അതിരപ്പിള്ളി പദ്ധതി മറ്റൊരു മാരക മുറിവ്

ഫസല്‍ കാതിക്കോട്

ഭൂമിക്ക് നാശമുണ്ടാക്കാന്‍ ശേഷിയുള്ള ഏകജീവിയാണ് മനുഷ്യന്‍. പത്ത്‌ലക്ഷം ജീവി വര്‍ഗത്തില്‍ മനുഷ്യനെക്കാള്‍ ശക്തിയും കഴിവുമുള്ളവയുള്‍പ്പെടെ മറ്റൊരുജീവിക്കും ഭൂമിക്ക് ഒരു പോറലുപോലുമേല്‍പ്പിക്കാന്‍ കഴിയില്ല. വലിയൊരു ശരീരത്തില്‍ രോഗമുണ്ടാക്കുന്ന സുക്ഷ്മ ജീവികളെപ്പോലെ ഭൂമിയൂടെ ഗാത്രത്തില്‍ മനുഷ്യന്‍ നിരന്തരം മുറിവുകളും പരിക്കുകളും സൃഷ്ടിക്കുന്നു. ചെറിയ രോഗങ്ങള്‍ അവസാനം ആ ജീവിയുടെ അന്ത്യത്തില്‍ കലാശിക്കുന്നതുപോലെ ഭൂമിയും നമ്മുടെ അനര്‍ഥങ്ങള്‍ മൂലം മൃതിയടയും. വനനശീകരണം, കാര്‍ബണ്‍ വിസര്‍ജനം, ഡാമുകളള്‍ പോലുള്ള വമ്പന്‍ നിര്‍മിതികള്‍ തുടങ്ങിയവ എല്ലാം ഭൂമീപാത്രത്തിലെ വ്രണങ്ങളാണ്. തന്നെ കുറിച്ചല്ലാതെ ചുറ്റുമുള്ളതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയ കുറേ മനുഷ്യന്‍ വരാന്‍ പോകുന്ന വിപത്തിന്റെ പ്രധാന്യം മനസ്സിലാക്കി മുറിയിപ്പുമായി നമ്മുടെ ചുറ്റുമുണ്ട്. സൂക്ഷ്മ നിരീക്ഷണപടുക്കള്‍ക്കല്ലാതെ പരിസ്ഥിതി മാറ്റം കണ്ടെത്താന്‍ സാധ്യമല്ല. വസന്തകാലത്ത് വിരുന്ന് വന്നിരുന്ന റോബിന്‍ പക്ഷികളെ കാണാതായതിനെ കുറിച്ചുള്ള അന്വേഷണമാണ് റേച്ചല്‍ കാള്‍സണ് രാസവിഷ കീടനാശിനികള്‍ ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് പഠിക്കാനും വിഖ്യാതമായ സൈലന്റ് സ്പ്രിങ് രചിക്കാനും പ്രേരണയായത്.
അണക്കെട്ടുകള്‍ മൂലമുണ്ടായ പരിസ്ഥിതി നാശങ്ങളെ കുറിച്ച് ഇന്ന് ലോകം അവബോധം നേടിക്കഴിഞ്ഞിരിക്കുന്നു. പുതിയ ഡാമുകള്‍ വേണ്ട എന്ന ശബ്ദം ലോകമെങ്ങും സ്വീകാര്യത നേടിയിരിക്കുന്നു. അതിരപ്പിള്ളി ഡാമിന് വേണ്ടിയുള്ള ആവശ്യമുയര്‍ത്തുന്നത് ജനങ്ങളോ ബുദ്ധിജീവികളോ ആസൂത്രണ വിദഗ്തരോ അല്ല. മാറിമാറി വരുന്ന അധികാരികളും അവരോടൊപ്പം താല്‍പര്യങ്ങള്‍ പങ്കുവെക്കുന്ന ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ്.

