എന്റെ പ്രിയപ്പെട്ട പെൺകുട്ടികളേ

ഇഞ്ചിപ്പെണ്ണ്

എനിക്ക് നിങ്ങളെ നിങ്ങളുടെ പെണ്മയെ നിങ്ങളുടെ ചിരിയെ വസന്തത്തെ ശിശിരത്തെ കറുപ്പിനെ മേഘക്കീറിനെ നനുപ്പിനെ എന്ത് ഇഷ്ടമാണെന്നോ… ഇഷ്ടത്തേക്കാൾ കൂടുതൽ ബഹുമാനമാണ്.. എന്നെ ചേച്ചി എന്ന് വിളിച്ച് ഇൻബോക്സിൽ വരുന്ന ഓരോ ചിറക് വിരിക്കാൻ തുടങ്ങുന്ന പെൺകുട്ടികളെ എനിക്ക് കടിച്ച് തിന്നാൻ തോന്നും. എത്രമാത്രം നിങ്ങളീ കാലത്തിൽ മുന്നോട്ട് നടന്ന് തുടങ്ങിയിരിക്കുന്നു, എത്രമാത്രം ഈ പരിമിതമായ സ്പേസുകളിൽ പോലും നിങ്ങൾ ചിറുകി വിരിച്ച് ആടുന്നു. എത്രമാത്രം വായിക്കുന്നു, ചിന്തിക്കുന്നു, തർക്കിക്കുന്നു. എന്തിനാ എഴുതുന്നത് എന്നു എപ്പോഴൊക്കെ ആലോചിച്ചുട്ടുണ്ടോ അപ്പൊ നിങ്ങളെ ഓരോരുത്തരേം ഓർമ്മവരും.. നിങ്ങൾ നിർമ്മിക്കാൻ പോകുന്ന ലോകത്തെ അത്ഭുതത്തോടെ ഓർക്കും. കരച്ചിലും സന്തോഷവും വരും.

നിങ്ങടെ ഈ ലോകത്ത് എന്നേയും വല്ലപ്പോഴെങ്കിലും നിങ്ങൾ ഓർമ്മിക്കാറുണ്ടല്ലോ എന്നുള്ള സ്നേഹത്തിനു:

ആലീസിന്റെ മഴവിൽഭൂമികൾ!

ജെന്നിഫർ ലീ എന്ന അമേരിക്കൻ വനിത 2013ൽ തിരക്കഥാ രംഗത്ത് ഒരു കോളിളക്കം സൃഷ്ടിച്ചു. കുട്ടികളുടെ അനിമേറ്റഡ് സിനിമ വിഭാഗത്തിൽ ‘ഫ്രോസൺ’ എന്ന സിനിമ എഴുതുകയും സംവിധാനം ചെയ്തു. ഈ സിനിമ ഒരു ബില്യൺ യു.എസ്. ഡോളർ വരുമാനം ലഭിച്ചു കൊണ്ട് ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുവരെ അനിമേറ്റഡ് സിനിമയിലെ രാജ്ഞിമാർക്കുണ്ടാവുന്ന അനുഭവ ചരിത്രത്തിന്റെ യാതൊരു ഭാരങ്ങളുമില്ലാതെ സിനിമയുടെ നായികമാരായ എൽസയും അന്നയും പുതിയൊരു പെൺ ലോകം തന്നെ സൃഷ്ടിക്കുന്നു.

