കാശ്‌മീർ ചിത്രം. കഥയും യഥാർത്ഥസംഭവവും രണ്ടാണ്

ഇന്ത്യൻ സൈന്യത്തിന്റെ ജീപ്പിനു മുന്നിൽ ബലമായി കെട്ടി നാല് മണിക്കൂറോളം പരേഡ് നടത്തിയ കശ്മീർ യുവാവിനെ കുറിച്ചുള്ള വാർത്ത  ചില മാധ്യമങ്ങൾ  നൽകിയത് യാഥാർത്ഥവിരുദ്ധമെന്നു ആരോപണം. ദേശീയമാധ്യമങ്ങളും അന്തർദേശീയ വാർത്ത ഏജൻസികളും സൈന്യത്തിന്റെ പക്കലുള്ള മനുഷ്യാവകശലംഘനമെന്നു വാർത്ത ചെയ്‌തെപ്പോൾ യുവാവിനെ കശ്മീർ അക്രമകാരികളിൽ നിന്നും രക്ഷിച്ച സൈന്യം എന്നായിരുന്നു ചില  മാധ്യമങ്ങൾ  നൽകിയ വാർത്ത.

 

26 കാരനായ ഫാറുഖ് അഹമ്മദ് ദര്‍ ആണ് യുവാവ്. നാല് മണിക്കൂറോളം നേരം ഫാറുഖ് അഹമ്മദ് ദര്‍ സൈന്യത്തില്‍ നിന്നും നേരിട്ട കൊടും യാതന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ്. ഒപ്പം യുവാവും മാതാവുമായുള്ള ഇന്റർവ്യൂവും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.

ജനക്കൂട്ടത്തിന്റെ കല്ലേറിൽനിന്ന് രക്ഷപ്പെടാൻ സൈനിക ജീപ്പിനു മുൻപിൽ കശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യ കവചമൊരുക്കിയ നടപടി എന്നാണു സംഭവത്തെ മാധ്യമങ്ങൾ വാർത്തയാക്കിയത്.

എന്നാൽ സംഭവത്തെ കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെയാണ് .

‘ തെരഞ്ഞെടുപ്പ് ദിവസം മരിച്ച ഒരു ബന്ധുവിന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു എനിക്ക്. അതിനായി നാട്ടില്‍ നിന്ന് ഗമ്പോരയിലേക്ക് പോകുകയായിരുന്നു ഞാന്‍. ബൈക്കിലായിരുന്നു യാത്ര. കൂടെ മറ്റൊരു ബൈക്കില്‍ സഹോദരന്‍ ഗുലാമും ഖാദിറും അയല്‍വാസിയും ഗ്രാമമുഖ്യനുമായ ഹിലാല്‍ അഹ്മദ് മാഗ്രേയും ഉണ്ടായിരുന്നു. ഉത്‌ലിഗം എന്ന ഗ്രാമത്തില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ കണ്ടു. അപ്പോള്‍ ഞാന്‍ എന്‍റെ ബൈക്ക് നിര്‍ത്തി, അത് നോക്കി നിന്നു. ബൈക്കില്‍ നിന്നും ഇറങ്ങിയിട്ടില്ല ഞാന്‍. അപ്പോഴേക്കും സൈന്യമെത്തി എന്നെ ബൈക്കില്‍ നിന്ന് വലിച്ചിഴയ്ക്കുകയായിരുന്നു. അവരെന്നെ പൊതിരെ തല്ലി… ജീപ്പിന് മുന്നില്‍ എന്നെ ബലമായി കെട്ടി വെച്ച് ഒമ്പത് ഗ്രാമങ്ങളിലൂടെയാണ് പരേഡ് നടത്തിയത്. എന്നെ രക്ഷിക്കാന്‍ അവിടെ കൂടിയ സ്ത്രീകള്‍ ഓടിയെത്തിയെങ്കിലും ആകാശത്തേക്ക് വെടിയുതിര്‍ത്ത് സൈന്യം അവരെ ഓടിപ്പിച്ചു. ജീപ്പിന് മുന്നില്‍ അവര്‍ എന്നെ കെട്ടിവെച്ചു. എന്റെ നെഞ്ചില്‍ ഒരു വെള്ള പേപ്പറും കെട്ടിവെച്ചിരുന്നു. പേപ്പറില്‍ എഴുതിയ എന്റെ പേരു മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.”

തുടർന്ന് യുവാവ് വെളിപ്പെടുത്തുന്ന കാര്യങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്.

”എന്നെയും കെട്ടിവെച്ചുള്ള ആ സൈനികാഭ്യാസത്തിനിടെ, ‘നിങ്ങളില്‍പ്പെട്ട ഒരുവനാണിവന്‍.. വരൂ വന്ന് കല്ലെറിയൂ…’ എന്ന് ജീപ്പിലെ സൈനികര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ആ പരേഡ് കണ്ട് ഭയന്ന് വിറച്ച ജനങ്ങളെല്ലാം ഓടി. അവരെല്ലാം ഭയന്നിരുന്നു. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല.. രക്ഷിക്കണമെന്നും മിണ്ടിയില്ല.. ആരോടെങ്കിലും ഒരക്ഷരം മിണ്ടിയാല്‍ വെടിവെക്കുമെന്ന് സൈന്യം എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഖോസ്‌പോരയില്‍ വെച്ച് ചില ആളുകള്‍ എന്നെ വിട്ടയക്കണമെന്ന് സൈന്യത്തോട് അപേക്ഷിച്ചു. കഴിയില്ലെന്നും, അവന്‍ കല്ലേറുക്കാരനാണെ’ന്നുമായിരുന്നു സൈന്യത്തിന്റെ മറുപടി.”.

കല്ലേറിൽ നിന്നും രക്ഷിക്കുകയല്ല , പകരം യുവാവിനെ കല്ലേറ് നടത്താൻ ജനങ്ങളോട് ആക്രോശിക്കുകയായിരുന്നു സൈന്യമെന്നു സംഭവത്തെ കുറിച്ചുള്ള ഫാറൂഖ് ദാരിന്റെ അനുഭവം വ്യക്തമാക്കുന്നു.

(വായനക്കാരുടെ ശ്രദ്ധയ്ക്ക് : നേരത്തെ മനോരമയുടെ വാർത്ത അടിസ്ഥാനമാക്കിയായിരുന്നു തലക്കെട്ടും ഉള്ളടക്കവും കൊടുത്തിരുന്നത്. മറ്റു മാധ്യമങ്ങളും ലഭ്യമായ ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതേ വാർത്ത ആയിരുന്നു കൊടുത്തത്. തെറ്റ് തിരുത്തുന്നു. ചൂണ്ടിക്കാണിച്ച വായനക്കാർക്കു നന്ദി.) 

Be the first to comment on "കാശ്‌മീർ ചിത്രം. കഥയും യഥാർത്ഥസംഭവവും രണ്ടാണ്"

Leave a comment

Your email address will not be published.


*