ചാലക്കുടിപ്പുഴ മരിക്കുമോ?
പുഴ അനുബന്ധ വനങ്ങളും (riparian) ജീവജാലങ്ങളും നിറഞ്ഞ മേഖലയാണ് ചാലക്കുടിപ്പുഴയോരങ്ങള്‍. കേരളത്തിലെ നാലാമത്തെ വലിയ നദി, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലൂടെ 145 കിലോമീറ്റര്‍ സഞ്ചാരം. തമിഴ് നാട്ടിലെ ആനമലയില്‍ നിന്നാണുദ്ഭവിക്കുന്നതെങ്കിലും പറമ്പിക്കുളം കരിയാര്‍ക്കുറ്റി, ഷോളയാര്‍, കാരിപാറ, ആനക്കയം എന്നീ പോഷകനദികളാണ് ചാലക്കുടിപ്പുഴയെ സമ്പന്നമാക്കുന്നത്. ജീവജാലങ്ങളുടെ വൈവിധ്യം കൊണ്ടും സമ്പന്നതകൊണ്ടും ദേശീയതലത്തില്‍ തന്നെ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടിയ നദിയാണ് ചാലക്കുടിപ്പുഴ. കേരളത്തില്‍ കാണപ്പെടുന്ന 152 ഇനം ശുദ്ധജലമത്സ്യങ്ങളില്‍ 98 ഇനങ്ങളൂം ചാലക്കുടിപ്പുഴയിലുണ്ട്. അതില്‍ ഒരെണ്ണം ചാലക്കുടിപ്പുഴയില്‍ മാത്രം കാണപ്പെടുന്നതാണ്. ലക്‌നോവിലെ ദേശീയ മത്സ്യ ജനിതക വിഭവ ബ്യൂറോയുടെ കണ്ടെത്തല്‍പ്രകാരം ഇന്ത്യയിലേറ്റവുമധികം മത്സ്യഇനങ്ങള്‍ കാണപ്പെടുന്ന നദിയാണ് ചാലക്കുടിപ്പുഴ. ഈ മത്സ്യങ്ങളില്‍ നാല് എണ്ണം വംശനാശത്തിന്റെ വക്കിലുള്ളവയാണ്. 16 എണ്ണം ചുവന്ന ബുക്കില്‍ (red data book) കയറാന്‍ നില്‍ക്കുന്നവയാണ്. 11 എണ്ണം അതീവ ദുര്‍ബലാവസ്ഥയിലാണ്. ഓരോ ജീവിയുടെ നാശവും മനുഷ്യനടക്കമുള്ള എല്ലാ ജീവികളുടെയും മരണമണി നാദങ്ങളാണ്, ഭൂമിയുടെ ആസന്ന മരണ മുന്നറിയിപ്പുകളാണ്.

പുഴയനുബന്ധ കാടുകള്‍ ആവശ്യമായ അളവില്‍ നിലനില്‍ക്കുന്ന കേരളത്തിലെ അപൂര്‍വം നദികളിലൊന്നാണ് ചാലക്കുടിപ്പുഴ. 10.5 കിലോമീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ വീതിയില്‍ ഇത്തരം സസ്യജാലങ്ങള്‍ ചാലക്കുടിപ്പുഴയോരത്ത് കാണപ്പെടുന്നു. ഇവിടെയുള്ള 319 ഇനം സപുഷ്പികളില്‍ 24 ഇനം പശ്ചിമഘട്ടത്തിന്റെ തദ്ദേശ ഇനങ്ങളാണ്. ഇവയില്‍ 10 എണ്ണം അപൂര്‍വ്വവും വംശനാശ ഭീഷണിയുള്ളവയുമാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപള്ളിയും ഒപ്പം വാഴച്ചാലും ചാലക്കുടിപ്പുഴയുടെ വന്യസൗന്ദര്യവും ജനതയുടെ ജീവിതവുമാണ് ഇല്ലാതാകാന്‍ പോകുന്നത്. 264 ഇനം പക്ഷികളാണ് ഇവിടെ കാണപ്പെടുന്നത്. ദേശീയ പക്ഷിയായ വേഴാമ്പലിന്റെ കേരളത്തില്‍ കാണപ്പെടുന്ന നാല് വിഭാഗങ്ങളും ജീവിക്കുന്ന ഏക പ്രദേശവും ഇതുതെന്നയാണ്. ആനമല എലിഫന്റ് റിസര്‍വിന്റെ ഭാഗമാണ് ഈ വനങ്ങള്‍. വ്യത്യസ്ത ഋതുക്കളില്‍ ആനകള്‍ ദേശാടനം നടത്തുന്ന ആനത്താര കടന്നുപോകുന്നത് ഈ വനത്തിലൂടെയാണ്. നേരത്തെ നിലവില്‍ വന്ന ഡാമുകള്‍ മൂലം മറ്റെല്ലാവനങ്ങളിലൂടെയുമുള്ള സഞ്ചാരം തടസ്സപ്പെട്ടപ്പോള്‍ ആനകള്‍ കണ്ടെത്തിയ അവസാനത്തെ ആനത്താരയാണിത്. ഇതു കൂടി ഇല്ലാതായാല്‍ ആനകള്‍ നാട്ടിലേക്കിറങ്ങേണ്ടിവരും. നിര്‍ദേശിക്കപ്പെട്ട അണക്കെട്ട് വരുന്നതോടെ ഈ അപൂര്‍വ ജൈവസമ്പത്ത് ലോകത്തിന് നഷ്ടപ്പെടും. മനുഷ്യന്റെ നിലനില്‍പിന് മുന്നിലെ കടത്തു ചോദ്യചിഹ്‌നമായി അത് മാറും.

