‘ഹിന്ദു യുപി’യും വിജയിക്കുന്ന മോഡിയും

പ്രമോദ് രാമൻ

2014 രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയെ സമൂലം മാറ്റിയ തിരഞ്ഞെടുപ്പായിരുന്നു. ആ നിലയ്ക്ക്ക്‌ രാജ്ദീപ്‌ സർദേസായിയുടെ പുസ്തകത്തിന്റെ പേരു വളരെ അർത്ഥവത്താണു (2014-Elections that Changed India). ആ മാറ്റങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്ന് മുസ്ലിം സ്ഥാനാർഥികളെ നിർത്താതെ ഒരു രാഷ്ട്രീയ പാർട്ടിക്ക്‌ യു പി തൂത്തുവാരാം എന്നതായിരുന്നു. 73 സീറ്റ്‌ നേടിയ ബി ജെ പി സഖ്യം ഒരു മുസ്ലിം സ്ഥാനാർത്ഥിയെയും നിർത്തിയിരുന്നില്ല. 80-ൽ ബാക്കി സീറ്റുകൾ പോയത്‌ ഇങ്ങനെ ആയിരുന്നു. സമാജ്‌വാദി പാർട്ടിയിലെ 5 സീറ്റും ആ കുടുംബത്തിൽ പെട്ടവർക്ക്‌. കോൺഗ്രസ്സിൽ നിന്ന് സോണിയയും രാഹുലും. അതായത്‌ ചരിത്രത്തിൽ ആദ്യമായി യു പിയിൽ നിന്ന് ഒരു മുസ്ലിം എം പി ഇല്ലാതായി. വികസനവും ആധുനിക ഇന്ത്യയും വാഗ്ദാനം ചെയ്ത മോദി എന്ന മിശിഹയെ ജനങ്ങൾ പട്ടാഭിഷേകം നടത്തിയപ്പോൾ യു പിയിലെ ഹിന്ദു സമൂഹത്തിനു കിട്ടിയ ഒരു അറിവുണ്ട്‌. ഒറ്റ മുസ്ലിം പോലുമില്ലാത്ത ശുദ്ധമായ ‘നമ്മുടെ’ പാർട്ടിയാണിത്‌. ആ സന്ദേശം 2017-ൽ ഇപ്പോൾ ആവർത്തിച്ചിരിക്കുന്ന പോലെയല്ലാതെ എങ്ങനെ പ്രതിഫലിക്കുമെന്നാണു പ്രതീക്ഷിക്കാനാവുക?

ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുകയും അതിബൃഹത്തായ വിജയം നേടുകയും ചെയ്തിരിക്കുന്നത്‌ 2014-ലെ ഒരു രാഷ്ട്രീയ നേതാവല്ല. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണു. ഒരൊറ്റ മുസ്ലിം സ്ഥാനാർത്ഥിയും തന്റെ വിജയത്തിനു ആവശ്യമില്ലെന്ന് തീരുമാനിച്ചത്‌ പ്രധാനമന്ത്രിയാണു. എന്താണതിന്റെ അർത്ഥം? 2014-ൽ പരീക്ഷിച്ച്‌ വിജയിച്ച ഒരു ഭ്രഷ്ട്‌ 2017-ൽ ഒരു സ്റ്റേറ്റിന്റെ തലവന്റെ സ്വാഭാവിക തീരുമാനമായി മാറുന്നു എന്നതാണു. ജാതിക്കുപരിയായ വിജയമെന്ന് മോദിയും ഷായും കാണുന്നത്‌ ഹിന്ദു സമൂഹത്തിന്റെ ഏകീകരണം മാത്രമല്ല മുസ്ലീമിന്റെ സമ്പൂർണ്ണ തിരസ്കാരം കൂടിയാണു.

ഇത്‌ ‘നമ്മുടെ’ മാത്രം വിജയമാണെന്ന് മനസ്സിലാക്കുന്ന യു പി ഹിന്ദു കേന്ദ്രത്തിലുള്ളതു ‘നമ്മുടെ’ സർക്കാരാണെന്ന അറിവുകൂടിയാണു നേടുന്നത്‌. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും ബി ജെ പി വിജയിച്ചില്ലേ എന്ന ചോദ്യം വരുമെന്നറിയാം. കിഴക്കൻ യു പിയിലെ രുദൗലി എന്ന മണ്ഡലത്തിൽ ഞാൻ പോയിരുന്നു. 65 ശതമാനം മുസ്ലിങ്ങൾ. 35 ശതമാനം ഹിന്ദുക്കൾ. 65 ശതമാനത്തിന്റെ അവകാശികളായി മൂന്നു പാർട്ടികൾ. എസ്‌ പി, ബി എസ്‌ പി, AIMIM. 35 ശതമാനം ഭൂരിപക്ഷമാകാൻ എന്താണു പ്രയാസം? ഒരു കാര്യം ഉറപ്പിക്കാം. യു പി മുസ്ലിമിനെ ആവശ്യമില്ലാത്ത ഒരു നിയമനിർമ്മാണ സഭയിലെ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ സബ്‌ കാ വികാസ്‌ എന്ന ലേബലൊട്ടിച്ച്‌ വിതരണം ചെയ്യാൻ ‘ജാതിരഹിത യു പി’ അനുമതി നൽകിക്കഴിഞ്ഞു.

ഫേസ്‌ബുക്കിൽ പ്രമോദ് രാമൻ എഴുതിയതാണീ കുറിപ്പ് . മനോരമ ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ കൂടിയായ പ്രമോദ് രാമൻ അറിയപ്പെട്ട മാധ്യമപ്രവർത്തകനാണ്‌

Be the first to comment on "‘ഹിന്ദു യുപി’യും വിജയിക്കുന്ന മോഡിയും"

Leave a comment

Your email address will not be published.


*