https://maktoobmedia.com/

ട്രംപ് ട്രാപ് . കാര്യങ്ങളങ്ങനെയൊന്നും അവസാനിക്കാൻ പോവുന്നില്ല

നദീ

ഈ മാസം ആദ്യമാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിക്കുന്ന കത്തിയുമായി ട്രംപ് നില്‍ക്കുന്ന കാര്‍ട്ടൂണ്‍ ജര്‍മ്മന്‍ മാസിക പ്രസിദ്ധീകരിച്ചത്, അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ വാക്യവും വിവാദ കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്യൂബന്‍ അഭയാര്‍ഥിയായ എഡല്‍ റോഡ്രിഗസാണ് കാര്‍ട്ടൂണ്‍ വരച്ചത്. ട്രംപ് അധികാരത്തില്‍ ഏറിയതോടെ ജനാധിപത്യത്തിന്റെ കഴുത്തറക്കുന്ന സമീപനമാണ് തുടരുന്നത്, ആയതിനാല്‍ തന്നെ കാര്‍ട്ടൂണിലെ ആശയം തള്ളിക്കയാനാവില്ല.

ദ ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന റിയല്‍ എസ്‌റ്റെറ്റ് ഗ്രൂപ്പിന്റെ അധിപനും കച്ചവടത്തില്‍ കുതന്ത്രശാലിയും ലോകത്തിലെ ഏറ്റവും കോടീശ്വരന്മാരില്‍ ഒരാളുമായ ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങളുടെ തലയില്‍ ചിവിട്ടി അമേരിക്കന്‍ പ്രസിഡന്റ് ആയതു മുതല്‍ ആശങ്കയിലാണ് പല രാജ്യങ്ങളും. വലതു പക്ഷ രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ നവ സാമ്രാജ്യത്വ ആശയങ്ങള്‍ കുത്തി നിറച്ച് ലോക ജനതയെ ഉള്ളം കയ്യിലിട്ട് അമ്മാനമാടാന്‍ അധിക നാള് കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല,
തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നതിനും ഏറെ മുന്നേ ട്രംപ് ഓര്‍ഗനൈസേഷന്‍ കെട്ടിടങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വാടകയ്ക്കു നല്‍കാതെ, ഇസ്ലാം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും വംശീയതയും അമേരിക്കയില്‍ ആകമാനം കൊണ്ടുവന്ന് തീവ്ര ദേശീയ വികാരം അമേരിക്കയിലെ വലതു പക്ഷ രാഷ്ട്രീയ സാഹചര്യത്തിലേക്ക് മാറ്റിതീര്‍ത്താണ് ട്രംപ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നു വന്നത്.
ലോക രാജ്യങ്ങള്‍ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ എന്തിനാണോ, എങ്ങനെയാണോ ഭയപ്പെട്ടത് എന്നത് ഇന്നലയോടു കൂടി നമുക്ക് ബോധ്യമായിട്ടുണ്ടാകും.
അമേരിക്കയില്‍ ആരു പ്രസിഡന്റ് ആയാലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമല്ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നോര്‍ത്ത് സമാധാനിക്കുന്നതില്‍ തെറ്റില്ല, എന്നിരുന്നാലും..

അനധികൃത കുടിയേറ്റം, പുറം ജോലി കരാറുകള്‍ മൂലം അമേരിക്കന്‍ പൌരന്മാര്‍ നേരിടുന്ന അനശ്ചിതാവസ്ഥ, രാജ്യം നേരിടുന്ന സാമ്പത്തിക തളര്‍ച്ച, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ഇസ്ലാമിക തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രചരണം നടത്തി അധികാരത്തിലേറിയ ട്രംപ് അടുത്ത കാലത്തെടുത്ത മനുഷ്യത്വ രഹിതമായ തീരുമാനങ്ങള്‍ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യണ്ടതാണ്.

• ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും യാത്രികര്‍ക്കും അമേരിക്കയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന ബില്ല് ട്രംപ് പാസാക്കിയിരിക്കുകയാണ്.
സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് അടുത്ത കാലങ്ങളില്‍ തന്നെ ഉണ്ടാകുമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. വിവാദങ്ങളില്‍ വരുമ്പോള്‍ മാധ്യമ സൃഷ്ടിയാണ് ഇതെല്ലാമെന്നു പറഞ്ഞു കൈ കഴുകുന്ന ഏര്‍പ്പാട് തന്നെയാണ് ഈ വിഷയത്തിലും ട്രംപ് എടുത്തിരിക്കുന്നത്.

• ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്തുടനീളം കടുത്ത ഇസ്ലാം വിരുദ്ധതയാണ് നടക്കുന്നത്, പള്ളികള്‍ അക്രമിക്കപ്പെടുകയും പലയിടങ്ങളിലും മുസ്ലീം നാമധാരികള്‍ അധികാരികളാല്‍ നീണ്ട ചോദ്യം ചെയ്യപ്പെടലുകള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്യുന്നു. ബോക്സിംഗ് ഇതിഹാസം മുഹമ്മദ്‌ അലിയുടെ മകനെയും ഭാര്യയേയും മതത്തിന്റെ പേരില്‍ വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്.

• ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതോടെ ഇസ്രയേല്‍ – പലസ്തീന്‍ വിഷയം വഷളാകുമെന്ന നിരീക്ഷണങ്ങള്‍ ശരിവക്കുന്നതാണ് ദ്വിരാഷ്ട്ര പോംവഴിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം. ഇസ്രയേല്‍ എന്ന ഒറ്റ രാഷ്ട്രം മതിയെന്ന പ്രഖ്യാപനത്തോടെ, സ്വന്തം രാഷ്ട്രമില്ലാതെ ഇസ്രയേല്‍ ഭരണകൂടത്തിന്റെ നിരന്തര പീഡനത്തിനും വെട്ടയാടലിനും വിധേയരായി പലസ്തീനികള്‍ പലായനം ചെയ്യേണ്ടി വരുമെന്ന് സാരം.

• മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൌസില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസം ആണ്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ എജന്‍സികളായ സി എന്‍ എന്‍ , ന്യൂയോര്‍ക്ക് ടൈംസ്, പൊളിറ്റിക്കോ, ദി ലോസ് ആഞ്ചലസ് ടൈംസ്, ബുസ്ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന അമേരിക്കയുടെ ഭരണസിരാകേന്ദ്രത്തില്‍ ട്രംപിന്റെ എകാധിപത്യതിനും വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വളരെ ഗൌരവത്തോടെ തന്നെ നമ്മള്‍ കാണേണ്ടതുണ്ട്.

• ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കയില്‍ ഉയരുന്ന തീവ്രദേശീയതാവികാരം ഇന്ത്യന്‍ വംശജരെയും ഇതര രാജ്യങ്ങളിലെ പൌരന്മാരെയും ഭീതിയുടെ നിഴലിലാക്കുകയാണ്. പതിറ്റാണ്ടുകളായി സൗഹാര്‍ദ്ദതത്തോടെയും സുരക്ഷിതമായും അമേരിക്കയുടെ വിവിധ മേഖലകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെല്ലാം വലിയ ആശങ്കയിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.

വിഷയങ്ങള്‍ അവസാനിക്കുന്നില്ല,
ഇത് തുടക്കം മാത്രമാണ്
ട്രംപ് യുഗം തുടങ്ങിയിട്ടേ ഉള്ളു

Cartoon – Joe Mohr

Be the first to comment on "ട്രംപ് ട്രാപ് . കാര്യങ്ങളങ്ങനെയൊന്നും അവസാനിക്കാൻ പോവുന്നില്ല"

Leave a comment

Your email address will not be published.


*