അങ്കമാലി ഡയറീസ് : ഒരു വിയോജനക്കുറിപ്പ്

നയന തങ്കച്ചൻ
ഒരുസമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച്, സത്തചോരാതെ വെള്ളിത്തിരയിൽ പകർത്താൻ കഴിയുക എന്നത് അത്യധികം ശ്രമകരവും പ്രശംസ അർഹിക്കുന്നതുമായ ഒന്നാണ്.
പ്രമുഖ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലും കേരളത്തിൽ ഏറ്റവുമധികം ക്രിസ്ത്യൻ ജനസാന്ദ്രതയുള്ള പട്ടണങ്ങളിൽ ഒന്നാണ് എന്നതിനാലും ക്രിസ്തുമതത്തിനും ക്രിസ്തീയതയ്ക്കും വളരെ അധികം പ്രാധാന്യമുള്ള ഇടമാണ് അങ്കമാലി . സുറിയാനിസഭയുടെ ആദ്യകാലഭരണകേന്ദ്രവും ആദ്യ പോർച്ചുഗീസ്ബിഷപ്പിന്റെ ആസ്ഥാനവും എന്നതിലുപരി, കേരള ക്രിസ്ത്യൻ ചരിത്രത്തിലെ സുപ്രധാന സംഭവമായ അങ്കമാലിപടിയോലസ്ഥാപനയോഗം നടന്ന സ്ഥലം കൂടിയാണ്. അതു കൊണ്ടു തന്നെ, അങ്കമാലിയുടെ കഥ ക്രിസ്തീയതയുടെ കഥ കൂടിയാണ്. ഏറ്റവും മികച്ച രീതിയിൽ ക്രിസ്തീയ പശ്ചാത്തലത്തിലാണ് അങ്കമാലി ഡയറീസ് ഒരുക്കിയിരിക്കുന്നത് .

പ്രധാന കവാടത്തിനു മുന്നിൽ നിറയെ അഴിച്ചു വെച്ച ചെരിപ്പുകളുള്ള പള്ളി, ജീൻസിന്റെ കൂടെ പോലും ഷോളോ സ്കാർഫോ തലയിൽ പുതച്ചു മാത്രം കുർബാന കൂടുന്ന സ്ത്രീകൾ ഞായറാഴ്ച്ചപ്പരിപാടികളെകുറിച്ചുള്ള കുർബാനയ്ക്കിടയിലെ ആംഗ്യംപറച്ചിൽ,പല സ്വരത്തിൽ ഉച്ചത്തിൽചിതറി പാടുന്ന ക്വയർ ടീം, പള്ളിപ്പെരുന്നാൾ, പ്രദക്ഷിണം, പ്രദക്ഷിണംപോയവർ തിരിച്ചെത്തുമ്പൊഴേയ്ക്കും വെടിക്കെട്ടിനുള്ള ആഹ്വാനം കൊടുത്തു കൊണ്ട് ഓടിയെത്തുന്ന വിശ്വാസി, ബിബ്ലിക്കൽടാബ്ലോ, അങ്കമാലിയിലെ ക്രൈസ്തവ കല്യാണത്തിന്റെ സദ്യ എന്നിങ്ങനെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ സത്യൻഅന്തിക്കാട് ചിത്രങ്ങളിൽ കാണാത്തതും അതിമാത്രമായി ചിത്രീകരിക്കപ്പെട്ടതുമായ പലതിനെയും സിനിമ അതിസൂക്ഷ്മമായും കൃത്യതയോടു കൂടിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ ക്രിസ്ത്യൻപേരുകളായ പെപ്പെ, മാർട്ടി എന്നിവയുടെ അർത്ഥവും ചെറുചരിത്രവും അങ്കമാലിയുടെ പ്രാദേശികചരിത്രത്തിൽ അവയ്ക്കുള്ള പ്രാധാന്യവും ലളിതമായി പറഞ്ഞു പോകുന്നുമുണ്ട്.

