ആധാറില്ല. ഇനി ഉച്ചക്കഞ്ഞിയും തരാതിരിക്കുമോ? ബിഹാറിലെ കുട്ടികൾ ചോദിക്കുന്നു

” ഇവിടെ കുട്ടികളുടെ അടുത്ത് ആധാർ കാർഡൊന്നും ഇല്ല , മര്യാദക്ക് ഒരു വീട് പോലുമില്ലാത്ത ഞങ്ങൾക്കെന്തിനാണ് ആധാർ. കുട്ടികളെ സ്‌കൂളിൽ പറഞ്ഞയക്കുന്നത് തന്നെ അവിടെ നിന്ന് ഉച്ചഭക്ഷണം കിട്ടുന്നു എന്നതുകൊണ്ടാണ് . ഇനി അതും തരാതിരിക്കുമോ ? ” റോഷ്‌നി കുമാറിന്റെയും ബോലു കുമാറിന്റെയും ‘അമ്മ പറഞ്ഞു. സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകണമെങ്കിൽ വിദ്യാർത്ഥികൾക്ക് ആധാർ കാർഡ് വേണമെന്ന കേന്ദ്രഗവൺമെൻറ് തീരുമാനം അറിഞ്ഞപ്പോഴുള്ള രാഖിയുടെ പ്രതികരണം ഇതായിരുന്നു. ബിഹാറിലെ നളന്ദ ജില്ലയിലെ രാജഗിർ സ്വദേശിയാണ് രാഖി. രാഖി മാത്രമല്ല , ചുറ്റുവട്ടത്തുമുള്ള വീടുകളിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ പതിനെട്ടു പേരിൽ ആധാർ കാർഡുള്ളവർ വെറും രണ്ടു കുട്ടികളായിരുന്നു.

” അപ്പോ , ഞങ്ങൾക്കിനി അവർ ചോറും പരിപ്പും തരില്ലേ ” സങ്കടത്തോടെയാണ് ഒന്നാം ക്ലാസ്സിൽ  പഠിക്കുന്ന ബോലു കുമാർ ചോദിച്ചത്.  ”ഇടക്കിടക്ക് മാത്രമാണ് ഉച്ചഭക്ഷണമെങ്കിലും കിട്ടുന്നത്. അതും കൂടി ഇല്ലാതാക്കാനാണ് അവരുടെ പ്ലാനെങ്കിൽ ഞങ്ങൾ മക്കളെ സർക്കാർ സ്‌കൂളിൽ പറഞ്ഞയക്കില്ല. ” നാലു മക്കളുടെ പിതാവായ ജഗദീഷിന്റെ മുഖത്ത് കടുത്ത അരിശവും സങ്കടവും ഒരുപോലെ വരികയായിരുന്നു. ” ഞങ്ങൾ പലപ്പോഴും ഉച്ചക്ക് കാര്യമായ ഭക്ഷണം ഉണ്ടാക്കാറില്ല. കുട്ടികൾക്ക് സ്‌കൂളിൽ നിന്നും ഭക്ഷണം കിട്ടുമല്ലോ ” ലക്ഷ്മി തന്റെ പ്രയാസാവസ്ഥ വിശദീകരിച്ചു. ”അവർ ഇടക്കിടക്ക് ചില കാർഡുകൾ എടുക്കാൻ പറയും എന്നല്ലാതെ അവ കൊണ്ടുള്ള ഒരു ഗുണവും  തങ്ങളുടെ ഈ ചെറിയ കൂരകളിൽ എത്താറില്ല ” ജഗദീഷ് മക്തൂബ് മീഡിയ പ്രതിനിധിയോട് പറഞ്ഞു.

കേന്ദ്രഗവണ്മെന്റിന്റെ തീരുമാനം പോലും അറിയാത്തവരാണ് ഇവർ എന്നതാണ് മറ്റൊരു ഗൗരവപരമായ വസ്തുത. ഉച്ചക്കഞ്ഞി വിതരണത്തിന്റെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ട് നാല് ദിവസം  പിന്നിടുകയാണ്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് ജൂണ്‍ 30 നുള്ളില്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുമെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ആധാർ കാർഡില്ലാത്ത ലക്ഷകണക്കിന് കുട്ടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത് എന്നത് കൊണ്ട് തന്നെ ഈ തീരുമാനം ദാരിദ്ര്യം അനുഭവിക്കുന്ന നിരവധി കുടിലുകളിലെ ജീവിതങ്ങളെ ബാധിക്കും എന്ന് ഉറപ്പാണ്.

Photo – Subhadeep Das

Be the first to comment on "ആധാറില്ല. ഇനി ഉച്ചക്കഞ്ഞിയും തരാതിരിക്കുമോ? ബിഹാറിലെ കുട്ടികൾ ചോദിക്കുന്നു"

Leave a comment

Your email address will not be published.


*