https://maktoobmedia.com/

മലപ്പുറം തെരഞ്ഞെടുപ്പ്: പ്രതീക്ഷകളും പ്രചാരണവിഷയങ്ങളും

അമീന്‍ ഹസ്സന്‍ മോങ്ങം

മലപ്പുറത്ത് മുസ്ലീം ലീഗ് അവരുടെ ദേശീയ നേതാവിനെ
സ്ഥാനാർഥിയാക്കിയതാണ് ചർച്ച. മലപ്പുറം തെറ്റായ പ്രവണതകളുടെ കേന്ദ്രമാണ് എന്നാണ് മാതൃഭൂമിയിലെ വേണു സിപിഎം നേതാവ് ശശികുമാറിനെ ഉപജീവിച്ച് സ്ഥാപിക്കുന്നത്. പി കെ സൈനബക്കെതിരെ തട്ടമിടാത്തതിന്റെ പേര് പറഞ്ഞാണത്രേ ലീഗ് പ്രചാരണം നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുപാട് സ്ഥലങ്ങളിൽ ലീഗ് നേതാക്കളുടെ പ്രസംഗം കേട്ടിരുന്നു. അവരൊന്നും എതിർ സ്ഥാനാർഥിയെ ആക്ഷേപിച്ചിട്ടില്ല.രഹസ്യമായി പ്രചരിപ്പിച്ചുവെന്ന സേഫ് ആരോപണമാണെങ്കിൽ സിപിഎമ്മുകാർ രഹസ്യവും പരസ്യവുമായി നടത്തിയ പ്രചാരണങ്ങൾ ചർച്ച ചെയ്യാം.സൈനബയുടെ തട്ടമിട്ട ഫോട്ടോകളായിരുന്നു പ്രചാരണ ബോർഡുകളിൽ അധികവുമെന്നത് വേറെ കാര്യം.

സ്വാഭാവികമായും ലീഗിനകത്തെ രാഷ്ട്രീയ വടം വലികൾ സ്ഥാനാർഥി നിർണയത്തെ സ്വാധീനിക്കും. കുഞ്ഞാലികുട്ടിക്ക് ഭാഷ അറിയില്ല എന്ന് തുടങ്ങിയുള്ള ചർച്ചകളും സഹിക്കാം. പക്ഷെ മലപ്പുറത്തെ ജനങ്ങളെ കുറിച്ച് ,അവരുടെ മനോഭാവത്തെ ,അവരുടെ രാഷ്ട്രീയത്തെ പ്രതിലോമകരം എന്ന സ്ഥാപിച്ചെടുക്കാൻ വേണ്ടി നടത്തുന്ന ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. സിപിഎമ്മിനെ പിന്തുണക്കുമ്പോൾ മതേതരവും പുരോഗമനപരവുമാകുന്ന മുസ്ലീം സമുദായം ലീഗിനെ ഇത്തവണ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചാൽ അത് യഥാസ്ഥിതികവും വർഗീയവും സാമുദായികവുമായ,തെറ്റായ തീരുമാനമായിരിക്കും.കുഞ്ഞാലികുട്ടിക്ക് ഈഗോയുണ്ട്,അഹമ്മദിനേക്കാൾ ഒരു വോട്ടെങ്കിലും അധികം നേടുക എന്നുള്ളതായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വേണു പറയുന്നു.ശരിയായിരിക്കാം.പക്ഷേ മിസ്റ്റർ വേണു, മലപ്പുറത്തെ ജനതക്ക് ഈഗോയുണ്ട്,നിങ്ങളും സിപിഎമ്മുകാരും ഒളിഞ്ഞും തെളിഞ്ഞും പടച്ചുവിടുന്ന മുസ്ലീം വിരുദ്ദ രാഷ്ട്രീയം അവരും മനസ്സിലാക്കുന്നുണ്ട്.

images (49)

പ്രചാരണ വിഷയങ്ങൾ

ദേശീയ രാഷ്ട്രീയമായിരിക്കും മലപ്പുറത്തെ പ്രധാന ചർച്ച.ഇരുപക്ഷവും ഒരു പോലെ സംഘപരിവാറിനെയും ബിജെപിയെയും കേന്ദ്രസർക്കാറിനെയും നിശിതമായി വിമർശിക്കും.സംസ്ഥാന രാഷ്ട്രീയം ചർച്ചയാകും. മദ്യനയവും പോലീസും വിലക്കയറ്റവും സർക്കാറിന്റെ പൊതുവായ പ്രവർത്തനവുമെല്ലാം വിലയിരുത്തപെടും.പിണറായി വിജയൻ സർക്കാറിന്റെ മോശം ഭരണത്തിന്റെ അഡ്‌വാന്റേജ് ലീഗിനുണ്ട്.

