവി രാജേഷിനു മാത്രമായുള്ളത് ? കില്ലർ വിസിയെന്നു വിദ്യാർഥിസമരസമൂഹം വിളിക്കുന്ന ഹൈദരാബാദിലെ അപ്പാറാവുവിന് പൊന്നാട അണിയിച്ച നരേന്ദ്രമോദിയെ കുറിച്ച് എന്താണ് പറയാനുള്ളത് ?

Kerala-Law-Academy-min

ഇവയൊന്നും ചെറിയ നിസ്സാരചോദ്യങ്ങളല്ല എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. രാജ്യത്തിൻറെ വിവിധ കലാലയങ്ങളിലുള്ള വിദ്യാർഥിസമരങ്ങളെല്ലാം ഒരേ കണ്ണിയിൽ ചേർക്കപ്പെടേണ്ടതാണ്. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വലിയ ചോദ്യങ്ങൾ ഉയർത്തുന്നവയാണ് ഈ കലാലയങ്ങളിലെ വിദ്യാർത്ഥിശബ്ദങ്ങൾ. ജാതീയത അടക്കമുള്ള ഗൗരവമേറിയ വിഷയങ്ങൾ അടങ്ങുന്നതാണ് ലോ അക്കാദമിയിലെ വിദ്യാർഥിസമരം എന്നത്. കലാലയങ്ങളിലെ ഇടപെടലുകളെല്ലാം വിദ്യാർഥികൾ അവരവരുടെ ഇടങ്ങളിൽ അനുഭവിച്ച നീതികേടിന്റെ പ്രയാസങ്ങളിൽ നിന്നും അമര്ഷങ്ങളിൽ നിന്നും ഉടലെടുത്തവയാണ്. രാജ്യത്തെ സാമൂഹ്യ നീതിക്കായുള്ള കലഹങ്ങളിലെല്ലാം എതിർഭാഗത്തു നിലനിൽക്കുന്ന , അധീശത്വ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന സംഘ് പരിവാർ രാഷ്ട്രീയത്തിന് ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തിൽ പറയാനുള്ളത് എന്താണെന്നും അത് പറയാനുള്ള അവരുടെ അർഹത എന്താണെന്നും ചോദിക്കേണ്ട സമയം കൂടിയാണിത്. ലോ അക്കാദമിയിൽ എല്ലാ സമരക്കാരെയും പോലെ സന്ദർശിക്കപ്പെടേണ്ടവരും ഐക്യപ്പെടേണ്ടവരും ആണ് ബിജെപിയും എബിവിപിയും എന്ന് സിപിഐ , മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾക്ക് തോന്നുന്നതും അത് വിമർശിക്കപ്പെടുന്നതും എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥി തെരഞ്ഞെടുപ്പ് സമയത്ത് ഹോസ്റ്റൽ റൂമിന്റെ വാതിലിൽ ഒരു വിദ്യാർത്ഥി എഴുതിവെച്ചത് ഇങ്ങനെയായിരുന്നു. ” എബിവിപിക്കാർ വാതിലിൽ മുട്ടരുത്. എന്റെ സഹോദരൻ അഖ്‌ലാഖിനെ കൊന്നവരാണ് നിങ്ങൾ. തമാശക്ക് പോലും വോട്ട് ചോദിക്കാൻ വരരുത് ”.

Be the first to comment on "ലോ അക്കാദമിയിൽ എബിവിപി എന്തിനാണ് സമരം ചെയ്യുന്നത്?"

Leave a comment

Your email address will not be published.


*