കുട്ടികളുടെ സിനിമ എന്നെല്ലാം ഭംഗിവാക്ക് പറയാമെങ്കിലും ഫ്രോസൺ അടിമുടി ഒരു ഫെമിനിസ്റ്റ് സിനിമയാണെന്ന് ആരോപിക്കാം. സ്ത്രീപക്ഷത്തെ അതിവിദഗ്ദമായ കഥാപാത്ര സംഭാഷണങ്ങളിലൂടേയും കഥയുടെ ക്രാഫ്റ്റിലൂടേയും പൊതുബോധത്തിനൊരു ‘അലസോരവുമില്ലാതെ’ സൂചിക്കുഴയിലൂന്നിയ സൂക്ഷ്മതയോടെ അവതിരിപ്പിക്കുന്നു. ഒരു രാജ്യം മുഴുവൻ തണുത്തുറക്കാൻ മാത്രം ദിവ്യ ശക്തിയുള്ള എൽസ എന്ന രാജ്ഞി, സ്വന്തം സഹോദരിയുടെ വിവാഹ തീരുമാനം നിമിത്തമുണ്ടായ സംഭവങ്ങളിൽ രാജ്യം വിട്ടെറിഞ്ഞ് ദൂരെ ഒരിടത്തേക്ക് ഓടിപ്പോവുന്നതിനെ തുടർന്നുണ്ടാവുന്ന സംഭങ്ങളിലാണ് കഥ പുരോഗമിക്കുന്നതു. അനുജത്തി വിവാഹം കഴിക്കാൻ തീരുമാനിച്ച വ്യക്തിയെ എത്ര നാളായി അറിയാമെന്ന് ചോദ്യം ചെയ്യുന്നു എൽസ. ഇപ്പോൾ പരിചയപ്പെട്ടതേയുള്ളൂവെന്നു അന്ന വ്യക്തമാക്കുന്നതോടെ കോപിഷ്ഠയായ എൽസ, എങ്ങിനെ അത്ര പെട്ടെന്ന് വിവാഹം പോലുള്ള ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നു എന്ന് ചോദിക്കുന്നു.

images (60)

ഇത്രയും നാളെത്തെ പെൺകുട്ടികളെ, വെള്ളക്കുതിരയിൽ വരുന്ന രാജകുമാരന്മാരെ സ്വപ്നം കാണാൻ പഠിപ്പിച്ച പുസ്തകങ്ങളും സിനിമയേയും ഒറ്റ ചോദ്യം കൊണ്ട് എൽസ തകർത്ത് കളഞ്ഞു. മുടി നീണ്ട് വളർത്തിയ റപ്പുൻസൽ, പോറ്റമ്മയുടേയും അവരുടെ മക്കളുടേയും ഉപദവങ്ങളിൽ പെട്ട് പോയ സിൻഡ്രല്ലകൾ, തവളെയെ ഉമ്മ വെക്കേണ്ടി വന്ന രാജകുമാരിമാർ തുടങ്ങി രാജകുമരന്മാരേയും കാത്ത് ഒറ്റക്ക് കൊട്ടാരങ്ങളിൽ അകപ്പെട്ട പോയ അനേകം കുഞ്ഞുങ്ങൾക്ക് നേരെയാണ് പെൺ ശരീരത്തിന്റേയും പെൺ മനസ്സിന്റേം പെണ്മയുടേയും തന്നെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുതകുന്ന ഒരു ചോദ്യം എൽസ തൊടുത്ത് വിട്ടതു. പിന്നീടും അന്നയോട് പലരും ആ ചോദ്യം സിനിമയിൽ പലരും ആവർത്തിക്കുന്നുണ്ട്. യാതൊരുവിധ ചിന്തയുമില്ലാതെ തികച്ചും വൈകാരികമായി മാത്രം ഒരു പെണ്ണിന്റെ സ്വകാര്യ ഇടത്തേക്ക് എങ്ങിനെ ഒരുവനെ പ്രവേശിപ്പിക്കുന്നു? അവന്റെ പ്രണയം സത്യമെന്ന് എങ്ങിനെ വിശ്വസിക്കുന്നു? അവളെങ്ങിനെ നിലനിൽപ്പിനു ആരെയെങ്കിലും ആശ്രയിക്കേണ്ട മുല്ലവള്ളിയാവുന്നു?

ഉറക്കേ ചിരിക്കരുത്, ഇരിക്കുമോൾ കാലകത്തി വെക്കരുതു, ഉറങ്ങുമ്പോൾ ചെരിഞ്ഞ് കിടന്നുറുങ്ങൂ തുടങ്ങി അനേകമനേകം ശാസനകളുടെ പട്ട് നൂൽക്കെട്ടുകൾക്കുള്ളിൽ ഞെരിഞ്ഞമർന്ന് പോവുന്ന പെൺശരീരങ്ങളെ വാർത്തെടുത്ത് മതത്തിന്റേയും ജാതിയുടേയും രാഷ്ട്രത്തിന്റേയും പുരുഷാധികാര തുടർച്ചക്ക് വേണ്ടി മാത്രം ഉപയോഗിക്കുക്കപ്പെടുന്നു. ശരീരം പോലും തന്റെയല്ലയെന്നു നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമൂഹം. മറ്റാർക്കോ വേണ്ടി പരിപാവനമായി സൂക്ഷിക്കപ്പെടേണ്ട ഒരു ഉല്പന്നം.