കരിപ്പൂർ എയർപോർട്ട് ഉൾപ്പടെയുള്ള മലപ്പുറത്തിന്റെ വികസനം ഇരുപക്ഷവും ഗൗരവത്തിൽ ഉന്നയിക്കില്ല.തങ്ങളുടെ കഴിവുകേടും പിഴവുകളും മറച്ച് വെച്ച് മലപ്പുറത്ത് വൻ വികസന കുതിപ്പ് നടത്തിയെന്ന് ലീഗ് വ്യാജപ്രചാരണം നടത്തും.സിപിഎം ഒന്നും പറയില്ല.അവർക്ക് മലപ്പുറത്തിന്റെ വികസനം ഒരുകാലത്തും പരിഗണനാ വിഷയമായിട്ടില്ല.വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും പോലുള്ള സംഘടനകളാണ് പൊതുവെ ഇത്തരം കാര്യങ്ങളെ ചർച്ചയാക്കി പ്രചാരണത്തിൽ സജീവമാകാറുള്ളത്.അവരും ലീഗും തമ്മിലാണ് പ്രചാണ രംഗത്ത് ഏറ്റുമുട്ടാറുള്ളതും.

ഇസ്ലാം സ്വീകരിച്ചതിന് കൊടിഞ്ഞിയിൽ ഫൈസലിനെ ആർ.എസ്.എസ്‌കാർ കൊന്ന കേസിൽ സർക്കാറും പോലീസും സ്വീകരിച്ച സമീപനം,സിപിഎമ്മിന്റെ ആർ എസ് എസിനെ സഹായിക്കുന്ന തരത്തിലുള്ള പ്രസ്താവന എന്നിവ സിപിഎമ്മിനെതിരെ പ്രചാരണായുധമാകും.താനൂർ ഇരുകൂട്ടരും പരസ്പരം ഉന്നയിക്കും. പോലീസ് നായാട്ട് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.അതറിയാവുന്നത് കൊണ്ടാണ് താനൂരിലെ പാർട്ടികാരിൽ നിന്ന് ഭിന്നമായി സിപിഎം ജില്ലാ നേതാക്കൾ പോലീസിനെതിരെ നിലപാട് സ്വീകരിക്കുന്നത്.

വിജയ സാധ്യത ,ഭൂരിപക്ഷം

ലീഗ് ജയിക്കുമെന്ന കാര്യത്തിലല്ല ഭൂരിപക്ഷത്തിന്റെ കാര്യത്തിലാണ് തർക്കം.ഇടത്പക്ഷ വോട്ടുകളും ലീഗ് വിരുദ്ധ വോട്ടുകളും ചേർന്നാൽ വലിയൊരു വോട്ട് ബാങ്ക് ഇടത് പക്ഷത്തിന് മലപ്പുറത്തുണ്ട്. മങ്കട,പെരിന്തൽമണ്ണ നിയമസഭ മണ്ഡലങ്ങളിൽ ജയിക്കാൻ ശ്രമിക്കുക എന്നതായിരിക്കണം സിപിഎമ്മിന്റെ ടാർഗറ്റ് . ടി കെ റഷീദലിയെയോ ശശികുമാറിനെയോ മത്സരിപ്പിച്ചാലാണ് അത്തരമൊരു മത്സരത്തിന് സാധ്യതയുള്ളത്.അതിൽപരം സിപിഎമ്മിന് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല.

images (48)