ക്രിസ്തീയതയ്ക്കു പുറമെ അങ്കമാലിയിലെ ഭക്ഷണം, നാടൻപാട്ടുകൾ (ഷാപ്പ്പാട്ടുകൾ), പ്രധാനവ്യവസായം എന്നിങ്ങനെ പലതിനെയും സിനിമ പ്രതിപാദിക്കുന്നുണ്ട്. ഏറെക്കുറെ സ്വാഭാവികതയോടും അങ്കമാലിയുടെ സാംസ്കാരികനിർമ്മിതിയോടു നീതി പുലർത്തുന്നരീതിയിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നത് അങ്കമാലിഡയറീസിന്റെ സവിശേഷതയാണ്. എന്നാൽ ഒരുസമൂഹത്തെ, അതിന്റെ അണ്ടർബെല്ലിയെ മുൻനിർത്തി വായിക്കുമ്പോൾ അതേപടി പകർത്തിവെക്കുക എന്നതിനപ്പുറം അതിനെ ഏതുരീതിയിൽനിരീക്ഷിക്കണം എന്നത് സംവിധായകൻറെ ചോയ്സ് ആണ്. കാരണങ്ങൾ അന്വേഷിക്കാം, കളിയാക്കാം, കുറ്റപ്പെടുത്താം, പ്രശംസിക്കാം, ആഘോഷിക്കാം, സഹതപിക്കാം.അതാണീ സിനിമയുടെ രാഷ്ട്രീയം. അതുതന്നെയാണ് സമീപകാലങ്ങളിൽ മലയാളത്തിലിറങ്ങിയ ‘റിയൽ’ എന്നുവിശേഷിപ്പിക്കപ്പെട്ട മഹേഷിന്റെപ്രതികാരം, ഒഴിവുദിവസത്തെകളി, ആക്ഷൻഹീറോബിജു, ഏറ്റവുമൊടുവിൽ കമ്മട്ടിപ്പാടം എന്നീചിത്രങ്ങളിൽ വിമർശനവിധേയമായത്.

അങ്കമാലിയിലെ ഗാംഗ്സ്റ്ററിസം ആണ് സിനിമയുടെ പ്രമേയം. “ഗ്യാങ്” എന്നത് അക്രമസ്വഭാവം ഉള്ളതും ഈഗോയിൽ രൂപം കൊണ്ടതുമാണ്. അതുകൊണ്ടുതന്നെ അതൊക്കെ ഒഴിവാക്കി നിർത്തിക്കൊണ്ട് സൽസ്വഭാവികളായ, ശരികളുടെ ആകെത്തുകയായ ഗ്യാങ്ങുകളെ അവതരിപ്പിക്കുക എന്നതല്ല രാഷ്ട്രീയശരി എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. മറിച്ചു സംവിധായകൻ അതിൽ എവിടെനിൽക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയ ശരിയ്ക്കായി സംവിധായകൻ സുവിശേഷപ്രാസംഗികന്റെ കുപ്പായം അണിയണമെന്നില്ല. 2016ൽ പുറത്തിറങ്ങിയ ഇരൈവി എന്ന തമിഴ് ചിത്രം ആഖ്യാനത്തിൽ ഉടനീളം വയലൻസും മെയിൽ ഈഗോയും നിറഞ്ഞുനിന്ന ഒരുചിത്രമാണ്. എന്നിരുന്നാലും അതിനെയെല്ലാം പൊളിച്ചെഴുതാനും പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും സ്ത്രീപക്ഷവായന സാധ്യമാക്കാനും ഇരൈവിക്കു സാധിക്കുന്നുണ്ട്. 1986ൽ പുറത്തിറങ്ങിയ ‘കരിയിലക്കാറ്റുപോലെ’ എന്ന ചിത്രം ബാലിശമായ ആണത്തബോധങ്ങളുടെ പൊളിച്ചെഴുത്താണ്. ആണത്തബോധങ്ങളിൽ നിന്നുത്ഭവിച്ച വയലൻസിലൂടെയും ക്രൈമിലൂടെയും സഞ്ചരിക്കുന്ന സിനിമ അതിനെതിരായുള്ള വ്യക്തമായ രാഷ്ട്രീയം വരച്ചിടുന്നുണ്ട്. പേരുകേട്ട ‘ഫെമിനിസ്റ്റ്’ ചിത്രങ്ങളിലേതിനെക്കാൾ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സിനിമ അവതരിപ്പിച്ചിരുന്നു. മറ്റൊരാളുടെ പറമ്പിലെ വാഴക്കുല വെട്ടാനുള്ള അവകാശത്തെ ചൊല്ലി ഉണ്ടാവുന്ന തർക്കം എങ്ങനെ രണ്ടു ചേരികളായി തിരിയുന്നു, മധ്യസ്ഥൻ എന്നൊരാൾ എങ്ങനെ പ്രത്യക്ഷപ്പെടുന്നു ( നമ്മുടെ പൊതുവിടങ്ങൾ മിക്കപ്പോഴും ആണിടങ്ങളാണല്ലോ) എന്നത് മുതൽ ‘ഈ ആണുങ്ങൾക്കൊക്കെ പ്രാന്താണല്ലേ അമ്മച്ചീ’ എന്ന ജിംസിയുടെ ചോദ്യം വരെ സൂക്ഷ്മവും സരസവുമായ രീതിയിൽ അവതരിപ്പിക്കുന്ന മഹേഷിന്റെ പ്രതികാരത്തിലും ഏറെക്കുറെ ഇത് സാധ്യമാകുന്നുണ്ട്. സമൂഹത്തിന്റെ നേർക്കാഴ്ച എന്ന് അവകാശപ്പെടാൻ കഴിയുന്ന ഒരു ചിത്രം തന്നെയാണ് ആക്ഷൻ ഹീറോ ബിജു. നാം കൊണ്ടാടുന്ന നമ്മുടെ റിയൽ ലൈഫ്നായകന്മാരൊക്കെയും എസ്ഐ ബിജുവിനെ പോലുള്ളവർ തന്നെയല്ലേ? കളക്ടർമാരെയും പോലീസ് ഇൻസ്പെക്ടർമാരെയും ധീരനായകരായി ആഘോഷിക്കുന്ന സമൂഹം തന്നെയല്ലെ നമ്മുടേത്?കേരളത്തിലെ ഒരു ശരാശരി പോലീസ്സ്റ്റേഷനും അവിടുത്തെ വീരനായകനായ എസ്ഐയും ഇങ്ങനൊക്കെ തന്നെ ആവില്ലേ? ശരീരവർണത്തെപറ്റിയും മനുഷ്യാവകാശത്തെപറ്റിയും സ്ത്രീപക്ഷ ചിന്തകളെപ്പറ്റിയും വ്യക്തമായ രാഷ്ട്രീയബോധം വെച്ചു പുലർത്തുന്ന പോലീസുകാരുടെ എണ്ണമെടുക്കാൻ നിന്നാൽ മൂക്കത്തു വിരൽ വെച്ചു പോകുകയേ ഉള്ളൂ.