കേരളത്തിന്റെ പാരസ്ഥിതിക അവബോധത്തെ വെല്ലുവിളിക്കു പദ്ധതി

163 മെഗാവാട്ട് വൈദ്യുതി പ്രതീക്ഷിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് അതിരപ്പിള്ളിയിലേത്. ചാലക്കുടിപ്പുഴയിലെ ഏഴാമത്തെ പദ്ധതി. പദ്ധതി പ്രദേശം വാഴച്ചാല്‍ വനമേഖലയാണ്. 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള അണക്കെ’്. ചാലക്കുടിയില്‍ നിന്ന് 35 കിലോമീറ്റര്‍ വാഴചച്ചാല്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് 500മീറ്ററും അകലത്തിലാണ്. മൊത്തം 138 ഹെക്ടര്‍ വനപ്രദേശം വെള്ളത്തിനടിയിലാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. റീസര്‍വോയറിലെ ജലം 4.5 കീലോമീറ്റര്‍ നീളമുള്ള പൈപ്പുവഴി കണ്ണന്‍ കുഴിത്തോടിനരികിലുള്ള പവര്‍ഹൗസിലെത്തിക്കും. അവിടെ 80 മെഗാവാട്ട’് ഉല്‍പാദനശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കും. വൈദ്യുതി കൂടുതല്‍ ആവശ്യമുള്ള സമയത്ത് മാത്രം പ്രവര്‍ത്തിപ്പിക്കുന്ന പവര്‍ സ്‌റ്റേഷനുകളാണ് (peak hour station)വിഭാവനം ചെയ്യുന്നത് എന്നത് ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന സംഗതിയാണ്. ഡാമിനോട് ചേര്‍ന്നുള്ള ചെറിയ ഒരു പവര്‍ ഹൗസും ഉണ്ടായിരിക്കും (dam toe power house). 1.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളാണ് അവിടെ പ്രവര്‍ത്തിക്കുക. അതിരപള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ നിലച്ചുപോകാതിരിക്കാന്‍ വേണ്ടിയാണ് ഈ ചെറിയ ജനറേറ്ററുകള്‍.