ആലീസിനെ ഓർമ്മയുണ്ടാവാത്തവരുണ്ടോ? ആലിസ് ഉറങ്ങിയപ്പോഴാണ് വലിയ ചെവിയൻ മുയലിനോടൊപ്പം ലോകം കാണാനിറിങ്ങിയതു. അവൾ അവിടെ കണ്ട വിചിത്രമായ കാഴ്ചകളെല്ലാം അവളുടെ ഉറക്കത്തിലുള്ളവ മാത്രമാണ്. ഉറക്കം വിട്ടൊഴിയുന്ന ആലീസിന്റെ ലോകം തീർത്തും സാധാരണമാണ്, നിയന്ത്രണങ്ങളുള്ളവയാണ്. പിന്നിട് അവളൊരു സ്ത്രീയാവുമ്പോൾ, ആലീസ് കണ്ട സ്വപ്നങ്ങളെല്ലാം അവൾക്കൊരു കൂട്ടാവട്ടെയ്ന്നാണ് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തപ്പെട്ട, പുൽത്തകടിയിലേക്ക് ഓടിപ്പോവുന്ന ആലീസിനെക്കുറിച്ച് സഹോദരി ആശ്വസിക്കുന്നതു. ഉറക്കത്തിൽ മാത്രം ലഭിക്കുന്ന കാഴ്ചകളെ അനേകം ആലീസുമാരുടെ മുന്നോട്ടുള്ള ജീവിതങ്ങളിലും ഉണ്ടാവുന്നുള്ളുവോ?

സ്വതന്ത്ര്യ കാഴ്ചകൾക്ക് നിത്യമായി ഉറങ്ങേണ്ടി വരുന്ന സ്ത്രീകൾ അനവധിയാണ്. സ്ത്രീകൾ പുറത്തേക്കിറങ്ങുന്നത് കാഴ്ചകൾ കാണാൻ മാത്രമല്ല, കാണപ്പെടാൻ വേണ്ടിയിട്ടുകൂടിയാണ് എന്നൊരു ഹീബ്രൂ പഴമൊഴി. ഭൂമിയിൽ കാണപ്പെടുക പോലും അവളിൽ ആരോപിക്കപ്പെടുന്ന കുറ്റമാണ്. ശരീരവും മനസ്സും തന്റേതെന്നും ഉറക്കേ പ്രഖ്യാപിക്കണമെന്നും സ്വന്തമായി ഒരു മുറി(ലോകം) വേണമെന്നും വാശിപിടിച്ച വെർജീനിയ വൂൾഫും, രാജലക്ഷ്മിയുമെല്ലാം സ്വതന്ത്ര സ്വപ്നനങ്ങളുടെ ഭാരം താങ്ങനാവാതെ പെൺലോകത്തെ അനാഥമാക്കി പൊടുന്നനേ കടന്ന് കളഞ്ഞു. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീയെ യക്ഷിയായും വേശ്യയായും തന്റേടിയായും “ശ്രദ്ധ ആകർഷിക്കുന്നവൾ” ആയും എളുപ്പം മുദ്രകുത്തി കൂട്ടിലടക്കാൻ ശ്രമിക്കുന്ന പൊതുബോധങ്ങളെ ചോദ്യം ചെയ്യുന്ന കാഴ്ചകൾ ഇപ്പോൾ വിരളമല്ല. പക്ഷെ അവ തുലോം കുറവണ് താനും.