ഭൂരിപക്ഷം നിർണയിക്കുന്നത് പല ഘടകങ്ങളാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഹമ്മദ് സാഹിബിനും പി കെ സൈനബക്കും ഒരു പോലെ നെഗറ്റീവ് വോട്ടുകൾ ഉണ്ടായിരുന്നു.എസ്.ഡി.പി.ഐയുടെയും വെൽഫെയർ പാർട്ടിയുടെയും പ്രകടനം അത് തെളിയിക്കുന്നുണ്ട്.ഈ ചെറുപാർട്ടികളുടെ സാന്നിധ്യവും പുതിയ വോട്ടർമാരുടെ അധികവുമാണ് അഹമ്മദ് സാഹിബിന് പ്രതികൂല സാഹചര്യത്തിലും ഭൂരിപക്ഷം വർദ്ധിപ്പിച്ചത്.ഇത്തവണ ലീഗിന് കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തിരിക്കുന്നതിന്റെ ഗുണം കൂടിയുണ്ട്.

ബിജെപി വലിയ തോതിൽ വളരാൻ ശ്രമിക്കുന്നുണ്ട് മലപ്പുറത്ത്.ഇത്തവണയും ഒന്ന് മുതൽ രണ്ട് ലക്ഷം വരെ വോട്ട് അവർ ലക്ഷ്യം വെക്കുന്നുണ്ടാകണം.ഇരു മുന്നണികളും ചിട്ടയായി, നേർക്ക് നേർ മത്സരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയെ താഴെ കൊണ്ട് വരാനായാൽ അത് വലിയ വിജയമാണ്.വാശിയേറിയ പേരാട്ടം ഇതര ചെറുകക്ഷികളുടെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നുണ്ട്.അവർക്ക് ലഭിക്കുന്ന വോട്ടും സിപിഎമ്മിന്റെ സ്ഥാനാർഥിയുമാണ് കുഞ്ഞാലികുട്ടി സാഹിബിന്റെ ഭൂരിപക്ഷം നിർണയിക്കുക.

പ്രതീക്ഷകള്‍

ഇ അഹമ്മദ്  കേന്ദ്രമന്ത്രി ,എം പി എന്നീ നിലകളിൽ എത്രത്തോളം വിജയിച്ചുവെന്നും മണ്ഡലത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് നീതി പുലർത്തിയെന്നും അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന മാറാത്ത സഹപ്രവർത്തകരുടെ മാനസ്സികാവസ്ഥ പരിഗണിച്ച് വിലയിരുത്തുന്നില്ല.പക്ഷെ കുഞ്ഞാലികുട്ടി സാഹിബിൽ വലിയ പ്രതീക്ഷ വെക്കാനാകുമോ എന്നുള്ളതൊരു ചോദ്യമാണ്.അദ്ദേഹം അവസരത്തിനൊത്ത് ഉയരുമെങ്കിൽ അത് വലിയൊരു നന്മയായിരിക്കും.മുസ്ലീം ലീഗിനെ പ്രണയിക്കുന്ന, കൃത്യമായി എല്ലാകാലത്തും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുള്ള ,ഖായിദെ മില്ലത്തിനെയും മെഹബൂബെ മില്ലത്തിനെയും മാറോട് ചേർത്ത മലപ്പുറത്തെ ജനതയോട് നീതി പുലർത്താൻ അദ്ദേഹത്തിന് ലഭിക്കുന്ന സുവർണാവസരമാണിത്.

ഏതായാലും പുരോഗമനകാരികളല്ലാത്ത മതേതര വിരുദ്ദരായ ജനതയെന്ന ആക്ഷേപം കേൾക്കാൻ മലപ്പുറം ഒരിക്കൽ കൂടി തയ്യാറെടുക്കേണ്ടി വരുമെന്ന് ഇന്നത്തെ അന്തി ചർച്ചകൾ മുന്നറിയിപ്പ് തരുന്നുണ്ട്.

കോഴിക്കോട് ഗവ:ലോ കോളേജ് വിദൃാര്‍ത്ഥിയാണ് ലേഖകന്‍

Be the first to comment on "മലപ്പുറം തെരഞ്ഞെടുപ്പ്: പ്രതീക്ഷകളും പ്രചാരണവിഷയങ്ങളും"

Leave a comment

Your email address will not be published.


*