വിശകലനമര്‍ഹിക്കുന്ന ചില വസ്തുതകളാണിവ. നിലവില്‍വെള്ളച്ചാട്ടങ്ങളിലൂടെ ഒഴുകുന്ന ജലം മുഴുവന്‍തടഞ്ഞുനിര്‍ത്തപ്പെടും. അതിലെ 78 ശതമാനം ജലവും രണ്ട് വെള്ളച്ചാട്ടങ്ങള്‍ക്കും താഴെ സ്ഥാപിക്കുന്ന പവര്‍ഹൗസിലേക്ക് ടണല്‍ വഴി എത്തിക്കും. അവിടെ 160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. വെറും 22 ശതമാനം ജലം ഉപയോഗിച്ച് ഡാമിനോട് ചേര്‍ന്ന കേവലം 3 മെഗാവാട്ട് വരുന്ന ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് അതിന് ശേഷം ഒഴികിവരുന്ന ജലമാണ് വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്നത്. ആ വെള്ളച്ചാട്ടം എത്ര ശുഷ്‌കമായിരിക്കുമെന്ന് ഊഹിക്കുക. ഇതൊരു (peak hour station) ആയതിനാല്‍ വൈദ്യുതി ഏറ്റവുമധികം ആവശ്യമുള്ള വൈകുേരം 5 മണി മുതല്‍ 10 മണിവരെയുള്ള സമയത്താണ് വൈദ്യുതി ഉല്‍പാദനം നടക്കുന്നത്. ആ സമയത്ത് പുഴ കരകവിഞ്ഞൊഴുകും. മറ്റ് സമയങ്ങളില്‍ നീര്‍ച്ചാലായി മാറും. ഇത് പുഴയിലെ ജീവജാലങ്ങളെ താമസിയാതെ നാമാവശേഷമാക്കും. ജൈവ വൈവിധ്യം ഒരു മുത്തശ്ശിക്കഥയായി മാറും. എറണാകുളം, തൃശൂര്‍ ജില്ലകളിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും എത്തിക്കുന്ന നൂറുകണക്കിന് ഇറിഗേഷന്‍ പദ്ധതികള്‍ക്കും പമ്പിങ് സ്‌റ്റേഷനുകള്‍ക്കും അവ പ്രവര്‍ത്തിക്കുന്ന പകല്‍ സമയത്ത് വെള്ളം കിട്ടില്ല. വൈകുന്നേരം പീക്ക് അവറില്‍ വെള്ളമെല്ലാം കുത്തിയൊലിച്ച് പോവുകയും ചെയ്യും. തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ കുടിവെള്ളം ഇല്ലാതാവുകയായിരിക്കും ഇതിന്റെ ഫലം.

വിലയിടാനാവാത്ത വിനാശങ്ങള്‍

28.4 ഹെക്ടര്‍ അത്യപൂര്‍വ പുഴയോരക്കാടുകള്‍ നാമാവശേഷമാകുന്നത് പ്രധാന പാരിസ്ഥിതിക പ്രത്യാഘാതമാണ്. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിനും പൂയംകുട്ടി വനങ്ങള്‍ക്കുമിടയിലെ ആനത്താര അപ്രസക്തമാകും. ലോകത്തെങ്ങും മൃഗങ്ങളുടെ ഇത്തരം ദേശാടനപാതകള്‍ സംരക്ഷിക്കാന്‍ നടപടികളെടുക്കാറുണ്ട്. ഹൈവേകള്‍ അടച്ചിട്ടുകൊണ്ടും വൈദ്യുതോല്‍പാദനം നിര്‍ത്തിവെച്ചുകൊണ്ടും ജീവികളെ സൈ്വര്യമായി സഞ്ചരിക്കാന്‍ അനുവദിക്കാറുണ്ട്. പക്ഷികളുടെ പറുദീസയും അത്യപൂര്‍വ മത്സ്യസമ്പത്തും ഓര്‍മയാവും. കേരളത്തിന്റെ സംസ്ഥാന പക്ഷിയുടെ അപൂര്‍വസ്വാഭാവിക ആവാസകേന്ദ്രത്തിലൊന്നും കൂടിയാണിത്.

