ദേവാലയം വലുതാകുമ്പോൾ ചെറുതാകുന്ന വിശ്വാസം

തെരേസ ജോൺ മംഗലത്ത് 
കുറച്ചു മാസങ്ങൾക്കു മുൻപാണ്‌. ഇന്ത്യയിലെ പ്രശസ്തമായ ബുദ്ധമത തീർത്ഥാടന കേന്ദ്രമായ ബുദ്ധഗയ സന്ദർശിച്ചപ്പോൾ മുതൽ മനസിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഒരു ആശയം ആരെങ്കിലും ആയി പങ്കുവെക്കണമെന്ന് ആലോചിച്ചപോൾ ആണ് നളന്ദ സർവകലാശാലയിലെ എന്റെ പ്രൊഫസർ മുമ്പിലേക്ക് വന്നത്. സന്ദർശന റിപ്പോർട്ട്‌ എഴുതാൻ അദേഹം എന്നോട് പറഞ്ഞപ്പോൾ എന്റെ മനസിലേക്ക് ആദ്യം വന്ന തലകെട്ടു ” വാണിജ്യവൽക്കരിക്കപ്പെടുന്ന തീർത്ഥാടന കേന്ദ്രങ്ങൾ ( “Commercialization of the Religious Sites”.) എന്നാണ്‌. നമ്മുടെ നാട്ടിൽ എല്ലാം ഇന്ന് ഒരു വാണിജ്യവൽക്കരണ ഭീഷണിയിൽ ആണ്. വിദ്യാഭ്യാസം, മതങ്ങൾ , തീർത്ഥാടനകേന്ദ്രങ്ങൾ അങ്ങനെ എല്ലാം. സൌത്ത് ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളെ എല്ലാംകൂടി യോജിപ്പിക്കുന്ന ഒരു സ്ഥലം ആണ് ബുദ്ധഗയ . സംഭാവന എന്ന പേരിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ഇവിടേയ്ക്ക് ഒഴുകുന്ന പൈസയുടെ കണക്കു വളരെ വലുതാണ്. ഒരു പക്ഷെ അതിനുവേണ്ടി മാത്രം ആയി ആ സ്ഥലം ഒതുങ്ങി പോയോ എന്ന് വരെ എനിക്ക് സംശയം ഉണ്ട്. ബുദ്ധനു ജ്ഞാനോദയം കിട്ടിയ സ്ഥലം എന്ന പരിശുദ്ധി അന്ന് എനിക്ക് അവിടെ കാണുവാൻ കഴിഞ്ഞില്ല. അവിടെ വർഷങ്ങളായി ജ്ഞാനോദയം കാത്തു കഴിയുന്ന മറ്റനേകം ബുദ്ധസന്യസികളെ ഞാൻ കണ്ടു. അവരിൽ മാത്രമേ എനിക്ക് ബുദ്ധനെ കാണാൻ കഴിഞ്ഞുള്ളൂ . അല്ലാതെ ആ കൂറ്റൻ ക്ഷേത്രത്തിലോ അതിനെ ചുറ്റിപറ്റി ഉള്ള ചെറിയ കച്ചവട സ്ഥലങ്ങളിലോ ഒന്നും എനിക്ക് ആ മഹാനായ സന്യാസിയുടെ സാന്നിധ്യം അനുഭവപെട്ടില്ല.

പക്ഷെ ഈ കുറിപ്പിലൂടെ ഞാൻ പങ്കു വെക്കാൻ ആഗ്രഹിക്കുന്നത് കേരളത്തിലെ ഇന്ന് സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്ന ഒരു അവസ്ഥ ആണ്. ഈ വിഷയത്തിൽ “ദേവാലയം വലുതാകുമ്പോൾ ചെറുതാകുന്ന വിശ്വാസം” എന്ന തലകെട്ട് വളരെ ഉചിതമാണ്. ക്രൈസ്തവ മതവും അവരുടെ വിശ്വാസികളും പണ്ട് മുതലേ അവരുടെ പുരാതന മൂല്യങ്ങളെ അടക്കി പിടിച്ചു ജീവിക്കുന്നവരാണ്. ഈ ഒരു അവസ്ഥ മാറി മറിയാൻ തുടങ്ങിയത് ഒരു കൂട്ടം ധ്യാന കേന്ദ്രങ്ങളുടെ വരവോടു കൂടിയാണ്. ആ മാറുന്ന അവസ്ഥയോട്‌ പിടിച്ചു നിൽക്കാൻ സഭ ദേവാലയങ്ങളെ മോടിപിടിപ്പിച്ചും പുതുക്കി പണിതും അവയെ പുതിയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കിമാറ്റി. ആ തിരക്കിനിടയിൽ വിശ്വാസികളെ ശ്രദ്ധിക്കാൻ സമയം കിട്ടാതെ വന്നു. അങ്ങനെ ക്രിസ്ത്യാനിയുടെ വിശ്വാസത്തിനു കോട്ടം വന്നതായി മുതിര്ന്നവർ പരാതി പറയാൻ തുടങ്ങി . ഞാൻ ഇവിടെ സംസാരിക്കുന്നത് ഞാൻ ഉൾപെടുന്ന ഒരു കൂട്ടം യുവജനങ്ങളുടെ കാര്യം ആണ്. . സഭയുടെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പല യോഗങ്ങളിലും ഇന്ന് ചർച്ച വിഷയം യുവാക്കളുടെ വിശ്വാസത്തോടുള്ള അകൽച്ചയാണ്. യുവജനങ്ങളിൽ ഈ ”കോട്ടം വന്ന വിശ്വാസത്തിനു” കാരണം എന്താണെന്നു നാളിതു വരെ സഭ നേതാക്കന്മാര്ക്ക് കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല. പക്ഷെ ഒന്ന് ആലോചിച്ചു നോക്കിയാൽ അതിനുള്ള ഉത്തരം അവരിൽ തന്നെ ഉണ്ട്. ദേവാലയങ്ങൾ മോടി പിടിപിച്ചും വലുപ്പം കൂട്ടിയും മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നതിനിടയിൽ വിശ്വാസികളുടെ വിശ്വാസം കുറഞ്ഞു വരികയാണ്‌ എന്ന കാര്യം അവർ മനസിലാക്കുന്നില്ല.

