പ്രണയത്തിൽ മുങ്ങുന്നവർ വായിക്കുവാൻ , റൂമിയുടെ പ്രണയം

ജലാലുദ്ധീൻ റൂമിയുടെ വരികൾ

മാനത്തുനിന്നടരുന്ന
മഴ മുഴുവൻ
കടലിൽ പതിച്ചെന്നിരിക്കാം.
അതിലൊരു കണിക പോലും
മുത്തായി മാറുകയില്ല;
പ്രണയമില്ലെങ്കിൽ.

******

മുഖ സൌന്ദര്യത്താൽ
ആകൃഷ്ടനാകുന്നവന്റെ
പ്രണയം
വേനൽക്കാലത്തെ
ജലാശയം പോലെ
വറ്റിവരളുന്നു .

മയിലിനെ
വേട്ടയാടുന്നത്
അതിനോടുള്ള
സ്നേഹത്താലല്ല ,
പീലി വില്ക്കുന്നതിനായി.

നിത്യമായതിനെ
പ്രണയിക്കുക.

ഉപാധികളില്ലാത്ത
പ്രണയം
അവന് മാത്രമാണ്.

******

അല്ലയോ പരിശുദ്ധപ്രണയമേ,
നീയാണ് ഞങ്ങളുടെ വൈദ്യന് .
ദുരഭിമാനത്തിനും, നാട്യങ്ങൾക്കും
മറുമരുന്നും നീ.

നീ തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
അചഞ്ചലനായ പർവ്വതവും
പ്രണയത്താൽ ആനന്ദനൃത്തമാടും!
സീനാമലയ്ക്ക് ജീവൻ നൽകിയ സ്നേഹത്താലാണ്
മൂസാനബി ബോധരഹിതനായതും .

പ്രാണപ്രിയനിൽ നിന്ന്
വേർപെട്ടവന് മൂകനായ് മാറും.
എന്റെ അധരങ്ങളിൽ പ്രണയിയുടെ
ചുംബനം ലഭിച്ചാൽ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .

വാക്കുകൾക്കു അർത്ഥവും ഗുണവും കിട്ടാന്
ആസ്വദിക്കുവാനുള്ള ഹൃദയം വേണം.

പ്രതിഛായ ഉണ്ടാവില്ലെങ്കിൽ
പിന്നെ കണ്ണാടിയെന്തിന്!
സ്നേഹത്തിന്റെ
ചെറുകാറ്റുപോലുമേശാത്തതിനാൽ
അത് പൊടിയാൽ മറഞ്ഞിരിക്കുന്നു

******

പ്രണയത്തിൽ
മുങ്ങുന്നവർ
കൂടുതൽ ആഴത്തിൽ
മുങ്ങാന് കൊതിക്കുന്നു .

******

Rumi

നാമിരുവരുമൊരുമിച്ചിരിക്കുന്ന
ഈ അനർഘനിമിഷങ്ങളിൽ
രണ്ടു രൂപങ്ങളിൽ
രണ്ടു മുഖങ്ങളിൽ
നമ്മളൊരാത്മാവ്.

ഈ പൂന്തോപ്പിൽ
ചുറ്റിക്കറങ്ങുമ്പോൾ
പൂക്കളുടെ നറുമണവും
കിളിക്കൊഞ്ചലുകളും
നമുക്കിന്നു ജീവാമൃതം .

നമ്മെ ഉറ്റുനോക്കുന്ന
ആ നക്ഷത്രങ്ങൾക്കു
ചന്ദ്രബിംബം
നമ്മൾ കാട്ടിക്കൊടുക്കും.

രണ്ടെന്ന ഭാവം വെടിഞ്ഞ്
നമ്മൾ ഒന്നാകലിന്റെ
നിർവൃതി അനുഭവിക്കും.

ആ ഹർഷോന്മാദത്തിൽ നമ്മൾ
പാഴ്വാക്കുകളിൽ നിന്ന്
മോചിതരാകും

മധു നുകരാനെത്തുന്ന
ആകാശപ്പറവകൾ
നമ്മുടെ സന്തോഷാശ്രുക്കളാൽ
ഹൃദയം നിറയ്ക്കും .

ഏതിന്ദ്രജാലത്താലാണ്
ലോകത്തിന്റെ രണ്ടറ്റത്താണെങ്കിലും
നാമിങ്ങനെ ചേർന്നിരിക്കുന്നത് ?!

ഈ ലോകത്ത് നമുക്കൊരു രൂപം
അടുത്ത ലോകത്തു മറ്റൊന്നാകാം .
ഒടുവിൽ ,
ആ അനശ്വര ലോകത്തും
നാമിരുവരുമൊന്നായിരിക്കും.

******

അല്ലയോ യുവത്വമേ,
എന്നെപ്പോലെ
ഒരു അനുരാഗിയായാൽ
നിങ്ങൾ എന്തു ചെയ്യും?

ഓരോ പകലും
ഉന്മാദത്തിൽ .
ഓരോ രാത്രിയും
വിങ്ങിക്കരഞ്ഞും.

ഒരു നിമിഷാർധത്തിൽ പോലും
അവന്റെ രൂപം
കണ്ണിൽ നിന്നും
മായാതെ …

നീ നിന്റെ സുഹൃത്തുക്കളിൽ നിന്നും
അകന്നു നില്ക്കും.
നീ ഈ ലോകത്തുനിന്നു തന്നെ
വിട്ടുനിൽക്കും.

നീ നിനക്കുതന്നെ
അന്യനായ് തീരും.
നീ പൂർണ്ണമായി
അവന്റെത് മാത്രമാകും.

ആൾക്കൂട്ടത്തിൽ നീ
എണ്ണയും ജലവും പോലെ .
പുറമേയ്ക്കു ചേർന്നിരുന്നാലും
ഉള്ളിൽ വേറിട്ടു നില്ക്കും.

എല്ലാ സ്വാർത്ഥചിന്തകളും
വെടിഞ്ഞു നീയൊരു
ഉന്മാദിയാകും.
ഒരു വൈദ്യനാലും
സുഖപ്പെടുത്താനാവാത്ത
സമ്പൂർണ ഉന്മാദി!!

Courtesy – Salila Mullan

Be the first to comment on "പ്രണയത്തിൽ മുങ്ങുന്നവർ വായിക്കുവാൻ , റൂമിയുടെ പ്രണയം"

Leave a comment

Your email address will not be published.


*