എന്താണ് പെൺ ശരീരത്തിന്റെ സ്വാതന്ത്ര്യം എന്ന ചോദ്യത്തിനു “ഫ്രീ സെക്സ്” എന്ന് ഒരിക്കൽ ഒരു പെൺകുട്ടി പറയുക ഉണ്ടായി. മറ്റെങ്ങും ഉപയോഗിക്കാത്ത കേരളത്തിന്റെ മാത്രം ഭാഷയിൽ കുടുങ്ങിയ “ഫ്രീ സെക്സ്” എന്ന വാക്ക് ആരുടെ കൂടെയും സെക്സ് ചെയ്യാമെന്നുള്ളതാണ്. അതാണോ പെൺ ശരീരത്തിന്റെ രാഷ്ട്രീയം? ആരുടെയെങ്കിലും കൂടെയെന്നതലുപരി, സ്വന്തം ഇഷ്ടങ്ങൾക്കും അനുഭൂതികൾക്കും അവനവനെ തൃപ്തിപ്പെടുത്തുക എന്നതാണെങ്കിൽ അവിടെ മറ്റൊരാളുടെ ഭാരമോ ആശ്രയമോ വരുന്നില്ല. അതാവില്ലേ ഒരു പെൺശരീരത്തിന്റെ സ്വാതന്ത്ര്യം?

അങ്ങിനെയെങ്കിൽ പെൺ മനസ്സിന്റെ സ്വാതന്ത്ര്യം എന്താവും? ഒരുവൾ ആർക്കും പ്രവേശനമില്ലാത്ത അവനവന്റെ മാത്രമായി ലോകം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. വിർജീനിയുടെ മുറി പോലെയൊന്ന്. തന്റെ ചിന്തകളും വികാരങ്ങളും ഉന്മാദത്തിനും, എപ്പോൾ വേണമെങ്കിലും അനുവാദമില്ലാതെ പ്രവേശികാനും ഉള്ളൊരിടം. സീത സ്വയം അശോകചുവട്ടിൽ വരക്കുന്ന ഒരു അതിർ രേഖ. ആ ഇടത്തെ ഞാൻ മഴവിൽഭൂമി എന്ന് വിളിക്കുന്നു.

മഴ ഒരു യാഥാർഥ്യം ആണ്, സൂര്യൻ യാഥാർഥ്യം ആണ്. ഇവ രണ്ടും ചേരുമ്പോഴുള്ള മഴവില്ലും യാഥാർഥ്യമാണ്, പക്ഷെ രണ്ടും കൂടി ചേർന്ന്, എന്നാൽ മഴക്കോ സൂര്യനോ അവകാശം പരിപൂർണ്ണമായി ഒരിക്കലും സ്ഥാപിക്കാൻ സാധിക്കാത്തൊരിടമാണിത്. ഒറ്റക്ക് അവകാശികളില്ലാതെ സ്വയം തിരഞ്ഞെടുത്ത വർണ്ണങ്ങളിൽ, സ്വതസിദ്ധമായ വ്യക്തിത്തൊട് കൂടിയും എന്നാൽ ഒറ്റപ്പെടാതേയും നിൽക്കുന്ന ഭൂമി. രണ്ടും കൂടി ചേർന്നില്ലെങ്കിൽ ഈ ഭൂമിക്ക് നിലനിൽപ്പുമില്ല. പരിപൂർണ്ണമായി മഴക്കോ സൂര്യനോ കീഴ്പ്പെട്ടാൽ മാഞ്ഞ് പോകാവുന്ന ഒരിടം മാത്രമാണിത്. അകലേ നിന്ന് കാണാവുന്നതും മറ്റാർക്കും പ്രവേശിക്കാൻ സാധിക്കാത്തതും ആഗ്രഹിക്കപ്പെടുന്നതുമായ ഭൂമി. ഭൂമി എന്നു തന്നെ വിശേഷിപ്പിക്കുക വേണം. കാരണം അത് ഭൂമിയിൽ ഉള്ളൊരിടമാണ്, ആകാശത്തല്ല താനും.

എൽസയുടെ, ആലീസിന്റെ, വിർജീനിയയുടെ, എന്റെ അങ്ങിനെ അനേകം സ്വയം പ്രഖ്യാപിത രാജകുമാരിമാരുടേയും രാജ്ഞിമാരുടേയും ഇടമാണിത്. അതാണ് ഞങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം.

2017 മാര്‍ച്ച് ലക്കം സംഘടിത മാസികയില്‍ പ്രസിദ്ധീകരിച്ചതാണീ എഴുത്ത്

Be the first to comment on "എന്റെ പ്രിയപ്പെട്ട പെൺകുട്ടികളേ"

Leave a comment

Your email address will not be published.


*