angamaly-diaries-3

എന്നാൽ ഇവരാണ് യഥാർത്ഥനായകന്മാർ എന്ന പൊതുബോധത്തിൽനിന്നും പുറത്തുകടക്കാൻ കഴിയുന്നില്ല എന്നതാണ് ചിത്രത്തിന്റെ പരാജയം. “ചേട്ടന്റെ അമ്മയ്ക്ക്ഊ ഞ്ഞാലാടാനാണോ സ്റ്റിയറിങ്”  എന്ന ചോദ്യത്തിലാണ് പള്ളിയങ്ങാടി എന്ന ഗ്യാങ് രൂപപ്പെടുന്നത്. ആണാണെങ്കിൽ തർക്കിച്ചും തല്ലിയും തീർക്കണം എന്ന അഹംബുദ്ധിയിൽ നിന്നുണ്ടാകുന്നതാണിത്. കള്ളുഷാപ്പിലെ അവസാനത്തെ പ്ലേറ്റ് മുയലിറച്ചിക്കു വേണ്ടിയുള്ള തർക്കമാണ് പിന്നീട് അത്യധികം വയലൻസിലൂടെയും ക്രൈമിലൂടെയുമുള്ള സിനിമയുടെ ഗതി നിശ്ചയിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനുള്ള ചർച്ചക്കിടയിൽ അപ്പാനിരവിയും യൂക്ലാംമ്പ്രാജനും തങ്ങളെക്കാൾ ഒരുപടിമുകളിൽ നിൽക്കുന്നത് നായകന്മാരെ ചൊടിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് രവിയുടെ അളിയനെ ക്കുറിച്ച് ‘അവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം’ എന്നു പെപ്പെ പറയുന്നതും ‘പിന്നെ ഞങ്ങളെന്തിനാടാ ഇവിടെ’ എന്ന് അപ്പാനിരവി ആക്രോശിക്കുന്നതും .’നീ അവനെ എന്തുവേണമെങ്കിലും ചെയ്തോ പക്ഷേ അങ്കമാലിയ്ക്കു പുറത്ത് ‘ എന്ന രവിയുടെ താക്കീതിലും ഇതുതന്നെയാണു നിഴലിച്ചുകാണുന്നത്. കലിയടങ്ങും വരെ രവിയെ കുത്തുന്ന അയാളുടെ അളിയന്റെ മാനസികാവസ്ഥയും വ്യത്യസ്ഥമല്ല. തർക്കിക്കാനും തല്ലാനും പകരം ചോദിക്കാനും പാകമായ അയാളുടെ ആണത്തത്തെ അപ്പാനിരവി ഒരിക്കൽപോലും അംഗീകരിച്ചിരുന്നില്ല. എന്തിനു വേണ്ടി എന്നു സ്വയം ചോദിക്കാൻ ഇരൈവിയിലേതു പോലെ ഒരുനായകനും തയ്യാറാവുന്നില്ല. ഈ ആണുങ്ങൾക്കൊക്കെ പ്രാന്താണെന്ന് ഒരു ജിംസിയും പറയുന്നില്ല. മടുത്തു എന്നൊരു വാക്കു പോലും എവിടെയും കേൾക്കുന്നില്ല. എല്ലാത്തിനുമൊടുവിൽ ദുബായിൽ സുഖജീവിതം നയിക്കുന്ന നായകൻ അങ്കമാലിയുടെയും പള്ളിയങ്ങാടി ഗ്യാങിന്റെയും ഗൃഹാതുര സ്മൃതികളിൽ ജീവിക്കുകയാണ്.
തോട്ടയെറിഞ്ഞ് ഒരാളെ കൊലപ്പെടുത്തിയ നായകന്റെ കൊലപാതകത്തിൽ നടുക്കമോ ഞെട്ടലോ ഭയമോ മറ്റെന്തെങ്കിലും രീതിയിലുള്ള ആകുലതകളോ ഇല്ല. കാമുകിമാർക്കോ വീട്ടുകാർക്കോ പരാതിയോ പരിഭവമോ ഇല്ല. മറ്റൊരു തരത്തിലുള്ള സാമൂഹികസമ്മർദങ്ങളും ഇല്ല.കേസ് ഒതുക്കി തീർക്കുക, അതിനായി പണമുണ്ടാക്കുക. ഇതു മാത്രമാണു വിഷയം. പറ്റിപ്പോയത് ഒരു കൈയ്യബദ്ധമാണെന്നു തോന്നുകയേ ഇല്ല. എത്ര നിസ്സാരമായിട്ടാണ് കൊല ചെയ്യപ്പെട്ട വ്യക്തിയുടെവീട്, സാഹചര്യങ്ങൾ, കുടുംബം എന്നിവയെ സിനിമ സമീപിച്ചിരിക്കുന്നത്! നായകന് ഭീഷണിയായവരെ ഒക്കെ കൊന്നൊടുക്കി സിനിമ ശുഭാന്ത്യം കുറിക്കുന്നു.