അതിരപ്പള്ളിക്കാടുകളില്‍ അധിവസിക്കുന്ന പ്രാക്തന കാടാര്‍ ഗോത്രവിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ കുടിയിറക്കിന്റെ മറ്റൊരു പീഢനപര്‍വ്വം പ്രതീക്ഷിച്ചിരിക്കുകയാണ്. ചാലക്കുടിപ്പുഴയില്‍ ഓരോ അണക്കെട്ട് വരുമ്പോഴും അവര്‍ കുടിയിറക്കപ്പെടുകയായിരുന്നു. ഇനി അവര്‍ക്ക് കാടുകളില്ല. നാടിന്റെ വക്കിലെത്തി നില്‍ക്കുന്ന അവര്‍ ഏതെങ്കിലും കോളനിയില്‍ ഒതുക്കപ്പെടും. അവിടെ കള്ളുവാറ്റും മയക്കുമരുന്നും തൊഴിലില്ലായ്മയും മറ്റെല്ലാദുരിതങ്ങളുമായി ശാന്തമായി വംശഹത്യക്ക് വിധേയമാവും. നാടും വീടും നഷ്ടപ്പെടുത്തിയിട്ട് അവരെ സമുദ്ധരിപ്പിക്കുതിന് വേണ്ടി നാം വീണ്ടും ഉപന്യാസങ്ങള്‍ രചിക്കും. റിപ്പോര്‍ട്ടുകളെഴുതും. ഫണ്ട് പാസാക്കും. സോഷ്യല്‍മീഡിയയില്‍ കണ്ണീരൊഴുക്കും. നമ്മെപ്പോലുള്ള പരിഷ്‌കാരികളാക്കാന്‍ നിന്നുതരാത്ത വിഭാഗങ്ങളൊന്നും ജീവിക്കാനര്‍ഹരല്ലല്ലോ? വാഴച്ചാലിലെയും പുകലപ്പാറയിലെയും കാടര്‍കോളനികള്‍ വെള്ളത്തിലാവും. 300 ഓളം പേര്‍ മാറിത്താമസിക്കേണ്ടിവരും. ആകെ കാടര്‍ ജനസംഖ്യയുടെ 20 ശതമാനമാണിത്.

പ്രതിവര്‍ഷം 10 ലക്ഷം പേര്‍ സന്ദര്‍ശിക്കുന്ന അതിരപ്പള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പാറക്കൂട്ടങ്ങളായി പരിണമിക്കും. അവക്കിടയില്‍ വല്ലപ്പോഴും വെള്ളമൊഴികിയെങ്കില്‍ സന്ദര്‍ശകരുടെ സുകൃതം. സെക്കന്‍ഡില്‍ 7650 ലിറ്റര്‍ വെള്ളം വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ വിട്ടുതരാമെന്നാണ് കെ.എസ്.ഇ.ബിയുടെ ഉദാരപൂര്‍ണമായ നിലപാട്. ഇപ്പോള്‍ ഒഴുകിവന്ന് കുതിച്ചു ചാടുന്ന വെള്ളത്തിന്റെ 78 ശതമാനം വേറെ ടണലുവഴിപോകും. വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം എെന്നേന്നക്കുമായി ഇല്ലാതാവുന്നതോടൈാപ്പം ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ഉപജീവനവും ഇല്ലാതാവും. അതിരപ്പള്ളിയുടെ മണ്‍സൂണ്‍കാല മഹാപ്രവാഹം ലോകത്തിലെ തന്നെ അപൂര്‍വ കാഴ്ചകളിലൊന്നാണ്. പ്രകൃതിഹത്യയെ സ്വയം ഹത്യചെയ്ത് അഭിമാനിക്കുന്ന മറ്റേത് വിഭാഗമുണ്ട് ജീവികളില്‍?.

20 മണിക്കൂര്‍ 7.65 -m3 /s വെള്ളം മാത്രമാണ് തുറന്നുവിടുക. ബാക്കി 4 മണിക്കൂര്‍ 132 m2 /s വെള്ളവും. നദിയോടനുബന്ധിച്ചുള്ള മുഴുവന്‍ പാസ്ഥിതിക ഘടകങ്ങളെയും ഇത് അതീവഗുരുതരമായി ബാധിക്കും. മത്സ്യങ്ങള്‍, സസ്യങ്ങള്‍, മറ്റ് ജീവജാലങ്ങളെല്ലാം നാമാവശേഷമാകും. ഒപ്പം എല്ലാ ഇറിഗേഷന്‍ പദ്ധതികളെയും കുടിവെള്ള പദ്ധതികളെയും ബാധിക്കും. 14000 ഹെക്ടര്‍ പ്രദേശങ്ങളിലാണ് ചാലക്കുടിപ്പുഴയിലെ ഇറിഗേഷന്‍ പദ്ധതികള്‍ വെള്ളമെത്തിക്കുന്നത്. ഈ വിശാലമായ പ്രദേശങ്ങളിലെ കൃഷിനാശം നഷ്ടപ്പെടുത്തുന്ന തൊഴിലുകള്‍, ഉപജീവന മാര്‍ഗങ്ങള്‍, കാര്‍ഷികോല്‍പാദനത്തിലെ കുറവ്, അനുബന്ധ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുക പോലും ചെയ്തിട്ടില്ല.