14650624_895438803924140_1828843979331405236_n

വിശ്വാസികളുടെ എണ്ണം കൂടുമ്പോൾ ദേവാലയം പുതുക്കി പണിയേണ്ടത് ഒരു ആവശ്യം ആണ്. പക്ഷെ അനാവശ്യ നേട്ടങ്ങൾക്കായി ചിലവഴിക്കുന്ന ഈ പൈസ മറ്റു നിർധനകുടുംബങ്ങൾക്ക് നൽകിയാൽ കിട്ടുന്ന പുണ്യം വേറെ എന്ത് ചെയ്താലും കിട്ടുമോയെന്നു എനിക്ക് സംശയം ആണ്. ഇങ്ങനെ ഒക്കെ ആകുമ്പോൾ ഒരു വിശ്വാസി മോക്ഷം തേടി ധ്യാന കേന്ദ്രം തേടി അലയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? തങ്ങൾക്കു കിട്ടേണ്ടത് തരേണ്ടവർ തരാതിരിക്കുമ്പോൾ അത് കിട്ടുന്ന ചില്ലയിലേക്ക് ശ്രദ്ധ തിരിയുന്നത് സ്വാഭാവികം ആണ്. അതിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല. മാനുഷിക പരിഗണനയിൽ മറ്റു മതങ്ങൾക്ക് മാതൃക ആവേണ്ട ക്രിസ്ത്യൻ സഭ തന്നെ കൂറ്റൻ തുക ഡൊണേഷൻ എന്ന പേരിൽ വാങ്ങി കുട്ടികളെ എഞ്ചിനീയറിംഗ് കോളേജുകളിൽ അഡ്മിറ്റ് ചെയുന്നതും ഇന്നേദിവസങ്ങളില ഒരു പതിവ് കാഴ്ചയാണ്. ഇതിൽ നിന്നൊക്കെ നമ്മൾ എന്നാണ് ഒന്ന് മാറുക. എല്ലാത്തിലും നീതി വേണമെന്ന് നമ്മൾ പ്രസംഗിക്കുമ്പോൾ ഇടക്ക് നമ്മളെ തന്നെ ഒരു റിയാലിറ്റി ചെക്ക്‌ നടത്തുന്നത് വളരെ നന്നായിരിക്കുമെന്നു തോന്നുന്നു. ഇനിയെങ്കിലും പള്ളി മോടിപിടിപ്പിക്കൽ എന്നത് വലിയ അജണ്ടയാക്കാതിരിക്കുക. വരുന്ന അഞ്ചു തലമുറകൾക്കെങ്കിലും ആവശ്യമായ ദേവാലയ സൗകര്യങ്ങൾ ഈ നാട്ടിലുണ്ടല്ലോ..

കാര്യങ്ങളെല്ലാം പറഞ്ഞു സങ്കീർണമാക്കാൻ താല്പര്യമില്ല. സ്വാശ്രയസ്ഥാപനങ്ങളുടെ ലാഭകണക്കു പരിശോധിക്കലും ദേവാലയത്തിന്റെ മോടിപിടിപ്പിക്കലും ക്രിസ്തുവിന്റെ അനുയായികളുടെ പ്രധാന അജണ്ടയായി മാറുന്നുവെന്ന ഒരു വിദ്യാർത്ഥിനിയുടെ ആധിയാണ് ഈ വളരെ ചെറിയ കുറിപ്പ്. സ്വന്തത്തെ തന്നെ വിലയിരുത്താൻ മതത്തിന്റെ ‘കാര്യകർത്താക്കളായി ‘ പ്രവർത്തിക്കുകയോ ആക്ട് ചെയ്യുകയോ ചെയ്യുന്നവർ തയ്യാറാവും എന്ന പ്രതീക്ഷയാണ് എഴുതാൻ പ്രേരിപ്പിച്ചത്.
ആലപ്പുഴ സ്വദേശിയായ തെരേസ ജോൺ മംഗലത്ത് നളന്ദ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.

Be the first to comment on "ദേവാലയം വലുതാകുമ്പോൾ ചെറുതാകുന്ന വിശ്വാസം"

Leave a comment

Your email address will not be published.


*