തോട്ടപൊട്ടിയും പടക്കംപൊട്ടിയും കുത്തേറ്റും തീരുന്ന നിസ്സാരജീവിതങ്ങൾ. അത്ര പുണ്ണ്യാളൻമാർ ഒന്നും അല്ലാത്തതുകൊണ്ട് ചത്താലും വേണ്ടില്ലാത്തവർ.ഒരുനിയമത്തിനും നീതി നൽകാൻ കഴിയാത്തവർ.  വഴിയേ നടന്നു പോകുന്ന പെണ്ണിന് വിലയിടുന്നത് കച്ചവട ചന്തയിലെ മാംസത്തെ സ്ത്രീശരീരത്തോട് ഉപമിക്കുന്നത്, ആവശ്യമുള്ളഭാഗം ആവശ്യമില്ലാത്തഭാഗം എന്നിങ്ങനെ തരം തിരിക്കുന്നത്, കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നത്, മരണവീട്ടിൽ പോലും സ്ത്രീ വെറും ശരീരമാകുന്നത് ഒക്കെയും നർമ്മത്തിൽ പൊതിഞ്ഞ്, കാഴ്ചക്കാരെ രസിപ്പിച്ച് കൈയടിപ്പിച്ച് സിനിമ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുകതന്നെയാണ്. തക്കം കിട്ടുമ്പോൾ മരുമകളെ കുറിച്ച് പരദൂഷണം പറയുന്ന, “പൊന്നുമോനല്ലേ പറയെടാ” എന്ന് കാര്യം കാണാനായി സ്നേഹം നടിക്കുന്ന, മകൾ മകനെക്കാൾ കുറച്ചു കഴിച്ചാൽ മതി എന്ന് വിശ്വസിക്കുന്ന, അമ്മമാരെ സൃഷ്ടിക്കാനും സിനിമ മറന്നില്ല. മദ്യപിച്ചിട്ടുണ്ട് എന്ന ജാമ്യത്തിൽ ഇരുട്ട്മുറിയിൽ കെട്ടിപ്പിടിച്ചുകൊണ്ട് ഇഷ്ടമറിയിക്കുന്ന, മകന്റെ മരണത്തിന്റെ പണം തനിക്ക് വേണ്ട എന്ന് പറയുന്ന , സ്ത്രീധനം വാങ്ങാത്തവനെ ക്കൊണ്ട് തന്നെ കെട്ടിച്ചാൽ മതി എന്നു പറയുന്നവരൊക്കെ നമുക്കിപ്പോഴും അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ്.
വയനാട് സ്വദേശിയായ ലേഖിക ഹൈദരബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗേജ് സർവകലാശാലയിൽ  നിന്നും ബിരുദാനന്തരബിരുദം പൂർത്തിയാക്കി.

Be the first to comment on "അങ്കമാലി ഡയറീസ് : ഒരു വിയോജനക്കുറിപ്പ്"

Leave a comment

Your email address will not be published.


*