2005ലെ എസ്റ്റിമേറ്റ് അനുസരിച്ച് 259 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ ചെലവ് പത്രറിപ്പോര്‍ട്ടുകള്‍ പ്രകാരം 1500 കോടിയിലേറെയാണ്. ഇതനുസരിച്ച് ഒരുയൂനിറ്റ് വൈദ്യുതോല്‍പാദനത്തിന് 15 രൂപയോളം വരും. 150 യൂനിറ്റ്‌വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഈടാക്കുന്നത് 4.20 രൂപ മാത്രമാണ്്. 2018ല്‍ യൂനിറ്റിന് 10 രൂപ ചെലവുവരുമെന്ന് കെ.എസ്.ഇ.ബി തന്നെ ഹൈകോടതിയില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായും ഭീമമായ നഷ്ടം വരുത്തുന്ന ഈ പദ്ധതി ആര്‍ക്കുവേണ്ടി എന്ന ചോദ്യം അധികാരികള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്തത് ഇതുകൊണ്ടൊക്കെതന്നെ.

images (29)

മറികടക്കാനാവില്ല ജനവിധിയുടെ കരിമ്പാറക്കൂട്ടങ്ങളെ

സമൂഹത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഒപ്പം നീതിപീഠത്തിന്റെയും പദ്ധതിയെ സംബന്ധിച്ച സംശയങ്ങള്‍ക്ക് അധികാരികള്‍ക്ക് യാതൊരു മറുപടിയുമില്ല. എങ്കിലും കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കുകയും ചെയ്യുന്നു. ഈ വിചിത്ര ദുരൂഹത കുഴക്കുന്നതാണ്. പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം മാറിയിരിക്കുന്നു. എങ്കിലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക എന്നത് ഒരു സര്‍ക്കാറിനും എളുപ്പമാവില്ല.

സൈലന്റ് വാലിക്കുശേഷം കേരളീയ സമൂഹം നേടിയ പാരിസ്ഥിതിക സാക്ഷരതയെ മറികടക്കാന്‍ ഇനിയൊരധികാരിക്കും സാധ്യമല്ല. അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് ബോധവത്കരിക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യസംഘടനകളും വിജയിച്ചുകഴിഞ്ഞിട്ടുണ്ട്. 1985 മുതല്‍ ഗ്രീന്‍സ് കോടാലി, 87ല്‍ ചാലക്കുടിപുഴ സംരക്ഷണസമിതി, 2005 മുതല്‍ ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാതലത്തില്‍തന്നെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞിട്ടുണ്ട്. അഞ്ചു പൊതു തെളിവെടുപ്പുകളില്‍ 90ശതമാനം ജനങ്ങളും പദ്ധതിക്കെതിരെ നിലകൊള്ളുകയുണ്ടായി. അനേകം പഠനങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞിരിക്കുന്നു. 10 തദ്ദേശ സ്വയംഭരണസ്ഥാനങ്ങള്‍ പ്രമേയങ്ങള്‍ പാസാക്കി. സി.പി.എം ഒഴികെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നവരാണ്. കോണ്‍ഗ്രസില്‍ ഔദ്യോഗിക നേതൃത്വംതന്നെ നിലവിലെ അവസ്ഥയില്‍ പദ്ധതി നടപ്പാക്കാനാവില്ല എന്ന് സമ്മതിക്കുന്നു. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, കെ.പി.എം.എസ്, സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് തുടങ്ങി ഒട്ടനവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ സമരരംഗത്തുതന്നെയുണ്ട്. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ തീരദേശങ്ങളില്‍ വരെയുള്ള ജനങ്ങള്‍ക്ക് പദ്ധതിക്കെതിരായ വ്യക്തമായ നിലപാടുണ്ട്. ഇനിയൊരു സര്‍ക്കാറിനും അതിരപ്പിള്ളിയില്‍ കാര്യങ്ങള്‍ പഴയതുപോലെയാവില്ല എന്ന വ്യക്തമായ സൂചനയാണിത് നല്‍കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ചുറ്റും വന്യസൗന്ദര്യവുമായി കാവല്‍ നില്‍ക്കുന്ന കരിമ്പാറകള്‍ പോലെ ജനാഭിപ്രായത്തിന്റെ മഹാശൃംഗങ്ങള്‍ പദ്ധതിക്കെതിരെയും കണ്ണിമവെട്ടാതെ കാവല്‍ നില്‍ക്കുകതന്നെ ചെയ്യും.

