വർഗീയ വോട്ടുകളെന്ന് ഫൈസൽ. സംഘികൾക്ക് കുടപിടിക്കരുതെന്നു സോഷ്യൽ മീഡിയ

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലികുട്ടി വിജയിച്ചത് വർഗീയ വോട്ടുകൾ കൊണ്ടാണെന്ന എൽ ഡി എഫ് സ്ഥാനാർഥി എം ബി ഫൈസലിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം. വർഗീയ വോട്ടുകൾ വാങ്ങിയാണ് പി കെ കുഞ്ഞാലികുട്ടി ജയിച്ചതെന്നായിരുന്നു മാധ്യമങ്ങളോട് ഫൈസൽ പറഞ്ഞത്. ലീഗിന്റെ വര്‍ഗീയ നിലപാട് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഫൈസൽ പറഞ്ഞിരുന്നു. തീവ്ര വർഗീയത പ്രചരിപ്പിച്ചു ന്യൂനപക്ഷ വർഗീയതയെ അപകടകരമാം വിധം യു ഡി എഫ് ഉപയോഗിച്ച് എന്ന് ഫൈസലും കൂട്ടിച്ചേർത്തു. തീവ്രവർഗീയ നിലപാടുകളുടെ പിന്തുണയോടെ കുഞ്ഞാലികുട്ടിക്ക് ജയം എന്നായിരുന്നു സിപിഎം പത്രം ദേശാഭിമാനി തെരഞ്ഞെടുപ്പ് വിജയത്തെ വാർത്തയാക്കിയത്.

ഇവയോടുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വായിക്കാം:

‘മുസ്ലീങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ ഏതു പോയിന്റില്‍ വച്ചാണ് രാഷ്ട്രീയ വോട്ടു തീരുന്നതും “വര്‍ഗീയ” വോട്ടു തുടങ്ങുന്നതും? ഒരു സമുദായത്തിന്റെ വോട്ടു വരെ സംശയിക്കേണ്ട ഒന്നായും അപകടമുള്ള ഒന്നായും കാണുന്ന ഈ സ്ഥലത്തെയാണ് ജാനാധിപത്യരാജ്യം എന്ന് വിളിക്കുന്നത്‌.’ ദളിത് ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ അജിത് കുമാർ എഎസ് എഴുതി.

‘ ഇടതുപക്ഷ നിഘണ്ടുവിൽ ഒന്നുകിൽ വർഗീയനാവുക അല്ലെങ്കിൽ ഇടതിനൊപ്പം നിൽക്കുക എന്നതല്ലാതെ മൂന്നാമതൊരപ്ഷൻ മലപ്പുറത്തെ മുസ്ലിം വോട്ടർമാർക്കില്ലാത്തതിനാൽ വർഗീയ വാദിയാണെന് പ്രഖ്യാപിക്കുന്നു ‘ ജെ എൻ യു വിലെ റിസർച് സ്‌കോളർ ജലീസ് കോടൂർ ഫേസ്‌ബുക്കിൽ എഴുതി.

‘ നിയോജക മണ്ഡലങ്ങളിലെ ജനസംഖ്യയിലെ മത, ജാതി തൂക്കമനുസരിച്ചു തന്നെ എപ്പോഴും സ്ഥാനാർത്ഥികളെ നിർത്തിയാലും സിപിഎമ്മോ എൽഡിഎഫോ വർഗ്ഗീയമാവില്ല.
രാമക്ഷേത്ര നിർമ്മാണവും മുത്തലാഖും ഗോവധവും സിവിൽകോഡും അതിനപ്പുറം മുസ്ലീം സ്ത്രീകളെ ഖബറിൽ നിന്നെടുത്തും ബലാൽസംഗം ചെയ്യണം എന്നുപറഞ്ഞു പോലും പ്രചാരണം നടത്തുന്ന ബിജെപിക്ക് ഓരോ തവണയും വോട്ടുകൾ വര്‍ദ്ധിച്ചുകൊണ്ടേ ഇരുന്നാലും ഹിന്ദുക്കളിൽ വർഗ്ഗീയതയുണ്ടെന്ന് പറയില്ല.
മുസ്ലീങ്ങൾ വർഗ്ഗീയവാദികളാവാൻ അവർ വോട്ടവകാശം ഉപയോഗിച്ചാൽ മാത്രം മതി. ‘ സോഷ്യൽ ആക്റ്റിവിസ്റ്റ് അബ്ദുൽകരീം ഉത്ത്കണ്ടിയിൽ എഴുതി.

സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യം അമൽ ലാൽ ഫേസ്‌ബുക്കിൽ കുറിച്ചു : ” ഏറ്റോം സെയിഫായ മണ്ഡലം പിടിച്ചിട്ടും കുഞ്ഞാലികുട്ടിയെ പണ്ടൊരിയ്ക്കല്‍ തോല്‍പ്പിച്ചോരാണ് മലപ്പൊറത്താരു.
ടി കെ ഹംസ്സയെ ജയിപ്പിച്ചോരാണ് .
മഞ്ചേരിയും തിരൂരും താനൂരും കോണിയ്ക്ക് കുത്താത്ത ജനങ്ങളാണ്.
പാലേലും, പുതുപ്പള്ളിയിലും, പാര്‍ട്ടിഗ്രാമങ്ങളിലും നടക്കാത്ത രാഷ്ട്രീയ പുനര്‍ചിന്തനത്തിനും തയ്യാറായോരാ മലപ്പുറത്താര്.
ആര്‍ എസ് എസ് ഹിന്ദുതീവ്രവാദികള്‍ മതം മാറിയതിന്‍റെ പേരില്‍ മാത്രം ഒരു മനുഷ്യനെ ക്രൂരമായി കൊലപ്പെടുത്തിയപ്പോഴും അസാമാന്യമായി സംയമനം പാലിച്ചോരാണ്.
അവിടെ ഒരു ജനാധിപത്യപ്രക്രിയയില്‍ ഇടതുപക്ഷമുന്നണി തോറ്റിരിയിക്കുന്നു.
ഇടതുപക്ഷ മുന്നണി ജയിക്കും എന്ന് പ്രതീക്ഷ തന്നെ ഇല്ലാതിരുന്ന സാഹചര്യമായിരുന്നു.
എന്നിട്ടും മലപ്പുറം തീവ്രവാദികളുടെ നാടാവുന്നു, മലപ്പൊറത്താരു കഴുതകളും ബുദ്ധില്ലാത്തോരുമാവുന്നു,
കേരളത്തിലെ യു പി ആവുന്നു.
സുന്നത്തായി വച്ച താടി കണ്ടിട്ടാണോ, നിസ്കാരപാടുള്ള ആളോളെ കണ്ടിണോ,
തലേല്‍ തൊപ്പിട്ട, തട്ടമിട്ട മന്‍സന്മാരെ കൂടുതല്‍ കണ്ടിട്ടാണോ ?
പക്ഷെ ഇങ്ങളീ മനന്‍സ്മാര്ടെ ഖല്‍ബ് കണ്ടിട്ട്ണ്ടാ ?
ചൂട് ബിരിയാണിമണമുള്ള ഓര്ടെ വീട്ടില്‍ പോയിണ്ടാ ? ഓരോടൊക്കെ മിണ്ടി പറഞ്ഞിട്ട്ണ്ടാ ?
രാഷ്ട്രീയപക്വതയില്ലാത്ത പ്രസ്ഥാവനോളെറക്കി സംഘികളെ തോല്‍പ്പിയ്ക്കാമെന്നാണോ ?”

മാധ്യമപ്രവർത്തകൻ നസീൽ വോയിസി എഴുതി :- ” മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ റേഞ്ച് / തെരഞ്ഞെടുപ്പിനെ നേരിട്ട കാഴ്ചപാട് തമ്മിലുള്ള വ്യതാസം അവർ തെരെഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്ത രീതിയിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നിലപാടുകൾക്കും ഭരണത്തിനും എതിരായുള്ള വിധി എഴുത്താണ് ഇതെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരാണ് ജനങ്ങളെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി സംസാരത്തിലുടനീളം ടാർഗറ്റ് ചെയ്തത് /അടിസ്ഥാനമാക്കിയത് ദേശീയ രാഷ്ട്രീയമാണ്. ബിജെപി മുന്നോട്ടു വെയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെയാണ്. “കേരള ഗവൺമെന്റിനെതിരെയല്ലേ, ഇടതുപക്ഷത്തിന്റെ പരാജയമല്ലേ” എന്നൊക്കെ മാധ്യമപ്രവർത്തകർ ആവർത്തിച്ചു എറിഞ്ഞിട്ടും “അതിനേക്കാൾ പ്രാധാന്യമുള്ളത് ബിജെപിക്ക് ഏറ്റ തിരിച്ചടിക്കാണ്” എന്ന് കൃത്യമായി അദ്ദേഹം പറഞ്ഞു വെച്ചു. “People has voted for secular politics” എന്ന വാചകം കൊണ്ടാണ് അവസാനിപ്പിച്ചതും.
മറുവശത്തു ഇടത് സ്ഥാനാർത്ഥിയിൽ നിന്നുണ്ടായതാകട്ടെ “മുസ്ലിം ലീഗ് വർഗീയ ധ്രുവീകരണം നടത്തി. വോട്ടുകൾ വർഗീയവത്കരിക്കപ്പെട്ടു” എന്ന ടിപ്പിക്കൽ ന്യായീകരണം. മലപ്പുറത്തിനെ അടയാളപ്പെടുത്താൻ കാലങ്ങളായി ബിജെപി കൂട്ടുപിടിക്കുന്ന അതേ വാചകം. വന്നതൊരു ഇടതുപക്ഷ പ്രവർത്തകനിൽ നിന്നാണെന്നു മാത്രം. ഇടതുപക്ഷം ജയിക്കുമ്പോൾ മാത്രം മലപ്പുറം ജനത സ്വീകാര്യരാവുകയും അല്ലാത്തപ്പോഴൊക്കെ “വിവരമിലാത്ത കാക്കാമാരും മൂരികളുമാവുന്ന” പ്രതിഭാസം പുതിയതല്ലല്ലോ.
ദേശീയ രാഷ്ട്രീയത്തിൽ അനിവാര്യമായ ഐക്യത്തിന്റെ കാഴ്ചപാടുകളും പ്രതികരണ ശൈലിയും തിരിച്ചറിയാതെ പോകുന്ന ഈ പോയിന്റിൽ തന്നെയാണ് ഫൈസലും കുഞ്ഞാലിക്കുട്ടിയും വ്യത്യസ്തരാവുന്നത്. അവിടെ വച്ചുതന്നെയാണ് ഇടതുപക്ഷ പ്രവർത്തകരോട് അകൽച്ച തോന്നുന്നതും ”

Be the first to comment on "വർഗീയ വോട്ടുകളെന്ന് ഫൈസൽ. സംഘികൾക്ക് കുടപിടിക്കരുതെന്നു സോഷ്യൽ മീഡിയ"

Leave a comment

Your email address will not be published.


*