https://maktoobmedia.com/

യുപിയിൽ ബിജെപി എന്നത് അസാധ്യമായ സാധ്യത?

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് വാർത്തകൾ മീഡിയവൺ ചാനലിന് വേണ്ടി റിപ്പോർട് ചെയ്യുകയും വിലയിരുത്തുകയും ചെയ്‌ത എ റഷീദുദ്ധീൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് :-

ബീഹാര്‍ തെരഞ്ഞെടുപ്പു പോലെ കൃത്യമായ അടിയൊഴുക്കുകള്‍ ഇല്ലാതിരുന്ന തെരഞ്ഞെടുപ്പാണ് യു.പിയിലേത്. ഞാന്‍ അതിന്റെ നാലാമത്തെയും അഞ്ചാമത്തെയും ഘട്ടങ്ങള്‍ നേരിട്ടു റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എങ്കിലും ഒരു ഉസാഗു വെച്ച് ഇങ്ങനെയൊക്കെ പറയാനാകും.

നേരത്തെ ഇട്ട പോസ്റ്റിന് അടിസ്ഥാനപരമായ മാറ്റം വരുത്തേണ്ട കാര്യമുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ബി.ജെ.പി യു.പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ സാമാന്യയുക്തിക്കു നിരക്കാത്ത എന്തെങ്കിലും അല്‍ഭുതം നടക്കുക തന്നെ വേണം. ബി.ജെ.പി ജയിക്കുമെന്ന് പ്രവചിക്കുന്ന എല്ലാ സര്‍വ്വെകളും പറയുന്നത് മുസഫര്‍ നഗര്‍ കലാപത്തിന്റെ ഈറ്റില്ലമായിരുന്ന മണ്ഡലങ്ങളിലും മുസ്‌ലിം ബെല്‍റ്റിലും പാര്‍ട്ടിക്ക് 80 മുതല്‍ 120 വരെ സീറ്റുകള്‍ ലഭിച്ചുവെന്നാണ്. മുസഫര്‍ നഗറിലെ ജാട്ടുകളും ദലിതുകളും അങ്ങനെയെങ്കില്‍ അജിത് സിംഗിന്റെ കൂടെയോ മായാവതിയുടെ കൂടെ പോയിട്ടില്ല. മറുഭാഗത്ത് മുസ്‌ലിംകള്‍ ബി.എസ്.പിക്കും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനുമിടയില്‍ നെടുകെ പിളര്‍ന്നിട്ടുമുണ്ടാവണം. യാഥാര്‍ഥ്യം ഇതൊന്നുമല്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നിഷ്പക്ഷമായി വിലയിരുത്തിയ ഏത് റിപ്പോര്‍ട്ടര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് ബി.ജെ.പി തന്നെയും അംഗീകരിച്ചിരുന്നു എന്നതാണ് വസ്തുതയും. രാജ്‌നാഥ് സിംഗ് അക്കാലത്ത് എടുത്ത മുന്‍കൂര്‍ജാമ്യ പ്രസ്താവന ഉദാഹരണം. ഈ ഘട്ടങ്ങള്‍ക്കു ശേഷമാണ് ബി.ജെ.പി ഹിന്ദുത്വ പ്രചാരണം ഏറ്റുപിടിച്ചതെന്നതും ഓര്‍ക്കുക. വികസനവും മോദിയുടെ പ്രതിഛായയും മാത്രം മതിയായിരുന്നുവെങ്കില്‍ ഈ നാണക്കേടിന് നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.

അങ്ങനെ വരുമ്പോള്‍ ബി.ജെ.പിക്ക് കിട്ടാനിടയുള്ള സീറ്റുകളുടെ എണ്ണം കുറയും. ബി.എസ്.പിയുടെതും എസ്.പിയുടെതും കൂടുകയും ചെയ്യും. ഒന്നുകില്‍ ബി.ജെ.പി 160ന് മുകളില്‍ അല്ലെങ്കില്‍ 120ന് താഴെ എന്നാണ് ഇതിന്നര്‍ഥം. സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിന് 180ന് മുകളില്‍ കിട്ടുക എളുപ്പമല്ല. എത്ര കിട്ടിയാലും സഖ്യത്തിനകത്ത് അത് വീതം വെക്കുമ്പോള്‍ അഖിലേഷിന് എന്തു കിട്ടും എന്നതും പ്രധാനമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള മല്‍സരത്തില്‍ ബി.ജെ.പി, എസ്.പി, ബി.എസ്.പി കക്ഷികള്‍ക്കിടയില്‍ വലിയ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് എനിക്കു തോന്നുന്നത്.

ഒറ്റക്കക്ഷിയാവാനുള്ള മല്‍സരത്തില്‍ കേവല ഭൂരിപക്ഷമില്ലാതെ ബി.ജെ.പി മുന്നിലെത്തിയിട്ട് ഒരു ഗുണവും അവര്‍ക്കു കിട്ടില്ല. എന്നാല്‍ ബി.എസ്.പി രണ്ടാം സ്ഥാനത്തെത്തിയാല്‍ അവര്‍ക്ക് മുഖ്യമന്ത്രി പദവി ലഭിക്കാനുള്ള സാധ്യത 80 ശതമാനത്തില്‍ അധികമാണ്. ആദ്യ ഘട്ടങ്ങളില്‍ ബി.എസ്.പി പരമദയനീയമായ പ്രകടനം കാഴ്ച വെച്ചാല്‍ സമാജ്‌വാദി ഒരുപക്ഷേ ഒറ്റക്ക് കേവല ഭൂരിപക്ഷം പോലും നേടുന്ന അവസ്ഥയിലായിരിക്കും എത്തുക. അവര്‍ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമുള്ള പിന്തുണ ബി.എസ്.പി നല്‍കിയില്ലെങ്കില്‍ മായാവതിയുടെ പാര്‍ട്ടി പിളരുക മാത്രമായിരിക്കും അതിന്റെ അനന്തരഫലം.
ഏത് ബട്ടന്‍ ഞെക്കിയാലും താമര വിരിയുന്ന എന്തോ ഏടാകൂടം ഉണ്ടെന്നും മറ്റുമുള്ള പ്രചാരണത്തെ തല്‍ക്കാലം ഞാന്‍ തള്ളിക്കളയുകയാണ്. ഓരോ ബൂത്തിലെയും പാര്‍ട്ടി, ജാതി വോട്ടുകളുടെ എണ്ണം കൃത്യമായി അറിയുന്ന യു.പിയിലെ താപ്പാന ഏജന്റുമാരുടെ ഇടയില്‍ നിന്നും അമ്മാതിരി ഒരു റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാനാവുമെന്ന് എനിക്കു തോന്നുന്നില്ല. ഇനി അത് സത്യമാണെങ്കില്‍ മാധ്യമപ്രവര്‍ത്തനം മാത്രമല്ല വോട്ടു ചെയ്യുന്ന പരിപാടിയും അവസാനിപ്പിക്കുന്നതാവും നല്ലത്.

Be the first to comment on "യുപിയിൽ ബിജെപി എന്നത് അസാധ്യമായ സാധ്യത?"

Leave a comment

Your email address will not be published.


*