ചേര്‍ത്തുവായിക്കാന്‍

ഡാം നിര്‍മാണത്തിന്റെ നാള്‍വഴികള്‍ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ വിവരിച്ചതിങ്ങനെ: രണ്ടുമലകളും ഇടയിലൂടെ ഒഴുകുന്ന അരുവിയും കണ്ടാല്‍ വന്‍കിട നിര്‍മാണകമ്പനികളുടെ മുതലാളിമാര്‍ തീരുമാനിക്കുന്നു. അവിടെ ഡാം പണിയാമെന്ന്. ആദ്യം പ്രചാരവേലകളാണ്. കേരളം വന്‍ വൈദ്യുതി പ്രതിസന്ധിയിലാണ്, ഭാവി ഇരുട്ടിലാണ്. പിന്നെ ഉദ്യോഗസ്ഥരുമായി, തുടര്‍ന്ന് ഭരണാധികാരികളുമായി ചര്‍ച്ചകള്‍, ഇടപാടുകള്‍, ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അല്ലാതെ പഠനം നടത്തി സംസ്ഥാനത്തിന്റെ ആവശ്യം അറിഞ്ഞ് ഏറ്റവും ലാഭകരമായ മാര്‍ഗം എന്നനിലയില്‍ കണ്ടെത്തുതൊന്നുമല്ല ഡാം നിര്‍മാണം. അനേകം സാധ്യതകള്‍ തുറന്നുകിടക്കുകയാണിപ്പോള്‍. സൗരോര്‍ജ്ജപ്പാടങ്ങള്‍ സ്ഥാപിച്ച് സി.ഐ.എ.എല്‍ (Cochin International Airport Limited)കേരളത്തില്‍തന്നെ മാതൃക കാണിച്ചിരിക്കുന്നു. ഊര്‍ജ്ജം ലഭിക്കാനുള്ള അനേകം വഴികള്‍ സാധ്യമായിരിക്കുന്നു. വീടുകളിലെ സൗരോര്‍ജ്ജ ഉല്‍പാദനം, എല്‍.ഇ.ഡി ബള്‍ബ് വ്യാപനം, കാര്യക്ഷമതയേറിയ ഉപകരണങ്ങള്‍ തുടങ്ങി പലതും. ഇതൊന്നും പരിഗണിക്കാതെ ഡാം നിര്‍മാണവുമായി മുന്നോട്ടുപോകുമെന്ന് ശാഠ്യം പിടിക്കുമ്പോള്‍ അവിടെയെന്തോ ചീഞ്ഞുനാറുന്നു എന്ന സംശയത്തിന് സാംഗത്യമുണ്ട്.

ജനപക്ഷം – ദ്വൈമാസിക 2017 ജനുവരി -ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം.

Photo – Internet

Be the first to comment on "അതിരപ്പിള്ളി പദ്ധതി മറ്റൊരു മാരക മുറിവ്"

Leave a comment

Your email address will not be published.


*